ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ ജോലി ലഭിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ വംശീയ അധിക്ഷേപം. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ടാന്‍ഡന്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറങ്ങില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പരിഹാസം നേരിട്ടത്. 

To advertise here,

ബിരുദദാന ചടങ്ങിനിടെ ഒരാള്‍ വിദ്യാര്‍ഥികളെ സമീപിച്ച് കോളേജ് പഠനത്തിനുശേഷമുള്ള അവരുടെ പദ്ധതികള്‍ ചോദിക്കുകയായിരുന്നു. @nyutandon എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.  'എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ടെക് വ്യവസായത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ജോലികള്‍ വെളിപ്പെടുത്തുന്നു' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റുകള്‍ പങ്കുവെച്ചത്. വീഡിയോയില്‍ ഒരു വിദ്യാര്‍ഥിനി തനിക്ക് ഗൂഗ്ള്‍ സോഫ്റ്റ് വെയറില്‍ എഞ്ചിനീയറായ ജോലി ലഭിച്ചുവെന്നും മറ്റൊരാള്‍ ആമസോണില്‍ ജോലി നേടിയെന്നും പറയുന്നുണ്ട്. വിദ്യാര്‍ഥികളുടെ രൂപവും സംസാരശൈലിയും അടിസ്ഥാനമാക്കി അവര്‍ ദക്ഷിണേഷ്യന്‍ വംശജരാണെന്ന് പലരും വിലയിരുത്തുകയും ചെയ്തു. 

അവരുടെ പേരിനേയും വസ്ത്രധാരണത്തേയും വരെ ആളുകള്‍ പരിഹസിച്ചു. 'വിദേശികള്‍' അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് ഉയര്‍ന്ന ശമ്പളമുള്ള ടെക് ജോലികള്‍ 'മോഷ്ടിക്കുകയാണ്' എന്ന് അവകാശപ്പെട്ടുകൊണ്ട് ചിലര്‍ നീരസം പ്രകടിപ്പിച്ചു.

'ഇന്ത്യക്കാരും ചൈനക്കാരും യുഎസിലെ വലിയ ടെക് ഭീമന്മാരുടെ ഭാഗമാകുന്നു' എന്ന് ഒരു ഉപയോക്താവ് എഴുതി. മറ്റൊരാള്‍ കമന്റ് ചെയ്തത് ഇങ്ങനെയാണ് 'അവരെല്ലാം ഏഷ്യക്കാരാണ്, അമേരിക്കയില്‍ പഠിക്കാന്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയത് അമേരിക്കയാണ്. എന്നാല്‍ നികുതി അടയ്ക്കുന്നത് അമേരിക്കന്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളായിട്ടും അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നില്ല. എനിക്കിത് മനസ്സിലാകുന്നില്ല.'

'അമേരിക്കക്കാര്‍ തങ്ങളുടെ കുട്ടികളെ ടെയ്ലര്‍ സ്വിഫ്റ്റിനെയും ബിയോണ്‍സെയെയും ആരാധിക്കാന്‍ പഠിപ്പിക്കുമ്പോള്‍, മറ്റ് രാജ്യങ്ങള്‍ ടെക് വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വളര്‍ത്തുന്നു' എന്ന് മൂന്നാമതൊരാള്‍ കുറിച്ചു.