സ്വീഡനിൽ ഏകദേശം 18,000 ടെക് വിദഗ്ധരുടെ കുറവുണ്ടെന്നും ഈ ഒഴിവുകളിലേക്ക് ഇന്ത്യയിൽനിന്നുള്ള എൻജിനീയർമാരെയും ടെക്കികളെയും സ്വാഗതം ചെയ്യുന്നതായും ഇന്ത്യയിലെ സ്വീഡിഷ് അംബാസഡർ പെട്ര മെനാൻഡർ. ബെംഗളൂരു ടെക് സമ്മിറ്റ് 2026-ന് മുന്നോടിയായി നടന്ന 'വർക്ക് ഇൻ സ്വീഡൻ 2026' പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവർ. സ്വീഡന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകരാൻ ഇന്ത്യൻ ടെക് പ്രതിഭകളുടെ സേവനം അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

To advertise here,

‘സ്വീഡനിൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവരിൽ ഒന്നാമത് ഇന്ത്യക്കാരാണ്. കഴിഞ്ഞവർഷം ഏകദേശം 2,600 ഇന്ത്യക്കാർക്കാണ് ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വർക്ക് പെർമിറ്റ് ലഭിച്ചത്. ഉദ്യോഗാർഥികൾക്കായി നവംബർ 11-ന് workinsweden.com എന്ന പുതിയ പോർട്ടലും സ്വീഡൻ ആരംഭിച്ചിട്ടുണ്ട്. തൊഴിലുടമ ജോലി ഉറപ്പുനൽകിയാൽ, അപേക്ഷ പൂർണമായി സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റിൽ തീരുമാനമെടുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 80 ശതമാനം അപേക്ഷകളിലും ഈ സമയപരിധി പാലിക്കപ്പെടുന്നുണ്ടെന്ന് അവർ 'ദ ഇന്ത്യൻ എക്സ്പ്രസി'നോട് പറഞ്ഞു.

സ്ത്രീകൾക്ക് കരിയർ വളർത്താൻ ലോകത്തെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് സ്വീഡനെന്നും സയൻസ്-ടെക്നോളജി മേഖലകളിൽനിന്നുള്ള ഇന്ത്യൻ വനിതകൾ കൂടുതൽ അപേക്ഷിക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു. ആഗോള ഇന്നൊവേഷൻ സൂചികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള സ്വീഡനിൽ മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥയാണുള്ളത്. വർഷത്തിൽ കുറഞ്ഞത് 25 ദിവസത്തെ അവധി നിർബന്ധമായും എടുക്കണമെന്നത് അവിടുത്തെ തൊഴിൽസംസ്കാരത്തിന്റെ ഭാഗമാണ്.

നിലവിൽ 90,000-ത്തിലധികം ഇന്ത്യക്കാർ സ്വീഡനിൽ താമസിക്കുന്നുണ്ട്. വർഷംതോറും ഏകദേശം 4,000 ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി അവിടെയെത്തുന്നു. ഇതിൽ ഭൂരിഭാഗം പേരും പഠനശേഷം അവിടെത്തന്നെ ജോലി നേടുകയോ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയോ ചെയ്യുന്നു. ഉയർന്ന നികുതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സ്വീഡിഷ് പൗരന്മാർക്ക് സമാനമായ നികുതി മാത്രമേ ഇന്ത്യക്കാരും നൽകേണ്ടതുള്ളൂവെന്നും അംബാസഡർ വ്യക്തമാക്കി. ഒരു വർഷത്തിലധികം താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യസേവനവും വിദ്യാഭ്യാസവും ഇതിലൂടെ ലഭ്യമാകും.

സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിലാണ് സ്വീഡനിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ഈ രംഗത്തെ വനിതാ പ്രൊഫഷണലുകൾക്ക് പ്രത്യേക പരിഗണനയുണ്ട്. സ്വീഡൻ-ഇന്ത്യ ടെക് ആൻഡ് എ.ഐ. കോറിഡോറിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും വലിയ തൊഴിൽസാധ്യതകളുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന 300-ലധികം സ്വീഡിഷ് കമ്പനികളിൽ 61 ശതമാനവും നിക്ഷേപം വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ വലിയൊരു വിഭാഗം ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആർ. ആൻഡ് ഡി. കേന്ദ്രങ്ങളും പുതിയ ഫാക്ടറികളും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ആരോഗ്യ-ഫാർമസ്യൂട്ടിക്കൽ ഗവേഷണരംഗത്തും ലൈഫ് സയൻസസിലും സ്വീഡൻ വലിയ വളർച്ചയാണ്

പ്രതീക്ഷിക്കുന്നത്. മൈനിങ്, ലോജിസ്റ്റിക്സ്, കണക്ടിവിറ്റി മേഖലകളിലും വിദഗ്ധർക്ക് അവസരങ്ങളുണ്ട്.

സിമന്റ്, സ്റ്റീൽ, ഗതാഗത മേഖലകളെ പരിസ്ഥിതിസൗഹൃദമാക്കുന്നതിനുള്ള ഇന്ത്യ-സ്വീഡൻ സംയുക്ത സംരംഭമായ 'ലീഡ്-ഐ.ടി.' വഴി ഹരിതോർജ രംഗത്തും പുതിയ സാധ്യതകൾ തുറക്കുന്നുണ്ട്.

ഇന്ത്യയിലും സ്വീഡനിലും ഒരുപോലെ പ്രവർത്തിക്കുന്ന നിരവധി ബഹുരാഷ്ട്ര കമ്പനികളുള്ളതിനാൽ, ഒരേ സ്ഥാപനത്തിൽത്തന്നെ ഇരുരാജ്യങ്ങളിലേക്കും മാറി ജോലി ചെയ്യാനുള്ള സൗകര്യവും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ലഭിക്കുമെന്ന് പെട്ര മെനാൻഡർ കൂട്ടിച്ചേർത്തു.