ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 70 മണിക്കൂര്‍ ജോലിയെന്ന പ്രസ്താവന ആവർത്തിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചൈനയിലെ '9-9-6 ' നിയമം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ ന്യായീകരണം. സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് നാരായണ മൂർത്തിയുടെ വാക്കുകൾ വഴിവെച്ചിരിക്കുന്നത്.

To advertise here,

'ഒരാൾ ആദ്യം തന്റെ താൽപ്പര്യം കണ്ടെത്തണം. അതിനുശേഷം മാത്രം വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ച് ചിന്തിച്ചാൽ മതി. കഠിനാധ്വാനമില്ലാതെ ഒരു വ്യക്തിയോ സമൂഹമോ ഒരു രാജ്യമോ ഉയർന്നു വന്നിട്ടില്ല. Catamaran Ventures-ലെ ഉദ്യോഗസ്ഥർ കഴിഞ്ഞവർഷം ചൈനയിൽ പോയിരുന്നു. അവിടുത്തെ മൂന്ന് വ്യത്യസ്ത നഗരങ്ങൾ അവർ സന്ദർശിച്ചു. യഥാർഥ ചൈനയെ മനസ്സിലാക്കുന്നതിന് ടയർ 3 നിലവാരത്തിലുള്ള ഹോട്ടലുകളിലായിരുന്നു അവർ താമസിച്ചത്.

ജോലിയുമായി ബന്ധപ്പെട്ട് അവിടെ ഒരു ചൊല്ലുണ്ട്, 9-9-6. അതായത്, രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ. അതും ആഴ്ചയിൽ ആറു ദിവസം. അതായത് ആഴ്ചയിൽ 72 മണിക്കൂർ.' നാരായണ മൂർത്തി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായതോടെ ഒട്ടേറെപ്പേർ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തി. മോശം അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന ജീവിതച്ചെലവും കാരണം ഇന്ത്യക്കാർ ഇപ്പോൾത്തന്നെ ബുദ്ധിമുട്ടിലാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. ചൈനയുടെ അതേ നിലവാരത്തിലുള്ള ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ജീവിതച്ചെലവും നൽകണമെന്നും മറ്റു ചിലരും കമന്റ് ബോക്സിൽ കുറിച്ചു.

ഇന്ത്യയെ സംബന്ധിച്ച് 72 മണിക്കൂർ ജോലിയല്ല ആവശ്യം. മറിച്ച്, വീട്ടുവാടക, പലചരക്ക് സാധനങ്ങൾ, സ്കൂൾ ഫീസ്, പെട്രോൾ എന്നിവയ്ക്ക് ആനുപാതികമായ ശമ്പളമാണ്. ആളുകൾ ഞെരുക്കത്തിലാണ്, നെറ്റിസണസ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.