കാസർകോട്: സംസ്ഥാനത്ത് വിവിധ സർക്കാർവകുപ്പുകളിൽ 2025 കലണ്ടർ വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിൽ പി.എസ്.സി. മുഖേന നികത്തേണ്ടവയുടെ വിവരം ഡിസംബർ 25-നുള്ളിൽ അറിയിക്കാൻ നിർദേശം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ അക്കാര്യവും അറിയിക്കണം. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസവേതനത്തിനോ കരാറടിസ്ഥാനത്തിലോ തുടങ്ങി ഏതുവിധത്തിലുമുള്ള താത്‌കാലിക നിയമനവും പാടില്ലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി.
പ്രതീക്ഷിക്കുന്ന ഒഴിവുകളെക്കുറിച്ചുള്ള വിവരം ഇ-വേക്കൻസി സോഫ്റ്റ്‌വേർ സംവിധാനംവഴിയാണ് പി.എസ്.സി.യെ അറിയിക്കേണ്ടത്. സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പിനും ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പിനും ഡിസംബർ 31-നുള്ളിൽ ഈ വിവരം നൽകണം. സ്പെഷ്യൽ റിക്രൂട്ട്മെന്റിനായി സംവരണം ചെയ്തിട്ടുള്ളതും ജനറൽ റിക്രൂട്ട്മെന്റിനുള്ളതുമായ ഒഴിവുകൾ തരംതിരിച്ച് റിപ്പോർട്ട് ചെയ്യണം. ഡ്രൈവർ കം ഒാഫീസ് അറ്റൻഡന്റ് തസ്തികയിലുണ്ടായേക്കാവുന്ന ഒഴിവുകൾ ഇങ്ങനെ മുൻകൂട്ടി അറിയിക്കേണ്ട. ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്താൽ മതി.
ആറുമാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, സേവന ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യണം. മൂന്നുമുതൽ ആറുവരെ മാസമുള്ള ഒഴിവുകൾ നീളാനും ഈ കാലയളവിൽ പുതിയ ഒഴിവുകൾ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ അവയും റിപ്പോർട്ട് ചെയ്യണം. ആറുമാസം വരെയുള്ള പ്രസവാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടെങ്കിലും അവധി നീളാനും പുതിയ ഒഴിവുകളുണ്ടാകാനും സാധ്യതയുണ്ടെങ്കിൽ അറിയിക്കണം. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കാത്തതിനാൽ (എൻ.ജെ.ഡി.) ഉണ്ടാകുന്ന ഒഴിവുകൾ കഴിയുന്നതും വേഗം അറിയിക്കണം.
വീഴ്ചവരുത്തിയാൽ നടപടി
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കൃത്യത പുലർത്താൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഒരിക്കൽ റിപ്പോർട്ട് ചെയ്താൽ റദ്ദാക്കാനോ കുറവ് വരുത്താനോ കഴിയില്ല. ഒഴിവ് നിലവിൽവരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം. ഒരിക്കൽ പി.സ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവവഴി നികത്താൻ പാടില്ല. വകുപ്പ് മേധാവികൾ, നിയമനാധികാരികൾ എന്നിവർ നിർദേശങ്ങൾ ലംഘിച്ചാൽ ഗൗരവമായി കാണുമെന്ന മുന്നറിയിപ്പുമുണ്ട്. വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് അതത് വകുപ്പ് സെക്രട്ടറിമാർ പരിശോധിക്കുകയും വീഴ്ചവരുത്തുന്നവർക്കെതിരേ നടപടിയെടുക്കുകയും വേണം.
Content Highlights: psc vaccancies should be reported by december 25th
Published: 21 Dec 2024, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented