മഞ്ചേരി: സുപ്രീംകോടതി വിധിയെത്തുടർന്ന് കെ-ടെറ്റ് യോഗ്യത നേടാൻ പരീക്ഷാകേന്ദ്രത്തിൽ കുടുംബാംഗങ്ങൾ ഒരുമിച്ചെത്തി. ഒരേ പരീക്ഷഹാളിൽ സഹോദരിമാരും സഹോദരീപുത്രിയും പരീക്ഷയെഴുതി. ഇളയ സഹോദരീ ഭർത്താവാകട്ടെ മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ്സിലും കെ-ടെറ്റ് മൂന്ന് പരീക്ഷയ്ക്ക് ഹാജരായി. അടുത്തടുത്ത ബെഞ്ചുകളിലായി മൂവരും ഇരിപ്പുറപ്പിച്ചു.

To advertise here,

മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്‌.എസ്സിലെ അധ്യാപിക കെ. സജ്‌നയും സഹോദരിയും ഇതേ സ്കൂളിലെ അധ്യാപികയുമായ റജുലയും റജുലയുടെ മകൾ ഫാത്തിമ ഷിറിനും ആണ് ഒരേ ഹാളിൽ പരീക്ഷയ്ക്കിരുന്നത്.

റജുലയുടെ ഭർത്താവ് അധ്യാപകനായ ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത് മക്കരപ്പറമ്പിലും എഴുതി. ഡോക്ടറേറ്റും ഏറെ അധ്യാപക സർവീസുള്ള കുഞ്ഞിമുഹമ്മദും വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള സജ്‌നയും റജുലയും എഴുതുന്നത് നിലനില്പിനാണ്.

ബിരുദാനന്തരബിരുദവും ഫെല്ലോഷിപ്പുമുള്ള മകൾ ജോലിനേടാനും. സർവീസിലുള്ളവരും യോഗ്യതാ പരീക്ഷ ജയിക്കണമെന്ന് വിധിവന്നിട്ട് നടക്കുന്ന ആദ്യ പരീക്ഷയാണ്. എം.ഫിലും ജെ.ആർ.എഫും. നേടിയവരൊക്ക ഇപ്പോൾ കെ-ടെറ്റ് എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എയ്‌ഡഡ്‌ സ്കൂളുകളിൽ ഭിന്നശേഷി നിയമനം നിർബന്ധമായതോടെ ആ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളും ധാരാളമായി പരീക്ഷക്കെത്തിയിരുന്നു.

തിങ്കളാഴ്ച പട്ടർകുളത്തെ വീട്ടിൽനിന്ന് ഒരുമിച്ചാണ് എല്ലാവരും പരീക്ഷയ്ക്ക് പുറപ്പെട്ടത്. ഭാര്യയെയും മകളെയും ബോയ്സ് സ്കൂളിലിറക്കിയശേഷം കുഞ്ഞുമുഹമ്മദ് മക്കരപ്പറമ്പിലേക്കു വിട്ടു. പരീക്ഷ എളുപ്പമായിരുന്നുവെന്നാണ് ഉമ്മയുടെയും മകളുടെയും പക്ഷം. കെ-ടെറ്റ് ഒന്നും രണ്ടും മൂന്നും പരീക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം നടന്നത്.