ആലപ്പുഴ: സ്‌കൂളുകളിലെ അധിക തസ്തികനിർണയം മൂന്നുമാസം കഴിഞ്ഞും വിദ്യാഭ്യാസവകുപ്പിൽ പൂർത്തിയായില്ല. അടുത്ത അധ്യയനവർഷത്തേക്കുള്ള തസ്തികനിർണയം ഒക്ടോബർ ഒന്നിനു പൂർത്തിയാക്കേണ്ടതായിരുന്നു. നടപടി വൈകുന്നതിനാൽ അധ്യാപക റാങ്കു പട്ടികയിലുള്ളവരുടെ നിയമനസാധ്യത മങ്ങി. കൂടുതൽ ബാധിക്കുക എച്ച്.എസ്.എ. പട്ടികയിലുള്ളവരെയാണ്. നാനൂറോളം ഹൈസ്‌കൂൾ അധ്യാപക നിയമനങ്ങളാണു തടസ്സപ്പെടുക.

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളാലാണ് അധിക തസ്തികനിർണയം പൂർത്തിയാകാഞ്ഞതെന്നാണു വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്. ഹൈസ്‌കൂളിൽനിന്ന് ഹയർ സെക്കൻഡറിയിലേക്കുള്ള സ്ഥാനക്കയറ്റം, അന്തർജില്ലാ സ്ഥലംമാറ്റം തസ്തിക നിർണയത്തിൽ പ്രധാനം.

ഹൈസ്‌കൂൾ അധ്യാപകർക്കിപ്പോൾ കെ ടെറ്റ് നിർബന്ധമാണ്. ഈ യോഗ്യതാപരീക്ഷ ജയിക്കാനുള്ള സമയം 2027 വരെ നീട്ടിയിട്ടുണ്ട്. അതിന്റെ പേരിലും ഹയർസെക്കൻഡറിയിലേക്കുള്ള സ്ഥാനക്കയറ്റം തടഞ്ഞിട്ടുണ്ട്. ആകെയുള്ള ഒഴിവിന്റെ 15 ശതമാനം അന്തർജില്ലാ സ്ഥലംമാറ്റത്തിലൂടെയാണ്. അതും സമയബദ്ധമായി നടന്നിട്ടില്ല.

കുട്ടികളുടെ കുറവു മൂലം നഷ്ടപ്പെടുന്ന അധ്യാപക തസ്തിക പെട്ടെന്നു റദ്ദാക്കുന്നുണ്ട്. എന്നാൽ, കുട്ടികൾ കൂടിയാൽ അത്രപെട്ടെന്ന് പുതിയ തസ്തികാനിർണയം നടക്കുന്നില്ലെന്നും ആരോപണമുണ്ട്.