തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് റാങ്ക്പട്ടികകളിൽനിന്നുള്ള നിയമനങ്ങൾ തുടക്കത്തിലേ പാളുന്നു. ഏറ്റവും കൂടുതൽ നിയമനം നടക്കാറുള്ള തസ്തികകളായിട്ടും പേരിനു മാത്രമാണ് നിയമനമുണ്ടായത്. ആദ്യ ആറുമാസം പിന്നിട്ടപ്പോൾ എൽ.ഡി. ക്ലാർക്കിന് 489, ലാസ്റ്റ് ഗ്രേഡിന് 719 എന്നിങ്ങനെയേ നിയമനശുപാർശ അയക്കാനായുള്ളൂ.

To advertise here,

ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല, നിയമനോത്തരവില്ല; സ്‌കൂൾ അധ്യാപക നിയമനം കുത്തനേ ഇടിയുന്നു

എൽ.ഡി. ക്ലാർക്കിന്റെ 2022-ലെ റാങ്ക്പട്ടികയിൽനിന്ന് ആദ്യ ആറുമാസം 2800 നിയമന ശുപാർശകളുണ്ടായിരുന്നു. ഇത്തവണ അതിന്റെ നാലിലൊന്നുപോലുമുണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് സർവെന്റിനും സമാന സ്ഥിതിയാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഉദ്യോഗാർഥികൾക്ക് വിനയായെന്നാണ് വകുപ്പ് മേധാവികൾ പറയുന്നത്.

എൽ.ഡി.ക്ലാർക്കിൽ ഇതുവരെ നടന്ന 489 നിയമനശുപാർശകളിൽ 230-ഉം കഴിഞ്ഞ റാങ്ക്പട്ടികയിൽ നിന്നുള്ള കുടിശ്ശിക നികത്താനുള്ളതായിരുന്നു. 259 നിയമനശുപാർശകളേ ഇക്കാലയളവിൽ 14 ജില്ലകളിലുമായി പുതുതായുണ്ടായത്.

ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിനും മൂവായിരത്തോളം നിയമനങ്ങൾ ആദ്യമാസങ്ങളിൽത്തന്നെ നടക്കാറുള്ളതാണ്. ഇത്തവണ അതിലും വലിയ കുറവാണുണ്ടായത്. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന ഭരണപരിഷ്കാരവകുപ്പിന്റെ നിർദേശം മിക്ക വകുപ്പുകളും പാലിക്കുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പുചട്ടം വരുന്നതിനുമുൻപ്‌ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.