ഇന്ത്യയിലെ മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികളിലൊന്നാണ് കോഗ്നിസന്റ്. ഒട്ടേറെ കോര്‍പ്പറേറ്റ് പ്രമുഖരുടെ തുടക്കം കോഗ്നിസന്റില്‍ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശന നിഴലില്‍ നില്‍കുകയാണ് ഈ കമ്പനി. തുടക്കക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ പേരിലാണ് നിലവിലെ വിവാദം. ഇത്തരമൊരു കമ്പനിയില്‍ തുടക്കകാര്‍ക്ക് ജോലി ലഭിക്കുന്നത് വളരെ അഭിമാനകരമാണെങ്കിലും ഇത്രയും കുറവ് ശമ്പളം ലഭിക്കുവെന്നത് വളരെ വൈരുദ്ധ്യമാണെന്നാണ് വിമർശനം.

To advertise here,

കമ്പനിയിലെ തുടക്കകാര്‍ക്ക് രണ്ടരലക്ഷം രൂപയാണ് വാര്‍ഷിക ശമ്പളം. പതിറ്റാണ്ടുകളായി ഇതേ രീതിയാണ് കമ്പനി പിന്തുടരുന്നത്. ആഗോളതലത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന ഈ കമ്പനിയുടെ തൊഴിലാളി വിരുദ്ധതയാണ് ഈ ശമ്പളമെന്നാണ് ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ ഈ പ്രവണതയ്‌ക്കെതിരേ നിരവധി പ്രതിഷേധ പോസ്റ്റുകള്‍ ഉയര്‍ന്നു

ഇരുപതിനായിരം അല്ലെങ്കില്‍ അതില്‍ നിന്ന് അല്‍പം കൂടുതല്‍ മാത്രമാണ് പ്രതിമാസം ഇവര്‍ക്ക് ലഭിക്കുന്നത്. കമ്പനി സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങളില്‍ ഈ ശമ്പളവുമായി ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തി വലിയ പങ്കുവഹിക്കുന്ന  തുടക്കക്കാരോട് യാതൊരു പരിഗണനയും കാണിക്കാത്തതില്‍ വലിയ വിമര്‍ശനമാണുയരുന്നത്. 

അരമണിക്കൂര്‍ വിധം 10 വീടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് എന്‍ജിനിയറിനേക്കാള്‍ ശമ്പളമുണ്ടെന്ന് ചിലര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഇന്ത്യയുടെ തൊഴില്‍ മാര്‍ക്കറ്റ് അസന്തുലിതമായാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. നിര്‍മിതബുദ്ധിയുടെ കടന്നുവരവോടെ തുടക്കകാര്‍ക്ക് വീണ്ടും പ്രതിസന്ധിയേറി. സാധ്യതകളും ശമ്പളവും കുറഞ്ഞു. അടിസ്ഥാന ജീവിതസാഹചര്യങ്ങള്‍ക്ക് അനുസൃതമാവാത്ത ശമ്പളമാണ് പല കമ്പനികളും നല്‍കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഈ വിഷയം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പണം നല്‍കി പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ വളരെയേറെ കഷ്ടപ്പെടുന്നുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

പുതിയ ചുറ്റുപാടില്‍ ചുരുങ്ങിയ ചെലവില്‍ എങ്ങനെ ജീവിക്കുമെന്നും കമ്പനിയുടെ ഈ നിലപാട് മാന്യമല്ലെന്നുമാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കമ്പനി മൗനം പാലിച്ചിരിക്കുകയാണ്‌