
ജീവനക്കാരോട് വര്‍ക്ക് - ലൈഫ് ബാലന്‍സ് നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്‍ഫോസിസ്. ഈ വിഷയത്തില്‍ ഒരു ആഭ്യന്തര കാമ്പെയ്ന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ ഓഫീസിലെ ജോലിക്കായി ചെലവഴിക്കുന്ന സമയവും റിമോട്ട് ജോലിചെയ്യുന്ന ജോലിക്കാരുടെ സമയവും എച്ച്.ആര്‍. നിരീക്ഷിക്കും. നിര്‍ദ്ദിഷ്ട സമയപരിധിക്ക് മുകളില്‍ ജോലി സമയം രേഖപ്പെടുത്തിയ ജീവനക്കാര്‍ക്ക് കമ്പനി വ്യക്തിഗത ഇമെയിലുകള്‍ അയക്കുകയും ചെയ്യും. ഇത് സാധാരണ സമയക്രമം പാലിക്കാനും ആരോഗ്യത്തില്‍ ശ്രദ്ധിക്കാനും അവരെ പ്രേരിപ്പിക്കുന്നു.
ആഴ്ചയില്‍ അഞ്ച് ദിവസവും പ്രതിദിനം ശരാശരി 9.15 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കമ്പനിയുടെ എച്ച്.ആര്‍. ടീം ആരോഗ്യത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ടുള്ള ഇമെയിലുകള്‍ അയക്കും. ഈ ഇമെയിലുകളില്‍ ജീവനക്കാരന്‍ എത്ര ദിവസം റിമോട്ട് ജോലി ചെയ്തു, ആകെ എത്ര സമയം ജോലി ചെയ്തു, പ്രതിദിനം ശരാശരി എത്ര മണിക്കൂര്‍ ജോലി ചെയ്തു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടാകും
Also Read
വര്‍ക്ക് ലൈഫ് ബാലന്‍സ് വ്യക്തിപരമായ ക്ഷേമത്തിന് മാത്രമല്ല ദീര്‍ഘകാല തൊഴില്‍പരമായ കാര്യക്ഷമതയ്ക്കും അത്യാവശ്യമാണെന്ന് കമ്പനി പറയുന്നു. സ്ഥിരമായി ഇടവേളകള്‍ എടുക്കാനും, അധിക ജോലിഭാരം തോന്നുമ്പോള്‍ ആശങ്കകള്‍ അറിയിക്കാനും, ആവശ്യമെങ്കില്‍ ജോലികള്‍ കൈമാറാനും ഇന്‍ഫോസിസ് ജീവനക്കാരെ ഉപദേശിക്കുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഈ പുതിയ സംരംഭം ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ സ്വീകരിച്ചതിന് ശേഷമാണ് ഇന്‍ഫോസിസ് ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2023 നവംബര്‍ 20 മുതല്‍ കമ്പനി വര്‍ക്ക് ഫ്രം ഓഫീസ് നയം സ്വീകരിച്ചിരുന്നു. അതനുസരിച്ച് ജീവനക്കാര്‍ ഒരു മാസം കുറഞ്ഞത് 10 ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യണം.
'ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് നിങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘകാല തൊഴില്‍ വിജയത്തിനും നിര്‍ണായകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- ജീവനക്കാര്‍ക്ക് എച്ച്.ആര്‍. നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ ഈ നയത്തിന് വിപരീതമായിട്ടാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി മുന്‍പ് നടത്തിയ പ്രസ്താവനകള്‍. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ, രാജ്യം ഒരു ആഗോള ശക്തിയാകണമെങ്കില്‍ യുവ ഇന്ത്യക്കാര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്ന് മൂര്‍ത്തി പറഞ്ഞിരുന്നു, 'നമുക്ക് കഠിനാധ്വാനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആര് കഠിനാധ്വാനം ചെയ്യും?' - അദ്ദേഹം ചോദിച്ചു.
'ജോലി-ജീവിത സന്തുലിതാവസ്ഥ എന്ന ഈ ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,' യഥാര്‍ത്ഥ പുരോഗതിക്ക് ത്യാഗവും നിരന്തരമായ പ്രയത്‌നവും ആവശ്യമാണ്- മുന്‍പൊരിക്കല്‍ നാരായണ മൂര്‍ത്തി പറഞ്ഞിരുന്നു
അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും വിവിധ തലമുറയിലുള്ള പ്രൊഫഷണലുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കുകയും ചെയ്തിരുന്നു.
Content Highlights: Infosys Promotes Work-Life Balance for Employees
Published: 01 Jul 2025, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented