ഹരിത വി. കുമാർ
2012-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഇപ്പോള്‍ കേരള ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ ഹരിത വി. കുമാര്‍ പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാമെന്ന് വിശദീകരിക്കുന്നു
പ്രിലിമിനറി എളുപ്പത്തില്‍ ജയിക്കാന്‍ എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ?
സിവില്‍ സര്‍വീസ് പരീക്ഷയില്‍ പഠിക്കുക എന്നത് മാത്രമാണ് ഏക വഴി. ചിട്ടയായ പഠനത്തിലൂടെ മറികടക്കാനാകുന്ന പരീക്ഷയ്ക്ക് എളുപ്പവഴികളില്ല. ഇപ്പോള്‍ വന്നിരിക്കുന്ന വിജ്ഞാപനം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷയുടെതാണ്. ഈ പരീക്ഷയെ പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആറുമാസം മുന്‍പേയെങ്കിലും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ടാകണം. ആദ്യത്തെ പരീക്ഷ പ്രിലിമിനറിയാണെങ്കിലും തയ്യാറെടുപ്പ് തുടങ്ങേണ്ടത് മെയിന്‍സിനുവേണ്ടിയാണ്. മെയിന്‍സിനും പ്രിലിംസിനുമുള്ള പഠനം ഒരുമിച്ചാണ് കൊണ്ടുപോകേണ്ടത്.
പരന്ന വായന ആവശ്യമുള്ള പരീക്ഷയില്‍ എങ്ങനെ കുടുതല്‍ സമയം ശ്രദ്ധയോടെ ചെലവഴിക്കാനാകും?
നമ്മെ സ്വയം മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും. മൂന്നുമാസം തുടര്‍ച്ചയായ പഠനത്തിലേര്‍പ്പെടുമ്പോള്‍ ഏത് സമയത്താണ് നമുക്ക് ഏറ്റവും നന്നായിട്ട് പഠിക്കാനാകുന്നതെന്ന് അറിയാനാകും. ഇത്തരത്തിലൊരു ആത്മശോധനാ പഠനത്തില്‍ നിങ്ങളെ സ്വയം രൂപപ്പെടുത്തും. ഒരുദിവസം പഠനത്തില്‍ ഏതാണോ ഏറ്റവും കൂടുതല്‍ താത്പര്യമുള്ള സമയം, അപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം പഠിക്കാന്‍ ശ്രമിക്കുക. പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ പഠനം ഇഷ്ടമുള്ള വിഷയത്തിലേക്ക് മാറ്റാം. ഇത്തരത്തിലൊരു മാറ്റം മുന്നോട്ടുള്ള യാത്രയില്‍ പഠനം മടുക്കാതെ കൊണ്ടുപോകാനാകും.
ഒറ്റയ്ക്കിരുന്നുള്ള പഠനമാണോ കമ്പൈന്‍ഡ് സ്റ്റഡിയാണോ കൂടുതല്‍ നല്ലത്?
പലര്‍ക്കും പല രീതിയിലാണ്. എന്റെ അഭിപ്രായത്തില്‍ ഒരു മിക്സ് നല്ലതാകും. കാരണം ഇന്റര്‍വ്യൂവിന് നിങ്ങളോട് ആവശ്യപ്പെടുന്നത് സംസാരിക്കുക എന്നതാണ്. ഒറ്റയ്ക്കുള്ള പഠനത്തിലൂടെ സംസാരിക്കുന്നതിലുള്ള സ്വാഭാവികത പെട്ടെന്ന് രൂപപ്പെടുത്താന്‍ സാധിക്കുന്നില്ല. ഗ്രൂപ്പ് സ്റ്റഡിയിലൂടെ ഇത് കരസ്ഥമാക്കാനാകും. ഒത്തിരിപേര്‍ ഗ്രൂപ്പിലിരുന്ന് ചര്‍ച്ചയിലുടെ വിമര്‍ശനാത്മകമായി പഠിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
എന്നാല്‍ മറ്റുചിലര്‍ക്ക് ഒറ്റയ്ക്ക് പഠിക്കുക, അതിനെക്കുറിച്ച് സ്വയമേ ആലോചിച്ചിക്കുക, ഇതെല്ലാമാണ് കൂടുതല്‍ പ്രായോഗികമാവുക. നിങ്ങളുടെ രീതി ഏതാണോ അതിനനുസരിച്ച് ക്രമീകരിക്കുക. എപ്പോഴും ഒരു മിക്സ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒറ്റയ്ക്ക് മനനംചെയ്ത് മനസ്സിലാക്കുന്ന കാര്യങ്ങള്‍ പരീക്ഷയ്ക്ക് വരുന്നുണ്ട്. നിങ്ങള്‍ ഒറ്റയ്ക്കാണ് പരീക്ഷയെഴുതുന്നത്. മെയിന്‍ പരീക്ഷയില്‍ നിങ്ങളുടെ ചിന്താശേഷിയും വിശകലനശേഷിയും പരിശോധിക്കുന്നുണ്ട്. അതുപോലെ അഭിമുഖത്തിന് അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് മുന്നില്‍ എങ്ങനെയായിരിക്കുമെന്നതും ഈ പരീക്ഷ പരിശോധിക്കുന്നുണ്ട്.
കറന്റ് അഫയേഴ്സിന് പരീക്ഷയില്‍ വളരെ പ്രാധാന്യമുണ്ടല്ലോ. തയ്യാറെടുപ്പ് എങ്ങനെ വേണം?
ഒരു ജനറല്‍ അവെയര്‍നെസ് ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒരു കുപ്പിവെള്ളത്തിലെ ഗുണനിലവാരചിഹ്നത്തില്‍ തുടങ്ങി സമുഹത്തിലെ വളരെ ചെറിയ ഭാഗങ്ങള്‍വരെ പരീക്ഷയില്‍ കടന്നുവരുന്നു. ചുറ്റുപാടുമുള്ളതിനെ നിരീക്ഷണബുദ്ധിയോടെ കാണുക. ഹിസ്റ്ററി, ഇന്ത്യന്‍ പോളിറ്റി, കോണ്‍സ്റ്റിറ്റിയൂഷന്‍, ഒരുപരിധിവരെ ജ്യോഗ്രഫി എന്നീ വിഷയങ്ങള്‍ പുസ്തകത്തില്‍നിന്ന് പഠിക്കാവുന്നതാണ്. എന്നാല്‍ അതിനപ്പുറം പ്രിലിമിനറി പരീക്ഷയില്‍ കാലികവിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. നാം വാര്‍ത്തയില്‍ കാണുന്നതും അതിനോടനുബന്ധിച്ച വിവരങ്ങളും പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇന്റര്‍നെറ്റില്‍നിന്നും മാഗസിനുകളില്‍നിന്നും ഇതിന്റെ വിവരശേഖരണം സാധ്യമാകുന്നതാണ്.
കറന്റ് അഫയേഴ്സ് വിവരങ്ങള്‍ വിദഗ്ധമായി എങ്ങനെ തരംതിരിക്കാനാകും?
ഫില്‍റ്റര്‍ ഔട്ട്‌ചെയ്യാന്‍ ഏറ്റവും നല്ല വഴിയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിലെ സിവില്‍ സര്‍വീസ് ചോദ്യങ്ങള്‍ പരിശോധിക്കുന്നത്. ഇത് ഒരു പരിധിവരെ കറന്റ് അഫയേഴ്സില്‍ ഏതാണ് പ്രധാനം, ഏത് അപ്രധാനം എന്ന് തരംതിരിക്കാന്‍ കുറയൊക്കെ സഹായിക്കും. സാധാരണനിലയില്‍ എല്ലാവരും ഈ വിജ്ഞാപനം വരുന്നതിന് ഒരുവര്‍ഷം മുന്‍പുള്ള പത്രങ്ങള്‍ തരംതിരിച്ച് പ്രധാനപ്പെട്ടവ മാര്‍ക്ക്‌ചെയ്ത് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. അങ്ങനെ സ്വാംശീകരിക്കുന്ന വിവരങ്ങള്‍തന്നെയാണ് ഏറ്റവും പ്രധാനം. കൂടാതെ സിവില്‍ സര്‍വീസ് കേന്ദ്രീകരിച്ച് ഇറങ്ങുന്ന മാഗസിനുകള്‍ നോക്കാം. കൂടാതെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ചെയ്ത് ശേഖരിക്കുന്ന വിവരങ്ങള്‍ ചേര്‍ത്ത് പഠിക്കാം.

Content Highights: Civil Services Guidance By First Rank Holder Haritha V Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..