ഷിഗേരു ഇഷിബയ്ക്ക് പകരക്കാരിയായി ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) നേതാവായ സനായി തകായിച്ചി(64) ചൊവ്വാഴ്ച ചുമതലയേറ്റിരുന്നു. ഇതോടെ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കുകയാണ് സനായി തകായിച്ചി.

To advertise here,

എല്‍ഡിപി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍, തൊഴില്‍-ജീവിത സന്തുലിതാവസ്ഥ(വര്‍ക്ക് ലൈഫ് ബാലന്‍സ്) എന്ന ആശയത്തെ തള്ളിക്കളയുകയും പകരം കഠിനാധ്വാനം ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് തകായിച്ചി.

'ഞാന്‍ 'വര്‍ക്ക് ലൈഫ് ബാലന്‍സ്' എന്ന പദംതന്നെ ഉപേക്ഷിക്കും. ഞാന്‍ ജോലി ചെയ്യും, ജോലി ചെയ്യും, ജോലി ചെയ്യും, ജോലി ചെയ്യും, ജോലി ചെയ്യും', പ്രധാനമന്ത്രി പറഞ്ഞു.

'കുതിരകളെപ്പോലെ ജോലി ചെയ്യാനാണ്' പാര്‍ട്ടി നിയമസഭാംഗങ്ങളോട് അവര്‍ ആവശ്യപ്പെട്ടത്. ഈ പ്രസ്താവന ഓണ്‍ലൈനില്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

'ഈ നിമിഷം, സന്തോഷിക്കുന്നതിനേക്കാള്‍, വരാനിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. നമ്മള്‍ ഒരുമിച്ച് ചെയ്യേണ്ട ഒരുപാട് ജോലികളുണ്ട്. വേഗത്തില്‍ നടപ്പിലാക്കേണ്ട നിരവധി നയങ്ങളുണ്ട്. ഒരുമിച്ച്, നമ്മള്‍ എല്‍ഡിപിയെ കൂടുതല്‍ ആവേശവും ക്രിയാത്മകതയും ഊര്‍ജസ്വലതയുമുള്ള ഒരു പാര്‍ട്ടിയാക്കി മാറ്റും. ജനങ്ങളുടെ ആശങ്കകളെ പ്രതീക്ഷയാക്കി മാറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയായി എല്‍ഡിപിയെ മാറ്റാനുള്ള ശ്രമങ്ങളും ആവശ്യമാണ്,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'വര്‍ക്ക് ലൈഫ് ബാലന്‍സ്' പ്രശ്നം നേരിടുന്ന രാജ്യത്ത് അമിത ജോലി സംസ്‌കാരത്തിന് ആക്കംകൂട്ടാന്‍ തകായിച്ചിയുടെ

നിലപാട് സ്വാധീനിക്കാനിടയുണ്ടെന്നാണ് 'കരോഷി' (അമിത ജോലി മൂലമുള്ള മരണം) ഇരകള്‍ക്കായുള്ള ജപ്പാന്റെ ദേശീയ പ്രതിരോധ സമിതിയുടെ അഭിപ്രായം. അമിത ജോലി സംബന്ധമായ ആത്മഹത്യകള്‍ക്ക് ഇരയായവരുടെ കുടുംബങ്ങളും പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ അപലപിക്കുകയും പുനര്‍വിചിന്തനത്തിനും ക്ഷമാപണത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തു.

സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യങ്ങള്‍ എന്നിവയുടെ മുന്‍ മന്ത്രിയായിരുന്ന തകായിച്ചി, ഏകദേശം 30 വര്‍ഷമായി ജപ്പാനിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിയാണ്.

തീവ്ര യാഥാസ്ഥിതിക എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന സനായി തകായിച്ചി, ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വലിയ ആരാധികയാണ്. അവരെ 'പൊളിറ്റിക്കല്‍ ഹീറോ' എന്ന് വിശേഷിപ്പിക്കുന്ന തകായിച്ചി, 'അയണ്‍ ലേഡി' ആകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.