ന്ന് നമുക്ക് അങ്ങനെ പൊതുവേ വലിയ സംശയങ്ങളൊന്നുമില്ല. കാരണം സംശയങ്ങളുടെ ലോകത്തെ നാം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഏത് ചോദ്യത്തിനും ഉത്തരം പറയാൻ എഐ ഉണ്ടല്ലോ. പക്ഷേ 'കുട കൊണ്ടുപോ, മഴ പെയ്യും' എന്ന് അമ്മ പറഞ്ഞാൽ ഇന്നും നമ്മൾ അത് ഗൂഗിളിൽ ചെക്ക് ചെയ്യാറില്ല. അതിന് ഒരു കാരണമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അമ്മമാരാണ്. ഇപ്പോൾ ചാറ്റ്ജിപിടി, ജെമിനി, ഗൂഗിൾ എന്നൊക്കെ കേട്ട് മനുഷ്യർ ആവേശത്തിലാണ്. ഒരു ചോദ്യം ചോദിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കിട്ടും. പ്രണയലേഖനം മുതൽ രാജിക്കത്ത് വരെ എഴുതി തരും. ഗവേഷണ പ്രബന്ധം മുതൽ കല്യാണ ക്ഷണക്കത്ത് വരെ തയ്യാറാക്കി തരും.

To advertise here,

പക്ഷേ, രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അമ്മ പറയുന്ന ഒരു വാചകത്തിന്റെ കൃത്യതയോട് മത്സരിക്കാൻ ഇതുവരെ ഒരു എഐക്കും കഴിഞ്ഞിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങളോ? ഉത്തരം കമന്റ് ചെയ്യാം.

'മോനേ, ഇന്ന് മഴ പെയ്യും. കുടയെടുത്തോ' ഒരു വഴിക്ക് പോകനിറങ്ങിയപ്പോൾ അമ്മ പറയുകയാണ്.
പുറത്ത് നല്ല വെയിലാണ്.
കാലാവസ്ഥാ വകുപ്പിന്റെ ആപ്പ് പറയുന്നു: '0% chance of rain.'
ഗൂഗിൾ പറയുന്നു: 'Sunny Day.'
എഐ പറയുന്നു: 'Based on available data, rainfall is unlikely.'
പക്ഷേ, അമ്മ പറഞ്ഞതുകൊണ്ട് കുട എടുത്ത് പോകും.

വൈകുന്നേരം മടങ്ങുമ്പോൾ മഴയിൽ നനഞ്ഞുകൊണ്ട് നിൽക്കുമ്പോൾ നമ്മൾ മനസിൽ പറയുന്ന ഒരു വാചകമുണ്ട്: 'അമ്മ പറഞ്ഞതല്ലേ...'

ഇതുവരെ ഒരു സൂപ്പർ കമ്പ്യൂട്ടറിനും ലഭിക്കാത്ത അംഗീകാരമാണ് അത്. സത്യത്തിൽ എഐയുടെ ഏറ്റവും വലിയ പ്രശ്‌നം അതിന് ഡാറ്റ മാത്രമേയുള്ളൂ എന്നതാണ്. അമ്മയ്ക്ക് അനുഭവമുണ്ട്.

ദിക്കോ സ്ഥലമോ അറിയാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാൽ രക്ഷപെടാൻ വഴി അന്വേഷിച്ചാൽ എഐ ചോദിക്കും:
'നിങ്ങളുടെ ലൊക്കേഷൻ ഏതാണ്?'
പക്ഷേ, അമ്മ ചോദിക്കുക മറ്റൊന്നായിരിക്കും:
'രാവിലെ എഴുന്നേറ്റപ്പോൾ കാക്ക കരഞ്ഞോ?'
ഇരുവർക്കും ഇടയിലെ വ്യത്യാസം അതാണ്.

ലോകം മുഴുവൻ മെഷീൻ ലേണിങ്ങിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ അമ്മമാർ വർഷങ്ങളായി 'മക്കൾ ലേണിങ്' നടത്തി കൊണ്ടിരിക്കുകയാണ്.

നിങ്ങൾ ഒന്നും പറയേണ്ട.
മുഖം കണ്ടാൽ മതി.
'എന്താ, എന്തോ പ്രശ്‌നമുണ്ടല്ലോ?' എന്ന് ചോദിക്കും.
നിങ്ങൾ ഞെട്ടിപ്പോകും.

കാരണം കഴിഞ്ഞ രണ്ട് മണിക്കൂറായി നിങ്ങൾ ആ പ്രശ്‌നം എഐയോട് വിശദീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മയ്ക്ക് വെറും രണ്ട് സെക്കൻഡ് മതി.

ഇനി മറ്റൊരു കാര്യം നോക്കാം.

ഇന്ന് മനുഷ്യർ ചാറ്റ്ജിപിടിയോട് ചോദിക്കുന്ന പല ചോദ്യങ്ങളും പണ്ട് അമ്മമാരോട് ചോദിച്ചിരുന്നവയാണ്.

'ഇത് വാങ്ങട്ടേ?'
'ആ ജോലി മാറട്ടേ?'
'ഈ ആളെ വിശ്വസിക്കാമോ?'
'ഇന്ന് പോകണോ, നാളെ പോകണോ?'
വ്യത്യാസം എന്താണെന്ന് അറിയാമോ?
എഐ ഉത്തരം പറയുന്നതിന് മുമ്പ് ഒരു പാരഗ്രാഫ് മുന്നറിയിപ്പ് നൽകും.
'അന്തിമ തീരുമാനം നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു...'
അമ്മ പറയും:
'വേണ്ട.'
ചർച്ച അവസാനിച്ചു.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞു, അവൻ എഐ ഉപയോഗിച്ച് ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എടുക്കുന്നുണ്ടെന്ന്.

ഞാൻ ചോദിച്ചു:
'അമ്മയോട് ചോദിക്കാറില്ലേ?'
അവൻ പറഞ്ഞു:

'എഐ ഒരിക്കലും എന്നെ വഴക്ക് പറയില്ല.'
ഞാൻ പറഞ്ഞു:
'അതാണ് അതിന്റെ ഏറ്റവും വലിയ ദൗർബല്യം.'

കാരണം ജീവിതത്തിലെ മികച്ച ഉപദേശങ്ങൾ പലപ്പോഴും കേൾക്കാൻ ഇഷ്ടമില്ലാത്തവയാണ്.

എഐ നിങ്ങളെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കും.
അമ്മ നിങ്ങളെ രക്ഷിക്കാൻ ശ്രമിക്കും.
അതാണ് വ്യത്യാസം.

ഇപ്പോൾ എഐ ലോകത്തെ മാറ്റിമറിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതിൽ സംശയമില്ല.
ജോലികൾ മാറും.
വിദ്യാഭ്യാസം മാറും.
വ്യാപാരം മാറും.
എഴുത്ത് പോലും മാറും.
പക്ഷേ, ചില കാര്യങ്ങൾ മാറില്ല.

ഉദാഹരണത്തിന്, നിങ്ങൾ എത്ര വലിയ ടെക് കമ്പനിയിൽ ജോലി ചെയ്താലും വീട്ടിൽ ചെന്നാൽ അമ്മയുടെ ആദ്യ ചോദ്യം ഇതായിരിക്കും:

'ഉച്ചയ്ക്ക് എന്താ കഴിച്ചത്?'

നിങ്ങൾ കൃത്രിമ ബുദ്ധിയുടെ ഭാവിയെക്കുറിച്ച് പ്രസംഗിച്ചാലും അമ്മയ്ക്ക് അറിയേണ്ടത് അതാണ്.

കാരണം മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്നും ഭക്ഷണം തന്നെയാണ്. സിലിക്കൺ വാലിയിലെ കോടീശ്വരനും നമ്മുടെ നാട്ടിലെ അമ്മയും ഈ വിഷയത്തിൽ ഒരേ അഭിപ്രായക്കാരാണ്.

ഇനി എഐയുടെ മറ്റൊരു പരിമിതി പറയാം.
അതിന് എല്ലാം അറിയാം.
പക്ഷേ, നിങ്ങളെ അറിയില്ല.
അമ്മയ്ക്ക് ലോകത്തെക്കുറിച്ച് എല്ലാം അറിയില്ല.
പക്ഷേ, നിങ്ങളെ അറിയാം.
അതുകൊണ്ടാണ് നിങ്ങൾ പറയാത്ത കാര്യങ്ങളും അവർ മനസിലാക്കുന്നത്.
'നീ ഭക്ഷണം കഴിച്ചിട്ടില്ല.അല്ലേ '
'നിനക്ക് പനിയുണ്ട്. അല്ലേ'
'നീ വിഷമിച്ചിരിക്കുകയാണ്. അല്ലേ'
ഇവയൊന്നും പറയാൻ അവർക്ക് സെൻസറുകളോ ഡാറ്റ അനലിറ്റിക്‌സോ വേണ്ട; ഒരു നോട്ടം മതി.
ഇതിനെക്കാൾ വലിയ പ്രെഡിക്ടീവ് അനലിറ്റിക്‌സ് ലോകത്ത് ഉണ്ടോ?

