സംരംഭകനും സോഷ്യല്‍ മീഡിയ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ അങ്കുര്‍ വാരിക്കൂ തന്റെ ഡ്രൈവറുടെ ശമ്പളത്തെയും ആനുകൂല്യങ്ങളെയും കുറിച്ച് എക്സില്‍ പങ്കുവെച്ച വിവരങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

To advertise here,

തന്റെ ഡ്രൈവറായ ദയാനന്ദ് ഭയ്യയ്ക്ക് ശമ്പളത്തിന്റെ 11% വാര്‍ഷിക വര്‍ധനവിന് ശേഷം ഇപ്പോള്‍ പ്രതിമാസം 53,350 രൂപ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചതോടെ പോസ്റ്റ് വൈറലാവുകയായിരുന്നു. ഈ മേഖലയിലെ സമാന ജോലികള്‍ക്കുള്ള സാധാരണ ശമ്പളത്തേക്കാള്‍ വളരെ ഉയര്‍ന്നതാണിത് എന്നതുതന്നെയാണ് കാരണം.

ദീര്‍ഘകാല വിശ്വാസം, വിശ്വസ്തത, ന്യായമായ വേതനത്തിന്റെ മൂല്യം എന്നിവ എടുത്തുപറഞ്ഞ വാരിക്കൂവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഉപയോക്താക്കള്‍ ഈ സുതാര്യതയെ പ്രശംസിക്കുകയും, തൊഴിലുടമകള്‍ക്ക് എങ്ങനെ ജീവനക്കാരോട് അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറാം എന്നതിന്റെ ഉദാഹരണമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ദയാനന്ദിന് ആരോഗ്യ ഇന്‍ഷുറന്‍സ്, ഒരു മാസത്തെ ദീപാവലി ബോണസ്, ഈ വര്‍ഷം സമ്മാനമായി ഒരു പുതിയ സ്‌കൂട്ടി എന്നിവ നല്‍കിയതായി വാരിക്കൂ പറയുന്നു.

'13 വര്‍ഷം മുന്‍പ് 15,000 രൂപ ശമ്പളത്തിലാണ് അദ്ദേഹം ഞങ്ങളോടൊപ്പം ചേര്‍ന്നത്. അതിനുശേഷം, സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനൊപ്പം അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ ഒരവിഭാജ്യ ഘടകമായി മാറി. അദ്ദേഹത്തിന്റെ മൂന്ന് മക്കളും നല്ല ജോലി നേടി സന്തോഷത്തോടെ വിവാഹിതരായി ജീവിക്കുന്നു. അദ്ദേഹം ഇപ്പോഴും ലളിതമായാണ് ജീവിക്കുന്നത്. കൃത്യനിഷ്ഠയും അച്ചടക്കവും പാലിക്കുന്നു. പുലര്‍ച്ചെ 4:30-ന് ഉണരും, രാത്രി 8:30-ന് ഉറങ്ങും, ഒരിക്കലും വൈകിയെത്താറില്ല, എപ്പോഴും പുഞ്ചിരിക്കും. അദ്ദേഹം ഞങ്ങളുടെ ഡ്രൈവര്‍ മാത്രമല്ല; ഞങ്ങളുടെ വിശ്വസ്തനായ പങ്കാളിയാണ്', വാരിക്കൂ കുറിച്ചു.

അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ദയാനന്ദിന്റെ ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയായി ഉയര്‍ത്താനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹം ഞങ്ങളുടെ കുട്ടികളെ ക്ലാസുകളില്‍ കൊണ്ടുപോകുന്നു, വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ സൂക്ഷിക്കുന്നു, ഞങ്ങളുടെ എടിഎം പിന്‍ അറിയാം, ഞങ്ങളുടെ സാന്നിധ്യം ആവശ്യമില്ലാത്ത എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. എന്നെ സ്വന്തം ആളായി കാണുന്നു (കുടുംബത്തിലെ എല്ലാവരെയും 'ആപ്' എന്നതിന് പകരം 'തും' എന്ന് വിളിക്കുന്നു), എന്റെയും കുടുംബത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ ഞാന്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹം ഞങ്ങളുടെ സമയം, മാനസിക ഭാരം, പ്രയത്‌നം എന്നിവ ലാഭിക്കുന്നു. പകരമായി, അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത് വിശ്വാസം മാത്രമായിരുന്നു -അത് ഞങ്ങള്‍ സന്തോഷത്തോടെ നല്‍കി'- പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന് വ്യാപകമായ പ്രശംസയാണ് ലഭിച്ചത്. തൊഴിലിന്റെ മഹത്വം അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍ ഈ പ്രവൃത്തിയിലൂടെ കാണാന്‍ സാധിച്ചുവെന്ന് പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.

'ദയാനന്ദ് ഭയ്യയെപ്പോലുള്ള ആളുകള്‍ വിശ്വസ്തതയും ആത്മാര്‍ത്ഥതയും വിലമതിക്കാനാവാത്തതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശരിയായ വ്യക്തിയില്‍ നിങ്ങള്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍, അതിന്റെ ഫലം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. അന്തസ്സും ദയയുമാണ് ഇന്നും നമ്മുടെ കൈവശമുള്ള ഏറ്റവും മികച്ച നാണയമെന്ന് ഇത്തരം കഥകള്‍ തെളിയിക്കുന്നു', ഒരാള്‍ കുറിച്ചു.

'പ്രതിഫലത്തിന്റെ ഭാഗമായി നിങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് വളരെ നല്ല കാര്യമാണ്. മറ്റുള്ളവരും തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി ഇത് ചെയ്യാന്‍ പ്രേരിതരാകുമെന്ന് പ്രതീക്ഷിക്കുന്നു - തൊഴിലുടമകള്‍ക്ക് ഇതിലെ അധികച്ചെലവ് നിസ്സാരമാണ്, എന്നാല്‍ ജീവനക്കാര്‍ക്കുള്ള പ്രയോജനങ്ങള്‍ വളരെ വലുതാണ്. സാമ്പത്തിക ആസൂത്രണത്തിനും ആനുകൂല്യങ്ങള്‍ നേടുന്നതിനും ഇത് സഹായിക്കും'-മറ്റൊരാള്‍ പറഞ്ഞു.