''സാര്‍, സംഭവം ഉറപ്പാണ്. ഒറിജിനല്‍ പുള്ളി തന്നെയാണത്. തുളപ്പാട് കണ്ടില്ലേ.'', അനില്‍ മൊബൈലില്‍ പുലിത്തോലിന്റെ ചിത്രം കാണിച്ചുതന്നിട്ട് കട്ടായം പറഞ്ഞു. ഒപ്പം അനുകൃഷ്ണനും ഷമീമും ഗോപനും ഷമീറും ഒക്കെയുണ്ട്. അവരൊക്കെ കേരള വനം വകുപ്പിലെ ഇന്റലിജെന്‍സ് സെല്ലിലെ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരാണ്. 'പുള്ളി' എന്നത് പുലിത്തോലിന് വന്യജീവി കള്ളക്കടത്തുകാരുടെ ഇടയില്‍ പരക്കെ അറിയപ്പെടുന്ന പേരാണ്. കടുവാത്തോലിന് 'വര' എന്നും. 'തുളപ്പാട്' എന്നാല്‍ വെടിയുണ്ട തുളഞ്ഞ് കയറിയ അടയാളം. ഓരോ വന്യജീവികള്‍ക്കും അവയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ഓരോ കോഡ് ഭാഷകളുണ്ട്. അതെക്കുറിച്ച് വഴിയെ വിവരിക്കാം. ഞങ്ങളെ സഹായിക്കാനും ഓപ്പറേഷനില്‍ പങ്കുചേരാനുമായി കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരുദ്യോഗസ്ഥന്‍ കൂടി ഇപ്പോള്‍ എത്തിയിട്ടുണ്ട്. ആയിടയ്ക്ക് തുടരെത്തുടരെ വിജയകരമായി നമ്മള്‍ നടത്തിയ പല ഓപ്പറേഷനുകളും പത്രമാധ്യമങ്ങളിലൂടേയും ദൃശ്യമാധ്യമങ്ങളിലൂടേയും അറിഞ്ഞ് എത്തിയതാണ് അവര്‍. അദ്ദേഹത്തിന് ഡിഎഫ്ഒ  സന്തോഷ്‌കുമാര്‍ ചിത്രം അയച്ചുകൊടുത്തപ്പോള്‍ ഉടനടി മറുപടി എത്തി ''സംഗതി ഫേയ്ക്കാണ്. വെറുതെ മിനക്കെടേണ്ട.''

To advertise here,

അദ്ദേഹം പറയുന്നതും ശരിയാണ്. നിലവില്‍ ഇന്ത്യന്‍ പുലികളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിലെ റോസെറ്റ് (Rosette) അടയാളങ്ങളാണ്. അതായത് തോലില്‍ നടുക്ക് മഞ്ഞ നിറവും ചുറ്റിനും കറുപ്പുമായി കാണപ്പെടുന്ന പുള്ളികള്‍ ആണ് അധികവും. തോളിലും പിന്‍കാലുകളിലും മൊത്തത്തില്‍ കറുത്ത പുള്ളികളാവും കാണുന്നത്. പക്ഷേ, ഇതില്‍ കാണുന്നത് അത്തരത്തിലെ അടയാളങ്ങള്‍ അല്ല. അതായത് ഇത്തരത്തില്‍ ശരീരമാകമാനം കറുത്ത പൊട്ടുകള്‍ മാത്രം കാണപ്പെടുന്നത് മുഖ്യമായും ചീറ്റപ്പുലികള്‍ക്കും (Cheetah) പിന്നെ ജഗ്വാര്‍ (Jaguar) എന്ന അമേരിക്കന്‍ വംശജരായ പുലികള്‍ക്കും കുറച്ചൊക്കെ കഴുതപ്പുലികള്‍ക്കുമാണ് (Hyena). അവ എന്തായാലും കേരളത്തിലെ കാടുകളില്‍ ഇല്ലതന്നെ. തന്നെയുമല്ല ഇന്ത്യയില്‍പ്പോലും അവ വംശനാശം നേരിട്ടതിനുശേഷം ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് 2022 -ല്‍ ആണല്ലോ മദ്ധ്യപ്രദേശിലെ 'കുനോ നാഷണല്‍ പാര്‍ക്കിലേയ്ക്ക്' (Kuno National Park) കൊണ്ടുവന്നത്. അറുപതിന് മേല്‍ പ്രായം വരുന്ന ഒരു മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വളരെ ആക്ടീവായി ഇടനിലക്കാരനായി ഇടയിലുണ്ട്. സത്യത്തില്‍ ഇത്തരം ഓപ്പറേഷനുകളില്‍ പലപ്പോഴും അനില്‍ തന്റെ ശാരീരിക പ്രകൃതി കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും ആസൂത്രണപാടവം കൊണ്ടും മറ്റുള്ളവരില്‍ നിന്നും ഏറെ മുമ്പിലായിരുന്നുവെന്ന് നിസ്സംശയം പറയാം. അയാളൊരു ഉദ്യോഗസ്ഥനാണെന്ന് ആര്‍ക്കും സംശയം തോന്നുകയേ ഇല്ല.

'സിആര്‍പി അണ്ണന്‍' എന്ന് നമ്മള്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. സ്വകാര്യത ലംഘിക്കുമെന്നതിനാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല. അണ്ണന്‍ കള്ളക്കടത്ത് ശൃംഖലകളില്‍ സുരേഷെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 'കച്ചവടക്കാരനായ' അനിലിന്റെ മുഖ്യസഹായികളില്‍ ഒരാളാണ്. അദ്ദേഹം കച്ചവടത്തിന് ഇടനില നില്‍ക്കുന്ന പല കേസ്സുകളും ഇടയ്ക്ക് പിടിക്കപ്പെടുമ്പോള്‍ അദ്ദേഹം തീര്‍ത്തും നിരാശനാകുക പതിവായിരുന്നു. പക്ഷേ, അണ്ണനെ കേസ്സുകളില്‍ കുടുങ്ങാതെ സംരക്ഷിച്ച് നിർത്താന്‍ അനില്‍ എന്നും ബദ്ധശ്രദ്ധനുമായിരുന്നു. വനം വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന രഹസ്യവിവരദായകനുള്ള തുച്ഛമായ തുക എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയാതെ അദ്ദേഹത്തിന് കൃത്യമായി എത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് 'സുരേഷെന്ന ആ കച്ചവടക്കാരനെ' പെരുത്ത് വിശ്വാസവുമായിരുന്നു. അദ്ദേഹം കൊണ്ടുവന്ന അഞ്ചോളം കേസ്സുകളെങ്കിലും ഞാനിരിക്കുമ്പോള്‍ ഞങ്ങളുടെ സംഘം വിജയകരമായി ചെയ്തിട്ടുമുണ്ട്.

''പോട്ടെ സുരേഷേ... എന്താണെന്ന് അറിയില്ല. ഇപ്പോള്‍ സുരേഷിനായി കൊണ്ട് വരുന്ന കേസ്സുകള്‍ മിക്കതും പിടിക്കപ്പെട്ട് പോകുകയാണ്. സുരേഷിനെപ്പോലെ ഞാനും തലനാരിഴയ്ക്കാണ് പലതില്‍ നിന്നും രക്ഷപ്പെട്ടത്. ആ ഫോറസ്റ്റുകാര്‍ എങ്ങനെ വിവരം അറിയുന്നുവെന്നതാണ് അതിശയം.... വിഷമിക്കണ്ട. നല്ല ഒരു കച്ചവടം സിഗരറ്റോ കയറോ എന്തും ആകട്ടെ ഉടനെ ഞാന്‍ ശരിയാക്കിത്തരും'', എന്ന് എന്തിനെന്ന് അറിയാതെ കാശ് കൈപ്പറ്റുമ്പോള്‍ അണ്ണന്‍ പറയാറുണ്ടായിരുന്നത് ഫോണില്‍ അനില്‍ ഞങ്ങളെ കേള്‍പ്പിക്കുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും ചിരിച്ചുപോകുമായിരുന്നു.

'സിഗററ്റ് അഥവാ ട്യൂബ്' എന്നു പറയുന്നത് ആനക്കൊമ്പിന് (Elephant tusk/Ivory) പറയുന്ന കോഡും 'കയറ് അല്ലെങ്കില്‍ ഡബിള്‍ എഞ്ചിന്‍' എന്നത് ഇരുതല മൂരിപ്പാമ്പിന് (Indian Sand Boa) പറയുന്ന കോഡും ആണ്. അതുപോലെ തന്നെയാണ് പുനലൂരുള്ള 'ആശാനും' ഹരിപ്പാടുള്ള പേര് 'പറയാനാകാത്ത മറ്റൊരാളും'. അവരില്‍ നിന്നൊക്കെ വിവരം ശേഖരിച്ച് 'ഓപ്പറേറ്റ്' ചെയ്യാറുണ്ടായിരുന്ന അനിലിന്റെ സേവനം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് അത്രമേല്‍ വിലപ്പെട്ടതായിരുന്നു എന്നത് അവിതര്‍ക്കിതമാണ്.

അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സിയുടെ അഭിപ്രായം മറികടന്ന് മുന്നോട്ട് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനും പുറമേ എന്തായാലും ഓപ്പറേഷന് മുമ്പേ ഒറ്റത്തവണയെങ്കിലും കണ്ട് സംഗതിയുടെ മൗലികത ഉറപ്പാക്കുമെന്ന് അനില്‍ ഞങ്ങള്‍ക്ക് വാക്ക് തരികയും ചെയ്തു. പലപ്പോഴും കള്ളക്കടത്ത് സാധനങ്ങള്‍ മുന്‍കൂര്‍ കണ്ടെത്തി ഒറിജിനാലിറ്റി പരിശോധിച്ചുറപ്പിച്ച് ഒരു ഓപ്പറേഷനും ചെയ്യാനാവില്ലെന്നതാണ് സത്യം. പലപ്പോഴും നൂറ് ശതമാനം കച്ചവടക്കാരന്റെ സാധനത്തിനെക്കുറിച്ചുള്ള അറിവും യോഗ്യതകളും പരീക്ഷിച്ചും പണം മുന്‍കൂര്‍ കണ്ട് ബോദ്ധ്യപ്പെട്ടുമായിരിക്കും കള്ളക്കടത്ത് സാധനങ്ങള്‍ അവര്‍ പുറത്തെത്തിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് സമയം നീട്ടിക്കൊണ്ട് പോകാനോ കണ്ടുറപ്പിച്ചിട്ട് പിന്നെ കാശുമായി വരും എന്ന് പറഞ്ഞ് പോകാനോ സാധാരണ രീതിയില്‍ കള്ളക്കടത്തുകാരുമായി ഇടപെടുമ്പോള്‍ സാധ്യവുമല്ല. അത് തന്നെയാണ് ഇത്തരത്തിലുള്ള ഓപ്പറേഷനുകളിലെ മുഖ്യവെല്ലുവിളിയും. കച്ചവടത്തിന് എന്ന വ്യാജേന എത്തുന്നവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കച്ചവടക്കാരുടെ മുന്നേ വെളിപ്പെടുത്താത്ത ഏതെങ്കിലും രഹസ്യസങ്കേതത്തില്‍ വച്ച് അഡ്വാന്‍സായി സാധനം കാണിക്കാന്‍ അവര്‍ തയ്യാറായാല്‍ത്തന്നെ കാശുമായി സഹായി എത്തിയതിനുശേഷം മാത്രമേ അയാളെ പിന്നെ പുറത്തുപോകാന്‍ അവര്‍ അനുവദിക്കുകയും ഉള്ളൂ.

എന്തായാലും ആ കച്ചവടവുമായി സിആര്‍പി അണ്ണന്റെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. തീരുമാനിച്ചതനുസരിച്ച് അനില്‍ അണ്ണന്റെ ഫോണില്‍ വിളിച്ചപ്പോള്‍ പുലിത്തോല്‍ കൈവശം ഇരിക്കുന്നയാള്‍ ഇടുക്കിയിലെവിടെയോ കഞ്ചാവ് തോട്ടത്തിന്റെ പരിപാടിയിലാണെന്നും കാശ് റെഡിയാക്കി വച്ചാല്‍ ഒരാഴ്ചയ്ക്കകം കച്ചവടം സബൂറാക്കാമെന്നും മറുപടി വന്നു. കക്ഷി സുരേഷിനെ പൂര്‍ണമായും വിശ്വസിച്ച മട്ടാണ്. അയാളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ എന്തിനും ഏതിനും അനേകം കച്ചവടങ്ങള്‍ നടത്തി പരിചയിച്ച സിആര്‍പി അണ്ണന്‍ കൂടെയുണ്ടല്ലോ.

അങ്ങനെ ആ ദിവസവും വന്നെത്തി. കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ സഹായത്തോട് കൂടിയാണ് ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്തത്. സിആര്‍പി വഴി വിളിച്ചപ്പോള്‍ സംഗമസ്ഥലം നേര്യമംഗലത്ത് ഒരു പെട്രോള്‍ ബങ്കാണ് അവര്‍ തിരഞ്ഞെടുത്തത്. (ഇന്റലിജന്‍സില്‍ ഇത്തരത്തില്‍ നിശ്ചയിക്കുന്ന സംഗമ സ്ഥാനത്തിന് ഔദ്യോഗികമായി 'Rv' (Rendezvous എന്നതിന്റെ ചുരുക്കപ്പേര്. വിജയ പരാജയങ്ങളില്‍ നിര്‍ണായകമായ ഈ സ്ഥലം നിശ്ചയിക്കുന്നതില്‍ അതീവശ്രദ്ധയ്ക്ക് പുറമേ മറ്റനേകം വസ്തുതകള്‍ കണക്കിലെടുക്കുകയും വേണം.) സ്ഥലം ലേശം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതിനാല്‍ അനുകൃഷ്ണനും ഷമീമും ഗോപനും ഫ്‌ളൈയിങ് സ്‌ക്വാഡിലെ ഒന്ന് രണ്ട് സ്റ്റാഫുകളും പ്രച്ഛന്നവേഷത്തില്‍ അവിടെ മുന്‍കൂര്‍ സന്നിഹിതരായിരുന്നു. അന്നാണ് അവരില്‍ പലരും ദൂരെ നിന്ന് സിആര്‍പി അണ്ണനെ കാണുന്നതും. ഒരു 'പീ ക്യാപ്പും' (Pee cap) ഒക്കെ ഫിറ്റ് ചെയ്ത് കാശെണ്ണി വാങ്ങാനായി ഒരു ബാഗും കക്ഷത്തിലിടുക്കി പാന്റ്‌സിനകത്തായി ചെരുകി ഇന്‍ ഷര്‍ട്ടാക്കിയ ഉടുപ്പും തുകല്‍ച്ചെരിപ്പുകളും ഇട്ട് അണ്ണന്‍ തയ്യാറായി നില്‍ക്കുകയാണ്! നന്നെ മെലിഞ്ഞ് ആറടിയോളം എങ്കിലും പൊക്കം വരുന്ന അണ്ണന്റെ മീശ പിരിച്ച് മുകളിലേയ്ക്ക് വച്ചിട്ടുണ്ട്. എല്ലാം തന്റെ അധീനതയിലാണെന്ന പഴയ തലമുറയിലെ ഒരു പോലീസുകാരന്റെ ഗൗരവമാണ് മുഖത്തെ സ്ഥായിയായ ഭാവം! അതുകൊണ്ട് തന്നെ അണ്ണനരികിലായി മഫ്ടിയില്‍ നില്‍ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്മാരെ അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല.

സുരക്ഷിതമാണ് ചുറ്റുപാടുകള്‍ എന്ന് അണ്ണന്‍ വിളിച്ചറിയിച്ചതുകൊണ്ടാവണം ഭയാശങ്കകളില്ലാതെ പുലിത്തോലുമായി വേട്ടക്കാരന്‍ ഒരു ആക്ടീവ സ്‌ക്കൂട്ടറില്‍ പമ്പിലേയ്ക്ക് എത്തുന്നതാണ് അടുത്ത സീന്‍. എന്തായാലും അയാള്‍ ഒറ്റയ്ക്കാണ്. നമ്മുടെ ആളുകള്‍ നോക്കിനില്‍ക്കുമ്പോള്‍ സ്‌കൂട്ടർ ലേശം മാറി സ്റ്റാന്‍ഡിട്ട് വച്ചതിന് ശേഷം അയാള്‍ അണ്ണന്റെ അടുക്കലെത്തി വിശേഷങ്ങള്‍ കൈമാറുന്നു. വേഷം മാറി നില്‍ക്കുന്ന ഉദ്യോഗസ്ഥന്മാര്‍ അപ്പോഴപ്പോള്‍ നമുക്ക് പറ്റുന്ന തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇവിടെ വേട്ടക്കാരന്‍ ഒറ്റയ്ക്കാണോ അല്ലയോ എന്നതാണ് പരമപ്രധാനം. അതറിഞ്ഞയുടന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സന്നാഹങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു എന്ന് നമുക്ക് മനസ്സിലായി. ശരിക്കും ആള്‍ ഒറ്റയ്ക്കാണെന്ന് കേട്ടപ്പോള്‍ പകുതി സമാധാനമായി എന്ന് പറയുന്നതാവും ശരി. എന്തായാലും ചരക്ക് അയാളുടെ സ്‌ക്കൂട്ടറില്‍ത്തന്നെ കാണാനാണ് സാധ്യത!

