ഴരമാസം പ്രായമുള്ള മകന്‍ ആദിശേഷിനെ കൈയിലെടുത്തുനിന്ന ഭര്‍ത്താവ് ഡോ. എം. നന്ദഗോപനൊപ്പം വലിയ ആഹ്ലാദം പങ്കുവെയ്ക്കുന്നു മാളവിക. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 45-ാം റാങ്ക് കിട്ടിയതിന്റെ നക്ഷത്രത്തിളക്കമുണ്ട് കണ്ണുകളില്‍. കൂടെനിന്ന ഭര്‍ത്താവിനും സന്തോഷനിമിഷം. മിന്നിമായുന്ന ക്യാമറ വെളിച്ചത്തെ അമ്പരപ്പോടെ നോക്കി കുഞ്ഞ് ആദിശേഷ്. റാങ്ക് പട്ടികയിലിടം നേടുമെന്ന് ഉറപ്പുണ്ടായിരുന്നു മാളവിക ജി. നായര്‍ക്ക്. ഉയര്‍ന്ന റാങ്ക് കിട്ടിയതിന്റെ സന്തോഷമാണ് അധികമായുള്ളത്.

To advertise here,

ആറാമത്തേതും അവസാനത്തേതുമായ ശ്രമത്തിലേക്കുള്ള വിജയയാത്ര മാളവികയ്ക്ക് അതികഠിനമായിരുന്നു. പ്രസവശേഷം 17-ാം ദിവസം മെയിന്‍ പരീക്ഷ. അഞ്ചു ദിവസം നീണ്ടുനിന്ന പരീക്ഷ തിരുവനന്തപുരത്തെ സെന്ററിലായിരുന്നു. 17 ദിവസം പ്രായമായ കുഞ്ഞുമായി സര്‍വസന്നാഹങ്ങളോടെയായിരുന്നു ആ യാത്ര. തിരുവനന്തപുരത്ത് ബന്ധുവിന്റെ വീട്ടില്‍ താമസിച്ചാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്ന അഞ്ചുദിവസത്തെ മെയിന്‍ പരീക്ഷ എഴുതിയത്. എല്ലാത്തിനും പിന്തുണയായി കൂടെത്തെന്നെയുണ്ടായിരുന്നു അച്ഛന്‍ അജിത്കുമാറും അമ്മ ഗീതാലക്ഷ്മിയും സഹോദരി ഡോ. മൈത്രേയിയും.

ഭര്‍ത്താവ് ഡോ. എം. നന്ദഗോപന്റെ ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി മലപ്പുറത്തെത്തിയതാണ് മാളവിക. പരീക്ഷാഫലം വരുമെന്നറിഞ്ഞ് തിരുവല്ലയിലെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് 45-ാം റാങ്കെന്ന വാര്‍ത്ത എത്തിയത്. നന്നായി തയ്യാറെടുപ്പുകള്‍ നടത്തിയപ്പോഴൊന്നും തേടിയെത്താത്ത റാങ്ക് ഈ വേളയില്‍ തേടിയെത്തിയപ്പോള്‍ ദൈവാനുഗ്രഹവും മകന്റെ ഭാഗ്യവുമാണ് അതെന്ന് മാളവിക. വിജയം മാളവിക അര്‍ഹിക്കുന്നതാണെന്നും പട്ടികയിലിടംപിടിക്കുമെന്നത് ഉറപ്പായിരുന്നെന്നും വിജയത്തിനുപിന്നില്‍ മാതാപിതാക്കളാണെന്നും ഭര്‍ത്താവ് ഡോ. എം. നന്ദഗോപന്‍ പറഞ്ഞു.

ചെറുപ്പത്തില്‍ ഐഎഎസ് സ്വപ്നം കണ്ടിരുന്നോ?

ചെറുപ്പം മുതലേ സിവില്‍ സര്‍വീസ് എന്ന ആഗ്രഹമുണ്ടായിരുന്നു. രക്ഷിതാക്കള്‍ സിവില്‍സര്‍വീസിനെപ്പറ്റിയൊക്കെ പറഞ്ഞുതന്നിരുന്നു. എന്നാല്‍ ബിരുദപഠനത്തിനുശേഷമാണ് ശ്രമങ്ങള്‍ തുടങ്ങിയത്. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2019-ലെ മൂന്നാമത്തെ ശ്രമത്തില്‍ 118-ാം റാങ്കോടെ പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വീസ് തിരഞ്ഞെടുത്തു. നിലവില്‍ ആദായനികുതി വകുപ്പില്‍ കൊച്ചിയില്‍ ഡെപ്യൂട്ടി കമ്മിഷണറാണ്.

placeholder
മാളവിക ജി. നായരും ഡോ. എം.നന്ദഗോപനും

2022-ല്‍ ഭര്‍ത്താവ് ഡോ. എം. നന്ദഗോപനുമായി ചേര്‍ന്ന് രണ്ടുപേരും കൂടി പരീക്ഷയ്ക്ക് തയ്യാറെടുത്തു. അഞ്ചാമത്തെ ശ്രമത്തില്‍ അന്ന് 172-ാം റാങ്ക് കിട്ടി. നന്ദഗോപന് 231 -ാം റാങ്കും. അദ്ദേഹം 2023 ഐപിഎസ് ബാച്ചില്‍ കയറി. ഇപ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി മലപ്പുറം മഞ്ചേരി പോലീസ്സ്റ്റേഷനിലാണ്. പ്രസവാവധിയിലായതിനാല്‍ മാളവികയും കുഞ്ഞിനൊപ്പം മലപ്പുറത്തുണ്ട്.

ഗര്‍ഭകാലവും സിവില്‍ സര്‍വീസും.. എങ്ങനെ കടന്നുപോയി?.

കുടുംബത്തിന്റെ പൂര്‍ണപിന്തുണയുണ്ടായിരുന്നു. കുഞ്ഞിനെ കുടുംബത്തെ ഏല്പിച്ചാണ് പരീക്ഷയ്ക്കായി പഠിച്ചത്. വെല്ലുവിളികളുണ്ടായിരുന്നു. മുന്‍പ് പരീക്ഷകള്‍ക്കായി നടത്തിയ തയ്യാറെടുപ്പുകള്‍ ഫലംകണ്ടത് ഈ പരീക്ഷയിലാണ്. ആദ്യംമുതല്‍ മെയിന്‍ പരീക്ഷയ്ക്കാണ് തയ്യാറെടുക്കുന്നത്. അതിനിടയിലൂടെ പ്രാഥമികപരീക്ഷ കടന്നുപോകും. എന്നാല്‍ മെയിന്‍ പരീക്ഷാഫലം വന്ന് രണ്ടാഴ്ചയ്ക്കകംതന്നെ അഭിമുഖം നടന്നതിനാല്‍ അതിനുവേണ്ടി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താനായില്ല. നേരത്തേ പരീക്ഷയെ അഭിമുഖീകരിച്ച പിന്‍ബലമുണ്ടായിരുന്നു. ഭര്‍ത്താവ് പരിശീലനത്തിനായി ഹൈദരാബാദില്‍ ആയിരുന്നു. അവിടെനിന്ന് ഫോണ്‍വഴി മോക് ടെസ്റ്റുകള്‍ നടത്തിയതാണ് എടുത്തുപറയത്തക്ക പരിശീലനം.

കുടുംബത്തിന്റെ പിന്തുണ എങ്ങനെയായിരുന്നു ?

കുടുംബത്തിന്റെ പിന്തുണയും സഹായവും മാത്രമാണ് ഈ വിജയത്തിന്റെ പ്രധാനകാരണം. കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചിട്ടായിരുന്നു പഠനം. ഭര്‍ത്താവ് നന്ദഗോപന്‍ ഐപിഎസ് പരിശീലനത്തിനായി ഹൈദരാബാദിലുമായിരുന്നു. അച്ഛന്‍ തിരുവല്ല മുതൂര്‍ ഗോവിന്ദ നിവാസില്‍ അജിത്കുമാര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ എജിഎം ആയിരുന്നു. അമ്മ ഡോ. ഗീതാലക്ഷ്മി ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. സഹോദരി ഡോ. മൈത്രേയി പിജി വിദ്യാര്‍ഥിയാണ്. 2020-ലായിരുന്നു ചെങ്ങന്നൂര്‍ സ്വദേശി ഡോ. എം. നന്ദഗോപനുമായുള്ള വിവാഹം. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ മാനസികാശുപത്രിയില്‍ ജോലിയായിരുന്നു അന്ന്. ഇപ്പോള്‍ ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി കേരളത്തില്‍ പരിശീലനത്തിലാണ്. മഞ്ചേരി സ്റ്റേഷന്റെ ചുമതലയിലാണ്. നന്ദഗോപന്റെ അച്ഛന്‍ ബാങ്ക് ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ആര്‍. മോഹന്‍കുമാറും മാതാവ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി മാനസികാരോഗ്യവിഭാഗത്തില്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പ്രതിഭയുമാണ്.

പ്രാഥമിക പഠനം?

തിരുവല്ല മര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. കാഞ്ഞിരപ്പള്ളി സെയ്ന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. ഗോവ ബിറ്റ്സ് പിലാനിയില്‍നിന്ന് കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദംനേടി.