തിരുവനന്തപുരം: സ്കൂളധ്യാപകരുടെ നിയമനത്തിന് നിലവിലെരീതി കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ. അധ്യാപകനിയമനത്തിന് പി.എസ്.സി.ക്കു കീഴിലോ സ്വതന്ത്രമായോ പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കണമെന്നാണ് ശുപാർശ.
സർക്കാർ സ്കൂളുകളിൽ നിയമനത്തിനായി ഇങ്ങനെയൊരു ബോർഡ് രൂപവത്കരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ്, മാനേജ്‌മെന്റ് സ്കൂളുകളിലെ നിയമനത്തിന് ഈ രീതി പിന്തുടരണമെന്ന് പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ല. അഭിരുചിയടിസ്ഥാനമാക്കി അധ്യാപനജോലി തിരഞ്ഞെടുക്കാവുന്ന തരത്തിൽ അധ്യാപക കോഴ്‌സുകൾ ഉടച്ചുവാർക്കണമെന്നു ശുപാർശയുണ്ട്. ഇതു യാഥാർഥ്യമായാൽ എയ്ഡഡ്, മാനേജ്‌മെന്റ് സ്കൂളുകളിലും യോഗ്യരായ അധ്യാപകരെ ഉറപ്പാക്കാൻ കഴിയുമെന്നാണ് ഖാദർ കമ്മിറ്റിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
മികവുള്ള അധ്യാപകരെ നിയമിക്കാനും സമയാസമയങ്ങളിൽ അതു നടപ്പാക്കാനുമൊക്കെയായി ഇപ്പോഴത്തെ രീതി അടിമുടി മാറ്റണമെന്ന് സമിതി അടിവരയിട്ടു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ അധ്യാപക റിക്രൂട്ട്‌മെന്റ് ബോർഡുണ്ടെന്ന് സ്കൂൾവിദ്യാഭ്യാസ പരിഷ്കാരത്തിനായി റിപ്പോർട്ടു സമർപ്പിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. എം.എ. ഖാദർ ‘മാതൃഭൂമി’യോടു പറഞ്ഞു. ഈ മാതൃക കേരളത്തിലും നടപ്പാക്കാം. ശുപാർശ ഏതുതരത്തിൽ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകരുടെ സ്ഥാനക്കയറ്റം നിർണയിക്കുന്നതടക്കമുള്ള ചുമതലകൾ റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നതാണ് ഖാദർ കമ്മിറ്റിയുടെ നിർദേശം. എയ്ഡഡ് സ്കൂളിലുൾപ്പെടെ പ്രധാനാധ്യാപകരെ നിയമിക്കുമ്പോൾ സീനിയോറിറ്റി മാത്രമല്ല, ഭരണപാടവവും വിലയിരുത്തണം. ഇതും റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നാണ് ശുപാർശ. ഇങ്ങനെ, അധ്യാപകരുടെ നിയമനവും സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള മേൽനോട്ടസമിതിയായി റിക്രൂട്ട്‌മെന്റ് ബോർഡ് മാറും.
Content Highlights: school teachers recruitment board, khader committee report
Published: 29 Sept 2022, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented