
ഒരുനാൾ പറന്നുയരണം, ആകാശം തൊടണം. കുഞ്ഞുനാൾ മുതലേ പ്രണവിന്റെ മനസ്സിൽ കടന്നുകൂടിയ സ്വപ്നമാണിത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സ്വപ്നങ്ങൾക്ക് വീട്ടുകാർ ചിറക് പകരാൻ തീരുമാനിച്ചതോടെ അവൻ പറന്നുയർന്നു, 19-ാം വയസ്സിൽ പൈലറ്റായി.
അമേരിക്കയിൽ ജനിച്ചു വളർന്ന പ്രണവിന് കൊമേർഷ്യൽ ലൈസൻസ് സ്വന്തമാക്കുക എന്നത് സ്വപ്ന സാഫല്യമായിരുന്നു. മനസ്സുകൊണ്ട് അതിയായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത് പ്രണവ് തൻ്റെ ലക്ഷ്യം 19-ാം വയസ്സിൽ കൈപ്പിടിയിൽ ഒതുക്കി. തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടിൽ അവധി ആഘോഷിക്കാൻ എത്തിയ പ്രണവിന് മുന്നോട്ടുള്ള യാത്രയിലും സ്വപ്‌നങ്ങൾ ഏറെയാണ്. പെെലറ്റ് എന്ന മോഹത്തിലേക്കുള്ള യാത്രയെക്കുറിച്ച് പ്രണവ് നായരും കുടുംബവും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
'കുഞ്ഞുനാൾ മുതൽ ബഹിരാകാശ യാത്രികൻ ആകണമെന്നതായിരുന്നു ആഗ്രഹം, പിന്നീടത് പെെലറ്റ് എന്നതായി. എയർപോർട്ടിന് അടുത്തായിരുന്നു വീട്. വിമാനങ്ങൾ ഒക്കെ കണ്ട് അതിനോട് ഇഷ്ടം വന്നുതുടങ്ങി. ആകാശം കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു.
ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു. യുഎസിലെ പഠനം കഴിഞ്ഞു. ഇനി ജോലിക്ക് കയറണം. ഇടയ്ക്ക് അവധിക്കാണ് തിരുവനന്തപുരത്തെ വീട്ടിൽ വരാൻ സാധിക്കാറുള്ളത്.
വീട്ടുകാരുടെ പിന്തുണ തന്നെയാണ് ഇതുവരെ എത്താൻ കാരണം. അമ്മയ്ക്ക് ഞാൻ പെെലറ്റ് ആകുന്നതിൽ പേടിയുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പെെലറ്റ് ആയ വിമാനത്തിൽ വീട്ടുകാരെ കൊണ്ടുപോകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. അഭിമാന നിമിഷമായിരുന്നു അത്. ഏപ്രിലിലാണ് എനിക്ക് കൊമേഴ്ഷ്യൽ ലെെസൻസ് കിട്ടുന്നത്. 257 മണിക്കൂർ ഇപ്പോൾ വിമാനം പറത്തി.
ഒറ്റയ്ക്കുള്ള ആദ്യ വിമാനയാത്ര മറക്കാൻ പറ്റില്ല. അത്രയും നാൾ പരിശീലകനൊപ്പം വിമാനം പറത്തിയിട്ട് ആദ്യമായി ഒറ്റയ്ക്ക് പറത്തിയത് വല്ലാത്ത അനുഭവമായിരുന്നു. ആ സമയത്ത് നല്ല ടെൻഷനുണ്ടായിരുന്നു.
ടെറസിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഭയം തോന്നാറുണ്ട്, പക്ഷേ വിമാനത്തിൽ ഇരുന്ന് താഴേക്ക് നോക്കുമ്പോൾ യാതൊരു ഭയവും തോന്നിയിട്ടില്ല. വിമാനത്തിന് പെട്ടെന്ന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന ധാരണ നമുക്ക് ഉണ്ടാകും. പേടിച്ചുകൊണ്ട് നമുക്ക് വിമാനം പറത്താൻ സാധിക്കില്ല.
റൺവേ കാണുന്നത് തന്നെ വല്ലാത്തൊരു ഭംഗിയാണ്. വിമാനത്തിൽ ഇരുന്ന് സൂര്യാസ്തമയം കാണുന്നതൊക്കെ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭവമാണ്. ലാൻഡിങ് ആണ് ടേക് ഓഫിനെക്കാളും കുറച്ചുകൂടി പ്രയാസം.
എയർലെെൻ ട്രാൻസ്പോർട് ലെെസൻസ് സ്വന്തമാക്കണം എന്നതാണ് ഇനിയുള്ള ആഗ്രഹം. അതിന് 21 വയസ്സ് തികയണം, വിമാനം പറത്തലിൽ 1500 മണിക്കൂർ തികയ്ക്കണം. തിരികെ അമേരിക്കയിൽ എത്തിയിട്ട് ലെെസൻസിനുള്ള മണിക്കൂറുകൾ തികയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണം', പ്രണവ് പറഞ്ഞു.
'പൊതുവെ സാഹസികതയും യാത്രയും ഇഷ്ടമുള്ള ആളാണ് പ്രണവ്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും അതിൽ കാര്യമില്ലെന്ന് മനസ്സിലായി. നമ്മുടെ പേടി അവരുടെ കരിയറിനെ പിന്നോട്ട് വലിക്കരുതല്ലോ. മകനിൽ പൂർണവിശ്വാസമുണ്ട്, അവനെക്കൊണ്ട് സാധിക്കും എന്ന് ഉറപ്പായിരുന്നു.
സാധാരണ 18-ാം വയസ്സിലാണ് അമേരിക്കയിൽ ഹെെസ്കൂൾ ഗ്രാജുവേഷൻ കഴിയുന്നത്. മകൻ 16-ാം വയസ്സിൽ ഗ്രാജുവേഷൻ പൂർത്തിയാക്കി. അതുകൊണ്ടാണ് 19-ാം വയസ്സിൽ ഫ്ലെെയിങ് കോഴ്സ് പൂർത്തിയാക്കാൻ സാധിച്ചത്.
കൊളംബസ് എയർപോർട്ട് ഞങ്ങളുടെ വീടിന് അടുത്താണ്. കുട്ടിക്കാലത്ത് വിമാനങ്ങൾ പോകുന്നത് എത്ര കണ്ടിരുന്നാലും അവന് മതിയാകില്ലായിരുന്നു. പെെലറ്റ് ആകണമെന്ന ആഗ്രഹം തോന്നിയത് മുതൽ എല്ലാക്കാര്യങ്ങളും അവൻ തന്നെ അന്വേഷിച്ച് കണ്ടെത്തി. നമ്മൾ പിന്തുണ മാത്രമേ നൽകിയുള്ളൂ. മകൻ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്തത് വല്ലൊത്തൊരു അനുഭവമായിരുന്നു. സങ്കടവും സന്തോഷവും ഒക്കെ കലർന്ന നിമിഷമായിരുന്നു അത്', അമ്മ പറഞ്ഞു.
Content Highlights: Pranav Nair fulfills his childhood dream of becoming a pilot at 19. Read his inspiring journey
Published: 16 Jul 2025, 12:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented