പ്ലസ്ടു, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നാവികസേനയിൽ ബി.ടെക്. പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരം. 2025 ജൂലായിൽ ആരംഭിക്കുന്ന, 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി (സ്ഥിരം കമ്മിഷൻ) പ്രകാരമുള്ള കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
പരിശീലനം ഏഴിമല നേവൽ അക്കാദമിയിൽ
കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കേഡറ്റുകളായി നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോൾ ചെയ്യപ്പെടും. ബി.ടെക്. ബിരുദം ജവാഹർലാൽ നെഹ്റു സർവകലാശാല നൽകും.
പഠനവും പരിശീലനവും സൗജന്യം. എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 36 ഒഴിവുകളുണ്ട്. പരമാവധി ഏഴ് ഒഴിവുകളിലേക്ക് പെൺകുട്ടികളെ തിരഞ്ഞെടുക്കും. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്‌ട്രിക്കൽ) ബ്രാഞ്ചിലേക്കോ ഉള്ള നിയമനം നേവി തീരുമാനിക്കും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
യോഗ്യത
2006 ജനുവരി രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരാകണം. അംഗീകൃതബോർഡിൽനിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയങ്ങൾക്കും കൂടി 70 ശതമാനം മാർക്കു മൊത്തത്തിൽ വാങ്ങി ജയിച്ചിരിക്കണം. 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. 2024-ൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം. മെഡിക്കൽ സ്റ്റാൻഡാർഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വെബ് സൈറ്റിൽ ലഭിക്കും. മെഡിക്കൽ നിലവാരത്തിൽ ആർക്കും ഇളവ് ലഭിക്കുന്നതല്ല.
തിരഞ്ഞെടുപ്പ്
ജെ.ഇ.ഇ. മെയിൻ 2024 പേപ്പർ 1 കോമൺ റാങ്ക് ലിസ്റ്റിലെ (സി.ആർ.എൽ.) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സർവീസ് സെലക്‌ഷൻ ബോർഡ് (എസ്.എസ്.ബി.) ഇൻറർവ്യൂവിന് ഷോർട്‌ലിസ്റ്റ് ചെയ്യുന്നത്. എസ്.എസ്.ബി. ഇന്റർവ്യൂ 2025 മാർച്ച് മുതൽ ബെംഗളൂർ/ഭോപാൽ/കൊൽക്കത്ത/വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലൊന്നിൽ പ്രതീക്ഷിക്കാം. സായുധസേനയിൽ ഓഫീസറായി പ്രവർത്തിക്കുവാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്.എസ്.ബി.-യിൽ വിലയിരുത്തപ്പെടും. ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിറ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാംഘട്ടത്തിൽ. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസംമുതൽ അഞ്ചുദിവസംവരെ നീണ്ടുനിൽക്കാവുന്ന മെഡിക്കൽ പരിശോധനയുമുണ്ടാകും.
ആദ്യനിയമനം സബ് ലഫ്റ്റനന്റ് റാങ്കിൽ
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ടെക്. ബിരുദം ലഭിക്കും. ഒപ്പം, കമ്മിഷൻഡ് റാങ്കോടെ നേവിയിൽ നിയമനവും ലഭിക്കും. ആദ്യനിയമനം സബ് ലഫ്റ്റനൻറ് റാങ്കിൽ. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സർവീസ് പേ, 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.
പരിശീലനചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയൽ എന്നിവ ഉൾപ്പെടെ) പൂർണമായും ഇന്ത്യൻ നേവി വഹിക്കും. അനുവദനീയമായ ക്ലോത്തിങ്, മെസ്സിങ് എന്നിവയും കേസറ്റുകൾക്ക് ലഭിക്കും.
അപേക്ഷ
അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.joinindiannavy.gov.in കാണുക. അവസാനതീയതി: ഡിസംബർ 20.
എൻജിനിയറിങ് ബിരുദവും നേവിയിൽ കമ്മിഷൻഡ് റാങ്കോടെ നിയമനവും
Content Highlights: Indian Navy B.Tech Entry 2025
Published: 09 Dec 2024, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented