ബലപ്രയോഗത്തിന്റെ നിയമം എന്നൊരു നിയമം നാട്ടിലുണ്ട്രേത. ഘടോല്‍ക്കചന്‍ പിള്ളയ്ക്ക് വൈകിയാണത്  പിടികിട്ടിയത്. മനസ്സാല്‍ നമിക്കുന്ന, ആവോളം ആരാധിക്കുന്ന സഖാവിന്റെ നാവില്‍ നിന്നാണത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. വണ്‍, ടു, ത്രീ... എന്നു വിളിച്ചുപറഞ്ഞുള്ള രക്തരൂക്ഷിത വിപ്ലവത്തിന്റെ മറ്റൊരു വകഭേദമാണ് ബലപ്രയോഗ നിയമമെന്ന് തോന്നുന്നു. നാവിനെല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചുപറയാന്‍ ലൈസന്‍സ് കൊടുക്കുന്ന നാടാണിതെന്ന് കരുതുന്നില്ല. വിവാദപ്രസംഗങ്ങള്‍ വളരെ സൂക്ഷിച്ചുവേണമെന്ന് കാലമെത്ര അടികൊടുത്തു പഠിപ്പിച്ചിട്ടും ചിലര്‍ക്കു മനസ്സിലാകില്ലെന്നതു മഹാപ്രശ്നമാണ്. അഭിപ്രായ സ്വാതന്ത്ര്യം മര്യാദ ലംഘിക്കാനുള്ള ലൈസന്‍സല്ലെന്ന തമിഴകത്തെ നീതിപീഠത്തിന്റെ വിധി കഴിഞ്ഞ ദിവസം കേട്ടതേയുള്ളൂ.

To advertise here,

അടിച്ചാല്‍ തിരിച്ചടിക്കുകയാണ് ബലപ്രയോഗ നിയമത്തിന്റെ അടിസ്ഥാനതത്വം. തത്വത്തില്‍നിന്നു മാറിയുള്ള താത്വിക ചിന്താഗതി പുരോഗമനവാദികള്‍ക്കു ചേര്‍ന്നതല്ല. തിരിച്ചടിച്ചത് ശരിയാണെന്ന് ജനം തിരിച്ചറിഞ്ഞ് വിളിച്ചുകൂവിയാലെ അതു ശരിയാണെന്നു പറയാനാകൂ. അതായത് അടി കൊടുക്കുന്നത് ശരിയാണെന്നു കണ്ടുനില്‍ക്കുന്നവനു തോന്നിയാല്‍ സംഗതി ഓകെ. ഏതു പ്രസ്ഥാനവും കാറ്റില്‍ ഉരുണ്ടുവീഴാതെ മലപോലെ ഉയര്‍ന്നുതന്നെ നില്‍ക്കും. ഒരു കരണത്തിനടി കിട്ടിയാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന ത്യാഗസിദ്ധാന്തമൊക്കെ കട്ടിലിനു താഴെ പെട്ടിയില്‍വെച്ചു പൂട്ടിയാമതി. അടി കിട്ടിയാല്‍ നിയമത്തിന്റെ വഴിയൊന്നും ഗൂഗിള്‍ മാപ്പുവഴി തേടിപ്പോകരുത്. കിട്ടിയാല്‍ മാപ്പ് കൊടുക്കുകയോ തിരിച്ചടി കൊടുത്തിട്ട് മാപ്പ് ആഗ്രഹിക്കുകയോ ചെയ്യരുത്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നാണ് കേട്ടിട്ടുള്ളത്. ചിലപ്പോള്‍ ആ വഴിയേ ടാക്സി വിളിച്ചുപോയാല്‍ ഗട്ടറില്‍ വീഴാനുള്ള സാധ്യതയുമുണ്ട്.

ജനങ്ങള്‍ ശരിയല്ലെന്നു പറയുന്ന മാര്‍ഗം ഒരു കാരണവശാലും സ്വീകരിക്കരുതെന്നും സഖാവിന്റെ പ്രസംഗത്തില്‍ കേട്ടു. വളരെ നല്ലത്. ഇല്ലേല്‍ നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെടും, കൂടെയുള്ളവര്‍ പിരിയും. വൈദ്യുതിക്കാശ് കൂട്ടിയതിന്റെ ഇരുട്ടടിയേറ്റ് നക്ഷത്രമെണ്ണുന്നതിന്റെ തൊട്ടുപിറ്റേന്നാണീ അടി-തിരിച്ചടി, ബലപ്രയോഗ പ്രസംഗം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായത്. ജനം ശരിയെന്നു പറഞ്ഞിട്ടാണ് കാശ് കൂട്ടിയതെന്ന് ഘടോല്‍ക്കചന്‍ പിള്ള കരുതുന്നില്ല. നഷ്ടത്തിലാകാന്‍ കെ.എസ്.ആര്‍.ടി.സി.യോട് ആഞ്ഞുമത്സരിക്കുന്ന കെ.എസ്.ഇ.ബിയുടെ പാപഭാരം ചുമലില്‍ വെച്ചുകെട്ടിത്തരരുതെന്ന് റെഗുലേറ്ററി കമ്മിഷന്റെ സിറ്റിങ്ങുകളില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതാണ്. ഒന്നല്ല, അഞ്ചു സിറ്റിങ്ങുകളിലും. കാശ് കണ്ണടച്ചങ്ങ് കൂട്ടിയത് ജനങ്ങള്‍ ശരിയാണെന്നു പറഞ്ഞാല്‍ മാത്രമേ ശരിയാകൂ. അതാണ് ബലപ്രയോഗനിയമത്തിലെ വകുപ്പെന്ന് മറക്കരുത്. കൂട്ടിയ കാശ് അടയ്ക്കാതെ ബലംപിടിച്ചാല്‍ ഫ്യൂസൂരി ഇരുട്ടില്‍ തള്ളും.

വൈദ്യുതിക്കാശ് യൂണിറ്റിന് ശരാശരി പതിനാറു പൈസയാണ് കൂട്ടിയിരിക്കുന്നത്. പേടിക്കേണ്ടാ, ഇത് സാമ്പിള്‍ വെടിക്കെട്ടാണ്. പ്രധാന വെടിക്കെട്ട് ഏപ്രിലുണ്ടാകും. പന്ത്രണ്ടു  പൈസ കൂട്ടും. ഏപ്രില്‍ ഫൂളാക്കാന്‍ പറയുന്നതല്ല. കണക്കുപിള്ളയുടെ മനക്കണക്കുപ്രകാരം നാലു മാസത്തിനിടെ ഇരുപത്തിയെട്ടു പൈസയാണ് കൂടുക. വേനലില്‍ വെന്തുരുകുന്ന മാസമാണ് ഏപ്രിലും മേയുമൊക്കെ, ഒപ്പം വിഷുക്കാലവും. കറന്റ് ഉപയോഗം കൂകിപ്പാഞ്ഞ് കുതിക്കും. രണ്ടുമാസത്തിലൊരിക്കല്‍ പണമടച്ചാല്‍ മതിയെന്ന പഴയ നിയമം ചുരുട്ടി ചവറ്റുകൊട്ടയിലിടാഞ്ഞതു മഹാഭാഗ്യം. ധനശേഖരണത്തിന് ഒരു മാസം പതിവുപോലെ കിട്ടും.. ജനത്തെ പിഴിഞ്ഞെടുത്താല്‍ കോടികളുടെ വരുമാനം വൈദ്യുതി ബോര്‍ഡിന്റെ പെട്ടിയില്‍ വീഴുമെന്നാണ് സാമ്പത്തിക ശാസ്ത്രം.

ചെലവുചുരുക്കല്‍, കാര്യക്ഷമത കൂട്ടല്‍, പദ്ധതി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ നേരായ വഴി നോക്കാതെ ജനത്തിന്റെ കീശയില്‍ കണ്ണുവെച്ചു. വൈദ്യുതോദ്പാദന പദ്ധതികള്‍ പലതും കട്ടപ്പുറത്തു വിശ്രമത്തിലാണെന്ന് കട്ടപ്പുറത്തുള്ള കുട്ടന്‍പിള്ള ചേട്ടന്‍ പണ്ടേ പറഞ്ഞതാണ്. പത്തു വര്‍ഷം മുന്‍പു തുടങ്ങിയ ജല വൈദ്യുത പദ്ധതിക്കുപോലും അനക്കംവെച്ചിട്ടില്ലത്രേ. കാലതാമസം വഴിയുള്ള വര്‍ധനയും ജനം താങ്ങിക്കോണം.. പൊതുജനം കഴുതാണെന്നു തെറ്റിദ്ധരിച്ചാകാം ഇത്.

40 യൂണിറ്റുവരെയുള്ള ദാരിദ്രരേഖയ്ക്കു താഴെയുള്ളവരെയും അനാഥാലയങ്ങള്‍, വയോജനസദനങ്ങള്‍ തുടങ്ങിയവയെയും ഒഴിവാക്കാനുള്ള കാരുണ്യം കാണിച്ചതു മറക്കുന്നില്ല. പാവപ്പെട്ടവര്‍ ജീവിച്ചുപോട്ടെ. പക്ഷേ, ഒരു കോടിയിലേറെപ്പേര്‍ കാശുകൂട്ടല്‍ ദുരന്തഫലം അനുഭവിച്ചേ പറ്റൂ. അതാണ് ദുര്‍വിധി. ബോര്‍ഡിന്റെ കര്‍ഷകസ്നേഹവും ചോക്കുപൊടി മാറ്റി പുറത്തുവന്നിട്ടുണ്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് അഞ്ചുപൈസ കൂട്ടി.. സൗജന്യ കാര്‍ഷിക വൈദ്യുതി പദ്ധതിയില്‍പെടാത്ത കര്‍ഷകര്‍ക്കുള്ള ആപ്പുവെപ്പാണിത്.

ബോര്‍ഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തിന്റെ തൊണ്ണൂറു ശതമാനവും സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നു കേട്ടു. പക്ഷേ, ഘടോല്‍ക്കചന്‍ പിള്ളയുടെ നഷ്ടം ആര് ഏറ്റെടുക്കുമെന്നതാണ് വീട്ടിലെ പ്രശ്നം. കഴുത്തുചുറ്റിയുള്ള കടക്കുരുക്ക് കൂടുതല്‍ മുറുകും. അത്രതന്നെ. ഡിസംബര്‍ മുതല്‍ അടുത്ത സാമ്പത്തികവര്‍ഷം വരെയുള്ള നിരക്കുവര്‍ധനയാണ് ഒറ്റയടിക്ക് പ്രഖ്യാപിച്ചു കിട്ടിയത്. ഈ എട്ടിന്റെ പണി പ്രഖ്യാപിക്കാന്‍ ഉപതിരഞ്ഞെടുപ്പ് തീരുംവരെ കാത്തിരുന്നു. ക്ഷമാശക്തിക്കും അതിബുദ്ധിക്കും മുന്‍പില്‍ നല്ല നമസ്‌കാരം. താമസിയാതെ തദ്ദേശ തിരഞ്ഞെടുപ്പു വരും. അന്ന് ഇരുട്ടടി തരില്ലെന്ന് ഉറപ്പാക്കാനാണ് ഈ ഒറ്റയടി പ്രഖ്യാപനമെന്നാണ് ചില ബുദ്ധിശാലികള്‍ പറയുന്നത്. വാഗ്ദാനപ്പട്ടികയില്‍ ചാര്‍ജ് കുറയ്ക്കുമെന്നൊരു വരി കൂടി എഴുതിപ്പിടിപ്പിക്കാനുള്ള അവസരവുമായി. രണ്ടുവര്‍ഷത്തിനിടെയുള്ള മൂന്നാംതവണത്തെ കെ.എസ്.ഇ.ബി. വക സ്നേഹപ്രകടനമാണിത്. ജനുവരി മുതല്‍ മെയ് വരെ വേനല്‍ക്കാല നിരക്കായി 10 പൈസ കൂട്ടാനുള്ള നിര്‍ദേശം റെഗുലേറ്ററി കമ്മിഷന്‍ തള്ളിയതു ഭാഗ്യം. അടുത്തതിന്റെ അടുത്ത വര്‍ഷത്തേക്ക് കൂടി നിരക്കു കൂട്ടണമെന്ന അപേക്ഷ ചുരുട്ടിക്കൂട്ടിയതും നേട്ടം.

