ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 70 മണിക്കൂര്‍ ജോലിയെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി. ആര്‍ക്കും ഇത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരന്നു ഐ.എം.സി. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ നാരായണമൂര്‍ത്തിയുടെ വിശദീകരണം. ആര്‍ക്കും ആരോടും നിങ്ങള്‍ ഇത് ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

To advertise here,

ഇന്‍ഫോസിസിന്റെ തുടക്കകാലത്ത് ഓഫീസില്‍ ഏറെ സമയം ചെലവഴിച്ചത് അദ്ദേഹം ഓര്‍ത്തെടുത്തു. രാവിലെ 6.20-ന് ഓഫീസിലെത്തുന്ന താന്‍ വൈകീട്ട് 8.30 വരെ അവിടെ തുടരുമായിരുന്നു. 40 വര്‍ഷത്തോളം താനിങ്ങനെ ചെയ്തിട്ടുണ്ട്. അത് വാസ്തവമാണ്, ആര്‍ക്കും തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും പൊതുയിടത്തിലെ സംവാദങ്ങള്‍ക്ക് വേണ്ടിയല്ലെന്നും നാരായണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന നിലപാടില്‍നിന്ന് താന്‍ പിന്നോട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ജോലിസമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന് നേരത്തെ നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.