
പ്രതീകാത്മക ചിത്രം, വൈഭവ് ചൗള പങ്കുവെച്ച കുറിപ്പ് | Photo: Canva, Linkedin
ക്ലയന്റിന്റെ നിസ്സാരമായ പരാതിയെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പ് അടച്ചുപൂട്ടിയെന്ന് സംരംഭകന്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിങ് സ്റ്റാര്‍ട്ടപ്പായ ‘Wherehouse’ അടച്ചുപൂട്ടിയ വിവരം സംരംഭകന്‍ വൈഭവ് ചൗളയാണ് പുറത്തുവിട്ടത്.
ഒരു ഉപഭോക്താവിന്റെ 'നിസ്സാരമായ പരാതി' കാരണം ശരിയായ രേഖകളില്ലാതെ നിരവധി ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നുണ്ടായ പ്രവര്‍ത്തനപരമായ വെല്ലുവിളികളാണ് ഇതിന് കാരണമെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വൈഭവ് ചൗള ലിങ്ക്ഡ്ഇന്നില്‍ തന്റെ കമ്പനി അടച്ചുപൂട്ടിയെന്ന് അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
എന്നാല്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തെന്ന വാദങ്ങള്‍ ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വഞ്ചനയെക്കുറിച്ച് ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും നിലവില്‍ അന്വേഷണത്തിലാണെന്നും ഡല്‍ഹി പോലീസ് കൂട്ടിച്ചേര്‍ത്തു.
ബ്രാന്‍ഡുകളെ അവരുടെ ഉപഭോക്താക്കളുമായി അടുപ്പിക്കാനും വേഗതയേറിയതും കാര്യക്ഷമവുമായ ഡെലിവറികള്‍ സാധ്യമാക്കാനും ബിസിനസ് വളര്‍ച്ച വര്‍ധിപ്പിക്കാനും സഹായിച്ചിരുന്ന ഒരു സപ്ലൈ ചെയിന്‍ ഇന്റലിജന്‍സ് കമ്പനിയാണ് 2021-ല്‍ സ്ഥാപിക്കപ്പെട്ട Wherehouse എന്നാണ് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നത്.
മൂലധനപരമായ പ്രതിസന്ധികള്‍, പ്രവര്‍ത്തനപരമായ ആശയക്കുഴപ്പങ്ങള്‍, ഉപഭോക്തൃ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കുന്നതിലെ പ്രശ്‌നങ്ങള്‍ തുടങ്ങി എല്ലാ തടസ്സങ്ങളെയും അതിജീവിച്ചാണ് കമ്പനി വിജയം നേടിയതെന്ന് തന്റെ പോസ്റ്റില്‍, സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകരില്‍ ഒരാളായ ചൗള, പറയുന്നു.
'ഞങ്ങള്‍ തെറ്റുകള്‍ ചെയ്തു, വേഗത്തില്‍ പഠിച്ചു, സത്യസന്ധത പുലര്‍ത്തി, ഓരോ ദിവസവും ഞങ്ങള്‍ കാണിച്ചു കൊടുത്തു. യഥാര്‍ഥ ബിസിനസ്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ആളുകള്‍, സ്വാധീനം... ഞങ്ങളുടേത് ചെറിയ ഉദ്യമമായിരുന്നില്ല. ഈ സ്വപ്നത്തിനായി അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം നല്‍കിയ ഒരു ടീം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ലാഭമുണ്ടാക്കുകയും ചെയ്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ 'അതികഠിനമായിരുന്നു'. ഈ കാലയളവില്‍ കമ്പനിയുടെ ഏക ശ്രദ്ധ 'ഞങ്ങളോടൊപ്പം കമ്പനിയെ ശക്തിപ്പെടുത്തിയവരെ സംരക്ഷിക്കുക' എന്നതായിരുന്നു, ചൗള പറഞ്ഞു.
ഉപഭോക്താവ് ഒരു 'നിസ്സാരമായ പരാതി' നല്‍കി വിഷയം വഷളാക്കി. ഇത് പോലീസ് നടപടിക്ക് കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍, Wherehouse ടീം യാതൊരു രേഖകളുമില്ലാതെ കസ്റ്റഡിയിലെടുക്കപ്പെട്ടു. അവരുടെ കുടുംബങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിനു ശേഷം മാത്രമാണ് അവരെ വിട്ടയച്ചത്,' അദ്ദേഹം പറഞ്ഞു.
'ഈ സ്ഥാപനം ഉണ്ടാക്കിയെടുത്ത ആളുകളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ Wherehouse ന് യാതൊരു അര്‍ത്ഥവുമില്ല', ചൗളയുടെ കൂട്ടിച്ചേര്‍ത്തു.
എന്താണ് പരാതിക്ക് കാരണം|
Curio Lifestyle ആണ് പരാതി നല്‍കിയതെന്നും, തങ്ങളുടെ ബിസിനസ് വികസിപ്പിക്കാന്‍ 2024 ജൂലൈയില്‍ അവര്‍ സ്റ്റാര്‍ട്ടപ്പിനെ സമീപിച്ചെന്നുമാണ് Wherehouse, Moneycontrol-ന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്.
Curio Lifestyle ഉം Warehouse ഉം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഔദ്യോഗിക ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നവംബറോടെ, Curio Lifestyle പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി.
ഇക്കാര്യം ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയെങ്കിലും ഈ വര്‍ഷം മെയ് 31-വരെ കുടിശ്ശിക അടച്ചിരുന്നില്ല. 1,92,207 ആയിരുന്നു അടയ്‌ക്കേണ്ട തുക.
ജൂണില്‍, Wherehouse തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്ന് Curio Lifestyle തിരിച്ചും വാദിച്ചു. കരാര്‍ നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ചൗള ഇക്കാര്യം നിരസിച്ചു. എന്നാല്‍ അതിനു ശേഷം ഇ-മെയില്‍ ആയി ഭീഷണികളുയര്‍ന്നപ്പോള്‍ അദ്ദേഹം കരാര്‍ അവസാനിപ്പിച്ചു. ഇതേ തുടര്‍ന്ന് തങ്ങളുടെ കുടിശ്ശിക തീര്‍ക്കുന്നതിന് പകരം, Curio Lifestyle സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ പരാതി നല്‍കി. ഈ പരാതി പണം നല്‍കാതിരിക്കാനുള്ള ശ്രമമാണെന്നാണ് Wherehouse-ന്റെ പറയുന്നത്.
Content Highlights: A warehousing startup, Wherehouse, claims it was forced to shut down following a minor customer complaint, leading to operational challenges and employee detentions.
Published: 03 Dec 2025, 10:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented