കണ്ണൂര്‍: ചെങ്കല്ല് ചുമന്നും വാര്‍ക്കപ്പണിയെടുത്തും ജീവിതത്തിന്റെയും ശരീരത്തിന്റെയും അഴകളവുകള്‍ സൂക്ഷിച്ചയാളെത്തേടി പോലീസ് ഉദ്യോഗം. ബോഡി ബില്‍ഡിങ് താരം കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയിലെ ഷിനു ചൊവ്വ(37)യ്ക്കാണ് ആംഡ് പോലീസ് ബറ്റാലിയനില്‍ ആംഡ് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്നത്. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ബറ്റാലിയനിലുണ്ടാകുന്ന ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഒഴിവില്‍ ഇദ്ദേഹത്തിന് നിയമനം ലഭിക്കും. ഇന്‍സ്‌പെക്ടര്‍ റാങ്കിന് തുല്യമായ തസ്തികയാണിത്. ഷിനുവിനൊപ്പം ബോഡി ബില്‍ഡിങ് താരം ചിത്തരേഷ് നടേശനുമുണ്ട് നിയമനപട്ടികയില്‍.

To advertise here,

അന്തര്‍ദേശീയതലത്തില്‍ ഏഴുവട്ടം

ശരീരസൗന്ദര്യ മത്സരങ്ങളില്‍ 'മെന്‍സ് ഫിസിക്ക്' വിഭാഗത്തില്‍ ശ്രദ്ധേയനായ ഷിനു പങ്കെടുത്ത ഒന്‍പത് അന്തര്‍ദേശീയ മത്സരങ്ങളില്‍ ഏഴിലും മെഡല്‍ നേട്ടം കൈവരിച്ചു. മൂന്നുതവണ വീതം വേള്‍ഡിലും ഏഷ്യയിലും ഒരു തവണ സൗത്ത് ഏഷ്യയിലും. 2018-ലും 2022-ലും തായ്ലാന്‍ഡിലും 2019-ല്‍ സൗത്ത് കൊറിയയിലും നടന്ന വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിസിക്ക് മത്സരങ്ങളിലാണ് ചാമ്പ്യന്‍പട്ടം നേടിയത്.

എം.ബി.എ., എം.എ. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം സിനിമാതാരങ്ങളായ ദീപ്തി സതി, കാംന ജത്മലാനി എന്നിവരുടെ പേഴ്‌സണല്‍ ട്രെയിനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഡലിങ് രംഗത്ത് സജീവമായ ഇദ്ദേഹം വിവിധ ബ്രാന്‍ഡുകളുടെ അംബാസഡറായും പ്രവര്‍ത്തിച്ചു.

പണിയെടുത്ത് പഠനം

പഠനകാലത്ത് നാടന്‍ പണികള്‍ക്ക് പോയാണ് പഠനത്തിനുള്ള തുക കണ്ടെത്തിയിരുന്നത്. 18-ാം വയസ്സില്‍ കൂത്തുപറമ്പ് 'ജിം സോണ്‍' എന്ന സ്ഥാപനത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ മഹേഷ് ബാബുവിന്റെ ശിക്ഷണത്തിലാണ് ബോഡി ബില്‍ഡിങ് തുടങ്ങിയത്. ജോലി തേടി ബെംഗളുരുവിലെത്തിയപ്പോഴാണ് അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യതകളെക്കുറിച്ച് കൂടുതലായി അറിഞ്ഞത്. പിന്നീട് അതിനായുള്ള പരിശീലനം തുടങ്ങി.

നിര്‍മലഗിരി കോളേജിലെ ബിരുദപഠനകാലത്ത് എന്‍.എസ്.എസിലും സജീവമായിരുന്നു. പരേതനായ വി.കെ.നാണുവിന്റെയും ഓമനയുടെയും മകനാണ്.