
സിവില്‍ സര്‍വീസ് അഞ്ച് തവണ എഴുതിയെങ്കിലും ആലപ്പുഴ സ്വദേശി ദേവിപ്രിയയ്ക്ക് അഞ്ചാം വട്ടം തുണയായത് ഐഎഫ്എസാണ്. ആലപ്പുഴ മുതുകുളം സ്വദേശിനിയായ ദേവിപ്രിയ 51-ാം റാങ്ക് നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.
സിവില്‍ സര്‍വീസ് മോഹത്തിനിടെയാണ് ദേവിപ്രിയ ഐഎഫ്എസിനെ കുറിച്ച് അറിയുന്നത്. അഞ്ച് തവണയും ഐഎഫ്എസ് പ്രിലിംസും എഴുതിയിരുന്നു. ഈ തവണയാണ് ഐഎഫ്എസ് പ്രിലിംസ് കടക്കുന്നത്. രണ്ട് പരീക്ഷയ്ക്കും ഒരുമിച്ചായിരുന്നു തയ്യാറെടുപ്പ്. അഭിമുഖത്തില്‍ 20 മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ഇത്തവണ സിവില്‍ സര്‍വീസ് നഷ്ടമായത്.
2017-ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. അഭിമുഖം വരെ എത്തിയെങ്കിലും കിട്ടിയില്ല. വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ഡെവലപ്മെന്റല്‍ സ്റ്റഡിസില്‍ പിജി ചെയ്തുകൊണ്ടായിരുന്നു പിന്നീട് പഠനം. ആദ്യമൊക്കെ സിവില്‍ സര്‍വീസ് മാത്രമായിരുന്നു ലക്ഷ്യം. കാരണം അഗ്രികള്‍ച്ചറിലായിരുന്നു ബിരുദമെങ്കിലും ഐഎഫ്എസിനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. കൂടുതല്‍ അറിഞ്ഞപ്പോള്‍ ഈ വിഷയത്തില്‍ താത്പര്യം വരികയായിരുന്നു.
നിരാശയുടെ നാളുകള്‍
2020 ല്‍ മെയിന്‍ പരീക്ഷയുടെ സമയത്തായിരുന്നു കോവിഡ് ബാധിച്ചത്. മാനസികമായി അത് വല്ലാതെ തളര്‍ത്തി. കാത്തിരുന്ന് പരീക്ഷയെഴുമ്പോള്‍ ഇങ്ങനെ അസുഖം വരുമ്പോള്‍ ഊഹിക്കാമല്ലോ. ഡിഗ്രി കഴിഞ്ഞ് ജോലിയും ഇല്ല പഠനവും ഇല്ല എന്ന അവസ്ഥയായിരുന്നു കാര്യങ്ങള്‍. കോവിഡ് കാലത്ത് പരീക്ഷകള്‍ മാറ്റിവെച്ചതും അനിശ്ചിതത്വത്തിലാക്കി.
ജോലിയും പഠനവും ഒരുമിച്ച്
സിവില്‍ സര്‍വീസ് പഠനത്തിനിടെ ഹൈകോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷയെഴുതി 2021ല്‍ ജോലിയില്‍ കയറിയിരുന്നു. ജോലിയുള്ളതിനാല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് ദിവസവും പഠനത്തിനായി സമയം ലഭിച്ചിരുന്നത്. പരീക്ഷയോട് അടുപ്പിച്ച് ലീവെടുത്ത് അധിക സമയമെടുത്ത് പഠിച്ചു.
പഠന രീതി
ടെസ്റ്റ് സീരിസിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പഠനസമയം ക്രമീകരിച്ചിരുന്നത്. അമിത സമ്മര്‍ദ്ദമില്ലാതെ പഠിച്ച് മുന്നേറുകയെന്നായിരുന്നു എന്റെ രീതി.
പഠനം
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നാണ് ഡിഗ്രിയെടുത്തത്. പിന്നീട് ഡെവലപ്പ്മെന്റല്‍ സ്റ്റഡീസില്‍ പിജിയെടുത്തു.
ടിപ്സ്
മുന്‍പ് പഠിക്കുമ്പോള്‍ പ്ലാനിങ്ങുണ്ടായിരുന്നു. പെര്‍ഫെക്ഷനിസ്റ്റാവാതെ നമ്മളെ കൊണ്ട് പറ്റുന്ന രീതിയില്‍ പരമാവധി പഠിച്ച് മുന്നേറുക. അവസാന സമയങ്ങളില്‍ കഠിന പരിശ്രമം തന്നെ പുറത്തെടുക്കുക. മുന്‍കാല ചോദ്യപേപ്പറുകള്‍ നന്നായി ചെയ്ത് പഠിക്കുക, ടെസ്റ്റ് സീരിസ് പരമാവധി ചെയ്യുക. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുമ്പോള്‍ പരീക്ഷയുടെ പൊതു സ്വഭാവത്തെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും
മെയിന്‍ പരീക്ഷ
അഗ്രികള്‍ച്ചറും ബോട്ടണിയുമാണ് മെയിന്‍ പരീക്ഷയ്ക്ക് വിഷയങ്ങളായി തിരഞ്ഞെടുത്തത്. ബിരുദത്തിന് പഠിച്ച് അഗ്രികള്‍ച്ചറിന്റെ പുസ്തകങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അന്ന്
അധ്യാപകര്‍ നല്‍കിയ നോട്ടുകളും ഉപകാരപ്പെട്ടു. മുന്‍കാലചോദ്യപേപ്പറുകളും പഠനത്തിനായി ഉപയോഗിച്ചു. ബിരുദ കാലയളവില്‍ ജെനിറ്റിക്സ്, ഫിസിയോളജി ഭാഗങ്ങള്‍ പഠിച്ചിരുന്നു ഇത് ബോട്ടണി പഠിക്കാനായി സഹായിച്ചിരുന്നു.ബാക്കി ടെസ്റ്റ് സീരിസുകളെയുമാണ് ആശ്രയിച്ചത്.
അഭിമുഖം
സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ വിചാരിച്ചതുപോലെ പെര്‍ഫോം ചെയ്യാനായിരുന്നില്ല. അത് കിട്ടിയതുമില്ല. അതിനാല്‍ തന്നെ ഐഎഫ്എസ് അഭിമുഖത്തിന് വളരെ കൂളായാണ് അറ്റന്‍ഡ് ചെയ്തത്. നന്നായി പെര്‍ഫോം ചെയ്യാനും പറ്റി
213 മാര്‍ക്കാണ് അഭിമുഖത്തിന് നേടിയത്. ആഗ്രികള്‍ച്ചര്‍ പഠിച്ച് വന്ന് എങ്ങനെ ഫോറസ്റ്റ് സര്‍വീസില്‍ തിളങ്ങാമെന്നായിരുന്നു ചോദ്യം. എന്തിനാണ് വനങ്ങള്‍ സംരക്ഷിക്കുന്നത്, സംരക്ഷിച്ചാല്‍ തന്നെ എന്തിന് മൃഗങ്ങളെ സംരക്ഷിക്കണമെന്നും ചോദിച്ചിരുന്നു. ഹോബിയായി ഡയറിയെഴുത്തായിരുന്നു നല്‍കിയിരുന്നത് അതിന്റെ ഗുണങ്ങളെന്താണെന്നും ചോദിച്ചിരുന്നു വളരെ മികച്ച രീതിയില്‍ തന്നെ അവയ്ക്ക് ഉത്തരം നല്‍കാനും എനിക്ക് സാധിച്ചു.
കുടുംബം
അച്ഛന്‍ അജിത്ത് കുമാര്‍ എം. പൊതുവിദ്യാഭ്യാസ വകുപ്പില്‍ സിനിയര്‍ സൂപ്രണ്ടായി വിരമിച്ചു. അമ്മ ലത വിശ്വനാഥ് ഫാര്‍മസിസ്റ്റാണ്. പൂര്‍ണ്ണപിന്തുണയുമായി മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു അതായിരുന്നു ഈ യാത്രയിലെ ശക്തി.
Content Highlights: IFS Topper Devipriya Interview
Published: 12 Jul 2022, 02:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented