തിരുവനന്തപുരം: തീരദേശ മണ്ഡലങ്ങളിലെ യുവാക്കളെ വൈജ്ഞാനിക തൊഴില്‍രംഗത്തേക്ക് നയിക്കാന്‍ സര്‍ക്കാര്‍ തൊഴില്‍തീരം പദ്ധതിക്കു തുടക്കമിടുന്നു. ഓഗസ്റ്റില്‍ തുടങ്ങുന്ന പദ്ധതിക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ (ഡി.ഡബ്ല്യു.എം.എസ്.) 12,000 പേര്‍ രജിസ്റ്റര്‍ചെയ്തു. നോളജ് മിഷന്റെ വിവിധ സേവനങ്ങളിലൂടെ പരിശീലനംനല്‍കി മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

To advertise here,

ലക്ഷ്യം : മത്സ്യത്തൊഴിലാളികുടുംബങ്ങളുടെ വരുമാനവര്‍ധനയും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിലക്ഷ്യം. സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളിലും ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലും പദ്ധതി നടപ്പാക്കും.

ഗുണഭോക്താക്കള്‍, പരിശീലനം : 18-40 പ്രായപരിധിയിലുള്ള, പ്ലസ്ടു വിദ്യാഭ്യാസമോ അതിനുമുകളിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുക. ഓണ്‍ലൈനായും അല്ലാതെയും പരിശീലനം ലഭ്യമാക്കും.നോളജ് മിഷന്റെ സേവനങ്ങളായ റോബോട്ടിക് ഇന്റര്‍വ്യൂ, സൈക്കോമെട്രിക് ടെസ്റ്റ് ആന്‍ഡ് കരിയര്‍ കൗണ്‍സിലിങ്, വര്‍ക്ക് റെഡിനെസ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, ബ്രിട്ടീഷ് കൗണ്‍സില്‍ ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും. പ്രാദേശിക തൊഴിലുകള്‍മുതല്‍ സമുദ്ര-മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തൊഴിലുകളും പദ്ധതിയില്‍ ഉള്‍പ്പെടും.

രജിസ്റ്റര്‍ ചെയ്തവരില്‍ സ്ത്രീകളേറെ

പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തവരില്‍ 8589 പേര്‍ സ്ത്രീകളാണ്. 7127 പേര്‍ തൊഴില്‍ മുന്‍പരിചയമില്ലാത്തവരുമാണ്. ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ചെയ്ത തൊഴില്‍ദാതാക്കള്‍ ലഭ്യമാക്കുന്ന തൊഴിലവസരങ്ങള്‍ക്കുപുറമേ, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്വകാര്യസ്ഥാപനങ്ങളിലും തൊഴില്‍ നല്‍കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ആദ്യം നടക്കും. പദ്ധതിനിര്‍വഹണത്തിന് തീരദേശ മണ്ഡലങ്ങളില്‍ ജൂലായ് 31-നുള്ളില്‍ സംഘാടകസമിതി രൂപവത്കരിക്കും. വിദ്യാസമ്പന്നരായ തൊഴിലന്വേഷകരെ അംഗങ്ങളാക്കി പ്രാദേശിക തൊഴില്‍ ക്ലബ്ബുകള്‍, ജില്ലാതല തൊഴില്‍മേളകള്‍, പഞ്ചായത്ത്-പ്രാദേശികതല ബോധവത്കരണം, പ്രാദേശിക സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. സാഗര്‍ മിത്ര, കമ്യൂണിറ്റി അംബാസഡര്‍, സാഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കാണ് സംഘാടനച്ചുമതല.