തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ അധ്യാപകരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് സർക്കാർ. പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം ലഭിച്ചവരുടെ വർധിച്ച ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പലയിടത്തും വിദ്യാഭ്യാസ ഓഫീസുകൾ പിടിച്ചുവെക്കാൻ തുടങ്ങിയത്.
അധ്യാപകർക്കെല്ലാം കെ-ടെറ്റ് നിർബന്ധമാക്കിയ സെപ്റ്റംബർ ഒന്നിലെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം സംബന്ധിച്ച സർക്കാർ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ലെന്നാണ് പറയുന്ന കാരണം.
അതിനാൽ, പ്രഥമാധ്യാപകർക്കുംമറ്റും സ്ഥാനക്കയറ്റത്തിനുമുൻപുള്ള ശമ്പളമേ അനുവദിക്കുന്നുള്ളൂ.
പത്തനംതിട്ടയിൽ ഒരു പ്രഥമാധ്യാപികയുടെ ശമ്പളം ഇങ്ങനെ തടഞ്ഞുവെച്ചു. തലശ്ശേരിയിലും മലപ്പുറത്തുമൊക്കെ സമാനമായ സംഭവങ്ങളുണ്ടായി. കോടതിവിധി പൂർണമായി നടപ്പാക്കാൻ ഇനിയും രണ്ടുവർഷമുണ്ടെന്നിരിക്കേ, ആനുകൂല്യങ്ങൾ പിടിച്ചുവെച്ചതിൽ മലപ്പുറത്തെ വിദ്യാഭ്യാസ ഓഫീസിൽ അധ്യാപകർ പ്രതിഷേധിച്ചു. തുടർന്ന്, പിടിച്ചുവെച്ച ശമ്പളം വിദ്യാഭ്യാസ ഓഫീസർക്ക് അനുവദിക്കേണ്ടിവന്നു.
അതേസമയം, സുപ്രീംകോടതി ഉത്തരവിന്റെ വെളിച്ചത്തിൽ, ഇതിനകം സ്ഥാനക്കയറ്റം ലഭിച്ചവരുടെ ആനുകൂല്യം തടയാൻ സർക്കാർ പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ല. കോടതിവിധിയുടെ മറവിൽ ഉദ്യോഗസ്ഥർ വ്യാപകമായി അധ്യാപകരെ ദ്രോഹിക്കുന്നുവെന്നാണ് ആക്ഷേപം.
വിദ്യാഭ്യാസ അവകാശ നിയമ(ആർടിഇ)മനുസരിച്ച്, മുൻകാലപ്രാബല്യത്തിൽ കെ-ടെറ്റ് യോഗ്യത നടപ്പാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുഭാവ സംഘടനയായ എൻടിയു, ഇടതുസംഘടനകളായ കെഎസ്ടിഎ, എകെഎസ്ടിയു തുടങ്ങിയവർ ഇതിനകം ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.
ദേശീയതലത്തിലുള്ള ഇടത് അധ്യാപകസംഘടനയായ എഐഎസ്ടിഎഫ് സുപ്രീംകോടതിയിൽ കക്ഷിചേർന്നിട്ടുണ്ട്. വിധിയുടെ മറവിൽ വിദ്യാഭ്യാസ ഓഫീസുകൾ അധ്യാപകരുടെ ആനുകൂല്യം തടയാൻ തുടങ്ങിയതോടെ എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നൽകി.
മുൾമുനയിൽ 65,000 അധ്യാപകർ
അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകർക്കെല്ലാം കെ ടെറ്റ് യോഗ്യത വേണമെന്നാണ് കോടതിവിധി. ഇല്ലാത്തവർക്ക് യോഗ്യത നേടാൻ 2027 വരെ സമയം നൽകി. ഇല്ലെങ്കിൽ ജോലിയിൽനിന്ന് പുറത്താക്കാനാണ് കോടതി നിർദേശം. കേരളത്തിൽ 65,000 അധ്യാപകർക്കാണ് തൊഴിൽ ഭീഷണി. ഇളവുതേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും നടപടികളായിട്ടില്ല.
Published: 04 Dec 2025, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented