തിരുവനന്തപുരം: നാലുവർഷബിരുദം പരിഷ്കരിക്കാനുള്ള വിദഗ്ധസമിതി റിപ്പോർട്ടിലെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) സംബന്ധിച്ച പരാമർശം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇടപെട്ട് ഒഴിവാക്കി. പരാമർശം വിവാദമാവുകയും അധ്യാപകർ പ്രതിഷേധമുയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൗൺസിൽ ഉപാധ്യക്ഷൻ ഡോ. അച്യുത് ശങ്കർ ഇടപെട്ടു നീക്കിയത്. പരിഷ്കരിച്ച അന്തിമ റിപ്പോർട്ട് കൗൺസിൽ പ്രസിദ്ധീകരിച്ചു. ഇതോടെ, നാലുവർഷ ബിരുദം കാര്യക്ഷമമാക്കാനുള്ള ശുപാർശകൾ ഈ അധ്യയനവർഷംതന്നെ സർവകലാശാലകളിൽ നടപ്പാക്കും.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് നാലുവർഷബിരുദം നടപ്പാക്കിയത്. എൻ.ഇ.പി.യുടെ പശ്ചാത്തലത്തിൽ, ഉന്നത വിദ്യാഭ്യാസ പരിഷ്കാരത്തിനായി നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ കമ്മിഷന്റെ റിപ്പോർട്ടനുസരിച്ചാണ് പരിഷ്കാരം നടപ്പാക്കിയതെന്നും ഇതു കേന്ദ്രനയത്തിനു ബദലെന്നുമായിരുന്നു എൽ.ഡി.എഫിന്റെ വാദം. നാലുവർഷ ബിരുദത്തിലെ ബാലാരിഷ്ടത പരിഹരിക്കാനാണ് യു.ഡി.എഫ്. സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്.
പാഠ്യപദ്ധതിയും പരീക്ഷകളും ഉടച്ചുവാർക്കൽ, അന്തർസർവകലാശാലാ പഠനബോർഡ്, പ്രശ്നപരിഹാര പോർട്ടൽ തുടങ്ങിയ നിർദേശങ്ങൾ സമിതി ശുപാർശ ചെയ്തു. എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് ഈ ശുപാർശ സഹായിക്കുമെന്നും കരടു റിപ്പോർട്ടിൽ സമിതി വിലയിരുത്തി.
ഇതോടെ, പി.എം.-ശ്രീക്കു പിന്നാലെ കേന്ദ്രസർക്കാർ നിർദേശിച്ച എൻ.ഇ.പി.യും യു.ഡി.എഫ്. സർക്കാർ അംഗീകരിച്ചെന്നു വിമർശനം ഉയർന്നു. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ നൽകിയ വാർത്തയോടുള്ള പ്രതികരണമായി എൻ.ഇ.പി. പോലുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് വിദഗ്ധസമിതിയല്ലെന്ന് ഡോ. അച്യുത് ശങ്കർ വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ എൻ.ഇ.പി. നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയായ എ.കെ.പി.സി.ടി.എ. ഈയിടെ കൗൺസിലിനെ സമീപിച്ചിരുന്നു.
Content Highlights: The Kerala State Higher Education Council removed controversial references to the National Education Policy (NEP) from an expert committee report following teacher protests, clearing the path to implement four-year degree reforms in universities this academic year.
Published: 02 Sept 2026, 11:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented