തൃശ്ശൂർ: ഒമ്പതു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ ഭർത്താവ് നിഗീഷിനോട് അഞ്ജന പറഞ്ഞു - നിങ്ങൾ ഇനിയും ജോലിക്ക് പോകണം, തൃശ്ശൂരിലെ ഒരു സ്ഥാപനത്തിൽ.

To advertise here,

2013 മുതൽ 2015 വരെ തൃശ്ശൂരിലെ 'ആ സ്ഥാപന'ത്തിൽ രാവിലെ ജോലിക്ക് പോയി വൈകിട്ട് തിരിച്ചെത്തി നിഗീഷ്. 2015-ലെ ജയിൽ വകുപ്പിലെ വാർഡൻ റാങ്ക് പട്ടികയിൽ മൂന്നാംറാങ്കുകാരനായി സ്ഥാനം പിടിച്ചപ്പോൾ മാത്രമാണ് അഞ്ജനയും നിഗീഷും രഹസ്യം എല്ലാവരോടും വെളിപ്പെടുത്തിയത് -സ്‌കൂൾ അധ്യാപികയായ അഞ്ജന ഭർത്താവിനെ പറഞ്ഞയച്ചത് തൃശ്ശൂരിൽ ജോലിക്കായിരുന്നില്ല, പകരം പി.എസ്.സി. പരിശീലന ക്ലാസിലേക്കായിരുന്നു. നിഗീഷിന് തൃശ്ശൂരിലെ ലാബിലാണ് ജോലി എന്നാണ് ഇരുവരും മാതാപിതാക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

ഇരുവരുടെയും വീടുകളിലെയും ചെലവിനുള്ള പണം അഞ്ജന ശമ്പളത്തിൽനിന്ന് മുടങ്ങാതെ കണ്ടെത്തി. ഒപ്പം ഭർത്താവിന് പഠിക്കാനുള്ള ചെലവും ഫീസും കൂടി.

അഞ്ജനയുടെ ശ്രമവും നിഗീഷിന്റെ പരിശ്രമവും വെറുതെയായില്ല. സർക്കാർ വകുപ്പുകളിലെ 16 റാങ്ക് പട്ടികകളിൽ മുൻനിരയിൽ നിഗീഷ് സ്ഥാനം പിടിച്ചു. എല്ലാത്തിനും ചേരാൻ ഉത്തരവ് കിട്ടിയെങ്കിലും ഇഷ്ടപ്പെട്ട നാല് വകുപ്പുകളിലാണ് ചേർന്നത്.

ആദ്യം ജയിൽ വകുപ്പിൽ വാർഡനായി. പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി. കോടതിയിലും ക്ലർക്കായി ജോലി ചെയ്തു. പിന്നീട് എക്സൈസ് വകുപ്പിൽ ഗാർഡായി ജോലി കിട്ടി. പരിശ്രമം മുടക്കിയില്ല.

എക്സൈസ് വകുപ്പിൽ സർക്കിൾ ഇൻസ്പെക്ടർ പട്ടികയിൽ രണ്ടാം റാങ്ക് നേടി. 97,000 പേരാണ് ആ പരീക്ഷ എഴുതിയത്. 2020-ൽ സി.ഐ. ആയി. സ്ഥാനക്കയറ്റം കിട്ടി ഇപ്പോൾ പാലക്കാട് എക്സൈസിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ അസിസ്റ്റന്റ് കമ്മിഷണറാണ് 45-കാരനായ നിഗീഷ്.

എച്ച്.എസ്.എസ്. പരീക്ഷയിൽ ഒന്നാം റാങ്കും പിന്നീട് മൂന്നാം റാങ്കും നേടിയ അഞ്ജന, സ്വന്തം ജില്ലയിൽ ജോലി കിട്ടുമെന്നതിനാൽ മൂന്നാം റാങ്ക് പട്ടികപ്രകാരമാണ് ചേർന്നത്. ഇപ്പോൾ പാലക്കാട് വട്ടേനാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ആണ്. നിരഞ്ജനയും ഇഫാൻ ഗൗതവുമാണ് മക്കൾ.

കുന്നംകുളം അറിയാരത്ത് വീട്ടിൽ എ.ആർ. നിഗീഷ് വിവേകാനന്ദ കോളജിൽനിന്ന് എം.കോം. പാസായശേഷം കുന്നംകുളം നഗരസഭയുടെ എസ്.സി. പ്രമോട്ടറായി താല്ക്കാലിക ജോലി ചെയ്തു. പിന്നീടാണ് റിയാദിലേക്ക് പോയത്. അവിടെ സീ ഫുഡ് കമ്പനിയിൽ സൂപ്പർവൈസറായും അക്കൗണ്ടന്റായും ഡ്രൈവറായും പ്രവർത്തിച്ചു. 2004 മുതൽ 2013 വരെ പ്രവാസമായിരുന്നു. എടപ്പാൾ കോലളമ്പ് സ്വദേശിയായ സി.എ. അഞ്ജന 2011-ലാണ് നിഗീഷിനെ വിവാഹം കഴിച്ചത്.