
കല്ല് കൊത്താനുണ്ടോ കല്ല്... നീണ്ട വിളി കേട്ട് കൊച്ചു സന്ധ്യ കൗതുകത്തോടെ മുറ്റത്തിറങ്ങി നോക്കി. ചിറ്റ പറഞ്ഞു: `മോളേ പരിചയമില്ലാത്ത ഇത്തരം ആള്‍ക്കാര്‍ വിളിച്ചാല്‍ ഇറങ്ങിപ്പോകരുത്. അവര്‍ ചിലപ്പോള്‍ പിള്ളേരെ പിടുത്തക്കാരായിരിക്കാം. എല്ലാവരുമല്ല കേട്ടോ. പക്ഷേ ആരാണെന്നു നമുക്കു തിരിച്ചറിയാന്‍ കഴിയില്ല. കുപ്പിയും പാട്ടയും പെറുക്കാനായി വരുന്ന ചിലരുടെ കയ്യില്‍ വലിയ ചാക്കില്ലേ? പിള്ളേരെ അതിലിട്ട് അവരങ്ങു കൊണ്ടു പോകും'.
`ഇല്ല ചിറ്റേ, ഞാനിറങ്ങിയൊന്നും പോണില്ല'-ഞാൻ പറഞ്ഞു.
മനസ്സില്‍ അപ്പോള്‍ തോളില്‍ ചാക്കുമായി വീട്ടിലെത്തുന്ന പേപ്പര്‍ കച്ചവടക്കാരന്റെ രൂപം നിറഞ്ഞു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛനോടു ചോദിച്ചു:
`അച്ഛാ പഴയ പേപ്പര്‍ വാങ്ങാന്‍ വരുന്ന മാമന്റെ തോളില്‍ ചാക്കുണ്ടല്ലോ. മോളെ കിട്ടിയാല്‍ പിടിച്ചോണ്ടു പോകുവോ?' അച്ഛന്‍ ചിരിച്ചു. 'ഇല്ല മോളേ, അതു നമ്മുടെ കോയയല്ലേ. അച്ഛന് എത്രയോ വര്‍ഷമായി അറിയാം. മോള് പേടിക്കണ്ട'.
സന്തോഷമായി. വീട്ടിലെത്തിയാല്‍ മാമന്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാറുണ്ട്. മോളും ചിരിക്കും. എന്നിട്ട് കൈയില്‍ പിടിച്ച് പേപ്പര്‍ തൂക്കുന്ന തുലാസില്‍ പഴയ പേപ്പര്‍ ശ്രദ്ധാപൂര്‍വ്വം വച്ച് തൂക്കുന്ന അത്ഭുതം നോക്കിയിരിക്കും. മാമന്റെ രണ്ടു കാലിലും മന്താണ്. ഏന്തി വലിഞ്ഞ് ചാക്കുകെട്ടുമെടുത്ത് ചിരിയോടെ പടിയിറങ്ങും. ഇഷ്ടമുളള ആ വരവില്‍ പേടിക്കാനില്ലെന്നറിഞ്ഞ സന്തോഷം മനസില്‍ നിറച്ചു അന്നുറങ്ങി.
`പിളേളരെ പിടിത്തക്കാര്‍' കുട്ടികള്‍ ജനിച്ചു വീഴുന്ന ആശുപത്രി മുതല്‍ വീട്ടുമുറ്റവും സ്‌ക്കൂള്‍ പരിസരവുമുള്‍പ്പെടെ പലയിടത്തും ഉണ്ടെന്നുളള യാഥാര്‍ഥ്യം പോലീസിനേയും പൊതുജനങ്ങളേയും ജാഗരൂകരാക്കുന്നു. തെരുവില്‍ തെണ്ടാന്‍ വിധിക്കപ്പെട്ട കുട്ടികളെ കാണുന്നതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു കാഴ്ച. സുരക്ഷിതമായ താമസസ്ഥലമില്ലാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നുതളളിയ കേസുകള്‍ മനഃസാക്ഷിയുളള പോലീസുദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനപ്പെടുത്തുന്നതാണ്. ഇത്തരം കേസുകള്‍ എത്രയും പെട്ടെന്ന് അന്വേഷിച്ച് പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പ്രൊഫഷണല്‍ പോലീസ് എന്തു ത്യാഗവും സഹിക്കും. പ്രൊഫഷണലായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ടീമുകള്‍ ഉളളതു കൊണ്ടാണ് ഇത്തരം കുറ്റവാളികള്‍ നിയമത്തിനു മുന്‍പിലെത്തുന്നതും പലര്‍ക്കും തൂക്കുകയര്‍ വരെ ലഭിക്കുന്നതും.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തം വീടിന്റെ വാതില്‍പ്പടിയില്‍ (ആ പുറംപോക്കിലെ ഒറ്റമുറി വീടിന് വരാന്തയില്ലാത്തതിനാലാണ് ഒരുപക്ഷേ പെണ്‍കുട്ടി വാതില്‍പ്പടിയിലിരുന്നത്) ഇരുന്നിരുന്ന മുതിര്‍ന്ന ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തി ദേഹമാസകലം മുറിവേല്‍പ്പിച്ചു കൊന്ന ഒരു കേസ് ഞങ്ങളുടെ ടീമിന് അന്വേഷിക്കേണ്ടി വന്നു. കേസുണ്ടായി കുറച്ചു നാളുകള്‍ക്കു ശേഷമാണ് ആ കേസ് ഞങ്ങളുടെ ടിമിനു ലഭിക്കുന്നത്. അതിനകം ലഭ്യമായ കേസ് ഫയലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഒക്കെ പരിശോധിച്ചശേഷം ഞങ്ങള്‍ ആ വീടും പരിസരവും വിശദമായി പരിശോധിച്ചു. അതിന്റെ പരിസരത്തുളള മുഴുവന്‍ ആളുകളോടും വളരെ വിശദമായി തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അങ്ങനെ അതുവരെ ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ ദൃക്സാക്ഷിയെ കണ്ടെത്താനും സാധിച്ചു. പരിസരങ്ങളില്‍ താമസിച്ചിരുന്ന മുഴുവന്‍ ആളുകളേയും വളരെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുപാടു ടീമുകളെ നിയോഗിച്ചു. അവരെല്ലാം തിരിച്ചെത്തിക്കഴിയുമ്പോള്‍ ഞങ്ങള്‍ രാത്രയില്‍ പോലീസ് ക്ലബിലിരുന്ന് ഓരോ ടീമിന്റെയും കണ്ടെത്തലുകള്‍ വിശകലനം ചെയ്യും. ഒപ്പം തന്നെ മികച്ച ഒരു സൈബര്‍ ടീം പരിസരത്തെ മുഴുവന്‍ ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് കിട്ടാവുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൊണ്ടിരുന്നു. സംഭവം നടന്ന വീടിന്റെ പരിസരത്തുളള ഒരു വിശാലമായ കാട് മുഴുവന്‍ അരിച്ചു പെറുക്കി. മോഹിപ്പിക്കുന്ന നീല ജലം നിറഞ്ഞ പഴയ കല്‍ക്കെട്ടുകളുളള കുളത്തില്‍ മുങ്ങി പരിശോധന നടത്തി. എട്ടു മണിക്കൂര്‍ പരിശോധനയ്ക്കു ശേഷം സംഘം സംശയാസ്പദമായി കണ്ട വസ്തുക്കളൊക്കെ ബന്തവസ്സിലെടുത്ത് സ്ഥലം വിട്ടു. ഞാന്‍ ആ നട്ടുച്ച സമയം (രണ്ടര മണി) കാട്ടിനുളളിലെ ഒരു വേരിലിരുന്ന് കേസിനെക്കുറിച്ച് ധ്യാനിച്ചു.

കിട്ടിയ തെളിവുകളില്‍ നിന്നൊന്നും തുമ്പുണ്ടാകാന്‍ വഴിയില്ല. പഴയ അന്വേഷണസംഘം ശേഖരിച്ച്, ഫോറന്‍സിക് പരിശോധനക്കയയ്ച്ച സാമ്പിളുകളുടെ ഫലമറിയുകയാണ് ഇനി ഏറ്റവുമധികം ആവശ്യം. എന്റെ ടീമിലുളള ഡി.വൈ.എസ്.പിമാര്‍ അടുത്തെത്തി വിളിച്ചു. 'മാഡം മഴ വരുന്നു, നമുക്കിനി കാട്ടിനു പുറത്തേക്കു പോകാം'. ഓ! സമയം മൂന്നര മണി കഴിഞ്ഞിരിക്കുന്നു. കാടിനു പുറത്തെത്തിയ ഞങ്ങള്‍ പ്രത്യേക ദൗത്യങ്ങളുമായി പല വഴിക്ക് പിരിഞ്ഞു. ഞാന്‍ ഹതഭാഗ്യയായ ആ പെണ്‍കുട്ടി അവസാനം വീട്ടിലേയ്ക്ക് ബസ്സിറങ്ങിയ ബസ് സ്റ്റോപ്പിലെത്തി. കാര്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞ് ഒരു വനിതാ പോലീസുകാരിയോടൊപ്പം നടന്നു. പെണ്‍കുട്ടി ബസ്സിറങ്ങി നടന്നുപോയ വഴിയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടാന്‍ സാധ്യതയുളള ഓരോ കടയും കയറിയിറങ്ങി. ഒരു കടയിലെ സി.സി.ടി.വിയുടെ പൊസിഷന്‍, ദൃശ്യം നന്നായി കാണാന്‍ സാധ്യതയുളളതാണ്. ആ കടയുടമയോട് ആ സി.സി.ടിവിയുടെ സ്റ്റോറേജ് കപ്പാസിറ്റിയെക്കുറിച്ച് ചോദിച്ചു. ഉത്തരം എന്നെ സന്തോഷിപ്പിച്ചു. അത് സീസ് ചെയ്ത് പരിശോധനയ്ക്കയയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തു. പിന്നെ പരിസരത്ത് തൊഴിലാളികള്‍ പാര്‍ക്കുന്ന ലോഡ്ജുകളിലും മറ്റും കയറിയിറങ്ങി. സന്ധ്യയോടെ പോലീസ് ക്ലബിലേയ്ക്ക് പോയി. അതിനിടെ ഒരു നല്ല വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കയച്ച ചില പ്രധാനപ്പെട്ട വസ്തുക്കളില്‍ നിന്ന് മരിച്ച പെണ്‍കുട്ടിയുടേയും മറ്റൊരാളുടേയും ഡി.എന്‍.എ ലഭിച്ചിരിക്കുന്നു. ഞാന്‍ മനസ്സില്‍ പറഞ്ഞു `യൂറേക്കാ....' ആ വസ്തുക്കളില്‍ ഒന്നിന്റെ അതേ മാതൃക കടകളില്‍ വാങ്ങാന്‍ കിട്ടും. അതു വാങ്ങി അത്തരം മാതൃക ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ചില ടീമുകളെ ഏല്‍പിച്ചു. അതിന് അധികം വൈകാതെ ചില നല്ല ഫലങ്ങള്‍ ലഭിച്ചു. അപ്പോഴേക്കും സി.സി.ടിവി ദൃശ്യം ഒഫിഷ്യലായി പരിശോധിച്ചതില്‍ വ്യക്തത വരുന്ന രീതിയില്‍ ഫലം ലഭിച്ചില്ല. എന്നാല്‍ ചില പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഞങ്ങളതിന് വ്യക്തത വരുത്തി. അത് ലാപ്ടോപ്പിലിട്ടു പരിശോധിച്ചു. മഞ്ഞ ചുരിദാറണിഞ്ഞ് നടന്നുവരുന്ന പെണ്‍കുട്ടിയെ ഇപ്പോള്‍ തിരിച്ചറിയാം. അവള്‍ ആ ഹതഭാഗ്യയായ പെണ്‍കുട്ടി തന്നെ. അവള്‍ ഉച്ചസമയത്ത് ബസ്സിറങ്ങി നടക്കുമ്പോള്‍ അവളോടൊപ്പം മറ്റാരുമില്ല. ആരും അവളെ പിന്തുടരുന്നുമില്ല. ചില സംശയങ്ങള്‍ ദൂരീകരിയ്ക്കാന്‍ അങ്ങനെ കഴിഞ്ഞു. അപ്പോഴേക്കും തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത്, ഒരാള്‍ ഞങ്ങള്‍ കാണിച്ച ആ വസ്തു സ്വന്തം സഹോദരന്റേതിന് സമാനമാണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് കൊല നടന്ന ദിവസം സ്ഥലംവിട്ട അയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഒട്ടേറെ സാഹസിക ശ്രമങ്ങളുടെ ഒടുവില്‍ പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചു.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന പെണ്‍കുട്ടികളും തെരുവിലുറങ്ങേണ്ടിവരുന്ന കുട്ടികളും ഇല്ലാത്ത നാടായി നമ്മുടെ നാടു മാറണം എന്ന സ്വപ്നം ഞങ്ങളുടെയൊക്കെ മനസ്സില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ ഒരു ഉദ്യോഗസ്ഥന്‍ മേഴ്‌സി കോപ്സ് എന്ന ചാരിറ്റബിള്‍ സംഘടനയിലൂടെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയോടൊപ്പം ഈ രംഗത്ത് മറ്റുളളവരും കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. ഇനിയും നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഇത്ര പൈശാചികമായി പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ടുകൂടാ. ഞങ്ങളന്വേഷിച്ച ഈ അതിദാരുണ കൊലപാതകമാണ് അവര്‍ക്ക് കൂട്ടര്‍ക്കും ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത്. കേസന്വേഷണം പൂര്‍ത്തീകരിച്ച് ചാര്‍ജ് ഷീറ്റ് നല്‍കുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തു.
ചില പ്രതിലോമ ശക്തികള്‍ ഈ കൃത്യം നടത്തിയത് ശിക്ഷിക്കപ്പെട്ട പ്രതിയല്ല എന്ന നിലയിലുളള പ്രചാരണം ഏറ്റെടുത്ത് നടത്തിവരുന്നു. തികച്ചും ശാസ്ത്രീയമായി നടത്തിയ ഡി.എന്‍.എ പരിശോധനയിലെ സാംപിളുകളൊക്കെ ഞങ്ങള്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് എത്രയോ മുന്‍പ് ശേഖരിച്ചയച്ചതാണ്. എന്നിട്ടും യാതൊരു അടിസ്ഥാനവുമില്ലാതെ അവയൊക്കെ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് പ്രചാരണം. ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന നമ്മുടെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ, യുക്തിക്ക് നിരക്കാത്ത വിധത്തില്‍ തങ്ങള്‍ നേരിട്ടു കണ്ടു എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ അവതരിപ്പിച്ചു. സംഭവ്യമല്ലാത്ത കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിച്ചിട്ട് അതിന് ഉപോദ്ബലകമായി ജയിലില്‍ വച്ച് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ `ആ പാവം പയ്യന്‍ ഒന്നും അറിഞ്ഞതല്ല എന്നു പറഞ്ഞു' എന്ന് `തെളിവ്' ചേര്‍ക്കുന്നു! ഇത്തരക്കാരുടെ വീട്ടില്‍ അവര്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഈ പ്രതിയെ ഒന്നു കടത്തിവിട്ടു നോക്കിയാല്‍ അതിന്റെ ഫലം അനുഭവിക്കാന്‍ അവര്‍ തയ്യാറാണോ?
നമ്മുടെ എല്ലാ സൈബര്‍, ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂഷനുകളേയും പോലീസ് അന്വേഷണ സംവിധാനത്തെയും ജുഡീഷ്യറിയേയും പരിഹസിക്കുന്നതിലൂടെ, അവരുടെയൊക്കെ വിശ്വാസ്യതയെ അടിസ്ഥാനവും യുക്തിയുമില്ലാതെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആത്മസന്തോഷം സമൂഹത്തിന് എത്ര വലിയ വിപത്താണ്! ജീവന്‍ പണയം വച്ചും ഊണുമുറക്കവും ഉപേക്ഷിച്ചും പോലീസ് ടീമുകളും അതിനുശേഷം പ്രോസിക്യൂഷനും അവരെ സഹായിക്കുന്നവരും ചേര്‍ന്ന് നടത്തുന്ന അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കൊടും ക്രിമിനലുകളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമം പിടിച്ച ജോലികളിലൊന്നാണത്. അതിന് കഴിവും പ്രാപ്തിയും ഉണ്ടാകുന്ന ചുരുക്കം ചില ആളുകളുടെ മനോവീര്യം ചോര്‍ത്താനുളള ശ്രമം സമൂഹത്തിനു വരുത്തിവയ്ക്കുന്ന വിപത്ത് എത്ര വലുതാണ്! ഇത്രയും റിസ്‌ക്കെടുത്ത് അന്വേഷണത്തിന് പിറകെയൊന്നും പോകാതെ ഒഴുക്കിനൊപ്പം ഒഴുകിയാല്‍ മതി എന്നു വളര്‍ന്നു വരുന്ന തലമുറയെ ചിന്തിപ്പിക്കുന്ന തരത്തിലേയ്ക്ക് സമൂഹം പെരുമാറാതിരിയ്ക്കട്ടെ എന്നാശിക്കുന്നു.
Content Highlights: b sandhya ips, murder case, kerala police
Published: 24 Jun 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented