മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, സുനില്‍ പി. ഇളയിടത്തിന്റെ ഓര്‍മ്മകളും മനുഷ്യരും എന്ന പുസ്തകത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം...

To advertise here,

ഓര്‍മകളാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്, അല്ലെങ്കില്‍ ഓര്‍മകളുടെ ഭാരവും പേറിയാണ് ഓരോ മനുഷ്യനും മുന്നോട്ടു പോകുന്നതെന്ന്  പറയാം. അതിജീവനത്തിനുള്ള ഇടമായി ഓര്‍മകളെ കാണുന്ന മനുഷ്യരുമുണ്ട്. കഴിഞ്ഞുപോയ  കാലത്തിനിടയില്‍ നല്ലതും കെട്ടതുമായ അനുഭവങ്ങളും, ജീവിതത്തിലൂടെ കടന്നുപോയ മനുഷ്യരും ചേര്‍ന്നാണ് ഓര്‍മകളെ സമ്പുഷ്ടമാക്കുന്നത്. അത്തരം സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും നമ്മുടെ ഓര്‍മകളില്‍ പ്രതിധ്വനിക്കുന്നു.

വിമര്‍ശനവും പ്രഭാഷണവും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണ് സുനില്‍ പി. ഇളയിടം. നിരവധി മേഖലകളുടെ  ഭാഗമായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഓര്‍മകളും ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തികളും നിരവധിയായിരിക്കും. ഓര്‍മകളുടെ ബാഹുല്യത്തില്‍ നിന്നും പ്രിയപ്പെട്ടതിനെ അതില്‍ വൈകാരിക മുഹൂര്‍ത്തങ്ങളും സന്തോഷ, സന്താപ അനുഭവങ്ങളും ഉണ്ടാകും ഇവയെ ചേര്‍ത്തുവച്ചുകൊണ്ട് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പുസ്തകമാണ് 'ഓര്‍മ്മകളും മനുഷ്യരും.' ദേശാഭിമാനി വാരികയില്‍ എഴുതിയ പംക്തിയാണ് പുസ്തകരൂപമായി പുറത്തുവന്നിരിക്കുന്നത്.

നിശ്ചിത കാലയളവിലെ ഓര്‍മ കുറിപ്പുകളോ ആത്മകഥാപരമായ ലേഖനങ്ങളോ അല്ല ഇതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ടെങ്കിലും തന്റെ  വ്യക്തിജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യരെയും അവരുമായി ചേര്‍ന്ന അനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആധാരം. പ്രഭാഷണ കലയിലേക്കുള്ള ചുവടുവെപ്പും തന്നെ സ്വാധീനിച്ച പ്രാസംഗികരുടെ  ഓര്‍മ്മകളും പങ്കുവെച്ചുകൊണ്ട് 'ഓര്‍മ്മകളും മനുഷ്യരും' എന്ന പുസ്തകം ആരംഭിക്കുന്നു ( വേദിയിലെ വാക്ക്). ഹൈസ്‌കൂള്‍ കാലത്ത് നിന്നുമാണ് വിദ്യാര്‍ത്ഥി ജീവിതത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സുനില്‍ പി. ഇളയിടത്തെ പ്രാസംഗികനായി വളര്‍ത്തുന്നത് നല്ലൊരു പങ്കുവഹിച്ചു എന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

തുടക്കത്തില്‍ എം.എന്‍. വിജയന്റെ പ്രസംഗശൈലിയിലാണ് താന്‍ സ്വാധീനിക്കപ്പെട്ടതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. സ്ഥിരമായി അദ്ദേഹത്തെ കേട്ടതുകൊണ്ട് തന്റെ  പ്രസംഗത്തിലും അതിന്റെ അനുകരണവും സ്വാധീനവും ബോധപൂര്‍വമോ അല്ലാതെയോ കടന്നു വന്നിട്ടുണ്ടാവാമെന്നും ലേഖകന്‍ ഓര്‍ക്കുന്നു. ജി. ശങ്കരക്കുറുപ്പ്, ഇഎംഎസ് നമ്പൂതിരിപ്പാട്, കെ.ജി. ശങ്കരപ്പിള്ള എന്നിവരെ ഏറെ സ്വാധീനിച്ച പ്രാസംഗികരായി സുനില്‍ പി. ഇളയിടം അടയാളപ്പെടുത്തുന്നു. അതേസമയം തൊഴിലാളി പ്രസ്ഥാനത്തിന്റെ വലിയ നേതാവായ സഖാവ് കെ.എന്‍. രവീന്ദ്രനാഥ്, തെരുവിലെ മൈക്കിന് മുന്നില്‍ പ്രസംഗ പീഠം പോലുമില്ലാതെ മണിക്കൂറുകളോളം സംസാരിക്കുന്ന കെ. വേണു എന്നിവരെയും ഓര്‍ക്കുന്നുണ്ട്. 

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്

ആധുനികകാലത്തെ പ്രഭാഷണവേദിയുടെ ജനാധിപത്യവല്‍ക്കരണമായി ലേഖകന്‍ കാണുന്നു. കാരണം പ്രഭാഷണവേദികള്‍/ പ്രഭാഷണങ്ങള്‍ ക്രമാതീതമായി വ്യാപനം ചെയ്യപ്പെടുന്നു. മൂന്നരപതിറ്റാണ്ടായി പ്രഭാഷണവേദിയില്‍ തുടരുന്ന സുനില്‍ പി. ഇളയിടം പ്രഭാഷണത്തിനായി സ്വീകരിച്ച പ്രമേയങ്ങള്‍ നിരവധിയാണ്. നാരായണഗുരു, മാര്‍ക്‌സ്, ഗാന്ധി, ശബരിമല, പൗരത്വ സമരം, മഹാഭാരതം, നവോത്ഥാനം തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. ജീവിതമെന്ന പോലത്തന്നേ ബഹുരൂപിയായും ബഹുസ്വരമായും പ്രഭാഷണങ്ങള്‍ തന്നെ വലയം ചെയ്തിരിക്കുന്നു എന്നാണ് സുനില്‍ പി. ഇളയിടം ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണ് മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് സുനില്‍ പി. ഇളയിടം പങ്കുവയ്ക്കുന്നത്. കോളേജും പരിസരവും സുഹൃത്തുക്കളും തന്റെ വിദ്യാര്‍ത്ഥി ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥി ജീവിതം സംഘടന പ്രവര്‍ത്തനത്തിന്റെ നാളുകള്‍ കൂടിയായിരുന്നു. എന്‍.സതീഷ്, ടി.പി. രമേശ്, പി. രാജീവ് തുടങ്ങിയവരെ സംഘടനയുടെ ഭാഗമായും അല്ലാതേയുമുള്ള ഇടപെടല്‍ കൊണ്ട് അദ്ദേഹം ഓര്‍ക്കുന്നു. മഹാരാജാസിലെ ഓര്‍മകളില്‍ പ്രധാനമായി ലേഖകന്‍ എടുത്തുപറയുന്നത് തികഞ്ഞ ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ സൈമണ്‍ ബ്രിട്ടോയെ സന്ദര്‍ശിച്ചതും സമരവീര്യത്തിന്റെ ആവശ്യം മുഴുവന്‍ ചോരാതെ കാത്തുവെച്ച് ഇടപഴകുന്നവരിലേക്കും ചൊരിയുന്ന വ്യക്തിയുമാണ് അദ്ദേഹമെന്നും 'ഇവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം'എന്ന ലേഖനത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥി ജീവിതം മുതലേ ജീവിതശൈലിയായി തീര്‍ന്നതാണ് സുനില്‍ പി. ഇളയിടത്തിന് വായന.'കാലസമുദ്രത്തിലെ കപ്പലോട്ടങ്ങള്‍' എന്ന ലേഖനത്തില്‍ വായനയുടെ ലഹരി സിരകളില്‍ പടര്‍ന്നതിനെ കുറിച്ച് സൂചിപ്പിക്കുകയാണ് അദ്ദേഹം. ഏതൊരു കുട്ടിയെയും പോലെ ബാല മാസികകളില്‍ നിന്ന് തുടങ്ങി ഷെര്‍ലക് ഹോംസ് കഥകളിലെത്തി. തുടര്‍ന്ന് കോട്ടയം പുഷ്പനാഥ് കഥകളും ദുര്‍ഗ പ്രസാദ് ഖത്രിയുടെ കഥകളും വായിക്കാനിടയായി. ദുര്‍ഗ പ്രസാദ് ഗത്രിയുടെ കുറ്റാന്വേഷണ മാന്ത്രിക നോവല്‍ മറ്റേത് കുറ്റാന്വേഷണ നോവലിനെക്കാളും മികച്ചു നില്‍ക്കുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന് പാവങ്ങള്‍, യുദ്ധവും സമാധാനവും, ആരോഗ്യനികേതനം, മഞ്ഞ് മയ്യഴിപ്പുഴയുടെ തീരങ്ങള്‍, രണ്ടാമൂഴം, സാഹിത്യ വാരഫലം ഖസാക്കിന്റെ ഇതിഹാസം തത്വമസി, ദസ്തയോവ്‌സ്‌കി  കൃതികള്‍, രാഷ്ട്രീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം( നെരൂദ,പാസ്, നിക്കോനാര്‍, പാര്‍റ, സെസാന്‍ വയഹോ,)  കലാലയ രാഷ്ട്രീയ ജീവിതത്തില്‍ തന്നെയാണ് മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകളുമയും നവ മാര്‍ക്‌സിസത്തിന്റെ ആശയ പ്രപഞ്ചവുമായും പരിചയപ്പെട്ടത്. 

മാനിഫെസ്റ്റോ, പ്രോഗ്രസ്സിന്റെയും, മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, പ്ലെഖനോവ് എന്നിവരുടെയും പുസ്തകങ്ങള്‍ അക്കാലത്തു വായനയില്‍ ഉള്‍പ്പെടുത്തി. കൂടാതെ ഇഎംഎസ്, പി.ജി., കെ. ദാമോദരന്‍, രാഹുല്‍ സംകൃത്യായന്‍, ദേവി പ്രസാദ് ചതോപാധ്യായ ഇവരെയും അദ്ദേഹം വായിച്ചു. വിദ്യാഭ്യാസത്തിനുശേഷമാണ് മാര്‍ക്‌സിസ്റ്റ് മൂലഗ്രന്ഥങ്ങള്‍ അദ്ദേഹം വായനയ്ക്കായി എടുക്കുന്നത്. പലതും പ്രയാസകരമായ അനുഭവമായിരുന്നു അദ്ദേഹത്തിന്. വായനാരീതിയില്‍ മാറ്റം വരുത്തിയ പുസ്തകമായി മാര്‍ക്ക്‌സിന്റെ 'ഗ്രുണ്‍ഡ്രിസ്'നെ അദ്ദേഹം കണക്കാക്കുന്നു. ഇരുള്‍ വീഴുങ്ങുന്ന നിമിഷങ്ങളിലെല്ലാം പുസ്തകങ്ങളിലേക്ക് നടന്നടുക്കുന്ന മനുഷ്യനായി ലേഖകന്‍ സ്വയം അടയാളപ്പെടുത്തുന്ന ലേഖനം കൂടിയാണിത്. 

