നീലത്തടാകത്തിൽ വിരിഞ്ഞ് വിലസുന്ന ചെന്താമരകളിൽ ഒന്നിലായിരുന്നു ഹൊട്ടാരുവിന്റെ താമസം! മിന്നാമിനുങ്ങുകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. ചെമന്ന താമരപ്പൂവിന്റെ കൃത്യം നടുവിൽ ഒരു കുഞ്ഞിക്കിരീടവുംവെച്ച് അവളിരിക്കും. അതീവ സുന്ദരിയാണ് ഹൊട്ടാരു. എല്ലാ ജീവികളും അവളുടെ സൗഹൃദം കൊതിച്ചു. അവളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ചുറ്റും പാറിനടന്നു. എന്നാൽ ഹൊട്ടാരുവാകട്ടെ ആരോടും വലിയ അടുപ്പമൊന്നും കാണിച്ചില്ല. അവൾ ഒരു മൂളിപ്പാട്ടും പാടി ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ജീവിച്ചുപോന്നു.

To advertise here,

കാലങ്ങൾ കടന്നുപോയി. ഹൊട്ടാരു മിടുമിടുക്കിയായ ഒരു രാജകുമാരിയായി മാറി. അച്ഛനുമമ്മയും അവളുടെ കല്യാണത്തെപ്പറ്റി ആലോചിച്ചുതുടങ്ങി. ഇതറിഞ്ഞ ഹൊട്ടാരു ഉടൻ ഒരു തീരുമാനമെടുത്തു. 'എന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതാരോ, അയാളെനിക്ക് തീ കൊണ്ടുതരണം.' അവളുടെ വിചിത്രമായ തീരുമാനം കേട്ട് അച്ഛനുമമ്മയും അടക്കം എല്ലാവരും ഞെട്ടി.

അവളെ വിവാഹം കഴിക്കാനായി ആദ്യമെത്തിയത് സ്വർണനിറമുള്ള ഒരു വണ്ടായിരുന്നു. താമരയിതളുകൾക്ക് സമീപം പറന്നിരുന്ന് അവൻ ഹൊട്ടാരുവിനോട് പറഞ്ഞു: ''ഹേയ്, മിന്നാമിനുങ്ങ് രാജകുമാരീ! വണ്ടുകളുടെ രാജ്യത്തെ രാജകുമാരനാണ് ഞാൻ. ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു!'' ഇത് കേട്ടതും ഹൊട്ടാരു പറഞ്ഞു: ''ശരി. പക്ഷേ ഒരു നിബന്ധനയുണ്ട്. നീ എനിക്കായി തീ കൊണ്ടുവരണം. തീജ്വാലയുടെ ശോഭയിൽ എന്റെ താമരക്കൊട്ടാരം പൊന്നിൽ കുളിച്ചപോലെ തിളങ്ങണം!'', ഹൊട്ടാരുവിന്റെ വിചിത്രമായ ആവശ്യം കേട്ട സ്വർണവണ്ട് തീ അന്വേഷിച്ച് കിഴക്ക് ദിക്കിലേക്ക് പറന്നു. പറന്നു പറന്ന് അവനെത്തിയത് ഒരു ദേവാലയത്തിലായിരുന്നു.

ദേവാലയത്തിലെ എണ്ണവിളക്കിന് ചുറ്റും അവൻ പാറിനടന്നു. തീക്കടുത്തെത്തുമ്പോഴേക്കും അസഹ്യമായ ചൂടിൽ അവന്റെ ശരീരം ചുട്ട് നീറി. എങ്കിലും ശ്രമമുപേക്ഷിക്കാൻ അവൻ തയ്യാറായില്ല. കഷ്ടമെന്ന് പറയട്ടെ, അവസാന പറക്കലിൽ ശരീരം മുഴുവനും വെന്ത് അവന്റെ കഥ കഴിഞ്ഞു!

പിന്നെ വന്നത് ഒരു കരിവണ്ടായിരുന്നു. ഹൊട്ടാരുവിനുവേണ്ടി തീ തേടി അവനെത്തിയതോ ഒരു മണ്ണെണ്ണവിളക്കിനടുത്തും. ഒരു കുട്ടി അതിനടുത്ത് ഇരുന്ന് പഠിക്കുന്നുമുണ്ട്. കരിവണ്ട് വിളക്കിന്റെ നാളത്തിന് ചുറ്റും പറന്നുനടന്നു. ''എന്തൊരു ശല്യമാണിത്!'', കുട്ടി തനിയെ പിറുപിറുത്തുകൊണ്ട് തീനാളമൊന്ന് താഴ്ത്തി. ഇതുതന്നെയവസരം എന്ന് കണക്കുകൂട്ടി കരിവണ്ട് തീനാളത്തിനരികെ ചെന്നുനിന്നതും കുട്ടി നാളം ഒറ്റ ഉയർത്തൽ! കരിഞ്ഞ് താഴെ വീണ കരിവണ്ടിന്റെ ശരീരം അവൻ കാലുകൊണ്ട് വെളിയിലേക്ക് തോണ്ടിയെറിഞ്ഞു.

ഹൊട്ടാരുവിനുവേണ്ടി തീയന്വേഷിച്ചുപോയ ഈയാംപാറ്റകളും നിശാശലഭങ്ങളും വെളിച്ചം കണ്ടയിടങ്ങളിലെല്ലാം പാറിനടന്ന് ഒടുവിൽ തളർന്ന് വീണു മരിച്ചു. ചില തുമ്പികളും ചെറുപ്രാണികളും ചെയ്തതോ? വെളിച്ചത്തിന്റെ പ്രതിഫലനം കണ്ട് ചുമരുകൾക്കും മച്ചുകൾക്കും നേരെ പാഞ്ഞുചെന്ന് തലയിടിച്ച് വീണു ചത്തു. തീ തേടി പോയവരാരും മടങ്ങി വന്നതുമില്ല. എന്നിട്ടും ഹൊട്ടാരുവിന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കേ ഒരുദിവസം ഹൊട്ടാരുവിനെ സ്വന്തമാക്കാനുറച്ച് ഒരാളെത്തി. വടക്കുദിക്കിലെ മിന്നാമിനുങ്ങുകളുടെ രാജ്യത്തിന്റെ രാജകുമാരനായിരുന്നു അത്. ഹൈ-മാരോ എന്നായിരുന്നു അവന്റെ പേര്. അതിസുന്ദരനും ബുദ്ധിമാനുമായിരുന്നു ഹൈ-മാരോ. ഹൊട്ടാരു, ഹൈ-മാരോയോടും തന്റെ നിബന്ധന ആവർത്തിച്ചു. എന്നാൽ ഹൈ-മാരോ തീ അന്വേഷിച്ച് പോവാനൊന്നും നിന്നില്ല. അവൻ തന്റെ രാജ്യത്തെ പ്രജകളെയെല്ലാം കൂട്ടി ഇങ്ങ് വന്നു. ഹൊട്ടാരുവും അവളുടെ അച്ഛനമ്മമാരും താമസിക്കുന്ന താമരപ്പൊയ്കയിലെ ഓരോ പുവിലും അവർ കൂട്ടംകൂട്ടമായി പറന്നിറങ്ങി. എന്ത് മനോഹര കാഴ്ചയായിരുന്നു അതെന്നോ? അസാധാരണമായ പ്രകാശം കണ്ട് എല്ലാവരും പുറത്തിറങ്ങി വന്നു.

മിന്നാമിനുങ്ങുകളാണെങ്കിൽകൂടിയും ഇങ്ങനെ കൂട്ടംകൂട്ടമായി താളത്തിൽ മിന്നി വലിയൊരു പ്രകാശവിരുന്ന് ഒരുക്കുന്ന വിദ്യ അവർക്ക് അതുവരെ അറിയില്ലായിരുന്നു. ഹൊട്ടാരുവിനിതെല്ലാം കണ്ട് വളരെ സന്തോഷം തോന്നി. ഇത് മനസ്സിലാക്കിയ ഹൈ-മാരോ അവൾക്കരികിലെത്തി ഇങ്ങനെ പറഞ്ഞു: ''സുന്ദരിയായ രാജകുമാരീ, ഇപ്പോഴത്തെ ഈ പ്രകാശദീപ്തിയിൽ നീയും നിന്റെ കൊട്ടാരവും ഒരുപോലെ അഴകിൽ കുളിച്ച് നിൽക്കുന്നതായി തോന്നുന്നില്ലേ? ഇത് തന്നെയല്ലേ നീ ആഗ്രഹിച്ചതും? തീകൊണ്ടുള്ള കളി നമ്മൾ ചെറുപ്രാണികൾക്ക് ആപത്ത് മാത്രമേ വരുത്തൂ. ഇത് തിരിച്ചറിഞ്ഞ് നീയെന്റെ റാണിയായാലും.'' ഹൈ-മാരോയുടെ വാക്കുകളിൽ കാര്യമുണ്ടെന്ന് അവൾക്ക് തോന്നി. തീയല്ലെങ്കിൽപോലും അതിനെ വെല്ലുന്ന പ്രകാശദീപ്തിയൊരുക്കിയ ഹൈ-മാരോയുടെ പ്രായോഗിക ബുദ്ധിയിൽ അവൾക്ക് മതിപ്പ് തോന്നി.

വേനൽമഴ തുടങ്ങുന്നതിന് തൊട്ട് മുൻപുള്ള ഒരു രാത്രി ഹൊട്ടാരുവിന്റെയും ഹൈ-മാരോയുടെയും വിവാഹം നടന്നു. വെള്ളത്താമരയിതളിൽ തീർത്ത രഥത്തിൽ നാലുഭാഗവും തെളിഞ്ഞുകത്തുന്ന മിന്നാമിന്നി പ്രജകളോടൊപ്പം ഹൈ-മാരോ, ഹൊട്ടാരുവിനെ തന്റെ രാജ്യത്തേക്ക് കൊണ്ടുപോയി. എന്നാൽ ഇന്നും ഹൊട്ടാരുവിനെ സ്വന്തമാക്കാൻ കൊതിച്ച് വണ്ടുകളും ഈയാംപാറ്റകളും നിശാശലഭങ്ങളും തീ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. വിളക്കിനും വൈദ്യുതദീപങ്ങൾക്കും ചുറ്റും പറക്കുന്ന ചെറുപ്രാണികളെ നിങ്ങൾ ഇപ്പോഴും കാണാറില്ലേ? അവർ നിഷ്ഫലമായി ഹൊട്ടാരുവിന് തീ അന്വേഷിക്കുകയാണിന്നും!