പ്രതിഷേധം പലവിധം ഉലകില്‍ കണ്ടു. ഒരു ജില്ലാ വൈദ്യുതി ഓഫീസിനു മുന്നില്‍ കുറുവാസംഘം ഇലക്ട്രിസിറ്റി ബോര്‍ഡ് എന്ന് ബോര്‍ഡ് വെച്ചായിരുന്നു ഒരു യുവജനപാര്‍ട്ടിയുടെ പ്രതിഷേധം. കുറുവസംഘത്തെ പോലെ ജനത്തെ കൊള്ളയടിക്കുന്നതിനാലാണ്രേത ഇത്. വൈദ്യുതി ചാര്‍ജ് കൂടിയെന്നു വെച്ച് മണ്ണെണ്ണ വിളക്കുവെച്ച് വായിക്കാമെന്നൊന്നും വിചാരിക്കരുത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് റാങ്കിന്റെ വെള്ളിവെളിച്ചത്തിലെത്തിയതൊക്കെ പഴയകഥ. വിളക്കുണ്ടെങ്കിലും മണ്ണെണ്ണയില്ലല്ലോ. അത്യപൂര്‍വ സാധനമാണല്ലോ അത്. കഴിഞ്ഞ വേനല്‍ക്കാലത്ത് കൊടുചൂടിനെ കൊല്ലാന്‍ എ.സി. വാങ്ങിക്കൂട്ടിയവര്‍ ഏറെയാണ്. ഇഷ്ടബ്രാന്‍ഡ് എ.സി. കടയില്‍ കിട്ടാനില്ലാത്ത നാട്ടുകാര്‍ നെട്ടോട്ടമോടി. എ.സി. വാങ്ങിവെച്ചവര്‍ ഇനി ഇത്തിരിയല്ല, ഒത്തിരി വിയര്‍ക്കാനാണു സാധ്യത.

വില കൂടിയാല്‍ പലതും വേണ്ടെന്നു വെയ്ക്കും. അനാവശ്യപ്പട്ടിക അത്യാവശ്യപ്പട്ടികയായി ചുരുക്കും. അതാണ് നാട്ടുനടപ്പ്. വൈദ്യുതിക്കാര്യം അങ്ങനല്ലല്ലോ. അടുക്കളയിലെ സ്ഥിതി നോക്ക്. സാമ്പാറിലും അവിയലുമൊക്കെ മുരിങ്ങക്കയെ കണ്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ആര്‍ക്കോ, എന്തിനോവേണ്ടി തിളയ്ക്കുകയാണ് സാമ്പാര്‍. മെലിയന്‍ മുരിങ്ങയ്ക്ക് വിലക്കനം കൂടിയതിന്റെ തലക്കനം ഭീകരം. കിലോയ്ക്ക് നാനൂറു വരെയൊക്കെ എത്തി. കാന്താരിയും കണ്ണുനിറച്ചു. നല്ല നാടന്‍ കാന്താരിക്ക് കിലോയ്ക്ക് വില അറുന്നൂറു വരെ വന്നു. പച്ചമുളകും പിടി തരാത്ത ലക്ഷണമാണ്. നൂറ്റിയിരുപതു വരെ കഴിഞ്ഞദിവസം എത്തി. ഇടയ്ക്ക് സവാള സങ്കടപ്പെടുത്തുമ്പോള്‍ പടിയടച്ചു പിണ്ഡം വെക്കുകയാണ് പതിവ്. വിലക്കനമില്ലാതെ വന്നാല്‍ മാത്രമേ പ്രിയതമ ലലനാമണി അടുക്കളക്കതക് തുറന്നു കൊടുക്കൂ. അതാ പതിവ്. 

മുല്ലപ്പൂ ചൂടി കല്യാണത്തിനു പോകാനുള്ള പൂതിയൊന്നും മോഹവല്ലിക്കില്ല. ഒരു മുഴം പൂവിന് വിലകേട്ടാല്‍ തലചൊറിഞ്ഞു നില്‍ക്കുകയേ മാര്‍ഗമുള്ളൂ. അങ്ങ് തമിഴകത്ത് മുല്ലപ്പൂ വില കിലോയ്ക്ക് 4500 രൂപ വരെ എത്തിയിരുന്നു.

* * *
ജനം ശരിയെന്നു പറയുന്നതുമാത്രം ചെയ്യേണ്ടവര്‍ അങ്ങ് വഞ്ചിയൂരിലും ജനസ്നേഹം മറന്നതു നന്നായില്ല. അതും ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ.. വഴിയടച്ച് സ്റ്റേജു കെട്ടി സമ്മേളനം നടത്തി. റോഡു തടഞ്ഞ് ആളെ കൂട്ടാനുള്ള തന്ത്രപരമായി നീക്കമായിരുന്നോയിതെന്ന സംശയം ഘടോല്‍ക്കചന്‍ പിള്ളയ്ക്ക് ഇല്ലാതില്ല. വഴിയടച്ചപ്പോള്‍ വലഞ്ഞവരുടെ നീണ്ട ലിസ്റ്റ് കണ്ടിരുന്നു. രാവിലെ പള്ളിക്കൂടത്തിലേക്കു പോയ കുട്ടികള്‍, ഓഫീസ് പണിക്കാര്‍, അവശതയോടെ ആശുപത്രിയില്‍ പോയവര്‍... സര്‍വോപരി വാഹനങ്ങളുടെ നീണ്ടനിരയും. പോരേ പൊല്ലാപ്പ്.

പാവപ്പെട്ട മറിയാമ്മച്ചേടത്തി വഴയിരികിലിരുന്ന് മത്തി വിറ്റാലോ മാധവന്‍ ചേട്ടന്‍ ചായകൊടുത്താലോ മാത്രമേ നിയമപാലകരുടെ കണ്ണില്‍പെടൂ. കണ്ണുരുട്ടി ഓടിച്ചുവിടും. ഗതാഗതതടസ്സം നീക്കാൻ വകുപ്പു കൈയ്യിലുള്ള കോര്‍പ്പറേഷന്‍കാരും കൈയ്യും കെട്ടിനിന്നു. കുരുക്കില്‍ കുരുങ്ങിയവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ സമ്മേളനാനന്തരം നാടകമുണ്ടായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.. ന്നാ താന്‍ കേസു കൊട് എന്ന സിനിമ കാണിക്കാന്‍ സ്‌കോപ്പുണ്ടായിരുന്നെങ്കിലും അതു പാഴാക്കി. വേദിയിലുണ്ടായിരുന്ന നേതാക്കള്‍ക്കെതിരേ കേസെടുക്കാത്തതിന് നീതിപീഠം വിശദീകരണം ചോദിച്ചിട്ടുണ്ട്, പോലീസ് മേധാവിയോട്. ഭരണകൂടം ബലപ്രയോഗം നടത്തുമ്പോള്‍ നീതിപീഠത്തിന്റെ തിരിച്ചടി ആശ്വാസമാണെന്നാണ് ഘടോല്‍ക്കചന്‍ പിള്ള വിശ്വസിക്കുന്നത്...

* * *

റോഡിലിറങ്ങിയാല്‍ തിരികെ വീട്ടിലെത്താന്‍ പറ്റുമെന്ന് ഒരു ഗ്യാരന്റിയുമില്ല. നിര്‍മിത ബുദ്ധിയുള്ള ക്യാമറയുണ്ട്, മോട്ടോര്‍വാഹനക്കാരുണ്ട്. പോലീസുണ്ട്. സര്‍വോപരി കള്ളോ കഞ്ചാവോ കടത്തുന്നുണ്ടോയെന്നറിയാന്‍ ചിലപ്പോള്‍ എക്സൈസിനെയും കാണാം. റോഡിലെ കുഴിയടക്കാനും വളവുനികത്താനുമുള്ള സര്‍ജറിക്കു ചില മരാമത്ത് ഭിഷഗ്വരന്മാര്‍ക്കു മടിയാണ്. കുഴിയടച്ചതു കണ്ടാലേ ചില ജല അതോറിറ്റിക്കാര്‍ക്ക് പൈപ്പിടുന്ന കാര്യം ഓര്‍മ്മവരൂ. പിന്നെ പൊളിക്കും. ഇതാണോ കുഴിയടക്കാത്തതിലെ അടവുനയമെന്ന സംശയമുണ്ട്.

നിരത്തില്‍ ചോരയൊഴുകാത്ത ദിവസമുണ്ടോ എന്നു ഗവേഷണം നടത്തുകയാണ് ഘടോല്‍ക്കചന്‍ പിള്ള. കണ്ണിച്ചോരയില്ലാത്ത അധികാരികളുടെ അനാസ്ഥയാണ് പലപ്പോഴും അപകടത്തെ വണ്ടി കയറ്റി കൊണ്ടുവരുന്നതെന്നതില്‍ അധികമാരും തര്‍ക്കിക്കില്ലെന്നാണു വിശ്വാസം. പല ദുരന്തങ്ങളിലെ ഒന്നു മാത്രമാണ് പാലക്കാട് കരിമ്പ പനയംപാടത്തെ മഹാദുരന്തമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. പാഞ്ഞുവന്ന ചരക്കുലോറി മറിഞ്ഞ് അടിയില്‍പെട്ട് ചതഞ്ഞരഞ്ഞത് നിഷ്‌കളങ്കരായ നാലു സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ജീവനാണ്. പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ അറിഞ്ഞിരുന്നില്ല, ഇങ്ങനെയൊരു പരീക്ഷണം കാത്തിരിപ്പുണ്ടെന്ന്. സുരക്ഷാ മുന്നറിയിപ്പ് കാറ്റില്‍പറത്തി, റോഡു പണിയിലെ അപാകം, വേഗനിയന്ത്രണ സംവിധാനമില്ല, നടപ്പാതയില്ല, അപകടവളവ് നികത്തിയില്ല, മഴപെയ്താല്‍ തെന്നുന്നു... കാരണങ്ങള്‍ക്കൊരു പഞ്ഞവും കണ്ടില്ല. നിരത്തില്‍ ചോരയൊഴുകുമ്പോഴുള്ള പതിവു കാരണങ്ങള്‍. കാരണം കണ്ടുപിടിക്കല്‍ എളുപ്പമാണ്. പരിഹരിക്കലാണ് പ്രയാസം. അതാണല്ലോ വേണ്ടത്..

കണ്ണുമൂടിക്കെട്ടി കാറിന്റെ ഡോറു തുറന്നിട്ടും വീട്ടിലെ കുളം പോരാഞ്ഞിട്ട് കാറില്‍ കുളമൊരുക്കിയും പായിച്ച് വീഡിയോ പോസ്റ്റുന്നവരുള്ള നാടാണിത്. ചിലര്‍ക്ക് കല്യാണാഘോഷത്തിന് റോഡിലിറങ്ങി നൃത്തം ചെയ്താലേ ആഘോഷം കെങ്കേമമാക്കാനാകൂ. നൃത്തമാടാന്‍ പോലീസ് ജീപ്പിന്റെ മുകള്‍ഭാഗംവരെ സ്റ്റേജാക്കാനും ചിലര്‍ക്കു മടിയില്ല, അല്‍പ്പം ലഹരി വേണമെന്നു മാത്രം. ആശുപത്രി സേവനം, വയോജനസേവനം തുടങ്ങിയ നല്ലനടപ്പിന് ഇത്തരം അഭ്യാസികളെ പറഞ്ഞുവിടാറുണ്ട്. നല്ലത്. അനാസ്ഥയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരിലേക്കും നല്ലനടപ്പു നീട്ടുന്നതു നല്ലതായിരിക്കുമെന്ന അഭിപ്രായമുണ്ട്.

ചിലര്‍ക്ക് വളയം പിടിക്കന്നതിന് ആറോ അറുപതോ അടിക്കണം. തൃശ്ശൂരിലെ നാട്ടികയില്‍ ലക്കുകെട്ടെത്തിയ ലോറി കയറി മരിച്ചത് പണിക്കായി അടച്ചിട്ട റോഡില്‍ സുഖമായുറങ്ങിയ അഞ്ചുപേരാണെന്നത് ഓര്‍മ്മ വേണം. മാഹിയില്‍നിന്ന് മദ്യം വാങ്ങി അടിച്ചടിച്ചു പറപറത്തിവന്നിട്ടും വഴി ആരും ഊതിച്ചുപോലും നോക്കി യില്ലെന്നത് മഹാ അത്ഭുതം. സീബ്രാലൈനൊന്നും സുരക്ഷിതമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ലൈന്‍ വഴി മറുകരയെത്താന്‍ ശ്രമിച്ച ബാങ്ക് മാനേജര്‍ ബസ്സുകള്‍ക്കിടെ ഞെരിഞ്ഞമര്‍ന്ന് മരിച്ച കണ്ണീര്‍ക്കാഴ്ചയും കാണേണ്ടിവന്നു. അതും തിരുവനന്തപുരത്ത്. നാട്ടിലെങ്ങും അപകടം കൂടുകയാണെന്ന് ഒരു കേന്ദ്ര മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. അന്താരാഷ്ട സമ്മേളനങ്ങളില്‍ ഇതുകാരണം മുഖം മറച്ചുപിടിക്കേണ്ട ഗതികേടുമുണ്ട്. അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, ഫലം മറിച്ചായിപ്പോയി..

കലാശക്കൊട്ട്

മുഖം മറക്കല്‍ എളുപ്പമാണ്. പലരും ജനസ്നേഹത്തിന്റെ മുഖംമൂടി വെച്ചിട്ടുണ്ടല്ലോ. അതൂരിപ്പോകാതെ പ്രത്യേകം നോക്കണം. കാറ്റുമാറി വീശാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ ഇളക്കം തട്ടും. തിരിച്ചടി കൊടുത്താല്‍ എല്ലാം ശരിയാകുമെന്നു കരുതുന്നവരുണ്ടാകാം. അതിന് ഒരുമ്പിട്ടിറങ്ങുന്നവരെയും ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്.