ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകം രാജിവെച്ച ഒരാളുടെ അനുഭവം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കേവലം മൂന്ന് മണിക്കൂർ ജോലി ചെയ്തതിന് ശേഷം രാജിവെച്ചതായി റെഡ്ഡിറ്റിൽ ഉപയോക്താവ് പങ്കുവെച്ച പോസ്റ്റാണ് പ്രൊഫഷണൽ മര്യാദകളെക്കുറിച്ചുള്ള സംവാദങ്ങൾക്ക് കാരണമായത്.

To advertise here,

രാജിവെച്ചതിന്റെ കാരണം

വർക്ക് ഫ്രം ഹോം രീതിയിലുള്ള ജോലിയായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. ജോലി സമ്മർദ്ദം കുറവായിരുന്നെങ്കിലും ഒമ്പത് മണിക്കൂർ ഷിഫ്റ്റും 12,000 രൂപ ശമ്പളവും ആണ് ഉടൻ രാജിക്ക് കാരണമായി ഉപയോക്താവ് ചൂണ്ടിക്കാട്ടിയത്.

“എനിക്ക് ഇന്ന് ആദ്യത്തെ ജോലി ലഭിച്ചു. വർക്ക് ഫ്രം ഹോം ആയിരുന്നു, ജോലി സമ്മർദ്ദം കുറവുള്ള നല്ല ജോലി. പക്ഷേ ഒമ്പത് മണിക്കൂർ ഷിഫ്റ്റായിരുന്നു, ശമ്പളം 12,000 രൂപ മാത്രമായിരുന്നു’ പോസ്റ്റിൽ പറയുന്നു. 

പാർട്ട് ടൈം ജോലി, നൽകിയത് ഫുൾ ടൈം

താൻ ഒരു മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വ്യക്തിയാണെന്നും പാർട്ട് ടൈം ജോലിക്കാണ് അന്വേഷിച്ചതെന്നും ഉപയോക്താവ് വിശദീകരിച്ചു. കമ്പനി തുടക്കത്തിൽ പാർട്ട് ടൈം ഒഴിവായി പരസ്യം ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഫുൾ ടൈമായി നൽകുകയായിരുന്നു. ഇതാണ് ജോലി വേണ്ടെന്ന് വെക്കാൻ ഇയാളെ പ്രേരിപ്പിച്ച പ്രധാന ഘടകം.

"ജോലി ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതി, പക്ഷേ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ, ഇത് എന്റെ സമയം മുഴുവൻ എടുക്കുമെന്നും എന്റെ കരിയറിൽ വളരാൻ കഴിയില്ലെന്നും എനിക്ക് മനസ്സിലായി. അതിനാൽ ഞാൻ രാജി വെച്ചു’- അദ്ദേഹം കൂട്ടിച്ചേർത്തു.

 

സമൂഹമാധ്യമങ്ങളിലെ പ്രതികരണം

പോസ്റ്റ് വൈറലായതോടെ തീരുമാനത്തെ പിന്തുണച്ചും പ്രൊഫഷണൽ മര്യാദയെ കുറിച്ച് ചോദ്യം ചെയ്തും കമൻ്റുകളെത്തി. എല്ലാ ദിവസവും ഒരേ പോലെ ആയിരിക്കില്ലെന്നും പ്രവർത്തിപരിചയം നേടുകയായിരുന്നു വേണ്ടതെന്നായിരുന്നു ഒരു പക്ഷം. 

എന്നാൽ തീരുമാനത്തെ പിന്തുണച്ചവരും ഏറെയാണ്. അത്രയും തുച്ഛമായ തുകയ്ക്ക്  വിലയേറിയ സമയം പാഴാക്കരുതെന്നും താങ്കൾക്കുള്ള വ്യക്തത തനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും മറ്റൊരാൾ കുറിച്ചു.