മെൽബൺ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ജയംനേടിപ്പോൾ ക്രിക്കറ്റ് ലോകം തിരഞ്ഞത് നിഖിൽ ചൗധരിയെന്ന ഇന്ത്യൻ വംശജനായ ഓൾറൗണ്ടറെയാണ് ലെഗ് സ്പിന്നിലൂടെ 21 റൺസിന് രണ്ടുവിക്കറ്റും നാലാംനമ്പറിലിറങ്ങി 38 പന്തിൽ 66 റൺസുമടിച്ച നിഖിൽ കളിയിലെ കേമൻപട്ടവും നേടിയാണ് കരയ്ക്കുകയറിയത്. ഇതാണ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുടക്കാൻ കാരണം. ഡൽഹിയിൽ ജനിക്കുകയും പഞ്ചാബിലേക്ക് മാറുകയും അവിടെ ക്രിക്കറ്റ് കളി ആരംഭിക്കുകയുംചെയ്ത നിഖിൽ, ഓസ്‌ട്രേലിയൻ ടീമിലെത്തിയത് യക്ഷിക്കഥപോലെ അമ്പരപ്പിക്കുന്നതും മോഹിപ്പിക്കുന്നതുമാണ്.
2017 മുതൽ ‘19 വരെ പഞ്ചാബ് ടീമിൽ കളിച്ച നിഖിൽ, മീഡിയം പേസറുടെ റോളിലായിരുന്നു. പിന്നീടാണ് ബാറ്റിങ്ങും സ്പിന്നും കൈകാര്യംചെയ്യുന്ന ഓൾറൗണ്ടറായത്. ഹർഭജൻ സിങ്, സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ, ഗുർകിരാത് മൻ എന്നിവർക്കൊപ്പമാണ് കളിച്ചത്. 12 ടി-20 മത്സരങ്ങളിലും രണ്ട് ലിസ്റ്റ് എ മത്സരത്തിലും പഞ്ചാബിനായി ഇറങ്ങി. 2020-ൽ ഓസ്‌ട്രേലിയയിലെ ക്യൂൻസ് ലൻഡിലുള്ള അമ്മാവന്റെ അടുത്തേക്ക് പോയതാണ് വഴിത്തിരിവായത്.
കോവിഡ് വ്യാപനത്തോടെ പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെയായി. അക്കാലത്ത് പച്ചക്കറിവിതരണവും കത്തുകളുടെയും പാർസലുകളുടെയും വിതരണവുമൊക്കെയായിരുന്നു നിഖിലിന്റെ ജോലി. ഇതിനിടയ്ക്ക് ക്രിക്കറ്റ് കളി തുടരുകയുംചെയ്തു. ബ്രിസ്‌ബെയ്‌നിൽ കളിക്കുന്നതിനിടെ താരത്തിന്റെ മികവ് തിരിച്ചറിഞ്ഞ ഒരു പ്രാദേശികപരിശീലകൻവഴി ബിഗ് ബാഷ് ക്ലബ്ബ് ഹൊബർട്ട് ഹുറികെയ്ൻസിലെത്തിയതോടെ കരിയർ തെളിഞ്ഞു. 2023-24 സീസണിലായിരുന്നു അത്. 2025-ൽ ബിഗ്ബാഷ് ജയിച്ച ഹൊബർട്ട് ടീമിൽ അംഗവുമായി. അതിനുശേഷം ടാസ്മാനിയ ക്രിക്കറ്റ് ടീമിലും കളിച്ചു. ക്ലബ്ബ് ക്രിക്കറ്റിൽ വലിയ വിജയമായതോടെയാണ് ഓസ്‌ട്രേലിയൻ ടീമിലേക്ക് വിളിവന്നത്.
2026 ജൂണിൽ ഓസ്‌ട്രേലിയൻ ട്വന്റി-20 ടീമിൽ അംഗമായി. ട്രാവിസ് ഹെഡ് പിൻമാറിയതോടെയാണ് അവസരം വന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കളിച്ചതോടെ, 1964-നുശേഷം ഓസീസ് ടീമിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജനുമായി. സ്‌നേഹ്കുമാർ ചൗധരി-മഞ്ജു ചൗധരി ദമ്പതിമാരുടെ മകനാണ്.
ഓസ്‌ട്രേലിയക്ക് ജയം
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 19.5 ഓവറിൽ ഏഴുവിക്കറ്റിന് 191 റൺസെടുത്ത് മൂന്നുവിക്കറ്റ് ജയത്തിലെത്തി. നിഖിലിനുപുറമേ മിച്ചൽ മാർഷ് (37), സാം ഹാർപർ (32) എന്നിവരും ഓസീസിനായി തിളങ്ങി. ഇംഗ്ലീഷ് ബാറ്റിങ്ങിൽ ഹാരി ബ്രൂക്ക് (65), ടോം ബാന്റൺ (39) എന്നിവർ പൊരുതി. ബ്രൂക്കിനെയും സാം കറനെയും (21) നിഖിലാണ് വീഴ്ത്തിയത്.
Content Highlights: Nikhil Chaudhary became the first player of Indian origin since 1964 to represent the Australian T20 team in June 2026., He played a crucial role against England with both bat (66 runs) and ball (2 wickets for 21 runs), winning the Player of the Match award
Published: 22 Nov 2026, 08:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented