ര്‍വതാരോഹണം എന്നത് കേവലം ഒരു ഹോബി മാത്രമല്ല, ശരീരവും മനസ്സും ബുദ്ധിയും ഏകോപിപ്പിക്കുന്നതിനുള്ള നിരവധി സഹസിക അനുഭവങ്ങളും ജോലി സാധ്യതകളും കൂടെ തുറന്ന് നല്‍കുന്ന ഒരു മേഖലയാണ്. സാഹസിക പ്രിയര്‍ക്ക് ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവര്‍ക്കിഷ്ടപ്പെട്ട മേഖലയിലെ സാഹസിക കോഴ്സുകള്‍ പഠിക്കാനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളാണ് മൗണ്ടനീറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ഹിമാലയന്‍ പര്‍വ്വത മേഖലയിലാണ് ഈ സ്ഥാപനങ്ങള്‍ കൂടുതലും സ്ഥിതി ചെയ്യുന്നത്.

To advertise here,

പലയാളുകളും വിവിധ ലക്ഷ്യങ്ങളോടെയാണ് സഹസിക കോഴ്സുകള്‍ ചെയ്യുന്നത്. വ്യത്യസ്ത ഭൂപ്രകൃതിയിലെ താമസം, യാത്ര, രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ കൂടെയുള്ള സഹവാസം, വ്യത്യസ്തമായ കാലാവസ്ഥയിലെ ജീവിതം, കായികക്ഷമത വര്‍ധിപ്പിക്കുന്ന പരിശീലനം, പ്രകൃതിയെ കൂടുതല്‍ തൊട്ടറിയുക തുടങ്ങി ഒരു ഹോബിയായി വരെ മൗണ്ടനീറിംഗ് കോഴ്‌സ് പഠിക്കാം.

എക്‌സ്പഡിഷനുകള്‍ നടത്താം

എവറസ്റ്റ് പോലുള്ള ലോകത്തിലെ വിവിധ കൊടുമുടികള്‍ കീഴടക്കുക, അധികമാരും കടന്നു ചെല്ലാത്ത ഭൂപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുക, തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മൗണ്ടനീറിംഗ് കോഴ്സുകള്‍ പഠിക്കാം.

രക്ഷാപ്രവര്‍ത്തനം  

മലമുകളിലും മഞ്ഞിലും കുടുങ്ങിപ്പോകുക, കാട്ടില്‍ ഒറ്റപ്പെട്ടു പോകുക, വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും അകപ്പെടുക തുടങ്ങി വിവിധ സാഹചര്യങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമായി മൗണ്ടനീറിങ് കോഴ്സുകള്‍ ചെയ്യാം. ഇന്ത്യന്‍ മിലിറ്ററിപോലുള്ള വിവിധ ഫോഴ്സുകളില്‍ ഉള്ളവര്‍ക്ക് അവരുടെ ജോലിയുടെ ഭാഗമായും, ഇത്തരം കോഴ്സുകള്‍ ചെയ്യേണ്ടതുണ്ട്.

സാഹസിക പ്രോഗ്രാമുകള്‍ക്കും യാത്രകള്‍ക്കും നേതൃത്വവും കൊടുക്കുക 

ട്രക്കിങ്, ഹയ്ക്കിങ് , ക്ലൈമ്പിങ്, റാപെല്ലിങ്, റിവര്‍ ക്രോസ്സിംഗ്, സ്‌കൂബ ഡൈവിങ്ങ് , റിവര്‍ റാഫ്റ്റിങ്ങ്, സിപ് ലൈന്‍, പാരാ ഗ്ളൈഡിങ്, ബങ്കി ജമ്പ് തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് പരിശീലനം നല്‍കുക, നേതൃത്വം കൊടുക്കുക, സംവിധാനങ്ങള്‍ സജ്ജീകരിക്കുക, സുരക്ഷ ഉറപ്പാക്കുക, എക്‌സ്പഡിഷന്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കുക, ഇത്തരം യാത്രകള്‍ ഒരുക്കുന്ന സംരംഭങ്ങള്‍ തുടങ്ങുക തുടങ്ങിയ സാധ്യതകളാണ് കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ളത്.

വിദ്യാഭ്യാസത്തിന്റെ ഭാഗം

പുറം ലോകവുമായി ആളുകളെ കണക്റ്റ് ചെയ്യുക, ഔട്ട്ടൂര്‍ സാധ്യതകള്‍ ഉപയോഗിച്ചുള്ള  പരിശീലനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പ്രകൃതിയെ തൊട്ടറിയുന്നഗൈഡഡ് ഔട്ട്ടൂര്‍ പ്രോഗ്രാമുകള്‍, ക്യാമ്പുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുക, പുതു തലമുറയില്‍ സഹസികത പ്രോത്സാഹിപ്പിക്കുക, അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുക തുടങ്ങി മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റിയുട്ടുകളില്‍ പരിശീലാകരാവുക പോലുള്ള വിവിധങ്ങളായ സാധ്യതകളാണ് ഈ കോഴ്സുകള്‍ക്കുള്ളത്.

ഏതൊക്കെയാണ് കോഴ്സുകള്‍?

പ്രധാനമായും മൂന്ന് രീതിയിലുള്ള സഹസിക കോഴ്സുകളാണ് ഇവിടെ നല്‍കുന്നത്

  1. അക്വ ബേസ്ഡ് കോഴ്‌സുകള്‍- വെള്ളവുമായി ബന്ധപ്പെട്ട കോഴ്സുകളായ സ്‌കൂബ ഡൈവിങ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, കയാക്കിങ്, പോലുള്ള കോഴ്സുകള്‍.
  2. ലാന്‍ഡ് ബേസ്ഡ്(കരയിലെ കോഴ്സുകള്‍)- അഡ്‌ഹോക് അഡ്വഞ്ചര്‍ കോഴ്‌സ്, ബേസിക് മൗണ്ടനീറിംഗ് കോഴ്‌സ്, അഡ്വാന്‍സ് മൗണ്ടനീറിംഗ് കോഴ്‌സ്, മെത്തേഡ് ഓഫ് ഇന്‍സ്ട്രക്ഷന്‍ കോഴ്‌സ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോഴ്‌സ്, മൗണ്ടെയ്ന്‍ ടെറെയിന്‍ ബൈക്കിങ് കോഴ്‌സ്, സ്പോര്‍ട്സ് ക്ലൈമ്പിങ്, സ്‌കിയിങ്, എന്നിവയാണ് ഇതില്‍ പ്രധാനമായും ഉണ്ടാകുന്നത്.
  3. എയര്‍ ബേസ്ഡ് കോഴ്സുകള്‍- പാരാ ഗ്ളൈഡിങ്, പാരാ മോട്ടോര്‍ ഗ്ളൈഡിങ് പോലുള്ള എയിറോ അഡ്വഞ്ചര്‍ കോഴ്സുകളാണ് ഇതിന്റെ ഭാഗമായുള്ളത്

കോഴ്‌സിന്റെ ഉള്ളടക്കം

മൗണ്ടനീറിംഗ് കോഴ്സുകളില്‍ പ്രധാനമായും റോക്ക് ക്രാഫ്റ്റ്, സ്നോ ക്രാഫ്റ്റ്, ഐസ് ക്രാഫ്റ്റ്, എന്നീ മൂന്ന് പ്രധാന വിഷയങ്ങളാണ് പരിശീലിക്കേണ്ടത് കൂടാതെ 
ട്രെക്കിങ്, ഹൈക്കിങ്, റിവര്‍ ക്രോസ്സിംഗ്, ആര്‍ട്ടിഫിഷ്യല്‍ വാള്‍ ക്ലൈമ്പിങ്, ഹിച്ചസ് & നോട്‌സ് ( (Hitches &Knots)), ഫസ്റ്റ് എയ്ഡ്, തുടങ്ങി വിവിധ പരിശീലനങ്ങള്‍ നല്‍കും, ഓരോ വിഷയത്തിന്റെയും തീയറി ക്ലാസ്സുകളും പ്രാക്ടിക്കല്‍ പരിശീലനവും ടെസ്റ്റുകളുമുണ്ടാവും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവണ്മെന്റ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും.

സ്ഥാപനങ്ങള്‍

  1.  നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്, ഉത്തര്‍കാശി.(NIM), Uttarkashi 
  2. ഹിമാലയന്‍ മൗണ്ടനീറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡാര്‍ജിലിങ് (HMI), Darjeeling
  3. അഡല്‍ ബിഹാരി വാജ്പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗ് ആന്‍ഡ് അലീഡ് സ്പോര്‍ട്സ് (ABVIMAS), Manali-
  4. ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗ് & വിന്റര്‍ സ്പോര്‍ട്സ്. (JIMWS), Jammu & Kashmir 
  5. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗ് ആന്‍ഡ് അഡ്വഞ്ചര്‍ സ്പോര്‍ട്സ് (NIMAS) Dirang അരുണാചല്‍ പ്രദേശ് 
  6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിയിങ് ആന്‍ഡ് മൗണ്ടനീറിങ്(IISM) GulmargGulmarg

https://www.iismgulmarg.in/ എന്നിവയാണ് സ്ഥാപനങ്ങളില്‍ ചിലത്. ഇവയെല്ലാം തന്നെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളാണ്, ഇവ കൂടാതെ നിരവധി ഗവണ്മെന്റ് സ്വകാര്യ മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇന്ത്യയിലുണ്ട്.

പ്രവേശന രീതി 

  • 15 ദിവസം മുതല്‍ ഒരു മാസം വരെയാണ് പല കോഴ്‌സുകളുടെയും കാലാവധി.
  • മൗണ്ടനീറിംഗ്, വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിങ് പോലുള്ള കോഴ്സുകള്‍ക്ക് 18 വയസ്സ് മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്, ചില സ്ഥാപനങ്ങള്‍17 വയസ്സ് മുതല്‍ 45 വയസ്സുവരെയും പ്രവേശനം നല്‍കും.
  • ചില അഡ്‌ഹോക്ക് അഡ്വഞ്ചര്‍ കോഴ്സുകള്‍ക്ക് 12 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നു, കുട്ടികള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കുമുള്ള പ്രത്യേക പരിശീലനങ്ങളും ചില സ്ഥാപനങ്ങളിലുണ്ട്. 

എങ്ങനെ തയ്യാറെടുക്കണം?

ശാരീരികമായും, മാനസികമായും  ആരാഗ്യവാനാണെന്ന് നിര്‍ദ്ധിഷ്ട ഫോമില്‍ ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് അപേക്ഷ ഫോമിന്റെ കൂടെ സമര്‍പ്പിക്കണം.

ഓരോ കോഴ്സിനും നല്ല കായിക ക്ഷമത ആവശ്യമായതിനാല്‍ കോഴ്‌സ് തുടങ്ങുന്നതിനു ചുരുങ്ങിയത് മൂന്ന് മാസം മുന്‍പ് തന്നെ പ്രത്യേക വ്യായാമം ചെയ്ത് ശാരീരികമായും മാനസികമായും തയ്യാറെടുക്കേണ്ടതുണ്ട്, പരിശീലന വിശദാംശങ്ങള്‍, അപേക്ഷ ഫോമുകള്‍ എന്നിവ ഓരോ സ്ഥാപനത്തിന്റെയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‍കേണ്ടത്, ചില സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷക്ക് പുറമെ ഡോക്യൂമെന്റുകള്‍ പോസ്റ്റലായും അയക്കേണ്ടതുണ്ട്.

കോഴ്‌സ് ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട വിവിധ സുരക്ഷാ ഉപകരണങ്ങള്‍, സ്ലീപ്പിങ് ബാഗ്, മാറ്റ്, തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ സ്ഥാപനങ്ങള്‍ കോഴ്‌സ് കാലാവധിയില്‍ ഉപയോഗിക്കാന്‍ വേണ്ടി നല്‍കും. ഇന്ത്യന്‍ മിലിട്ടറിയില്‍ നിന്നും പുറത്തു നിന്നും പരിശീലനം ലഭിച്ച വിദഗ്ധരായ പരിശീലകരാണ് കോഴ്സുകളില്‍ പരിശീലനം നല്‍കുന്നത്

ഭക്ഷണം, താമസം, ഉപകരണങ്ങള്‍, യാത്ര തുടങ്ങി വളരെ ചിലവേറിയ പരിശീലനങ്ങളാണെങ്കിലും സബ്സിഡിയോട് കൂടിയ ഫീസ് മാത്രമാണ് വിദ്യാര്‍ഥികള്‍ അടക്കേണ്ടത്.
അതുകൊണ്ടുതന്നെ കോഴ്സുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് പല സ്ഥാപനങ്ങളിലും അഡ്മിഷന്‍ ലഭിച്ചാല്‍ തന്നെ കോഴ്‌സ് ചെയ്യാന്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്.

യുവത്വത്തിന്റെ പ്രത്യേകതയായ ഉയര്‍ന്ന എനര്‍ജിയെ ക്രിയാത്മകമായി ഉപയോഗിക്കുകയും,സുരക്ഷിതമായ സാഹസികതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിദഗ്ധ പരിശീലനം നല്‍കുക എന്ന വലിയ ലക്ഷ്യമാണ് മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റിയുട്ടുകള്‍ നിറവേറ്റുന്നത്.  യുവാക്കള്‍ക്ക് ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

(ലേഖകന്‍  National Institute of Mountaineering & Adventure sports-ല്‍ നിന്നും മൗണ്ടനീറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയായിട്ടുണ്ട്)