രഞ്ജിത്തിനുവേണ്ടി താൻ തിലകനെ വിളിച്ചപ്പോൾ ആദ്യം വഴക്കാണ് കേട്ടത്. പിന്നീട് രഞ്ജിത്ത് നേരിട്ടുവിളിച്ചു സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

ഷമ്മി തിലകൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്
തിലകൻ്റെ മകൻ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് അഭിമാനമേ ഉള്ളൂ എന്ന് നടൻ ഷമ്മി തിലകൻ. ഈ പേര് പറയുമ്പോൾ ഒരു എടുപ്പുണ്ട്. അതാണ് തനിക്ക് ആവേശം നൽകുന്നത്. അത്ര മോശമൊന്നുമല്ല ഈ പേര്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനല്ല താൻ. തനിക്ക് വിളിക്കാൻ ഒരു അച്ഛനുണ്ട് എന്ന് താൻ പറഞ്ഞത് ഈ അഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. തിലകനെ ആർക്കും മടുത്തിട്ടില്ലാത്തതുകൊണ്ട്, അദ്ദേഹത്തിൻ്റെ എന്തെങ്കിലും ഒരംശം തന്നിൽ കാണുമ്പോൾ ആളുകൾ അത് തിലകനെയെന്നോണം കാണുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് തിലകനെക്കുറിച്ച് ഷമ്മി തിലകൻ സംസാരിച്ചത്. തന്റെ പ്രകടനം കണ്ടപ്പോൾ തിലകനെ ഓർമവന്നു എന്ന പൃഥ്വിരാജിന്റെ വാക്കുകൾക്ക് ഷമ്മി തിലകൻ നന്ദി പറഞ്ഞു. ഈ പ്രോത്സാഹനം തനിക്ക് മനസ്സിൽ തട്ടിയ ഒന്നാണെന്നും, അതൊരു അവാർഡ് പോലെയാണ് കാണുന്നതെന്നും ഷമ്മി പറഞ്ഞു. തൻ്റെ അച്ഛനും സംവിധായകൻ രഞ്ജിത്തും തമ്മിൽ മുമ്പ് മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് ഒരു വാക്കുതർക്കം ഉണ്ടായ കാര്യവും ഷമ്മി തിലകൻ ഓർത്തെടുത്തു.
"അച്ഛനും രഞ്ജിത്തുമായി നല്ലൊരു വഴക്കുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും സംസാരമൊക്കെയുണ്ടായി. അച്ഛന് അത് വല്ലാതെ ഫീൽ ചെയ്തു. ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന് മൂക്കിൽകൂടി ചോരവരുകയും, ദേഷ്യത്തിൽ ലൊക്കേഷനായ പൊള്ളാച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് പോവുകയും ചെയ്തു. ഈ വിവരം ആ പടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിനുശേഷം എനിക്ക് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഒരു കോൾ വന്നു. രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചുനേരം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നോട് മാപ്പുപറയുകയാണെന്നും എന്നാൽ അച്ഛനോട് മാപ്പുപറയില്ലെന്നും പറഞ്ഞു. അച്ഛന്റെ കയ്യിലും തെറ്റുണ്ടെന്ന് രഞ്ജിത് പറഞ്ഞു." ഷമ്മി തിലകൻ ഓർത്തെടുത്തു.
ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലേക്ക് തിലകനെ കാസ്റ്റ് ചെയ്ത സംഭവവും ഷമ്മി തിലകൻ പറഞ്ഞു. തിലകന് സിനിമയിൽ വിലക്കുള്ള സമയമായിരുന്നു അത്. പൃഥ്വിരാജ് നായകനാകുന്ന സിനിമയിൽ തിലകന് വളരെ നിർണായകമായ ഒരു കഥാപാത്രമുണ്ട് എന്നും, അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും രഞ്ജിത്ത് അറിയിച്ചു. തനിക്കൊരു കോംപ്ലക്സ് ഉള്ളതുകൊണ്ട് അച്ഛനെ വിളിക്കാൻ പറ്റിയ ഒരന്തരീക്ഷം ഉണ്ടാക്കിത്തരാമോ എന്നും രഞ്ജിത് ചോദിച്ചു. രഞ്ജിത്തിനുവേണ്ടി താൻ തിലകനെ വിളിച്ചപ്പോൾ ആദ്യം വഴക്കാണ് കേട്ടത്. പിന്നീട് രഞ്ജിത്ത് നേരിട്ടുവിളിച്ചു സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ'യുടെ അതേ പേരിലുള്ള ദൃശ്യാവിഷ്കാരമാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Shammy Thilakan Recalls Father's Incident with Ranjith, Role in 'Indian Rupee'
Published: 27 Nov 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented