വിലായത്ത് ബുദ്ധ; ജീവിത കാമനകളുടെ ചതുരംഗംകളി


ഡോ. കലമോള്‍ ടി.കെ

വിലായത്ത് ബുദ്ധയെ കടത്താന്‍ മോഹനനും കടത്തിക്കൊണ്ടുപോകാതിരിക്കാന്‍ ഭാസ്‌കരനും നടത്തുന്ന കളിയില്‍ രസം പിടിച്ച് വായനക്കാരും.

-

കീര്‍ത്തിയ്ക്ക് വെളുപ്പു നിറമാണത്രെ. അതിന്റെ ഗുണം വ്യാപനമാണ്. സല്‍കീര്‍ത്തിയായാലും ദുഷ്‌കീര്‍ത്തിയായാലും നാടുകള്‍ കടന്നു ചെല്ലും. ഉടമയെ വിടാതെ പിന്തുടരും. കര്‍ണനോട് പിതാവായ സൂര്യഭഗവാന്‍ ഉപദേശിക്കുന്നുണ്ട്. മരണാനന്തരമുള്ള സല്‍കീര്‍ത്തി ശവങ്ങളിലര്‍പ്പിക്കുന്ന പൂവു പോലെ നിര്‍ഗുണമാണെന്ന്. ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം. ദാനശീലന്‍ എന്ന കീര്‍ത്തിയ്ക്ക് ഭംഗം വന്നാലും. ജീവല്‍ കാമനകളുടെ പരസ്പര മല്‍സരമാണ് ജി.ആര്‍.ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവല്‍. കൂട്ടിയും കുറച്ചും വെട്ടിയും തടുത്തും മുന്നേറുന്ന കളി. ചതുരംഗത്തില്‍ പല തവണ നില്‍ക്കക്കള്ളിയില്ലാതാവുന്ന മനുഷ്യക്കരുക്കളുണ്ട്. ചെക്ക് പറയുന്നയാള്‍ ജയിക്കുകയാണ്. കളിയ്ക്കിടയില്‍ കയറി കാഴ്ചക്കാരിലൊരാള്‍ ചെക്ക് പറയുന്ന തരം കളിയാണിവിടെ നടക്കുന്നത്. One truly is the protector of Oneself; Who else could be the protector be? അവരവരെ രക്ഷിക്കാന്‍ അവരവരെ കൊണ്ടു മാത്രമേ ആകൂ. തനിക്കു തന്നോളം തുണ മറ്റാര് ?

ബുദ്ധന്റെ പാതിയടഞ്ഞ കണ്ണിലെ സമാധാനത്തിന്റെ പൂര്‍ണ്ണതയാണ് വിലായത്ത് ബുദ്ധയുടെ കാതല്‍. ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനത്തിന്റെ പേരാണ് വിലായത്ത് ബുദ്ധ. (വിലായത്ത് എന്നാല്‍ ബിലാത്തി അഥവാ ഇംഗ്ലണ്ട്, വിദേശം) ചന്ദനക്കൊള്ളക്കാര്‍ തേടി നടക്കുന്ന ഇനം. ആയിരത്തിലൊരെണ്ണമേ കാണൂ. ലക്ഷണമൊത്ത തടി. വളവും പുളവുമില്ലാതെ. നിര്‍വ്വാണ ബുദ്ധനെ കൊത്തിയുണ്ടാക്കാന്‍ പാകത്തിന്. അത്തരമൊരു ചന്ദനമരമാണ് ഇക്കഥയിലെ താരം. അതിനു ചുറ്റും കളം മാറ്റിക്കളിച്ച് മുന്നേറുന്ന കുറച്ചു മനുഷ്യരും. വിലായത്ത് ബുദ്ധ നിര്‍വാണത്തിലെത്തിക്കഴിഞ്ഞു. മനുഷ്യരാകട്ടെ തട്ടിയും തടഞ്ഞും വലിഞ്ഞു കേറുന്നതേയുള്ളു. കഥയുടെ തുടക്കത്തില്‍ തന്നെ വിത്തും പേരും പറഞ്ഞ് നമ്മള്‍ വായനക്കാര്‍ക്ക് കൊത്തും കൊളുത്തുമിട്ട് തരുന്നുണ്ട് കഥാകാരന്‍. വായിക്കാനൊരു സുഖമുണ്ട്. വഴിയില്‍ വലിയ തടസ്സമില്ല. താഴ് വരയെ ആകെ പാമ്പുകടിച്ച മട്ടില്‍ ഇരുണ്ട നിറമെന്നു പറയുമ്പോള്‍ അരുതാത്തതെന്തോ വരാനുണ്ടെന്ന് വിചാരിക്കുന്നതില്‍ തെറ്റുപറ്റുന്നില്ല. പള്ളിക്കൂടം വാദ്ധ്യാരുടെ സകലമാന്യതയോടും കൂടി പുറപ്പെട്ടിറങ്ങുന്ന ഭാസ്‌കരന്‍ സാര്‍. റെക്കോഡ് അത്ര ശരിയല്ലാതെ വഴിയരികില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ചോലയ്ക്കലെ ചെമ്പകത്തിന്റെ വേരില്‍ തട്ടിയാണ് അടപടലം വീഴുന്നത്.വീണുനാറുന്നത്. ജീവിച്ചിരിക്കുമ്പോള്‍ പതിച്ചു കിട്ടിയ നാറ്റപ്പേര് ചത്തു കഴിഞ്ഞെങ്കിലും മാറ്റണമെന്ന് വാശി പിടിക്കുന്നത്. തീട്ടം ഭാസ്‌കരന്‍ ചന്ദനം ഭാസ്‌കരനാവും - ചത്തു കഴിഞ്ഞെങ്കിലും അതാവണം. അതാണ് വാശി.

ശര്‍ക്കരയില്‍ പൊതിഞ്ഞ ചന്ദനം പോലെയാണ് ചെമ്പകത്തിന്റെ മകള്‍ ചൈതന്യം. തിളനില വിട്ട ശര്‍ക്കരപ്പാവില്‍ വിരല്‍ മുക്കി ഉരുട്ടിയെടുക്കാന്‍ ഡബിള്‍ മോഹനനെ പോലൊരു കരുത്തനേ സാധിക്കൂ.അനിയെ പോലുള്ളവര്‍ പെട്ടെന്നു പൊള്ളി കൈ പിന്‍വലിക്കും. ഭാസ്‌കരന്‍ സാര്‍ ചന്ദന മരത്തെ സാക്ഷിയാക്കി ഒരു ഉപമ പറയുന്നുണ്ട്. ചന്ദനം പരാന്നഭോജിയാണ്. സ്വന്തം വേരു കൂര്‍പ്പിച്ച് അകിലിന്റെ വേരില്‍ തുളച്ചുകയറും. അതിന്റെ അന്നം വലിച്ചെടുത്ത് ആനന്ദിക്കും. ലോകത്തിന്റെ കാഴ്ചയില്‍ ചന്ദനം എത്രയോ പവിത്രമായ മരമാണ്. അതുപോലെയാണ് ജനവും, ജനാധിപത്യവും. മറ്റുള്ളവന്റെ വേദന ഊറ്റിയെടുത്ത് വിഴുങ്ങിയാലേ ദഹിക്കൂ. തരം കിട്ടിയാല്‍ അതൊരു ക്രൂരവിനോദമാണവര്‍ക്ക്.

മോഹനന്റെ നെറ്റിയിന്മേലുള്ള മുറിപ്പാട് സമ്മാനിച്ചത് ഭാസ്‌കരന്‍ മാഷാണ്. നെഞ്ചും വിരിച്ച് തള്ളിക്കേറി വരുന്ന കൗമാരത്തെ നേരിടാന്‍ അയാള്‍ക്ക് അന്നതേ നിവൃത്തിയുണ്ടായിരുന്നുള്ളു. പിന്നെയവര്‍ മുഖാമുഖം കാണുന്നത് പാതിരാത്രിയില്‍ മാഷിന്റെ തൊടിയിലെ വിലായത്ത് ബുദ്ധയ്ക്കു മുന്നിലാണ്. മോഹനന്റെ നോട്ടത്തില്‍ വിലായത്ത് ബുദ്ധയില്‍ നിന്ന് ബുദ്ധവിഗ്രഹങ്ങള്‍ കടഞ്ഞു യരുന്ന പോലെ - ഷാങ്ഹായിലെ കോടീശ്വരന്‍മാരുടെ വസതികളിലോ പ്രശസ്തമായ ബുദ്ധവിഹാരങ്ങളിലോ സമ്പൂര്‍ണ ബുദ്ധവിഗ്രഹങ്ങളായി പതിനായിരം കൊല്ലം വിരാജിക്കേണ്ടവര്‍. തീട്ടം ഭാസ്‌കരന്റെ നോട്ടത്തില്‍ തനിക്കു ചിതയായി എരിഞ്ഞ് ചുറ്റും സുഗന്ധം പൊഴിച്ച് നാറ്റപ്പേരു മാറ്റേണ്ട ചന്ദന മുട്ടികള്‍.

വിലായത്ത് ബുദ്ധയെ കടത്താന്‍ മോഹനനും കടത്തിക്കൊണ്ടുപോകാതിരിക്കാന്‍ ഭാസ്‌കരനും നടത്തുന്ന കളിയില്‍ രസം പിടിച്ച് വായനക്കാരും. ചന്ദനത്തിനും മഞ്ഞനിറം തീട്ടത്തിനും മഞ്ഞനിറം-ഐശ്വര്യത്തിനും മഞ്ഞ നിറമെന്ന് പുരാണം. നിറങ്ങളും ഗന്ധങ്ങളും ചേര്‍ന്നൊരു കണ്‍കെട്ടു വിദ്യ കഥയില്‍ സംഭവിക്കുന്നുണ്ട്. ചൈതന്യത്തിന്റെ ഉല്‍പ്പത്തി ദോഷം തീര്‍ക്കാനായി ആട്ടുമലയെ ചൈതന്യ മലയാക്കാന്‍ നിശ്ചയിച്ചതു മുതല്‍ മോഹനന്‍ മറ്റൊരു യജ്ഞത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. അവന്റെ ലക്ഷ്യം പതറുന്നുണ്ട്. അവന്‍ സൗമ്യനാകുന്നുണ്ട്. വീറും വാശിയും കുറഞ്ഞ മോഹനനെ ചൈതന്യത്തിന് ഉള്‍ക്കൊള്ളാനാവില്ല. പിന്നെ നമ്മള്‍ കാണുന്നത് ചൈതന്യത്തിന്റെ കളത്തിലിറങ്ങി യുള്ള കളിയാണ്.

vilayath
പുസ്തകം വാങ്ങാം

വയസ്സനാണെങ്കിലും അവസാനം വരെ പൊരുതുന്നത് ഭാസ്‌കരനാണ്, സ്വന്തം പക്ഷത്തുനിന്ന് ഒറ്റു കിട്ടിയിട്ടും. സ്വബോധത്തില്‍ അയാളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണയാള്‍. ഒടുവിലത്തെ വിജയം ആര്‍ക്കാണ് എന്നതൊന്നും ഇവിടെ വിഷയമല്ല. തോറ്റാലും പൊരുതിത്തന്നെയാകണം. അതയാള്‍ക്കു പറ്റുന്നുണ്ട്. ജീവിത കാമനകളുടെ ചതുരംഗംകളിയില്‍ കറുപ്പും വെളുപ്പും കരുക്കള്‍ നിരത്തുന്നത് കാലമല്ല, മനുഷ്യര്‍ തന്നെയാണ്. ഏറെപ്പറഞ്ഞാല്‍ രസച്ചരടു പൊട്ടും, കഥയല്ലേ - അതു കൊണ്ടു മാത്രം നിര്‍ത്തുന്നു. വായനക്കാര്‍ സൈ്വരം വിഹരിക്കാന്‍ തെരഞ്ഞെടുക്കേണ്ടത് ഇത്തരം ഉള്‍ക്കാടുകള്‍ തന്നെയാണ്. തണുത്ത, ഇരുണ്ട രഹസ്യത്തിന്റെ അനേകം ചെപ്പുകുടങ്ങള്‍ കുഴിച്ചിട്ട ഇളക്കമുള്ള മണ്ണിലൂടെ നടക്കുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദം ഒന്നു വേറെത്തന്നെയാണ്. പ്രണയവും അധികാരവും പകയും ആകസ്മികമായ വരവു പോക്കുകള്‍ നടത്തുന്ന വിലായത്ത് ബുദ്ധയില്‍ നിന്ന് നിങ്ങള്‍ക്ക് പതിനൊന്ന് ബുദ്ധന്‍മാരെ കൊത്തിയെടുക്കാം. ഒന്നു പോലും കുറയാതെ - പൂര്‍ണ്ണ ബുദ്ധന്‍മാരായിത്തന്നെ.

വിലായത്ത് ബുദ്ധ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Vilayath Budha Malayalam Novel By GR Indugopan Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented