കോഴിക്കോട്: അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റ് പരീക്ഷയുടെ ഫലംവന്നപ്പോൾ കാറ്റഗറി-4 വിഭാഗത്തിൽ വ്യാപകപരാതിയുമായി ഉദ്യോഗാർഥികൾ. ഉത്തരസൂചിക നോക്കി ജയമുറപ്പിച്ച പലരും ഫലംവന്നതോടെ പരാജയപ്പെട്ടു. പലരുടെയും ഫലത്തിൽ ആറുമാർക്കുവരെ വ്യത്യാസം ഉത്തരസൂചികയുമായി തട്ടിച്ചുനോക്കുമ്പോഴുണ്ട്. ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ ഫലം മേയ് 26-നാണ് പ്രസിദ്ധീകരിച്ചത്. മേയ് 22-നാണ് പുതുക്കിയ ഉത്തരസൂചിക വന്നത്.

To advertise here,

യു.പി. വിഭാഗത്തിലെ ഭാഷാധ്യാപകരും സ്പെഷ്യലിസ്റ്റ്, ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുമാണ് കാറ്റഗറി-4 ൽ ഉൾപ്പെടുക.

അധ്യാപക സ്ഥിരംനിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയതോടെ നിലവിൽ സർവീസിലുള്ള ഒട്ടേറെ അധ്യാപകർ ഈ പരീക്ഷ എഴുതിയിരുന്നു. ഉത്തരസൂചിക നോക്കി, വിജയിക്കാനുള്ള 90 മാർക്ക് ഉറപ്പിച്ച പലർക്കും ഫലംവന്നപ്പോൾ നിരാശരാകേണ്ടിവന്നു.

സർവീസിലുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാൻ 2028 ഓഗസ്റ്റ് 31-വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. പരീക്ഷാഫലം വന്നതുമുതൽ ഉദ്യോഗാർഥികളും അധ്യാപകസംഘടനകളും നേരിട്ടും ഇ-മെയിൽ വഴിയും പരീക്ഷാഭവനിൽ പരാതികൾ നൽകിവരുകയാണ്. പുതുക്കിയ ഉത്തരസൂചികയിൽ പല തെറ്റായ ചോദ്യങ്ങളും കാൻസൽചെയ്തതായി അറിയിച്ചിരുന്നു. ഇതിന്റെ മാർക്ക് ഉദ്യോഗാർഥികൾക്ക് നൽകിയിട്ടുണ്ടോയെന്ന ആശങ്കയും പലർക്കുമുണ്ട്.

പാർട്ട് രണ്ട്-ഒന്ന്, അറബിക്-ഒന്ന്, സംസ്കൃതം-നാല്, ഡ്രോയിങ്-രണ്ട്, മ്യൂസിക്-ഒന്ന്, തുന്നൽ-മൂന്ന്, ഫിസിക്കൽ എജുക്കേഷൻ-ഒന്ന് എന്നിങ്ങനെയാണ് ചോദ്യങ്ങൾ ഒഴിവാക്കിയത്. തുന്നൽപരീക്ഷയെഴുതിയിട്ട് പാർട്ട് മൂന്നിൽ ‘പൂജ്യം’ മാർക്ക് കിട്ടിയവരുമുണ്ട്.

ഈ മാർക്ക് ലിസ്റ്റുകൾ അടക്കം ഉൾപ്പെടുത്തി പരീക്ഷാഭവൻ സെക്രട്ടറിക്ക് പരാതികൾ നൽകിയിട്ടുണ്ട്.

അധ്യാപകർക്ക് അർഹമായ മാർക്ക് നൽകി പുതുക്കിയ ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്, സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സുരേഷ് ബാബു, കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുസലാം എന്നിവർ ആവശ്യപ്പെട്ടു.