അഞ്ചാം ക്ലാസ്സിലെ കൗതുകം 17-ാം വയസ്സില്‍ സംരംഭകനാക്കി; വിജയപഥത്തിലേറി ജവാദ്


വന്ദന വിശ്വനാഥന്‍

കംപ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടും മുഹമ്മദ് ജവാദെന്ന ഏഴുവയസ്സുകരന് തോന്നിയ കൗതുകമാണ് ടി.എന്‍.എം ഓണ്‍ലൈന്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയിലെത്തിയത്

TNM Jawad| Facebook

ഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജവാദിന്റെ വീട്ടില്‍ കംപ്യൂട്ടറെത്തുന്നത്. അന്ന് കംപ്യൂട്ടറിന് മുന്നില്‍ ഊണും ഉറക്കവും വെടിഞ്ഞിരുന്ന ജവാദ് മുഹമ്മദ്, തന്റെ 23-ാം വയസ്സിലും കംപ്യൂട്ടറിന് മുന്നില്‍ തന്നെയാണ്. പക്ഷേ അന്നത്തെപ്പോലെ വെബ്‌സൈറ്റുകളിലൂടെ കണ്ണോടിക്കുകയല്ല, വെബ്‌സൈറ്റും മൊബൈല്‍ ആപ്പും നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണെന്ന് മാത്രം. കുട്ടിക്കാലത്ത് തുടങ്ങിയ വെബ് ഡിസൈനിങ് താല്‍പര്യത്തിന്റെ ചുവടുപിടിച്ച് ഈ യുവാവിന്ന് എത്തി നില്‍ക്കുന്നത് സ്വന്തം സംരംഭത്തിന്റെ തലപ്പത്താണ്.

സ്വപ്‌നത്തിന്റെ തുടക്കം

കംപ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടും മുഹമ്മദ് ജവാദെന്ന ഏഴുവയസ്സുകരന് തോന്നിയ കൗതുകമാണ് ടി.എന്‍.എം ഓണ്‍ലൈന്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയിലെത്തിയത്. അച്ഛന്റെ ഓഫീസില്‍ കണ്ട കംപ്യൂട്ടറിനോടുള്ള കൗതുകം, കംപ്യൂട്ടറിനെ അടുത്തറിയാനുള്ള അവന്റെ ആഗ്രഹത്തിന് വഴിമാറി. തന്റെ പത്താം വയസ്സില്‍ അച്ഛന്‍ സമ്മാനമായി നല്‍കിയ കംപ്യൂട്ടര്‍ ജവാദിലെ ടെക്കിയെ വളര്‍ത്തിയെടുത്തു.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴേക്കും സ്വന്തമായി ബ്ലോഗ് ഉണ്ടാക്കാനും ചെറിയ വെബ്ഡിസൈനിങ് നടത്താനുമെല്ലാം പഠിച്ചു. ആ സമയത്ത് സ്വന്തം നാടായ കണ്ണൂരിനെപ്പറ്റിയൊക്കെ ബ്ലോഗ് ഉണ്ടാക്കിത്തുടങ്ങി. അങ്ങനെ സ്‌കൂളിലാകെ കംപ്യൂട്ടര്‍ വിദ്വാനെന്ന പരിവേഷവും കിട്ടി. പ്ലസ് വണ്ണിലേക്കെത്തിയപ്പോള്‍ ഈ മേഖലയെ കുറച്ചു കൂടി ഗൗരവത്തോടെ കാണാനാരംഭിച്ചു. അങ്ങനെ ഒരു പ്രൊഫഷണല്‍ സ്ഥാപനത്തില്‍ പോയി വെബ്ഡിസൈനിങ്ങ്, വെബ്‌ഡെവലപ്‌മെന്റ് എന്നിവ പഠിച്ചു.

അതിവേഗം വളര്‍ന്ന സംരംഭം

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ അത് മറികടക്കാന്‍ ചെറിയ വെബ്ഡിസൈനിങ്ങ് ജോലികളൊക്കെ ജവാദ് ഏറ്റെടുത്ത് തുടങ്ങി. അങ്ങനെ വെബ്ഡിസൈനിങ്ങ് പഠിച്ച സ്ഥാപനത്തിലെ രണ്ട് അധ്യാപകരെ വച്ച് ടി.എന്‍.എം. ഓണ്‍ലൈന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ 2013 ജൂണിലാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഇന്നിപ്പോള്‍ വെബ് ഡിസൈനിംഗ്, ഡെവലപ്‌മെന്റ്, ഹോസ്റ്റിങ്ങ്, ഗൂഗിള്‍ എസ്.ഇ.ഒ, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്, ബ്രാന്റിങ്ങ്, ഇകോമേഴ്‌സ്, സോഫ്റ്റ്‌വേര്‍, മൊബൈല്‍ ആപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന, കോടികള്‍ വരുമാനമുള്ള കമ്പനിയാണിത്. നിലവില്‍ 50- ഓളം ജോലിക്കാരുള്ള 20-ലധികം രാജ്യങ്ങളില്‍ ഇടപാപാടുകാരുള്ള സ്ഥാപനമായിത് മാറി. ബിസിനസ് എന്താണെന്നു പോലും അറിയാതിരുന്ന 17-ാം വയസ്സിലാണ് ജവാദ് സംരംഭവുമായി മുന്നോട്ട് പോയത്. അപ്പോള്‍ കൂടെ നിന്ന കുടുംബം, പഠനമല്ല ബിസിനസാണ് ചെയ്യാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോഴും ഒപ്പം നിന്നു. ഇനി ബെംഗളൂരു, മുംബൈ, ദുബായ്, ഖത്തര്‍, ദോഹ എന്നിവിടങ്ങളിലേക്ക് കമ്പനി വ്യാപിക്കാനാണ് ജവാദിന്റെ ലക്ഷ്യം.

പുത്തന്‍ സംരംഭങ്ങള്‍

ടി.എന്‍.എം. ഓണ്‍ലൈന്‍ സൊല്യൂഷന്‍സ് വിജയമായതോടെ 2017-ല്‍ ടി.എന്‍.എം അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ജവാദ് ആരംഭിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വെബ്ഡിസൈനിങ്, വെബ്‌ഡെവലപ്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 14 വയസ്സു മുതലുള്ള കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റും ഈ സ്ഥാപനം ഉറപ്പുവരുത്തുന്നു.

ഇതിന് പുറമേ 2019-ല്‍ കാര്‍ കെയറിനായി ടി.എന്‍.എം ഓട്ടോഹബ്ബ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിന് സമീപത്തായി ടി.എന്‍.എം സ്‌പോര്‍ട്‌സ് ഹബ്ബെന്ന സ്ഥാപനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജവാദിപ്പോള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മാംഗളൂര്‍ യൂണിവേഴ്‌സിറ്റി അടക്കം ഇന്ത്യയിലെ നിരവധി സര്‍വ്വകലാശാലകളുടെ മാനേജ്‌മെന്റ് വിദ്യാഭ്യാസ വിഭാഗത്തിന്റെ ആദരവ് ഏറ്റുവാങ്ങിയിട്ടുള്ള ജവാദ് ഇതിനോടകം മികച്ച യുവ ഐ.ടി സംരംഭകന്‍ എന്ന ഖ്യാതി നേടിക്കഴിഞ്ഞു.

"ക്ഷമയാണ് ഒരു സംരംഭം തുടങ്ങാന്‍ ആദ്യമായി വേണ്ടത്. ആരംഭത്തില്‍ കാര്യങ്ങളെല്ലാം നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ പോയെന്ന് വരില്ല. അപ്പോള്‍ മനസ്സ് തളരരുത്. മുന്നില്‍ വരുന്ന തടസ്സങ്ങളെ ക്ഷമയോടെ നേരിടാന്‍ ശ്രമിക്കണം. തിരഞ്ഞെടുത്ത മേഖലയില്‍ ആത്മ വിശ്വാസത്തോടെ മുന്നേറാന്‍ ശ്രമിക്കണം"- മുഹമ്മദ് ജവാദ്