അണ്ണന്‍ അവിടെ നിന്നും ഞങ്ങളോടൊത്ത് ടൊയോട്ട ക്വാളിസ് വണ്ടിയില്‍ സുരേഷിനെ വിളിക്കുന്നു. കുറച്ച് കാശുമായി ഉടന്‍ എത്തുമെന്നും സാധനം കണ്ട് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ ബാക്കി ഫണ്ടുമായി സഹായി ഉടനെ  എത്തും എന്നും അയാള്‍ മറുപടി പറയുന്നു. അനന്തരം അനില്‍ അവിടെ നിന്നും സ്റ്റാഫ് അറേഞ്ച് ചെയ്ത ഒരു സ്‌കൂട്ടറില്‍ പമ്പിലേയ്ക്ക് തിരിക്കുന്നു! ആകാംക്ഷയുടെ മൂര്‍ധന്യത്തില്‍ ഞങ്ങള്‍ വല്ലാതെ അക്ഷമരായി. ഇനി സംഗതി ക്‌ളൈമാക്‌സിലോട്ട് കടക്കുകയാണ്. മിനിറ്റുകളും നിമിഷങ്ങളും കൊഴിയുന്നത് പതിവിലും വൈകിയാണെന്ന് തോന്നി. എന്റെ മൊബൈലില്‍ ആരേയും വിളിക്കരുതെന്നും എന്‍ഗേജ്ഡ് ആക്കി ആക്കി വയ്ക്കരുതെന്നും അനില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടെയുള്ള സ്റ്റാഫുകള്‍ ഇപ്പോള്‍ ഡിഎഫ്ഒ ആയ സന്തോഷിന്റെ മൊബൈലിലാണ് വിളിച്ച് വിവരങ്ങള്‍ പറയുന്നത്. അവസാനം ഏറെ കാത്തിരുന്ന അനിലിന്റെ വിളിവന്നു. ''സാധനം കണ്ടു. കച്ചവടം ഓക്കെയാണ്. ഫണ്ടുമായി നേരെ പെട്രോള്‍ പമ്പിലേയ്ക്ക് വരിക. കഴിവതും വേഗം എത്തണം.'' ഡ്രൈവിംഗില്‍ കൃതഹസ്തനായ ഷമീറാണ് ഇന്റലിജന്‍സിലെ വണ്ടിയുടെ സാരഥി. അന്നും ഇന്നും. അയാളുടെ കഴിവില്‍ ഞങ്ങള്‍ക്ക് അത്രമേല്‍ വിശ്വാസവും ഉണ്ട്. അയാള്‍ വണ്ടി തിരിച്ചു. ഞാന്‍ മുന്നിലെ ഡബിള്‍ സീറ്റില്‍ ഷമീറിന്റെ ഇടത് വശത്തായിട്ടാണ് ഇരിക്കുന്നത്.

വണ്ടി കോതമംഗലം റോഡില്‍ നിന്ന് വലത് വശത്തായി കാണുന്ന പെട്രോള്‍ പമ്പിലേയ്ക്ക് കടക്കുന്നു. ഞങ്ങള്‍ എത്തിയാലുടന്‍ ഓപ്പറേഷന്‍ ആരംഭിക്കുകയായി. ഞങ്ങളുടെ വണ്ടി കടക്കുന്നത് അനിലും അതിനും മുന്നേ അവിടെയെത്തിയ പ്രച്ഛന്ന വേഷധാരികളായ ഉദ്യോഗസ്ഥരും ഇടക്കണ്ണുകളിലൂടെ കാണുന്നുണ്ട്. സ്‌ക്കൂട്ടറിന് അരികിലായി നില്‍ക്കുന്ന അനിലിന് അടുത്തുള്ള വേട്ടക്കാരനോട് അവരിപ്പോള്‍ പതിയെ നടന്നടുക്കുകയാണ്! സിആര്‍പി അണ്ണന്റെ മുഖത്ത് പ്രത്യാശയുടെ കൈത്തിരിവെട്ടം നന്നായി തെളിഞ്ഞ് കാണാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നാളുകള്‍ക്കുശേഷം ഒരു കച്ചവടം വിജയിക്കാന്‍ പോകുകയാണ്! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഷമീര്‍ പെട്രോള്‍ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന കുറ്റികള്‍ താണ്ടി വണ്ടി അനിലിനടുത്തേയ്ക്ക് നീക്കി. ഉള്ളില്‍ എല്ലാവരും തികച്ചും സജ്ജരാണ്. ബ്രേക്കിട്ട് നിറുത്തിയ വണ്ടിയുടെ ഡോറുകള്‍ ചടപട ശബ്ദത്തില്‍ ഝടുതിയില്‍ തുറക്കുന്നു. ഞാനുള്‍പ്പടെ മഫ്ടിയില്‍ത്തന്നെയുള്ള ജീവനക്കാര്‍ ഉച്ചത്തിലുള്ള ആക്രോശങ്ങളോടെ മുന്നോട്ട്. അത് കാലങ്ങളായി യൂണിഫോമിലുള്ളവര്‍ പയറ്റുന്ന ഒരടവിന്റെ ഭാഗമാണ്. പെട്ടെന്നുണ്ടാകുന്ന ഞെട്ടലില്‍ എതിരാളിയുടെ പ്രതികരണശേഷി (Reaction time) അപ്പാടെ മരവിച്ച് പോകുന്ന വിലപ്പെട്ട നിമിഷങ്ങള്‍! അത് വസൂലാക്കി എതിരാളിയെ അടുത്ത് നില്‍ക്കുന്നവര്‍ പെട്ടെന്ന് കീഴടക്കിയിട്ടുണ്ടാകണം. പിന്നെയാണ് വിളിപ്പുറത്ത് കാത്തുനില്‍ക്കുന്ന ശരിക്കും യൂണിഫോമിലുള്ള ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എത്തുക. എല്ലാം എണ്ണയിട്ട യന്ത്രം മാതിരി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്! അതെ, പാഠപുസ്തകത്തില്‍ എഴുതിവെച്ച മാതിരിയുള്ള ഒരു ഓപ്പറേഷന്‍!

placeholder
ജെആര്‍ അനി

പക്ഷേ അതിനിടയിലാണ് അത് സംഭവിച്ചത്! നിറുത്തിയ ക്വാളിസിന്റെ മുന്‍സീറ്റില്‍ നിന്നും ഇറങ്ങി മുന്നിലോടിയിരുന്ന ഞാന്‍ ആയിടയ്ക്ക് ആ പമ്പിലെ നിലത്താകെ പുതുതായി വിരിച്ചിരുന്ന മിനുസമാര്‍ന്ന ടൈലുകളില്‍ കാലിലിട്ടിരുന്ന ഗ്രിപ്പ് കുറവായിരുന്ന ഷൂസ് വഴുക്കി, ഞെട്ടലോടെ സംഭവവികാസങ്ങള്‍ നോക്കി നിന്നിരുന്ന പ്രതിയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന മാതിരി ഒറ്റ വീഴ്ച. പില്‍ക്കാലത്ത് ഇറങ്ങിയ മീശ മാധവന്‍ എന്ന സിനിമയില്‍ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന മാതിരി! ഒരു തവളയെ ഉയരത്തില്‍ നിന്ന് താഴേയ്ക്കിടുമ്പോള്‍ ഏതാണ്ട് കേള്‍ക്കുന്ന മാതിരി ഒരു ശബ്ദം വയറ് നിലത്തടിക്കുമ്പോള്‍ ഞാന്‍ തന്നെ കേട്ടു. ശരീരത്തില്‍ എവിടെയൊക്കെയോ വേദനയുടെ ദംഷ്ട്രകള്‍ ആഴ്ന്നിറങ്ങുന്നത് പോലെ. വല്ലാത്ത മരവിപ്പോടെ ആ കിടപ്പ് കിടക്കുമ്പോള്‍ തൊട്ടുമുന്നിലായി ചുറ്റിനും കൂടി നിന്നിരുന്ന ഉദ്യോഗസ്ഥന്മാരും അനിലും കൂടി പ്രതിയെ പൂണ്ടടക്കം പിടിക്കുന്നതും അയാള്‍ സര്‍വ്വശക്തിയുമെടുത്ത് കുതറുന്നതും എന്നെക്കടന്ന് മുന്നോട്ടോടിയ ഉദ്യോഗസ്ഥരുടെ കാലുകള്‍ക്കിടയിലൂടെ എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു!

വന്യമായ കരുത്തുള്ള ആ വേട്ടക്കാരന്‍ ഇരിക്കുമ്പോള്‍ അയാളെ ചുറ്റിവരിഞ്ഞ് പിടിച്ചിരിക്കുന്ന നാല് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് കുനിഞ്ഞ് പോകുന്നതും അയാള്‍ എഴുന്നേല്‍ക്കുമ്പോള്‍ അവരൊന്നാകെ ഉയര്‍ന്ന് വരുന്നതും ആണ് എനിക്ക് കാണാനായത്!

അതിലും വലിയ തമാശയായത് പെട്ടെന്നുണ്ടായ അട്ടഹാസങ്ങള്‍ക്കും പിടിവലികള്‍ക്കും ഇടയില്‍ നടുങ്ങി വിറച്ചുപോയ സിആര്‍പി അണ്ണന്‍ സ്ഥലത്ത് നിന്നും ഓടുന്നതായുള്ള ചേഷ്ടകള്‍ കാട്ടുന്നതും രണ്ട് കൈകളും മടക്കി ഓടുന്ന മാതിരി വശങ്ങളിലേയ്ക്ക് വീശുന്നതും എന്നാല്‍ അദ്ദേഹത്തിന് നിന്നയിടത്തില്‍ നിന്ന് ഒരടി പോലും അനങ്ങാനാകാത്തതുമായിരുന്നു. ആ നടുക്കത്തില്‍ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് ഇന്നും അറിയില്ല.

ബാക്കി ഉദ്യോഗസ്ഥരും എത്തി പ്രതിയെ കീഴടക്കി വിലങ്ങ് വച്ചയുടന്‍ അനില്‍ അണ്ണനെ അവിടെ നിന്നും മാറ്റി നിറുത്തി ''ആരോ ഒറ്റിയതാണ്. ഇവിടെ നില്‍ക്കണ്ട. നമുക്ക് രക്ഷപ്പെടാം'' എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അണ്ണന് ആയടുത്തായി ഒരു ചെറിയ ആന്‍ജിയോപ്‌ളാസ്റ്റി നടന്നുവെന്ന് അനില്‍ പറഞ്ഞ് കേട്ടിട്ടും ഉണ്ടായിരുന്നു. അവിടേയ്ക്ക് ചെന്ന സ്‌ക്കൂട്ടറില്‍ത്തന്നെ അയാളെ കയറ്റി അനില്‍ അവിടെ നിന്നും ഉടനടി നിഷ്‌ക്രമിക്കുകയായിരുന്നു എന്നതാണ് പരിണാമഗുപ്തി.

നേര്യമംഗലം ടൗണില്‍ ഇറക്കി വിട്ട് കുറച്ച് കാശും കമ്മിഷനെന്ന വ്യാജേന കൊടുത്ത് ''അടുത്ത ഇടപാടെങ്കിലും നമുക്ക് ആരുമറിയാതെ നടത്തണം'' എന്ന് അനില്‍ പറഞ്ഞപ്പോള്‍ ഞെട്ടല്‍ പൂര്‍ണ്ണമായും മാറിയില്ലെങ്കിലും ''നോക്കാം'' എന്ന മറുപടി പറഞ്ഞ് അണ്ണന്‍ കോതമംഗലത്തേയ്ക്കുള്ള ബസ്സ് പിടിക്കുകയായിരുന്നുവത്രേ. ഇതേ സിആര്‍പി അണ്ണന്‍ തന്നെ വീണ്ടും അടുത്ത ഡബിള്‍ എഞ്ചിന്റെ കച്ചവടവുമായി അനിലിനെ ഒരു മാസത്തിനകം സമീപിച്ചിരുന്നുവെന്നത് കഥയുടെ ബാക്കിപത്രം! ഇനി പമ്പിലെ പുതിയ ടൈലുകളില്‍ വഴുക്കി വീണ് ഇട്ടിരുന്ന ജീന്‍സ് ഉള്‍പ്പടെ കീറി കാല്‍മുട്ടുകളില്‍ നിന്നും ചോരയിറച്ചുകൊണ്ടിരുന്ന എന്നെ പിടിച്ചുയര്‍ത്തിയത് വണ്ടി എന്‍ജിന്‍ ഓഫ് ചെയ്ത് ഇറങ്ങിയ ഡ്രൈവര്‍ ഷമീറാണ്. ഉടനടി പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മറ്റൊരു ഔഷധവും വണ്ടിയിലില്ലാത്തതിനാല്‍ അയാള്‍ വണ്ടിയുടെ ബോണറ്റ് തുറന്ന് സൂക്ഷിച്ച് എടുത്ത എഞ്ചിന്‍ ഓയില്‍ തുള്ളികളാണ് അന്ന് മുറിവുകളിലേയ്ക്ക് ഇറ്റിച്ചത്. എന്തായാലും പ്രതിയെ തൊണ്ടി മുതലോടുകൂടി പിടിക്കാനായതും അവിടത്തെ കോലാഹലങ്ങളില്‍ അടപടലമുള്ള എന്റെ വീഴ്ച ആരും കാര്യമായി എടുത്തില്ല എന്നതും കണ്ടപ്പോള്‍ കാലിലെ മുറിവുകളിലൂടെ തരിച്ചുകയറുന്ന വേദന തത്ക്കാലം ഞാന്‍ മറന്നു.

തിരിച്ചെത്തിയശേഷം കീറിപ്പോയ രണ്ട് കാല്‍മുട്ടുകളുടെ ഭാഗവും തുന്നിച്ചേര്‍ത്ത് ആധുനികകാലത്തെ ഫ്രീക്കന്മാരെപ്പോലെ കുറച്ചുനാള്‍ ഞാന്‍ ആ ജീന്‍സ് ഉപയോഗിക്കുമായിരുന്നു എന്നതും ചേര്‍ത്ത് പറഞ്ഞുകൊള്ളട്ടെ.

അതെന്തായാലും അന്ന് പിടിച്ചതും ചങ്കിലേയ്ക്ക് വെടിയുണ്ട തുളഞ്ഞ് കയറിയ അടയാളമുള്ളതുമായ, തുകലില്‍ റോസറ്റ് എന്ന് പറയുന്ന റോസാപ്പൂ പോലത്തെ അടയാളമില്ലാത്ത ആ പുലിത്തോല്‍ പിന്നീട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി അയക്കുകയും അത് ഇന്ത്യന്‍ പുലിയുടെ തോല് (Indian Leopard) തന്നെയാണെന്നും ഉള്ള ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളും ആണ് പിന്നീട് പുറത്തുവന്നത്. ശരിക്കും അത് ഞങ്ങള്‍ക്കും പുത്തനറിവായിരുന്നു. ഒരു വേള കരിമ്പുലികളെപ്പോലെയോ വെള്ളക്കടുവകളെപ്പോലെയോ ഒക്കെ ജനിതക വ്യത്യാസം വന്നവയായിരിക്കാം അത് എന്ന് കരുതുന്നു. പുലിത്തോലിന്റെ മൗലികത കണ്ട് ബോധ്യപ്പെട്ട് അറിയാതെയാണെങ്കിലും കച്ചവടത്തിനെത്തിച്ച സിആര്‍പി അണ്ണന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം!

 

(ലേഖകന്‍ കേരള വനം വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്‌സ് വഴി കാട് പറഞ്ഞ കഥകള്‍, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്‌സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്‌സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍ എന്നൊരു അനുഭവകഥയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കാട്ടു തീ, കാര്‍ഷിക വനവത്കരണം, ചന്ദനം, രഹസ്യ വിവര ശേഖരണം, മനുഷ്യവന്യജീവി സംഘര്‍ഷം കേരളത്തില്‍ എന്നീ അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും എഴുതാറുണ്ട്.)