ന്യൂഡൽഹി: 2026-ലെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള (UPSC CSE 2026) ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം പരീക്ഷാ നടപടിക്രമങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തി യുപിഎസ്‌സി. അപേക്ഷാ രീതി, തിരിച്ചറിയൽ പരിശോധന, നിലവിലെ ഉദ്യോഗസ്ഥരുടെ യോഗ്യത എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 

To advertise here,

അപേക്ഷാ രീതിയിലെ മാറ്റങ്ങൾ

  • നാല് ഘട്ടങ്ങളുള്ള ഓൺലൈൻ അപേക്ഷ: അപേക്ഷാ പ്രക്രിയ നാല് ഘട്ടങ്ങളായി വിഭജിച്ചു. ഇതിനായി 'യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ' (യുആർഎൻ) എന്ന പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

  • URN സംവിധാനം: ഒരു ഉദ്യോഗാർത്ഥിക്ക് ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിരമായ രജിസ്‌ട്രേഷൻ നമ്പറാണിത്. പ്രൊഫൈലിലെ വിവരങ്ങൾ ഒരിക്കൽ മാത്രമേ തിരുത്താൻ സാധിക്കൂ.

  • ലൈവ് ഫോട്ടോയും ഒപ്പും: അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥി ലൈവ് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണം. കൂടാതെ, വെള്ളക്കടലാസിൽ നിശ്ചിത രീതിയിൽ മൂന്ന് തവണ ഒപ്പിട്ട് (ട്രിപ്പിൾ സിഗ്നേച്ചർ) ഒരൊറ്റ ഫയലായി അപ്‌ലോഡ് ചെയ്യണമെന്ന പുതിയ നിയമവും നിലവിൽ വന്നു.

  • തിരുത്തലുകൾക്ക് അവസരമില്ല: അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകൾക്കോ അപേക്ഷ പിൻവലിക്കാനോ സാധിക്കില്ല.

പരീക്ഷാ കേന്ദ്രത്തിലെ പരിശോധനകൾ

  • ഫേസ് ഓതൻ്റിക്കേഷൻ: പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കുന്ന 'ഫേസ് ഓതന്റിക്കേഷൻ' നിർബന്ധമാക്കി. ആധാർ അധിഷ്ഠിത പരിശോധനകൾക്കും മുൻഗണന നൽകും.

  • അഡ്മിറ്റ് കാർഡ്: ഇ-അഡ്മിറ്റ് കാർഡുകൾ മാത്രമേ ലഭ്യമാകൂ. ഇവ ലഭിക്കുന്നത് ഉദ്യോഗാർത്ഥി പരീക്ഷയ്ക്ക് യോഗ്യനാണെന്നതിന്റെ അന്തിമ രേഖയല്ല. അഭിമുഖത്തിന് ശേഷമുള്ള വെരിഫിക്കേഷനിലൂടെ മാത്രമേ യോഗ്യത ഉറപ്പാക്കൂ.

ഐ.എ.എസ്/ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

  • വീണ്ടും പരീക്ഷയെഴുതാൻ കഴിയില്ല: നിലവിൽ ഐ.എ.എസ് അല്ലെങ്കിൽ ഐ.എഫ്.എസ് സർവീസിലുള്ളവർക്ക് 2026-ലെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം തലേവർഷത്തെ എഴുതിയ പരീക്ഷപ്രകാരം നിയമനം ലഭിച്ചാൽ തുടർ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

  • ഐ.പി.എസ് ഉദ്യോഗസ്ഥർക്ക്: നിലവിൽ ഐ.പി.എസ് ഓഫീസറായ ഒരാൾക്ക് വീണ്ടും പരീക്ഷ എഴുതാമെങ്കിലും, അവർക്ക് രണ്ടാമതും ഐ.പി.എസ് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കില്ല. റാങ്ക് മെച്ചപ്പെടുത്താൻ ഇവർക്ക് 'വൺ ടൈം ഇംപ്രൂവ്‌മെന്റ്' അവസരം നിബന്ധനകൾക്ക് വിധേയമായി നൽകും.

  • ഇക്കൊല്ലത്തെ പരീക്ഷ വിജയിച്ച് ഐ.പി.എസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രൂപ്പ് എ സെൻട്രൽ സർവീസ് ലഭിച്ചവർക്ക് അവസരം മെച്ചപ്പെടുത്താൻ 2027-ൽ ഒരു അവസരംകൂടി ലഭിക്കും.

  • നിലവിലുള്ള സർവീസിലെ ട്രെയിനിങ് ഘട്ടത്തിൽ ഒരു തവണ മാത്രം ഇളവു ലഭിക്കും. സിഎസ്ഇ 2026 വിജയിച്ച് ട്രെയിനിങ്ങിൽ പ്രവേശിക്കുകയോ ഇളവു തേടുകയോ ചെയ്‌തില്ലെങ്കിൽ സർവീസ് അലൊക്കേഷൻ റദ്ദാകും.

  • ഇളവു തേടിയ ശേഷം സിഎസ്ഇ 2027 എഴുതി മികച്ച സർവീസ് ലഭിച്ചാൽ 2026, 2027 സർവീസുകളിൽ മികച്ചതു തിരഞ്ഞെടുക്കാം. 

  • 2025-ലോ അതിനു മുൻപോ സർവീസിൽ കയറിയവർക്ക്, രാജിവയ്ക്കാതെതന്നെ ഈ വർഷമോ അടുത്ത വർഷമോ വീണ്ടും പരീക്ഷയെഴുതാൻ ഒരു അവസരംകൂടി ലഭിക്കും. ഇവർ 2028-ലെ പരീക്ഷ എഴുതണമെങ്കിൽ രാജിവെക്കേണ്ടിവരും.

  • 2027-ലെ പരീക്ഷ എഴുതി സർവീസിലേക്കു തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ 2026-ലെ സർവീസിലേക്കു തിരിച്ചു പോകാം. 2027-ലെ പരീക്ഷയ്ക്കു ശേഷവും സർവീസിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ രണ്ട് സർവീസ് അലൊക്കേഷനും റദ്ദാകും.

ഇഷ്ട‌കേന്ദ്രം തിരഞ്ഞെടുക്കാം

ഇനിമുതൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. അപേക്ഷ നൽകുന്ന ഘട്ടത്തിൽ ഏതു കേന്ദ്രത്തിനാണോ ആദ്യ പ്രിഫറൻസ് നൽകുന്നത്, ആ കേന്ദ്രം തന്നെ അനുവദിക്കും.  അപേക്ഷാ നടപടികളുടെ തുടക്കത്തിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം ഭിന്നശേഷിക്കാരല്ലാത്തവർക്കും ലഭ്യമാക്കും. ഒരു കേന്ദ്രത്തിലെ പരമാവധി അപേക്ഷ എത്തിയാൽ ഭിന്നശേഷിക്കാരല്ലാത്തവർക്ക് പിന്നീട് ആ കേന്ദ്രം തിരഞ്ഞെടുക്കാൻ സാധിക്കില്ല. എന്നാൽ ഭിന്നശേഷിക്കാർക്ക് തുടർന്നും അവസരമുണ്ടാകും.

പരീക്ഷാ തീയതികളും ഒഴിവുകളും

  • അവസാന തീയതി: ഫെബ്രുവരി 24, വൈകുന്നേരം 6 മണി വരെ.

  • പ്രിലിമിനറി പരീക്ഷ: 2026 മേയ് 24.

  • മെയിൻ പരീക്ഷ: 2026 ഓഗസ്റ്റ് 21 മുതൽ.

  • ഒഴിവുകൾ: സിവിൽ സർവീസിൽ 933 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 80 ഒഴിവുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.