എഐയ്ക്ക് ഇന്നും ഒരു കാര്യം പഠിക്കാൻ കഴിഞ്ഞിട്ടില്ല.
അത് അമ്മയുടെ 'ഞാൻ പറഞ്ഞതല്ലേ' എന്ന വാചകത്തിന്റെ ശക്തിയാണ്.
മനുഷ്യചരിത്രത്തിലെ ഏറ്റവും കൃത്യമായ പ്രവചന സംവിധാനം അതായിരിക്കാം.
'ആ പയ്യനെ വിശ്വസിക്കരുത്.'
'ആ വാഹനം വാങ്ങരുത്.'
'ഇപ്പോൾ പണം ചെലവാക്കരുത്.'

അഞ്ച് വർഷം കഴിഞ്ഞ് സംഭവം കുഴപ്പമാകുമ്പോൾ ഒരു പുഞ്ചിരിയോടെ അവർ പറയും:
'ഞാൻ അന്നേ പറഞ്ഞതല്ലേ...'

ഈ വാചകത്തോട് മത്സരിക്കാൻ ഇന്നുവരെ ഒരു എഐ മോഡലിനും കഴിഞ്ഞിട്ടില്ല. എല്ലാ പ്രവചനങ്ങളും ശരിയാകുന്ന ഒറാക്കിൾ സംവിധാനമാണ് അത്.

അതുകൊണ്ടുതന്നെ എഐ വളരുന്നതിൽ അമ്മമാർക്ക് ഒരു പേടിയുമില്ല. കാരണം അവർക്കറിയാം, കുടുംബങ്ങളിൽ അവരുടെ ജോലി ഒരു റോബോട്ടും ഏറ്റെടുക്കില്ലെന്ന്.

എഐ ഭക്ഷണത്തിന്റെ പോഷകമൂല്യം പറഞ്ഞുതരും.
പക്ഷേ 'കുറച്ചുകൂടി കഴിക്ക്' എന്ന് നിർബന്ധിക്കില്ല.
എഐ നിങ്ങളുടെ വിഷമം വിശകലനം ചെയ്യും.
പക്ഷേ, തലയിൽ കൈവെച്ച് 'സാരമില്ല' എന്ന് പറയില്ല.
എഐ നിങ്ങളുടെ പ്രശ്‌നത്തിന് പത്ത് പരിഹാരങ്ങൾ നിർദേശിക്കും.
പക്ഷേ, തെറ്റായ തീരുമാനം എടുത്താലും നിങ്ങളുടെ കൂടെ നിൽക്കില്ല.
അതിനുള്ള ലൈസൻസ് ഇപ്പോഴും അമ്മമാർക്കാണ്.
അതിനാൽ മക്കളേ, എഐയെ ഭയക്കേണ്ട.
അതൊരു വലിയ കണ്ടുപിടിത്തമാണ്.
മനുഷ്യചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന സാങ്കേതിക വിപ്ലവമാണ്.

പക്ഷേ, ഒരു കാര്യം ഉറപ്പാണ്. നാളെ ലോകത്തിലെ ഏറ്റവും ശക്തമായ AI മനുഷ്യന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞാലും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ പറയുന്ന ഉപദേശം കേൾക്കാതെ പോകാൻ നമ്മളാരും ധൈര്യപ്പെടില്ല. കാരണം എഐ ബുദ്ധി നൽകും.

അമ്മമാർ ജ്ഞാനം നൽകും. എഐ വിവരങ്ങൾ ശേഖരിക്കും.
അമ്മമാർ മനുഷ്യരെ വായിക്കും. എഐയ്ക്ക് നിങ്ങളുടെ പ്രൊഫൈൽ അറിയാം. അമ്മയ്ക്ക് നിങ്ങളുടെ മനസ്സ് അറിയാം.

അതുകൊണ്ട് ലോകത്തിലെ എല്ലാ സെർവറുകളും ഒരുമിച്ച് പ്രവർത്തിച്ചാലും ഒരു സാധാരണ ഇന്ത്യൻ അമ്മയുടെ അനുഭവബുദ്ധിയെ തോൽപ്പിക്കാൻ ഇനിയും കുറച്ച് അപ്‌ഡേറ്റുകൾ വേണ്ടിവരും.

അതുവരെ, മഴ പെയ്യില്ലെന്ന് ചാറ്റ്ജിപിടി പറഞ്ഞാലും അമ്മ കുട എടുക്കാൻ പറഞ്ഞാൽ...

കുട എടുത്ത് പോകുന്നതാണ് നല്ലത്.
കാരണം ചരിത്രം തെളിയിച്ചിട്ടുള്ള ഒരു കാര്യമുണ്ട്.
എഐക്ക് തെറ്റാറുണ്ട്.
അമ്മമാർക്ക് തെറ്റ് പറ്റാനുള്ള സാധ്യത പൊതുവെ കുറവാണ്.