
കേവലം മൂന്നു ദശകങ്ങൾക്കകം ലോകത്ത് മധ്യവർഗത്തെ പ്രതിനിധീകരിക്കുന്ന അറുനൂറു കോടി ജനത കാണും. പരിമിതമായ പണവും പരിമിതികളില്ലാത്ത അറിവിനോടുള്ള പ്രണയവുമായ ഒരു ലോകമാവുമത്. ആഗോളസർവകലാശാലാ സംയോജിത സംവിധാനങ്ങളുടെ ഇരിപ്പുവശം നിർണയിക്കുക ആ ജനസമൂഹമായിരിക്കും. അറിവിന്റെ ആഗോളവ്യാപനത്തിന്റെ മൊത്ത വിതരണം നിർവഹിക്കുക സാങ്കേതികവിദ്യയുമായിരിക്കും.
സ്മാർട്ട് സ്കൂളുകളും സ്മാർട്ട് ക്ലാസുകളും സ്മാർട്ട് കസേരകൾക്കും സ്മാർട്ട് ഡെസ്കുകൾക്കും വഴിമാറും. നിർമിതബുദ്ധി ആവേശിച്ച കസേരകളും ഡെസ്കുകളും ബുദ്ധിപൂർവം പെരുമാറും. ലോകത്തെവിടെയെങ്കിലുമുള്ള ക്ലാസ് മുറികളിലേക്കുള്ള ശ്രദ്ധയുടെ ഒഴുക്ക് സെൻസറുകളിലൂടെ മാപ്പു ചെയ്യുന്ന സംവിധാനങ്ങളുണ്ടാവും.
അധ്യാപന-പഠന പ്രക്രിയയുടെ അനിഷേധ്യഭാഗമെങ്കിലും അദൃശ്യമായ സർഗാത്മകത, മാർഗദർശിത്വം തുടങ്ങിയവയുടെ അതിരുകൾ വിശാലമാക്കുന്ന പ്രതിഭകൾ രംഗം വാഴും. ഇന്നത്തെ ഏതാണ്ടൊരു റിങ് മാസ്റ്റർ നിലയിൽനിന്ന് ഒരു സെൻ മാസ്റ്റർ നിലവാരത്തിലേക്ക് അധ്യാപകർ വളരും. പുസ്തകങ്ങളിലെ അറിവിന്റെ വിതരണക്കാരാവാതെ വിദ്യാർഥികളിൽ അവബോധം വളർത്തുന്ന പ്രതിഭാശാലികളായി അവർ മാറും; മാറണം. അറിവിന്റെ സൃഷ്ടി, വ്യാപനം, അംഗീകാരം, അറിവിനെ പണമാക്കിയെടുക്കൽ ഒക്കെയാവും സർവകലാശാലകളുടെ നിയോഗങ്ങൾ. ധനാഗമത്തിന്റെ സ്രോതസ്സുകളും ലോകാനുരാഗത്തിന്റ മഹനീയ വഴികളും സമന്വയിക്കുന്ന പുതിയ അറിവിന്റെ ലോകമാവും അത്.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പഠനം പ്രത്യേക സാഹചര്യത്തിലെ വെല്ലുവിളികളെ നേരിടാനുള്ള അറിവ് സമാഹരണമാവും. ആത്യന്തിക വിശകലനത്തിൽ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഉത്തരങ്ങളെക്കാൾ നിർണായകമായ ചോദ്യങ്ങളുടെ വ്യാപനമാവും പഠനം ലക്ഷ്യമാക്കുന്നത്. മികച്ച പ്രകടനത്തിനായുള്ള സമ്മർദവും ആനന്ദദായകമായ പഠനവും അറിവുപകരുന്ന അനുഭൂതിയും പരമമായ ആനന്ദത്തിലേക്ക് നയിക്കുന്ന അറിവിന്റെ കേന്ദ്രങ്ങളാവും നമ്മുടെ സർവകലാശാലകൾ. എന്തുകൊണ്ട് ഇപ്പോഴേ നമുക്ക് ശ്രമിച്ചുകൂടാ?
Content Highlights: Future of Education, Success Mantra, IIMK Director's Column
Published: 19 Oct 2020, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented