കഴിഞ്ഞ ജൂലായ് ഒന്നിന് യു.പി.എസ്‌.സി. സിവില്‍ സര്‍വീസ് പ്രിലിംസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു. നിരവധി പേര്‍ വിജയികളാവുകയും അടുത്ത ഘട്ട പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ആരംഭിച്ചു. മെയിന്‍സ്  യോഗ്യത നേടിയ മിടുക്കര്‍ക്ക് അഭിനന്ദനങ്ങള്‍...! നിങ്ങളുടെ  ചിട്ടയായ പഠനവും തന്ത്രങ്ങളും ഫലം കണ്ടിരിക്കുന്നു. പരീക്ഷയെഴുതിവരില്‍നിന്നും  അഞ്ച് ശതമാനത്തിലും താഴെ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് രണ്ടാം ഘട്ടമായ മെയിന്‍സിലേക്ക് യോഗ്യത നേടിയത്. സെപ്തംബര്‍ ഇരുപതിനാണ് മെയിന്‍സ് പരീക്ഷ. എണ്‍പതോളം ദിവസങ്ങള്‍ മാത്രം ബാക്കി.ഒരുക്കങ്ങള്‍ തകൃതിയായി നടക്കട്ടെ. വരുംദിവസങ്ങളില്‍ മെയിന്‍സ് തയ്യാറെടുപ്പ് കുറിക്കാം.യോഗ്യത നേടാനാകാത്തവര്‍ക്കൊപ്പമാണ് ഈ പംക്തി. ഏവരെയും  ചേര്‍ത്ത് പിടിക്കാനാഗ്രഹിക്കുന്നു. നിരാശരാകേണ്ടതില്ല. പ്രത്യാശയുടെ വെട്ടം നമുക്കന്വേഷിക്കാം.

To advertise here,

ഹിറ്റ് ആകാന്‍ ഒരു 'ഹിറ്റ്മാന്‍' മാതൃക

2022 T20 ലോകകപ്പ് സെമി ഫൈനല്‍, ക്യാപ്റ്റന്‍ രോഹിത്  ശര്‍മ്മക്ക് കീഴില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിന്റെ  വിധി. തൊട്ടടുത്ത വര്‍ഷം നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത്തിന് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതേ വര്‍ഷം തന്നെ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനലില്‍ എത്തി. ഇത്തവണ ഇന്ത്യ കപ്പടിക്കുമെന്ന്  ഏവരും ഉറപ്പിച്ചു, പക്ഷേ, വിധി മറ്റൊന്നായിരുന്നു. ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് ലോകജേതാക്കളായി. കണ്ണീരണിഞ്ഞു നില്‍ക്കുന്ന രോഹിത് ക്യാമറകളില്‍ പതിഞ്ഞു, കലങ്ങിയ കണ്ണുകളും ഇടറിയ  വാക്കുകളുമായാണ് അന്ന് അദ്ദേഹം  ഗ്രൗണ്ട് വിട്ടത്. രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് തവണയാണ്, ലോക ജേതാവാകാനുള്ള  അവസരം അവസാന നിമിഷങ്ങളില്‍  വഴുതിപ്പോയത്. അതിനിടയില്‍ മുംബൈ ഇന്ത്യന്‍സിലെ തന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ 'തടിയന്‍' എന്ന്  വിളിച്ചാക്ഷേപിച്ചു, 'ഡയറ്റ് പാലിക്കാത്തവനെന്ന് '  ആരാധകര്‍ കളിയാക്കി. അലസനായ കളിക്കാരന്‍ എന്ന് വിധിയെഴുതി. 36 വയസ്സെന്ന വാര്‍ദ്ധക്യത്തിലാണ് അദ്ദേഹമെന്നും യുവതലമുറയ്ക്കായി വഴിമാറണമെന്നും മുറവിളികള്‍ ഉയര്‍ന്നു.

എന്നാല്‍, ഈ  തിരിച്ചടികളെയും മുന്‍വിധികളെയും തന്റെ വിഖ്യാതമായ പുള്‍ഷോട്ട് സിക്‌സര്‍,  ഗാലറിയിലേക്ക് പറത്തുന്ന ലാഘവത്തോടെ അദ്ദേഹം നേരിട്ടു.പൂര്‍വാധികം ശക്തിയോടെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായി തുടര്‍ന്നു. ടീം ഇന്ത്യയുടെ ക്യാപ്റ്റനായും. 2024 T20 ലോകകപ്പില്‍ ഒരു കളിയില്‍ പോലും പരാജയമറിയാതെ ഇന്ത്യയെ ലോകജേതാക്കളാക്കാന്‍, ഹിറ്റ്മാന്‍ എന്ന വിളിപ്പേരുള്ള  ഈ മഹാരാഷ്ട്രക്കാരന്  സാധിച്ചു .ഐ.സി.സി. ട്രോഫിക്കായുള്ള ഇന്ത്യന്‍ ജനതയുടെ 11 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. തന്റെ മുപ്പത്തേഴാം വയസ്സിലാണ് രോഹിത്  ഈ സ്വപ്നനേട്ടം കൈവരിച്ചത്.

പ്രതിബന്ധങ്ങളെ തരണം ചെയ്യുമ്പോഴാണ് വിജയികൾ ഉണ്ടാവുന്നത്. അതിനു സാധിക്കുന്നവര്‍ വിരളവും. തോല്‍വികളില്‍ മനംമടുത്തു രോഹിത് ശര്‍മ ക്രിക്കറ്റ് മതിയാക്കിയിരുന്നുവെങ്കിലോ? രോഹിത്തിനെ പോലെയാണ് പലരും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. പരീക്ഷയും സാഹചര്യങ്ങളും പലപ്പോഴും തിരിഞ്ഞുകുത്തി. കപ്പിനും ചുണ്ടിനും ഇടയില്‍  സര്‍വീസ് നഷ്ടപ്പെട്ടിട്ടുണ്ട്.രണ്ടും മൂന്നും നാലും തവണകളില്‍ പരാജയപ്പെട്ടിട്ടുണ്ട്, എങ്കിലും അവര്‍ പരീക്ഷയോട് മല്ലടിച്ചു പിന്നെയും എഴുതി വിജയിച്ചു.

'Winner never quits and quitter never wins' എന്നാണ്. വിജയികള്‍ പിന്തിരിഞ്ഞോടില്ലെന്നും പിന്തിരിഞ്ഞോടിയവര്‍ വിജയിക്കില്ലെന്നും സാരം. അപഹാസങ്ങളും, കുറ്റപ്പെടുത്തലുകളും അവഗണിക്കാം.താല്‍ക്കാലികമായ പരാജയങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടാതെ വീണ്ടും മുന്നേറാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം, ഹിറ്റ്മാനെ പോലെ.

നമ്മിലേക്ക് നോക്കാം സ്വയം വിലയിരുത്താം

നിങ്ങളുടെ യഥാര്‍ത്ഥ അഭിരുചിയും താല്പര്യവും ഈ മേഖലയില്‍ തന്നെയല്ലേ എന്ന് പുനപരിശോധിക്കാന്‍ കൂടെ ഈ അവസരം ഉപയോഗപ്പെടുത്തുക. നിരുത്സാഹപ്പെടുത്താനോ ആത്മവീര്യം തകര്‍ക്കാനോ അല്ല.  മറിച്ച്, നിങ്ങളിലേക്ക് തന്നെ കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പരിശോധിക്കുന്നത് ജീവിതത്തില്‍   ഉപകരിക്കുമെന്നതിനാലാണ് വിലയിരുത്തൽ ആവശ്യപ്പെടുന്നത്. സിവില്‍ സര്‍വീസ് തന്നെയാണെങ്കില്‍  കൂടുതല്‍ ദൃഢതയോടെ മുന്നോട്ടുപോവാം. അല്ലെങ്കില്‍ പുതുവഴി തേടാം. ചിലപ്പോള്‍, നിങ്ങള്‍ക്ക് കൂടുതല്‍ ശോഭിക്കാനാകുന്നത് ഇതരമേഖലയില്‍ ആണെങ്കില്‍, അത് പിന്തുടരുന്നതാകും  കരിയറിന് ഗുണം ചെയ്യുന്നത്. ബഹുവിഷയങ്ങളിലെ പൊതുവിലുള്ള പഠനത്തിനു പകരം, ഗഹനമായ, ആഴത്തിലുള്ള പഠനവും ഗവേഷണവുമാണ് തന്റെ താല്പര്യമെന്ന് തിരിച്ചറിഞ്ഞ്, സിവില്‍ സര്‍വീസ് പഠനമുപേക്ഷിച്ച,  സുഹൃത്തായ ഡോക്ടര്‍ ഒരു ഉദാഹരണമാണ്. തികച്ചും പോസിറ്റീവായാണ് ഇത്തരത്തിലുള്ള തിരിച്ചറിവുകളെ സമീപിക്കേണ്ടത്. സ്വയംവിലയിരുത്തിയ ശേഷമുള്ള ഇത്തരം തീരുമാനങ്ങള്‍, കാലാന്തരത്തില്‍ ശരിയെന്ന്, തെളിയിക്കപ്പെടുമെന്ന് തീര്‍ച്ച. 

ഈ പ്രക്രിയയ്ക്ക് ശേഷവും സിവില്‍ സര്‍വീസ് തന്നെയാണ് നിങ്ങള്‍ക്കിണങ്ങുന്നതെന്ന് തോന്നുന്നുവോ ?. പലതവണ പരാജയപ്പെട്ടെങ്കിലും,കൃത്യമായ പഠന രീതികളവലംബിച്ചാല്‍, പരീക്ഷ വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടോ? എങ്കില്‍, വരൂ.. വര്‍ദ്ധിത വീര്യത്തോടെ ഒന്നുകൂടെ ശ്രമിക്കാം. പിണഞ്ഞ അബദ്ധങ്ങള്‍ തിരുത്താം, വിജയിക്കാം.

വേണമെങ്കില്‍ പ്ലാന്‍ ബിയോടെയും  പഠിക്കാം 

സിവില്‍ സര്‍വീസ് പരീക്ഷ  തയ്യാറെടുപ്പ്, സര്‍ക്കാര്‍ സര്‍വീസിലെ മറ്റു പല പരീക്ഷകളും, ഉദ്യോഗാര്‍ത്ഥിക്ക്  താരതമ്യേന എളുപ്പമാക്കും. GS, CSAT , MAINS എന്നിവക്ക് പഠിക്കുന്നതിലൂടെ , സവിശേഷ പ്രയത്‌നം ഇല്ലാതെ തന്നെ, RBI, NABARD, SEBI , SSC , KAS, തുടങ്ങിയ പരീക്ഷകള്‍ വിജയിക്കാന്‍ സഹായകരമാണ്. സാമ്പത്തിക- സാമൂഹിക സമ്മര്‍ദ്ദം ഉള്ളവര്‍ക്ക്, മേല്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാവുന്നതും ശേഷം ജോലിയോടൊപ്പം തന്നെ സിവില്‍ സര്‍വീസ് പഠനം മുന്നോട്ടു കൊണ്ടു പോകാവുന്നതുമാണ്. ഇത്തരത്തിലുള്ള താത്കാലിക ക്രമീകരണം, സാമ്പത്തിക പരാശ്രയമില്ലാതെ പഠിക്കാനും ആത്മാഭിമാനവും ആത്മവീര്യവും പകര്‍ന്ന് സിവില്‍ സര്‍വീസ് പഠനം ഊര്‍ജിതമാക്കാനും സഹായിക്കും.

തരൂരിന്റെ മന്ത്രം പ്രിലിംസിലെ തന്ത്രം

തിരുവനന്തപുരം എം.പിയും ഇംഗ്ലീഷ് ഭാഷ വിദഗ്ധനുമായ ശശി തരൂരുമായുള്ള സംവാദവേദിയില്‍, സദസ്സില്‍ നിന്നുയര്‍ന്ന ഒരു ചോദ്യം ഇങ്ങനെയായിരുന്നു. 
'സര്‍ അങ്ങയുടെ ഭാഷാമികവിന്റെ പിന്നിലുള്ള രഹസ്യം എന്താണ്? അങ്ങയെപ്പോലെ ഭാഷാപ്രാവീണ്യം  നേടാന്‍ ഞങ്ങള്‍ എന്തു ചെയ്യണം'.  അദ്ദേഹം നല്‍കിയ മറുപടി വളരെ ലളിതമാണ്. 'Read. Read. Read.' ഭാഷാമികവിനായി 'വായന' എന്ന അടിസ്ഥാനഗുണത്തില്‍ ശ്രദ്ധയൂന്നുക  എന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. വായന ശീലമാക്കുന്നതിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഭാഷാമികവ് നേടാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തരൂരിന്റെ മന്ത്രം സിവില്‍ സര്‍വീസ് പരീക്ഷയിലും  വളരെയേറെ പ്രാധാന്യം  ഉള്ളതാണ്. പ്രിലിംസില്‍ വിജയിച്ച്  മുന്നേറാന്‍, സിലബസും അടിസ്ഥാന പുസ്തകങ്ങളും വീണ്ടും കയ്യിലെടുക്കാം. മുന്‍പ് വായിച്ചവയെങ്കിലും, ഈ പുസ്തകങ്ങള്‍ ആവര്‍ത്തിച്ചു വായിക്കാം, പഠിക്കാം. ഇത്തരത്തില്‍, സ്റ്റഡി മെറ്റീരിയല്‍സ് പലയാവര്‍ത്തി വായിച്ച് പഠിക്കുന്നതിലൂടെ കൂടുതല്‍ ആശയവ്യക്തത കൈവരിക്കാനും കട്ട് ഓഫ് മാര്‍ക്ക് നേടാനുമാകും. കൂടുതല്‍ വായിച്ച് ശശിതരൂര്‍ ഭാഷാമികവ് നേടിയ പോലെ, 'പാഠപുസ്തകങ്ങള്‍' കൂടുതല്‍ വായിച്ച് പരീക്ഷ മികവ് നേടാന്‍ നാം ശ്രദ്ധിക്കണം. പ്രിലിമിനറിയില്‍  പലതവണ കാലിടറി, വീണ്ടും പരിശ്രമിച്ച് വിജയിച്ച പലരും ഈ തന്ത്രമാണ് സ്വീകരിച്ചതെന്ന് പിന്നീട് പങ്കുവയ്ക്കാറുണ്ട്.

NCERT പോലെയുള്ള അടിസ്ഥാന പുസ്തകങ്ങള്‍ വീണ്ടും വായിച്ച് കൂടുതല്‍ ആശയവ്യക്തത നേടുന്നതിലൂടെ പ്രിലിമിനറി ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും അതുവഴി ശരിയുത്തരം കണ്ടെത്താനുമാകും. സിലബസ് കൂടുതല്‍ പരിചയപ്പെടാനും, മുന്‍വര്‍ഷം വിട്ടുപോയ ഭാഗങ്ങള്‍ പഠിക്കാനും ഈ തന്ത്രം സഹായകരമാണ്.ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ  വിഷയങ്ങളില്‍ ഈ രീതി വലിയ ഗുണം ചെയ്യും.

ഈ മാറ്റങ്ങള്‍ അനിവാര്യം 

പ്രിലിമിനറിയിലെ കട്ട് ഓഫ് മാര്‍ക്ക്  നേടാനാകാത്തവര്‍ എവിടെയാണ് പിഴച്ചതെന്ന് മനസ്സിലാക്കാന്‍ ആദ്യം ശ്രമിക്കണം. ഒരു വര്‍ഷത്തോളം നീണ്ട കഠിനപ്രയത്‌നത്തിനു ശേഷമായിരിക്കും പലരും പരീക്ഷ എഴുതുന്നത്. എന്നിട്ടും എന്തുകൊണ്ട് തോറ്റുപോയി എന്ന വിശകലനം അനിവാര്യമാണ്. ചോദ്യം കൃത്യമായി അപഗ്രഥിച്ച് ഉത്തരം കണ്ടെത്തുന്നതിനുള്ള മിടുക്കാണ് പ്രിലിംസിലെ ജയാപചയങ്ങള്‍  നിര്‍ണയിക്കുന്നത്.അല്ലാതെ പരിശ്രമ തോതോ ബുദ്ധിയോ മാത്രമല്ല. ഈ ശേഷി നേടിയെടുക്കാന്‍ നിരന്തര പരിശീലനമാണ് പോംവഴി. പരമാവധി ചോദ്യങ്ങള്‍ ചെയ്ത് ശീലിക്കണം.

സാധാരണഗതിയില്‍ ജനുവരി മുതലാണ്, പ്രിലിമിനറി കേന്ദ്രീകൃത പഠനം ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങാറുള്ളത്. ഏതെങ്കിലും സ്ഥാപനങ്ങളുടെ ടെസ്റ്റ് സീരീസില്‍ ചേര്‍ന്ന് പരിശീലനം ആരംഭിക്കും. ഇതാണ് പൊതുവിലുള്ള രീതി.  ഏകദേശം 5000-6000 ചോദ്യങ്ങളാണ് ഇത്തരം ടെസ്റ്റ് സീരീസിലൂടെ പരിശീലിക്കുക. ചിലര്‍ക്ക് ഇത്രയും ചോദ്യങ്ങള്‍ പരിശീലിക്കുന്നതിലൂടെ തന്നെ പ്രിലിനറി വിജയിക്കാന്‍  ആവശ്യമായ  ശേഷി നേടാന്‍ സാധിക്കും. മേല്‍ രീതിയില്‍ തയ്യാറെടുത്ത് പ്രിലിനറി വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒന്ന്  മാറി ചിന്തിക്കാവുന്നതാണ്.

ജനുവരി മുതല്‍ പ്രിലിംസ് കേന്ദ്രീകൃത പഠനം എന്ന രീതി മാറ്റി, ഇപ്പോള്‍ തന്നെ അല്പാല്പമായി  പ്രിലിംസിനായി  പഠിക്കാം. 6000-ഓളം ചോദ്യങ്ങള്‍ പരിശീലിച്ച്, പരീക്ഷയില്‍ വിജയിക്കാനായില്ലെങ്കില്‍ ഇത്തവണ 10,000 ചോദ്യങ്ങളെങ്കിലും ചെയ്തു നോക്കണം.കഴിഞ്ഞ 10 വര്‍ഷത്തെ ചോദ്യപേപ്പറിലെ 15- 20  ചോദ്യങ്ങള്‍ ദിനേന പരിശീലിച്ചാല്‍, ചോദ്യങ്ങളുടെ പൊതു സ്വഭാവവും രീതികളും  പരിചയപ്പെടുകയും, ഒപ്പം തന്നെ , UPSCയുടെ ഇഷ്ടമേഖല കണ്ടെത്താനും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട ഭാഗങ്ങള്‍ മനസ്സിലാക്കാനും സാധിക്കും.

ഇതിനോടൊപ്പം തന്നെ, ഇന്റര്‍നെറ്റില്‍ ലഭ്യമായ എന്തെങ്കിലും ഒരു ടെസ്റ്റ് സീരീസ് ജൂലൈ മുതല്‍ പരിശീലിക്കുകയും ആകാം. 300-ല്‍പരം ദിവസങ്ങളുണ്ട്  അടുത്ത  പ്രിലിംസ് പരീക്ഷയിലേക്ക്. 2025  മെയ് 25-നാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി  പരീക്ഷ. 10000-ത്തോളം, ചോദ്യങ്ങള്‍ പരിശീലിക്കാനുള്ള  ശ്രമമാണ് ആദ്യമാവശ്യം. ഇത്തരത്തില്‍ ദിനേന അല്പസമയം പ്രിലിംസിനായി ചെലവഴിക്കാന്‍ സാധിച്ചാല്‍, പ്രിലിംസ് പരീക്ഷ വിജയസാധ്യത ഗണ്യമായി  ഉയര്‍ത്താം.

ഈ  അബദ്ധം ഒഴിവാക്കണം 

ടെസ്റ്റ് സീരിസ്  എടുത്തത് കൊണ്ട് മാത്രമായില്ല, ഉത്തരസൂചിക കൂടെ പ്രധാനമാണ്. ടെസ്റ്റ്  സീരിസിലെ ഓരോ മോക്ക് പരീക്ഷക്ക് ശേഷവും, നേടിയ സ്‌കോര്‍ മാത്രമാണ് പലരും  പരിശോധിക്കുന്നത്. ഉത്തരസൂചിക നോക്കാറില്ല. ഈ അബദ്ധം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരാകണം. കാരണം ഉത്തരം- ശരിയെങ്കിലും തെറ്റെങ്കിലും- സൂചിക നോക്കി, എന്തുകൊണ്ട് ഉത്തരം തെറ്റിപ്പോയി?, ഉത്തരം കണ്ടെത്താനുള്ള ചിന്താരീതി എങ്ങനെ വളര്‍ത്തിയെടുക്കണം?, ശരിയുത്തരത്തിലെത്താന്‍ മറ്റു ഓപ്ഷനുകള്‍ എങ്ങനെ ഒഴിവാക്കാന്‍ സാധിച്ചു?  എന്നിങ്ങനെയുള്ള വിലയിരുത്തലുകള്‍  അനിവാര്യമാണ്. അല്ലെങ്കില്‍ ടെസ്റ്റ് സീരീസ് വെറുമൊരു  പ്രക്രിയ മാത്രമായി തുടരും, പഠനമാവില്ല.

''Never let a crisis go to waste' എന്നാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത്. പ്രിലിമിനറി  ഫലം ഹൃദയഭേദകമായിരിക്കാം പലര്‍ക്കും. കഠിനപ്രയത്‌നത്തിനനുസൃതമായ നേട്ടം ലഭിച്ചില്ലെങ്കിലും ഈ പ്രതിസന്ധിഘട്ടം, ഭാവിയിലെ മികച്ച വിജയത്തിനുള്ള ഹേതുവാക്കണം. അത്തരത്തിലുള്ള സുവര്‍ണാവസരമാണിത്. ഈ തിരിച്ചടി, മുന്നേറാനുള്ള ഊര്‍ജ്ജമാക്കി മാറ്റി, കൂടുതല്‍ കരുത്തോടെയും തയ്യാറെടുപ്പോടെയും പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചുവരാം. 

പഠനത്തില്‍നിന്നു ചെറിയ അവധിയെടുത്ത്, മനസ്സിന് ഉന്മേഷം പകരണം ഇപ്പോള്‍.  യാത്രപോവുക, ഇഷ്ടപ്പെടുന്നവരുമായി സമയം ചെലവഴിക്കുക, സീരീസുകള്‍ കാണുക. അടുപ്പമുള്ളവരോട് തുറന്ന് സംസാരിക്കുക തുടങ്ങിയ എന്തുമാകാം. ശേഷം അധികം താമസിയാതെ തിരികെ പഠനത്തിലേക്ക്. 2025 സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ നിങ്ങളും ഇടം പിടിക്കട്ടെ.