സ്ത്രീകളുടെ നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ ഐസിഫോസ് (ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേർ) ബാക്ക് ടു വർക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങളാൽ തൊഴിൽമേഖലയിൽനിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് വിവരസാങ്കേതികമേഖലയിൽ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഐസിഫോസ്. നവ തൊഴിൽമേഖലകളിൽ ജോലിചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

To advertise here,

സോഫ്റ്റ്‌വേർ ടെസ്റ്റിങ്
സോഫ്റ്റ്‌വേർ ടെസ്റ്റിങ്ങിലാണ് ഇത്തവണ 15 ദിവസം നീണ്ടുനിൽക്കുന്ന ബാക്ക് ടു വർക്ക് റെസിഡൻഷ്യൽ പരിപാടിയിലെ ആദ്യബാച്ചിന്റെ പരിശീലനം. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പിന്തുണയും പ്രോഗ്രാമിലൂടെ ലഭിക്കുന്നു. വിവാഹം, മാതൃത്വം, കുടുംബപരിമിതികൾ, കുടുംബത്തിന്റെ ഉത്തരവാദിത്ത്വം, വൃക്തിതാത്പര്യങ്ങൾ മുതലായവ കാരണം തൊഴിൽജീവിതം നഷ്ടപ്പെട്ട സ്ത്രീകളെയാണ് പരിപാടി ലക്ഷ്യംവെക്കുന്നത്. പട്ടികജാതി/പട്ടികവർഗ, പിന്നാക്കവിഭാഗം, മത്സ്യത്തൊഴിലാളികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സ്ത്രീകൾ എന്നിവർ ഉൾപ്പെടുന്ന സംവരണവിഭാഗത്തിന് പ്രത്യേക മുൻഗണന നൽകും.കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ സെപ്റ്റംബർ ഏഴിന് പരിശീലനം ആരംഭിക്കും.

യോഗ്യത: ബിരുദം. സോഫ്‌റ്റ്‌വേർ ടെസ്റ്റിങ്, ഡെവലപ്‌മെന്റ്, കോഡിങ് മേഖലയിലുള്ള പരിജ്ഞാനം അഭികാമ്യം. സ്വതന്ത്ര സോഫ്റ്റ്‌വേർ-ഹാർഡ്‌വേർ മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐസിഫോസ് കെ-ഡിസ്‌ക്, കേരള നോളജ് ഇക്കണോമി മിഷൻ എന്നിവരുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്.

രജിസ്ട്രേഷൻ
ആദ്യം രജിസ്റ്റർചെയ്യുന്ന 30 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. 1000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. icfoss.in/events വഴി രജിസ്റ്റർചെയ്യാം. അവസാനതീയതി: സെപ്റ്റംബർ ഒന്ന്. വിവരങ്ങൾക്ക്: 7356610110, 0471 2413013.