
മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഉമ ത്രിലോകിന്റെ 'അമൃത ഇംറോസ് പ്രണയകഥ' എന്ന പുസ്തകത്തെ ലേഖകന്‍ വിലയിരുത്തുന്നു
സ്‌നേഹം നമുക്ക് എന്തുനല്‍കി എന്നതിലാണ് ഭൂരിപക്ഷം മനുഷ്യരുടെയും ശ്രദ്ധ, ആ കൊടുക്കല്‍വാങ്ങലില്‍ നഷ്ടമാകുന്നത് ആ സ്‌നേഹത്തിന്റെ നിറവറിയാനുള്ള അവസരവും. ആ 'പ്രായോഗികത'യെ അതിജീവിച്ചു സ്‌നേഹിക്കാനായാലോ?
ഇത് അത്തരമൊരു പ്രണയകഥയാണ്. തങ്ങളാഗ്രഹിച്ച ജീവിതം നയിച്ച, സ്വതന്ത്ര ഇന്ത്യയിലെത്തന്നെ ആദ്യ ലിവിങ് ടുഗതര്‍ ജോഡികളിലൊന്നായ അമൃതയുടെയും ഇംറോസിന്റെയും പ്രണയകഥ. എല്ലാ 'സാമൂഹിക നിയമ'ങ്ങളെയും കാറ്റില്‍പ്പറത്തി ഹൃദയംകൊണ്ടുമാത്രം സ്നേഹിച്ച പച്ചയായ മനുഷ്യരുടെ കഥ. പരസ്പരം ഇഷ്ടമാണ്, ഇഷ്ടമാണ് എന്ന് ഒരിക്കല്‍പ്പോലും പറയാതെ നാലുപതിറ്റാണ്ട് ഒരുമിച്ചുജീവിച്ച ഒരു അപൂര്‍വ പ്രണയജോഡിയുടെ കഥ.
വളരെ പ്രശസ്തമായ ഒരു പഞ്ചാബി നാടോടിക്കഥയുണ്ട്, ഹീര്‍-രാഞ്ച. മണിരത്നത്തിന്റെ രാവണില്‍ മലയ്ക്കുമുകളില്‍നിന്ന് താഴേക്കെടുത്തു ചാടുന്ന ഐശ്വര്യക്കു പിന്നില്‍ മുഴങ്ങുന്ന പാട്ട് ഓര്‍മ്മയില്ലേ, ആ രാഞ്ച തന്നെ ഈ രാഞ്ച. ധനുഷിന്റെ രാഞ്ചനയിലൂടെയും നാം ഈ പേര് കേട്ടിട്ടുണ്ട്. എല്ലാം ആ പഞ്ചാബി നാടോടിക്കഥയില്‍നിന്നും പൊട്ടിമുളച്ചവ... സഹോദരന്മാരില്‍ ഏറ്റവും ഇളയവനായിരുന്നു ദീദോ രാഞ്ച. അച്ഛന് ഏറ്റവും പ്രിയപ്പെട്ടവന്‍. സഹോദരന്‍മാര്‍ പാടത്തു പണിയെടുത്തപ്പോള്‍ ഓടക്കുഴലും വായിച്ച് സുഖിച്ചു നടന്നവന്‍. എന്നാല്‍ അച്ഛന്റെ മരണത്തോടെ കാര്യങ്ങളുടെ ഗതി മാറി. സഹോദരങ്ങളോട് വഴക്കടിച്ച് രാഞ്ച വീടുവിട്ടിറങ്ങി. അങ്ങനെയങ്ങനെ എത്തിച്ചേര്‍ന്ന സിയാല്‍ ഗോത്രക്കാരുടെ ഒരു ഗ്രാമത്തില്‍ കാലികളെ മേയ്ക്കുന്ന ജോലികിട്ടി. അവിടെവെച്ചണ് രാഞ്ച, ആ സമ്പന്നകുടുംബത്തിലെ ഹീര്‍ എന്ന പെണ്‍കുട്ടിയെ കാണുന്നതും അവര്‍ തമ്മില്‍ ഇഷ്ടത്തിലാകുന്നതും.
ആരുമാരും അറിയാതെ ആ പ്രണയം വര്‍ഷങ്ങളോളം തുടര്‍ന്നു, ഒടുവില്‍ ഒരു ബന്ധു കണ്ടുപിടിക്കുന്നതുവരെ. ഉടനെത്തന്നെ ഹീരയെ വേറെ വിവാഹം കഴിപ്പിച്ചയച്ചു. ഭഗ്നഹൃദയനായ രാഞ്ച ഒരു യോഗിയായി വേഷംമാറി ദൈവനാമവും ജപിച്ച് ഹീറിനെ വിവാഹംകഴിച്ചുകൊണ്ടുപോയ ഗ്രാമത്തിലെത്തി. തന്നെ പാമ്പുകൊത്തി എന്ന് വയ്യായ്ക നടിച്ചു കഴിയുകയായിരുന്നു ഹീര്‍. പുനഃസമാഗമം പ്രണയത്തെ വീണ്ടും ആളിക്കത്തിച്ചു. ഇരുവരും അവിടെനിന്നും രഹസ്യമായി ഹീറിന്റെ ഗ്രാമത്തിലേക്കു മടങ്ങി. ആ തീവ്രമായ പ്രണയത്തിന്റെ ആഴം ഹീറിന്റെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. രണ്ടായി ജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് മനസ്സിലായതോടെ വിവാഹം നടത്തിക്കൊടുക്കാം എന്ന് സമ്മതിച്ചു. എന്നാല്‍ അതൊരു ചതിയായിരുന്നു. കുടുംബത്തെ 'നാണംകെടുത്തിയ' ഹീറിനെ വിഷംകൊടുത്തു കൊല്ലാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. രാഞ്ചാ, രാഞ്ചാ എന്നുവിളിച്ചുകൊണ്ട് ഹീര്‍ പ്രാണന്‍ വെടിഞ്ഞു. വിവരമറിഞ്ഞ രാഞ്ചയും ഹൃദയംപൊട്ടി മരിച്ചു.
258 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാരിഷ് ഷാ മനോഹരമായൊരു പുനരാഖ്യാനത്തിലൂടെ അനശ്വരമാക്കിയ ഈ പഞ്ചാബി കിസ്സ, കുട്ടികള്‍ക്കുപോലും അറിയാമായിരുന്ന അവിഭക്ത പഞ്ചാബിലാണ് അമൃത കൗര്‍ ജനിച്ചതും വളര്‍ന്നതും. കുട്ടിക്കാലത്തേ കവിതകള്‍ എഴുതിയിരുന്നു അവള്‍. പതിനാറാം വയസില്‍-1935ല്‍- പ്രീതം സിങ്ങുമായുള്ള വിവാഹം കഴിഞ്ഞു. അങ്ങനെ അമൃത കൗര്‍, അമൃത പ്രീതമായി. ആ ബന്ധത്തില്‍ അവര്‍ക്കു രണ്ടു കുട്ടികളുമുണ്ടായി. എന്നാല്‍ കാലം കഴിയുംതോറും തങ്ങള്‍ വിരുദ്ധ ധ്രുവങ്ങളില്‍ ഉള്ളവരാണെന്ന് അവര്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിയാന്‍ തുടങ്ങി. ലാഹോര്‍ ആള്‍ ഇന്ത്യാ റേഡിയോയില്‍ അമൃത കവിതചൊല്ലുന്നതുപോലും ഇഷ്ടമല്ലാതിരുന്ന പ്രീതം, അങ്ങനെ കിട്ടുന്ന കാശ് താന്‍ തന്നാല്‍പ്പോരെ എന്നുപോലും ചോദിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ് 1940-കളുടെ ആരംഭത്തില്‍ പ്രീതംനഗറിലെ ഒരു കവിയരങ്ങില്‍ തന്നെക്കാള്‍ രണ്ടു വയസ്സിന് ഇളയതായ സാഹിര്‍ എന്നൊരു ചെറുപ്പക്കാരനെ അമൃത പരിചയപ്പെടുന്നത്. പ്രണയവും സമരവും സമാസമം ചേര്‍ന്ന അവന്റെ വരികള്‍ അമൃതയുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇരുവരും ചൊല്ലിയ കവിതകളിലൂടെ അവരുടെ കണ്ണുകളുടക്കി, ഹൃദയങ്ങളും. അതൊരു പൂവിടാത്ത, എന്നാല്‍ അഗാധമായ പ്രണയത്തിന്റെ തുടക്കമായിരുന്നു. അതങ്ങനെ ശായരികളില്‍നിന്ന് ശായരികളിലേക്കു സഞ്ചരിച്ചു.
'പ്രീത് നഗറില്‍വെച്ച് ഞാന്‍ ആദ്യമായി സാഹിറിനെ കണ്ടു, കേട്ടു. സാഹിറിന്റെ വാക്കുകളുടെ ജാലമോ അതോ അദ്ദേഹത്തിന്റെ കണ്ണുകളുടെ ആഴമോ എന്നറിയില്ല, എന്തോ ഒന്ന് എന്നെ തൊട്ടു. എന്റെ മനസ്സിന്റെ മണ്ണില്‍ പ്രണയത്തിന്റെ നാമ്പു വിടര്‍ത്തി.'
തന്റെ ആത്മകഥയായ, (1976ല്‍ പ്രസിദ്ധീകരിച്ച) റവന്യൂ സ്റ്റാമ്പില്‍ കുട്ടിക്കാലത്ത് അമ്മയുടെ ഗ്രാമത്തിലേക്കു നടത്തിയ ഒരു യാത്രയെക്കുറിച്ച് അമൃത പറയുന്നുണ്ട്. വഴിയ്ക്ക് ഹിന്ദുവെള്ളവും മുസ്ലീംവെള്ളവും കൊടുക്കുന്നതുകണ്ട്, വെള്ളത്തിനും മതവ്യത്യാസമോ എന്ന് അമൃത അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി ഇതായിരുന്നു. 'അതിവിടെ നടക്കുന്നുണ്ട്, ദൈവത്തിനറിയാം ഇനി എന്തെല്ലാം സംഭവിക്കാന്‍ കിടക്കുന്നെന്ന്.'
ദൈവത്തിനറിയാമായിരുന്നത് 1947-ല്‍ മനുഷ്യനുമറിഞ്ഞു. അതുവരെ ജീവിച്ചിരുന്ന രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത് ദശലക്ഷക്കണക്കിനു മനുഷ്യര്‍ക്കൊപ്പം അമൃതയുടെ ജീവിതത്തെയും മാറ്റിമറിച്ചു. ആ പലായനം തന്റെ 28ാം വയസില്‍ അമൃതയെ കൊണ്ടെത്തിച്ചത് ഡല്‍ഹിയിലാണ്. സാഹിര്‍ ലാഹോറിലായിരുന്നുവെങ്കിലും അപ്പോഴും അവര്‍ കത്തുകളിലൂടെ തങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തി. വിഭജനത്തിന്റെ ഭീതിജനകമായ മുറിവുകളില്‍ മുങ്ങിയ അവരുടെ മനസുകള്‍ അന്ന് ഏറെ ആഗ്രഹിച്ചിരിക്കണം, തങ്ങള്‍ അടുത്തടുത്ത് ഉണ്ടായിരുന്നെങ്കിലെന്ന്.
'വാരിഷ് ഷാ, വരൂ, അങ്ങയുടെ ശവകുടീരത്തില്‍നിന്നും സംസാരിക്കൂ
അങ്ങയുടെ പ്രണയപുസ്തകത്തിന്റെ അടുത്ത താള്‍ മറിക്കൂ
ഒരിക്കല്‍ പഞ്ചാബിന്റെ ഒരു പുത്രി കരഞ്ഞപ്പോള്‍ അങ്ങൊരു വിലാപകാവ്യമെഴുതി.
ഇന്ന് ദശലക്ഷക്കണക്കിനു പുത്രിമാര്‍ അങ്ങയോടു കേഴുന്നു,
വാരിഷ് ഷാ, ഉയിര്‍ത്തെണീക്കൂ...
വിലപിക്കുന്നവരുടെ ഗായകാ! നിന്റെ പഞ്ചാബിനെ നോക്കൂ,
ഇന്ന്, പാടങ്ങള്‍ ശവങ്ങള്‍കൊണ്ട് നിരന്നിരിക്കുന്നു
ഛെനാബു നിറയെ രക്തമാണ്, രക്തം....'
ആ മുറിവുകളാണ് അന്ന് ഗര്‍ഭിണികൂടിയായിരുന്ന അമൃതയെക്കൊണ്ട് വാരിഷ് ഷായെ തിരിച്ചുവിളിക്കുന്ന ഈ വിലാപകാവ്യയമെഴുതിച്ചത്.
ഡല്‍ഹിയിലെത്തിയ അമൃത അധികംവൈകാതെ ആള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. (ഇത് 1961 വരെ തുടര്‍ന്നു) എഴുത്തും സമാന്തരമായി തുടര്‍ന്നു. അതിലൊരു പുസ്തകത്തിന്റെ കവര്‍ച്ചിത്രം ചെയ്യാന്‍ പറ്റിയ ഒരാളെ തേടുന്നതിനിടയിലാണ് ഗുരുദത്തിന്റെ പോസ്റ്ററൊക്കെ ചെയ്തിട്ടുള്ള ഇന്ദ്രജിത് എന്നൊരാളുണ്ടെന്ന് ആരോ നിര്‍ദേശിക്കുന്നതും അമൃതയും അമൃതയെക്കാള്‍ ഏഴു വയസിന് ഇളയതായ ആ ചെറുപ്പക്കാരനും ആദ്യമായി കാണുന്നതും. ഇത്തവണ കണ്ണുകളുടക്കിയത് ഇംറോസിനായിരുന്നു. സാഹിറില്‍ അത്രത്തോളം മുഗ്ദയായിരുന്നു അമൃത എന്നതൊന്നും ഇംറോസിനെ അലട്ടിയില്ല. ഒരുപക്ഷേ, ആ മുഗ്ദപ്രണയത്തിനുള്ള മനസ്സുകൂടിയായിരിക്കാം ഇംറോസിന്റെ ഹൃദയത്തെ ജ്വലിപ്പിച്ചത്.
ആ പ്രണയത്തപ്പറ്റി അമൃത ഇംറോസ് പ്രണയകഥയില്‍ പറയുന്നത് നോക്കൂ: 'നിശ്ശബ്ദമായിരുന്നു അമൃതയ്ക്കു സാഹിറുമായുള്ള ബന്ധം. അതു പ്രധാനമായും മാനസികതലത്തിലായിരുന്നു. ശാരീരികമായ യാതൊന്നും ആ ബന്ധത്തിലുണ്ടായിരുന്നില്ല. അമൃതയ്ക്ക് സാഹിര്‍ ദൈവതുല്യനായിരുന്നു. അദ്ദേഹം നല്ല ഉയരമുള്ള ആളായിരുന്നു. ആ നീളന്‍ നിഴലില്‍ നടക്കുമ്പോള്‍ അവര്‍ സന്തോഷവും സംരക്ഷണവും കണ്ടെത്തി.
പതിനാലു വര്‍ഷത്തോളം അവര്‍ ആ നിഴലില്‍ സഞ്ചരിച്ചു. വാക്കുകളില്ലാതെ അവര്‍ പരസ്പരം സംസാരിച്ചു. അദ്ദേഹം വരും, അമൃതയ്ക്കു കവിതകള്‍ കൊടുക്കും, പോകും. ചിലപ്പോള്‍ അരികെയുള്ള പാന്‍ വില്‍പ്പനക്കടയിലേക്കു പോയി സോഡ കഴിച്ച് പാനും സിഗരറ്റും വാങ്ങി അമൃതയുടെ ജനലിലേക്ക് അല്‍പ്പനേരം നോക്കിനില്‍ക്കും. അമൃതയ്ക്ക് ഒഴിവാക്കാനാവാത്ത സുപ്രധാനഭാഗംതന്നെയാണ് സാഹിര്‍. എങ്കിലും സ്ഥിരമായി കാണാന്‍പറ്റുന്ന, എന്നാല്‍ ദൂരെയുള്ള നക്ഷത്രം തന്നെയായിരുന്നു അമൃതയ്ക്ക് അദ്ദേഹം.
