ലയാള ഭാഷയിൽ നോവലുകളും കഥകളും രചിച്ച് ഭാഷയെ സമ്പന്നമാക്കുന്ന സുരേന്ദ്രൻ മങ്ങാട്ട് അവസാനമെഴുതിയ ഉരഗം എന്ന നോവലിന്റെ പ്രകാശനം തൃശൂർ മാതൃഭൂമി ബുക്സിൽ വെച്ച് നടന്നപ്പോൾ പുസ്തകത്തെയും വായനയെയും ഇഷ്ടപ്പെടുന്ന കോഴിക്കോട്ടെ ഒരു പോലീസുകാരനായ ഞാനും പങ്കെടുത്തിരുന്നു. ഉരഗം നോവലൽ വായിച്ചു തുടങ്ങുമ്പോൾ തന്നെ ഏറെ വ്യത്യസ്ഥമായ ഒരു രചനയാണെന്ന് മനസ്സിലാവും.

To advertise here,

നോവലിന്റെ തുടക്കം തന്നെ നോവലിസ്റ്റ് ഗംഭീരമാക്കിയിട്ടുണ്ട്. ഏകാന്തത ഒരിക്കലും വിരസമല്ല. അതൊരു ധ്യാനം പോലെ ഞാൻ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും വേവലാതിപ്പെടാതിരിക്കാൻ കഴിയുമെങ്കിൽ ഏകാന്തതയെ സ്നേഹിക്കാൻ കഴിയും. നോവലിസ്റ്റ് നമ്മെ ചിന്തകളിലേക്കും നമ്മളിലേക്കു തന്നെയും തിരിഞ്ഞ് നോക്കുന്നതിന് അവസരമൊരുക്കുന്നുണ്ട്. ഒരർത്ഥത്തിൽ കഥാപാത്രങ്ങൾ ഏറെയുള്ളതും കുറഞ്ഞതുമായ നോവലുകൾ പോലും എഴുത്തുകാർ എഴുതിയത് ഏകാന്തതയിലിരുന്നാണ്. ഒരു മനുഷ്യൻ തന്നിലേക്ക് തിരിഞ്ഞ് നോക്കുന്നതും വിശാലമായും സത്യസന്ധമായും ചിന്തിക്കുന്നതും നിലപാടുകളിലെത്തുന്നതും പലപ്പോഴും ഒറ്റക്കിരിക്കുമ്പോഴാണ്.
അപ്പോൾ മാത്രമാണല്ലോ തിരിച്ചറിവ് ഉണ്ടാകുന്നത്. ഉരഗത്തിലെ കേന്ദ്ര കഥാപാത്രമായ ഭൂപൻ ജനൽ പാളികൾ തുറക്കുന്നതും അകത്തോട്ടാണ്. അപ്പോൾ ഇരുളും നിലാവും തന്റെ മുറിയിലേക്ക് കയറി വന്നതായി ഭൂപൻ കാണുന്നു. ഇവിടെ മുറി എന്ന് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത് ഭൂപന്റെ മനസ്സിന്റെ ഉള്ളറകളെയാണെന്ന് നമുക്ക് മനസ്സിലാക്കാം. ഏത് തിരഞ്ഞെടുക്കണം. അതൊരു ശരാശരി മനുഷ്യൻ നേരിടുന്ന പ്രശ്നമാണ്. സമയത്തിനും സന്ദർഭത്തിനുമനുസരിച്ച് തിരഞ്ഞെടുക്കുക എന്നത് മുന്നോട്ടുള്ള യാത്രയിൽ എത്രമാത്രം പ്രധാനമാണെന്ന് നോവൽ വായിക്കുമ്പോൾ നാം മനസ്സിലാക്കും. ഭൂപൻ തിരഞ്ഞെടുത്തത് ഏതാണെന്ന് നോവലിലൂടെ കടന്ന് പോകുമ്പോൾ വായനക്കാരൻ മനസ്സിലാക്കുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം, ഭൂമിയൊരു കരിമ്പടം പുതച്ചിരിക്കുന്ന പോലെ കാണപ്പെട്ടതായി എഴുത്തുകാരൻ പറയുമ്പോൾ വായനക്കാരൻ വീണ്ടും യാഥാർത്ഥ്യത്തിലേക്ക് കൺതുറക്കുന്നു. ആഗതന്റെ സഞ്ചാരത്തിന് യോജിച്ച വസ്ത്രം കറുപ്പാണെന്ന് പറയുമ്പോൾ നോവൽ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ സൂചനയും അതിൽ കാണാം. ഭൂപന്റെ ഭാര്യ ചാരുവിനെപ്പോലെ ജീവിക്കേണ്ടിവരുന്ന ചിലരെയൊക്കെ നമുക്ക് നമ്മുടെ ചുറ്റുപാടും ശ്രദ്ധിച്ച് നോക്കിയാൽ കാണ്ടെത്താൻ കഴിയും. ഭൂപന്റെ സഹോദരി ഭാമയുടെ ഡയറിലെ വരികൾ നോവലിന്റെ കാമ്പിനെ ഉൾക്കൊള്ളുന്നതു തന്നെയാണ്. മുഖവുര കണ്ടെത്തി. ഇതിൽ വിശുദ്ധ പ്രണയമുണ്ട്. ഒപ്പം തന്നെ അപരനിരാസവുമുണ്ട്. ഇത്തരം വരികളും, ആരെയും വിശ്വസിക്കരുതെന്നും നിങ്ങളെ വേണ്ടാത്തവരെ നിങ്ങൾക്കും വേണ്ടെന്നും, സ്നേഹിക്കുന്നില്ലെങ്കിൽ വെറുക്കണമെന്നും വേണ്ടെന്നു വെക്കണമെന്നും പറയുന്നിടത്ത് ശരാശരി മനുഷ്യന്റെ കലുഷിതമായ ചിന്തകളെയാണ് എഴുത്തുകാരൻ സൂചിപ്പിക്കുന്നത്. ആൺകോയ്മയുടെ നരകച്ചൂടിൽ ദുരന്തസ്മാരകമാകാൻ എനിക്കാവില്ല. വരണ്ടുണങ്ങുന്ന പകലിനോടെനിക്ക് കലഹമില്ല. സന്ധ്യക്കുമപ്പുറം ഒരു വിൺനിലാവെനിക്കായി കാത്തിരിക്കുന്നുണ്ടന്ന് ഭാമ പറയുമ്പോൾ അവിടെ പ്രതീക്ഷക്ക് വകയുമുണ്ട്. അത്തരം പ്രതീക്ഷകളോട് മുഖം തിരിക്കരുതെന്നും നോവലിലൂടെ പറയുന്നുണ്ട്. ആൺകോയ്മ എവിടെയായാലും അവിടെ ദുരന്തമുണ്ടെന്ന് നോവലിസ്റ്റ് പറയുമ്പോൾ അത് യാഥാർത്ഥ്യ ബോധത്തിലേക്ക് വായനക്കാരനെ നയിക്കുന്നു. സ്ത്രീകൾ നരക യാതനകളിൽ തളച്ചിടേണ്ടവരല്ലെന്നും അവർക്ക് സ്വാതന്ത്ര്യം വേണമെന്നും എഴുത്തുകാരൻ പറയാതെ പറയുന്നു. ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ ചിന്തകളും നമുക്ക് വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

ഭാമയുടെ പ്രണയം കൽപിതമാണോ യാഥാർഥ്യമാണോയെന്നുള്ള അനിശ്ചിതങ്ങളിലേക്ക് ഭൂപനെപ്പോലെ വായനക്കാരനും ചിലവേളകളിൽ എത്തിച്ചേരുന്നുണ്ട് .
ഭൂപനെ ആവേശിക്കുന്ന ആഗതൻ യാഥാർഥ്യങ്ങളെ തിരുത്തുന്ന, വ്യാജനിർമിതമായ ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നതിലൂടെ തെറ്റുകളുടെ ഇരുളിലേക്ക് ഭൂപൻ പതിക്കുന്ന ദുരന്ത ചിത്രമാണ് നോവൽ വരച്ചു കാണിക്കുന്നത്.

ഉരഗം വായിച്ച് തീരുമ്പോൾ നോവലിസ്സ് വായനക്കാരെ കറുത്ത വസ്ത്രം ധരിച്ചെത്തിയ ആഗതൻ എന്ന കഥാപാത്രത്തിന്റെ വരവിന്റെ ഉദ്ദേശ്യത്തെ ഓർമ്മപ്പെടുത്തുന്നു. വായന പൂർത്തിയാകുമ്പോൾ വായനക്കാരൻ ഭൂപനെ
സ്വന്തം നാട്ടിലെവിടെയൊക്കെയോ തിരയുന്നുമുണ്ട്. മക്കൾ കാരണം അച്ചനമ്മമാർ അനുഭവിക്കുന്ന വേദനയെക്കുറിച്ചും പ്രവർത്തികൊണ്ട് ഹിംസിക്കുന്ന മക്കളെക്കുറിച്ചും ഏറെ ചിന്തിക്കാൻ ഉരഗം എന്ന നോവൽ വായനക്കാരെ പ്രാപ്തരാക്കുന്നു, ഒപ്പം ഒരു ഇരുണ്ട ദേശം നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വ്യത്യസ്തമായ വായനാനുഭൂതിയിലൂടെ
അവനവനിലേക്ക് തന്നെ തിരിഞ്ഞ് നോക്കാൻ ഈ നോവൽ നമ്മെ പ്രാപ്തമാക്കുന്നുമുണ്ട്,അതു കൊണ്ട് ഇനിയുമേറെ വായനക്കാർ ഈ നോവൽ വായിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.