താന്‍ ആദ്യമായി വാങ്ങിയ പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളപരിഭാഷ ആയിരുന്നെന്നും ഇന്നും അത് സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നും വെളിപ്പെടുത്തുന്ന ലേഖനമാണ് 'പാഠശാല'. ലേഖകന്  മാര്‍ക്‌സിസവുമായുള്ള ബന്ധം കേവലം സൈദ്ധാന്തികമായിരുന്നില്ല മറിച്ച് സംഘടനാപ്രവര്‍ത്തനത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റേയും ഇരുവഴികള്‍ അതിന് അടിയുറച്ച ജീവിതബന്ധം തന്നെ നല്‍കിയിരുന്നു. നാട്ടിലെ പ്രവര്‍ത്തനകാലം ഹൈന്ദവവര്‍ഗീയ ശക്തികളുമായി മുഖാമുഖം നില്‍ക്കേണ്ടി വന്ന കാലമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങിയതും ആക്കാലത്തു തന്നെയാണ്. പിന്നീട് ശബരിമല പ്രശ്‌നം വന്ന സമയത്തും നിരവധി ഭീഷണികള്‍ അദ്ദേഹം നേരിട്ടു. എങ്കിലും തന്റെ പില്‍കാല ജീവിതം ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരായ പ്രതിരോധശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതാവും എന്നദ്ദേഹം തീരുമാനിച്ചു. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും മുന്‍നിര്‍ത്തി നാലു പുസ്തകങ്ങള്‍ അദ്ദേഹം രചിക്കുകയും ചെയ്തു.

വ്യക്തിജീവിതത്തില്‍ ഏറെ വൈകാരികമായ അടുപ്പവും ഓര്‍മയുമായ് പങ്കുവെക്കുന്നത് അമ്മയുടെ ഓര്‍മകളാണ്. അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ കൈത്താങ്ങായും മക്കളോടും പേര കുട്ടികളോടും അവരുടെ മക്കളോടും കൂടി ജീവിക്കുകയും ചെയ്താണ് അമ്മ പോയത്. കോവിഡ് വ്യാപന സമയത്ത് തന്നെ ആശുപത്രിയിലേക്ക് വിളിപ്പിച്ച് അവസാനമായി ഒന്ന് കണ്ടതും നന്നായി ഭക്ഷണം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞെങ്കിലും അമ്മ പിന്നെ കണ്ണു തുറന്നില്ല എന്നതും വിവരിക്കുമ്പോള്‍ ഏതൊരു മനുഷ്യനേയും പോലെ അമ്മയെന്ന വൈകാരികതയുടെ ആഴം അദ്ദേഹം പ്രകടമാക്കുകയാണ്. 'അച്ഛനും അമ്മയും' എന്ന ലേഖനത്തില്‍. അധ്യാപികയായിരുന്ന അമ്മയുടെ നിര്‍ബന്ധം മൂലമാണ് താന്‍ പ്രസംഗത്തിനും ഉപന്യാസരചനയിലുമൊക്കെ പങ്കെടുത്തിരുന്നത് എന്നും അമ്മയുടെ നിര്‍ബന്ധമില്ലെങ്കില്‍ ഇന്ന് പ്രസംഗത്തിലും എഴുത്തിലും താന്‍ എത്തുമോ എന്നും അദ്ദേഹം സംശയിക്കുന്നു. 

വായനയ്ക്ക് വഴിയൊരുക്കിയതും എല്ലാ കാര്യങ്ങളിലും സ്വതന്ത്ര നിലപാടുകള്‍ എടുക്കാനും പ്രേരിപ്പിച്ചത് ആ അമ്മയുടെ  തുണകൊണ്ടാണെന്നും അദ്ദേഹം ഓര്‍ക്കുന്നു. മിതത്വത്തിന്റെ പ്രതീകമാണ് സുനില്‍ പി. ഇളയിടം അച്ഛനെ കാണുന്നത്. ഇടതുപക്ഷ അനുഭാവിയായിരുന്നെങ്കിലും വലിയ ഭക്തനും കൂടിയായിരുന്നു അച്ഛന്‍ എന്നും അദ്ദേഹം പറയുന്നു. ജീവിതപ്രയാസങ്ങളുടെ ഇടയില്‍ പെട്ടു പോകുമ്പോഴും പണിപ്പെട്ടു നേടുന്ന വിജയകുതിപ്പുകളാല്‍ അദ്ദേഹം അമിതമായി സന്തോഷിച്ചില്ല. അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് എപ്പോഴും നേര്‍ത്ത വിഷാദഛായ പുരണ്ടിരിക്കുമെന്നും ഒരുപക്ഷേ ആ വിഷാദത്തിന്റെ പേരായിരിക്കാം ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ശ്രീനാരായണഗുരു, ഗാന്ധിജി ഗുരു നിത്യ ചൈതന്യയതി, സുഹൃത്ത് ഷൗക്കത്ത് എന്നിവരെ ഓര്‍ത്തെടുക്കുന്ന ലേഖനമാണ് 'ഗുരുവിലേക്കുള്ള വഴി' ശ്രീനാരായണഗുരു ഒരു ബൂര്‍ഷ്വാ പരിഷ്‌കര്‍ത്താവാണ് എന്ന പരാമര്‍ശമുള്ള തന്റെ ലേഖനം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നും സുനില്‍ പി. ഇളയിടം ഓര്‍ക്കുന്നു. ഗുരു നിത്യചൈതന്യ യതി  വഴിയാണ് ആ വിവാദങ്ങള്‍ക്ക് പരിസമാപ്തി ഉണ്ടായത്. ബൂര്‍ഷ്വ എന്നത് ഒരു ശകാരപദമോ അധിക്ഷേപമോ അല്ലെന്നും ഒരു സാമൂഹിക അവസ്ഥയെയാണ് പ്രചരിപ്പിക്കുന്നതെന്നും യതി ചൂണ്ടിക്കാട്ടി. യതിയുടെ ആ വിശദീകരണത്തോടെ ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങി. അതുപോലെ തന്നെ ഗാന്ധിജിയെ ബൂര്‍ഷ്വാ എന്ന് വിളിക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ചുള്ള വിലയിരുത്തലാണ് ശ്രീനാരായണഗുരുവിലേക്ക് വീണ്ടും ലേഖകനെ കൊണ്ടെത്തിക്കുന്നത്. 

ദൈവദശകവും അനുകമ്പാദശകവും ആത്മോപദേശശതകവും പോലുള്ള കൃതികളും ഗുരുവിന്റെ പ്രസംഗങ്ങളും ചര്‍ച്ച ചെയ്യുന്നതിലൂടെ ഗുരുവിലേക്ക് കൂടുതല്‍ അടുക്കുകയും ഗുരു പുതിയൊരു വെളിച്ചമായി ലേഖകന്റെ ഉള്ളില്‍ നിറയുകയും ചെയ്തു. കാലുഷ്യത്തിന്റെയും വിദ്വേഷത്തിന്റെയും പുകപടരാതെ ജീവിക്കാന്‍ തന്നെ പ്രചോദിപ്പിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു എന്ന് ലേഖകന്‍ ഓര്‍ക്കുന്നു. തീര്‍ച്ചയായും അത് ഗുരുവിന്റെ വെളിച്ചമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറിയായ വി.എന്‍. ജോഷിയെ ഓര്‍ക്കുന്ന ഭാഗമാണ് 'അഭയം'. മാര്‍ക്‌സിസത്തെ കുറിച്ചുള്ള പഠനങ്ങളായ വീണ്ടെടുപ്പുകള്‍ എന്ന പുസ്തകം ആദ്യം സമര്‍പ്പിച്ചത് ജോഷിക്ക് ആണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റുള്ളവരോട് അനുകമ്പാ പൂര്‍വം പെരുമാറി സ്വജീവിതം ധന്യമാക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നും  ലേഖനത്തില്‍ ഓര്‍മ്മിക്കുന്നു. പ്രകൃതിയെയും പുസ്തകങ്ങളെയും ഒരുപോലെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുകയും പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് വായനയ്ക്കായി നല്‍കുന്നതും വി.എന്‍. ജോഷിയുടെ നിത്യവൃത്തി ആയിരുന്നു. കോളേജ് പഠനകാലത്ത് ചെത്ത് തൊഴിലാളി ഓഫീസില്‍ ഇരുന്ന് പഠിക്കാനും അന്തിയുറങ്ങാനുമുള്ള സൗകര്യം ചെയ്തു കൊടുത്തതും തന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ജോഷിയോടുള്ള കടപ്പാട് ഏറെ വിശദമായി തന്നെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ദേശാഭിമാനിയുമായുള്ള ആത്മബന്ധം ഇന്നും തുടരുന്നതാണ് എന്ന് വ്യക്തമാക്കുന്ന ലേഖനമാണ് 'ദേശാഭിമാനി 'എന്നത്. ആദ്യമായി ജോലിക്ക് പോയപ്പോള്‍ എഡിറ്റര്‍ ആയിരുന്ന ടി.വി. പത്മനാഭന്‍, പത്രപ്രവര്‍ത്തനത്തിന്റെ സാങ്കേതിക കാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും റിപ്പോര്‍ട്ടിങ്, എഡിറ്റിംഗ് സമ്പ്രദായങ്ങള്‍ എന്നിവയെ കുറിച്ചുള്ള ക്ലാസുകളും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ എഴുത്തിന്റെ പരിശീലന കളരിയായി ദേശാഭിമാനിയെയാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. രവീന്ദ്രദാസ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പൗലോസ് എന്നിവരുമായുള്ള ഹൃദ്യമായ ഓര്‍മകളും ലേഖകന്‍ പങ്കുവെക്കുന്നു. 1998-ല്‍ സര്‍വകലാശാല അധ്യാപകനായി ചേര്‍ന്നതോടെ ദേശാഭിമാനിയില്‍ നിന്നും പിരിഞ്ഞുവെങ്കിലും ഇക്കാലമത്രയും എഴുത്തു ജീവിതത്തിന്റെ തണലായി ദേശാഭിമാനി പ്രവര്‍ത്തിക്കുന്നു എന്നും ഇപ്പോഴുള്ള ഷിബു മുഹമ്മദ്, എന്‍. രാജന്‍ എന്നിവരുമായുള്ള സൗഹൃദവും അദ്ദേഹം സ്‌നേഹത്തോടെ ലേഖനത്തില്‍ അടയാളപ്പെടുത്തുന്നു.

മഹാഭാരതം പ്രഭാഷണവേദിയില്‍ വിഷയവുമായി സ്വീകരിച്ചപ്പോഴാണ് കേസരി ബാലകൃഷ്ണപിള്ള സുനില്‍ പി. ഇളയിടത്തിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത്. എം.എന്‍. വിജയന്‍ പ്രസിദ്ധീകരിച്ച കേസരിയുടെ ലോകങ്ങള്‍ എന്ന കൃതിയിലൂടെയാണ് കേസരിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇടയായത്. വ്യാസമഹാഭാരത്തിലേക്ക് വഴിതുറന്നത് പി.കെ. ബാലകൃഷ്ണന്റെ വ്യാസഭാരത പഠനങ്ങള്‍ ആണെന്നും എങ്കിലും കേസരിയില്‍ നിന്നും ലഭിച്ച ഉള്‍ക്കാഴ്ചയാണ് മഹാഭാരത വിചാരണവേളയില്‍ തനിക്ക് വഴിതുറന്നതെന്നും ലേഖകന്‍ വ്യക്തമാക്കുന്നു.

സംസ്‌കാരത്തെയും ബൗദ്ധികതയെയും ആധുനിക ഇന്ത്യയിലെ ചരിത്രവിചാരത്തിന്റെ കേന്ദ്രത്തില്‍ ഉറപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രൊഫസര്‍ കെ.എന്‍. പണിക്കരെയും സംസ്‌കാരം എന്ന സമര മുഖത്തെക്കുറിച്ചുള്ള ഗ്രാംഷിയുടെ ആശയാവലി കളെയാണ് പണിക്കര്‍ മാഷെ ഏറ്റവും സ്വാധീനിച്ചതെന്നും സംസ്‌കാരത്തിന്റെ ഗതിഭേദങ്ങളായിരുന്നു മാഷിന്റെ ആലോചനകളുടെ ഗുരുത്വ കേന്ദ്രമെന്നും ലേഖകന്‍ പറയുന്നു. ഹൈന്ദവ വര്‍ഗീയവാദികളുടെ കടുത്ത ആക്രമണങ്ങള്‍ കെ.എന്‍. പണിക്കര്‍ നേരിട്ടതായും ഹിന്ദുത്വത്തിന്റെ ആശയാവലികള്‍ക്കെതിരെ അദ്ദേഹം ഉയര്‍ത്തിയ നിഷിദ്ധമായ വിമര്‍ശനങ്ങള്‍ അവരെ അത്യന്തം ക്ഷുഭിതരാക്കിയിരുന്നുവെന്നും, മതനിരപേക്ഷതയ്ക്കുള്ള ധൈഷണിക പ്രതിരോധത്തിന്റെ പ്രതിരൂപമാണ് അദ്ദേഹം എന്നുമാണ്  'ജ്ഞനോദാരം' എന്ന ലേഖനത്തില്‍ പറയുന്നത്.

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ.

ഗാന്ധിജി, പി. ഗോവിന്ദന്‍ പിള്ള, വി.കെ. ശ്രീരാമന്‍, എം.എ. ബേബി, എസ്. ശര്‍മ, ഡോക്ടര്‍ പീയൂഷ് ആന്റണി, മുരളി വെട്ടത്ത് എന്നിവരെ കുറിച്ചുള്ള ഓര്‍മകള്‍ കൂടി പങ്കുവച്ച് കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ച സ്ഥലങ്ങളും, ഡല്‍ഹി, ലണ്ടന്‍, റോം, പരിചയപ്പെട്ട മനുഷ്യനെയും ചേര്‍ത്തുവച്ചുകൊണ്ട് ഓര്‍മ്മകളും മനുഷ്യരും എന്ന പുസ്തകത്തെ അദ്ദേഹം സമ്പന്നമാക്കിയിരിക്കുന്നു. കേവലം ഒരു പുസ്തകത്തില്‍ ഒതുക്കാവുന്ന ഓര്‍മകള്‍ ആവില്ല ഒരു മനുഷ്യായുസ്സില്‍ ഉണ്ടാവുക എന്നിരുന്നാലും എന്നും എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ പാകത്തിനുള്ള ഓര്‍മകളെ നിത്യം താലോലിക്കാനുള്ള മോഹമായിരിക്കാം ഇത്തരത്തില്‍ ഒരു പുസ്തകരൂപത്തിന്റെ പിന്നിലെ ഉദ്ദേശ്യം. പിന്നിട്ട വഴികളില്‍ കണ്ടുമറന്ന മുഖങ്ങളില്‍ മണ്‍മറഞ്ഞുപോയ മഹാരഥന്മാരെ കൂടെ ചേര്‍ന്ന് നടക്കുന്നവരെ അങ്ങനെ അനേകം അനേകം മനുഷ്യജീവനകളുടെ ഓര്‍മകളെ ഓര്‍മയുടെ ഞരമ്പുകളിലേക്ക് ആവാഹിച്ചെടുക്കുകയാണ് സുനില്‍ പി. ഇളയിടം തന്റെ പുതിയ പുസ്തകത്തിലൂടെ.