സാഹിര്‍ വീട്ടിലേക്കു വരും, കസേരയില്‍ ഇരിക്കും, സിഗരറ്റുകള്‍ ഒന്നിനു പിറകേ ഒന്നായി വലിക്കും, സിഗരറ്റുകുറ്റികള്‍ ആഷ്ട്രേയില്‍ നിക്ഷേപിച്ചു സ്ഥലംവിടും. അദ്ദേഹം പോയശേഷം അമൃത ഓരോ സിഗരറ്റുകുറ്റിയും എടുത്തു വലിക്കും. അങ്ങനെയാണു പുകവലിക്കുന്ന ശീലം തനിക്കുണ്ടായതെന്ന് അമൃത ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
തികഞ്ഞ വ്യക്തിത്വം പ്രണയത്തിലും വേണമെന്നവര്‍ വിശ്വസിച്ചു. പ്രണയത്തെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ''ആരും അലിഞ്ഞുചേരുന്നില്ല. രണ്ടു വ്യക്തികള്‍ വെവ്വേറെത്തന്നെയാണ്. വേറിട്ടു നില്‍ക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അന്യോന്യം അറിയാനും സ്നേഹിക്കാനും പറ്റൂ. ഒന്നായിത്തീര്‍ന്നാല്‍ നിങ്ങള്‍ ആരെ സ്നേഹിക്കും?'' പ്രണയിയെക്കുറിച്ചുള്ള അമൃതയുടെ ഭാവന വളരെ ശക്തവും വികാരതീവ്രവുമാണ്.'
എന്തൊക്കെയായാലും സാഹിര്‍ ഒരിക്കലും പൂര്‍ണമായി ആ ബന്ധത്തിനൊരു പേരു നല്‍കാന്‍ തയാറായില്ല. അതേപ്പറ്റിയാകണം അദ്ദേഹം ഇങ്ങനെ എഴുതിയത്:
''ഫലസമാപ്തിയിലെത്തിക്കാനാകാത്ത കഥയെ
ഒരു മനോഹര വഴിത്തിരിവു നല്‍കി
വിട്ടുകളയുന്നതാണ് ഭംഗി.
വരൂ, നമുക്ക് വീണ്ടും അപരിചിതരാകാം.''
ഏറെ വര്‍ഷങ്ങള്‍ക്കു മുന്നേ എഴുതിയ ഈ കവിത 1963-ല്‍ ഗുമ്രാ എന്ന ചലച്ചിത്രത്തിന്റെയും ഭാഗമായി 'ചലോ ഏക് ബാര്‍ ഫിര്‍ സേ, അജ്നബി ബന്‍ ജായെ ഹം ദോനോം'.... അപ്പോഴേക്കും സാഹിര്‍, ഇന്ത്യയാകെ ആഘോഷിക്കപ്പെന്ന സാഹിര്‍ ലുധിയാന്‍വി എന്ന ഗാനരചയിതാവായി മാറിയിരുന്നു. 'പ്യാസ'യില്‍ (1957) 'എവിടെ ഇന്ത്യ, ഇന്ത്യ എന്ന് അഭിമാനിക്കുന്നവര്‍? എന്തിനെക്കുറിച്ചാണ് അവര്‍ അഭിമാനിക്കുന്നത്?' എന്നെഴുതി പാര്‍ലമെന്റിനെപ്പോലും പിടിച്ചുകുലുക്കിയ കവി. 1960-ല്‍ പ്രീതം സിങ്ങുമായുള്ള ബന്ധം അമൃത നിയമപരമായി വേര്‍പെടുത്തിയിട്ടും ഇരുവരും ഒന്നിക്കുന്ന സാഹചര്യമുണ്ടായില്ല, സാഹിര്‍ ഒരിക്കലും വിവാഹം കഴിക്കുകയും ചെയ്തില്ല.
ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും നായകരാക്കി ചലച്ചിത്രമാക്കിയാലോയെന്ന് സഞ്ജയ് ലീലാ ബന്‍സാലിയെ ആലോചിപ്പിച്ചതും ആ ഭഗ്‌നപ്രണയത്തിന്റെ വശ്യതയാകണം. തങ്ങള്‍ കണ്ട പ്രീത് നഗറിന്റെ ഓര്‍മയ്ക്കു കൂടിയാകുമോ അമൃത തന്റെ പ്രീതം നിലനിര്‍ത്തിയത്? അറിയില്ല. ഒന്നറിയാം, ഒരു ചലച്ചിത്രഗാനത്തിന്റെ ജോലി നടക്കുന്നതിനിടെ സാഹിറിന്റെ മേശപ്പുറത്തുള്ള ഒരു കപ്പ് അഴുക്കുപുരണ്ടതാണെന്നും വൃത്തിയാക്കണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. അതിനോട് ചീറിക്കൊണ്ടായിരുന്നു സാഹിര്‍ പ്രതികരിച്ചത്, അവരുടെ അവസാന സമാഗമത്തില്‍ അമൃത കാപ്പികുടിച്ച കപ്പായിരുന്നു അത്.
ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇംറോസ് അമൃതയെ സ്നേഹിച്ചത്. അയാളെ സംബന്ധിച്ച് തന്റെ പ്രണയം ആസ്വദിക്കുന്നതിന് അതൊന്നും ഒരു തടസമായിരുന്നില്ല. തന്റെ ബാല്‍ക്കണിയില്‍ അമൃത ആകാശവാണിയിലേക്കു പോകുന്നതുംനോക്കി അങ്ങനെ നില്‍ക്കും. പലപ്പോഴും ഒപ്പം നടക്കും. ഒടുവില്‍ സ്വരുക്കൂട്ടി സ്വരുക്കൂട്ടി അദ്ദേഹം ഒരു സ്‌കൂട്ടര്‍വാങ്ങി, അടുത്ത ദിവസം അതുമായി അമൃതയുടെ അടുത്തുചെന്ന് ചോദിച്ചു, ഞാന്‍ കൊണ്ടുവിടട്ടെ?
അങ്ങനെയങ്ങനെ ആ അടുപ്പത്തിനു തിടംവെച്ചു. ആ സ്‌കൂട്ടറിന്റെ പുറകിലിരുന്ന്,അറിയാതെ ഇമ്റോസിന്റെ മുതുകില്‍ അമൃത അപ്പോഴും എഴുതിപ്പോയത് സാഹിറിന്റെ പേരായിരുന്നു. ആ സ്നേഹത്തെ അതിന്റെതായ എല്ലാ മനോഹരിതകളോടുംകൂടെ അംഗീകരിച്ചുകൊണ്ട് ഇംറോസിന്റെ പ്രണയം അതിന്റെ യാത്രതുടര്‍ന്നു. ആകാശവും ഭൂമിയും പോലെയായിരുന്നു അമൃതയുടെയും സാഹിറിന്റെയും പ്രണയം എന്നു പറയാറുണ്ട്, ദൂരെനിന്ന് നോക്കുന്നവരെ തങ്ങള്‍ കൈകോര്‍ത്തു നടക്കുന്ന പ്രണയജോഡികളാണെന്ന് വെറുതേ തെറ്റിദ്ധരിപ്പിക്കും. അടുത്തുനിന്നു നോക്കുന്നവനാണല്ലോ മറിച്ചു കാണാന്‍ സാധ്യമാകുക.
അങ്ങനെയിരിക്കെ മുംബൈയില്‍നിന്നും സംവിധായകന്‍ ഗുരുദത്ത് തനിക്കൊപ്പം ജോലി ചെയ്യുന്നതിനായി ഇംറോസിനെ ക്ഷണിച്ചു. നല്ല ശമ്പളം, താമസസൗകര്യം...എല്ലാംകൊണ്ടും സുഖം. ഇംറോസിന്റെ അഭാവം അമൃതയെ ശരിക്കും ഉലച്ചു. ഒരിക്കല്‍ തന്റെ സാഹിറിനെ കൊണ്ടുപോയ നഗരം, ഇപ്പോഴിതാ തന്റെ ഇംറോസിനെയും കൊണ്ടുപോകുകയാണോ എന്ന് അമൃത ഭയന്നു. മൂന്നു ദിവസങ്ങള്‍ക്കിപ്പുറം ഒരു കത്ത് വന്നു, താന്‍ തിരിച്ചുവരികയാണെന്ന ഇംറോസിന്റെ കത്ത്. അധികം വൈകാതെ അവര്‍ ആ നിര്‍ണായകമായ തീരുമാനമെടുത്തു, അങ്ങനെ 1964 മുതല്‍ അവര്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി. 2005ല്‍ അമൃത മരണമടയുംവരെയും ആ പങ്കാളിത്തം തുടര്‍ന്നു. (ഒരു വര്‍ഷം മുന്‍പ് 2023 ഡിസംബര്‍ 22ന് ഇംറോസും നമ്മെ വിട്ടുപിരിഞ്ഞു.)
ആ നിസ്തുല പ്രണയത്തിന്റെ സ്മാരകമായി അമൃത, ഇമ്രോസിനായെഴുതിയ ആ കവിത ഇന്നും നമുക്കിടയില്‍ ശേഷിക്കുന്നു.
''ഞാന്‍ നിന്നെ വീണ്ടും കാണും
എവിടെ...എങ്ങനെ...എനിക്കറിയില്ല.
പക്ഷേ ഉറപ്പായും ഞാന്‍ നിന്നെ വീണ്ടും കാണും.''
അമൃത പ്രീതത്തിന്റെ അന്ത്യനാളുകളില്‍, അമൃത തന്റെ എണ്‍പതുകളില്‍ എത്തിനില്‍ക്കുമ്പോള്‍ സ്ഥിരം സന്ദര്‍ശകയായിരുന്ന ഉമ ത്രിലോക് തയാറാക്കിയ അമൃത ഇമ്രോസ് എന്ന പുസ്തകം, അവരുടെ ജീവചരിത്രം മാത്രമല്ല പ്രണയത്തിന്റെ ആത്മകഥ കൂടെയാണെന്ന് പറയേണ്ടി വരും. പ്രണയത്തോട്, പ്രണയത്തെപ്പറ്റിച്ചോദിച്ചാല്‍ എന്താകും പറയുക? അതിനെ അതിലുംമനോഹരമായി ഈ പുസ്തകത്തില്‍ കണ്ടെത്താം. സാമീപ്യത്തിന്റെ ലഹരി പകരുന്ന പ്രണയത്തിന്റെ സ്നിഗ്ദത നമ്മെത്തന്നെ ഉടച്ചുവാര്‍ക്കുമെന്ന് തീര്‍ച്ച. പ്രണയത്താല്‍ സ്വതന്ത്രരാകേണ്ടതെങ്ങനെ എന്നതിന്റെ ഒരു കൈപ്പുസ്തകംപോലെ 'അമൃത ഇംറോസ്' നമ്മെ ഫലേഛയില്ലാത്ത പ്രണയസരോവരത്തിലേക്ക് ക്ഷണിക്കുന്നു, ഉള്ളുതുറന്ന് ജീവിക്കാന്‍.
ഉമ ഒരിക്കല്‍ ഇംറോസിനോടു പറഞ്ഞു: 'ആളുകള്‍ പറയുന്നതു നിങ്ങള്‍ ജീവിതം മുഴുവനും അമൃതയെ സുഖിപ്പിച്ച്, അവര്‍ക്ക് വീശിക്കൊടുത്തു കഴിയുകയാണെന്നാണ്.' അല്‍പ്പനിമിഷത്തെ നിശബ്ദതയ്ക്കുശേഷം ചിരിച്ചുകൊണ്ട് ഇംറോസ് പറഞ്ഞു: 'അമൃതയ്ക്കു വീശിക്കൊടുക്കുമ്പോള്‍ എനിക്കും കാറ്റു കിട്ടുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ.'
ഇതിലും ലളിതമായി പ്രണയിക്കുവാന്‍ ആര്‍ക്കാണ് കഴിയുക! ഇതല്ലാതെ ഒന്നും പ്രണയം നമ്മോട് ആവശ്യപ്പെടുന്നുമില്ലല്ലോ.
Content Highlights: the love story of sahir ludhianvi and amrita pritam
Published: 02 Dec 2024, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented