ടോള്‍സ്‌റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ട പേരല്ല സോഫിയ ടോള്‍സ്‌റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്‌റ്റോയിയുടെ ജീവിതത്തിന്റെ തണല്‍. അടിമുടി സര്‍ഗാത്മകതയും സഹനവും കൊണ്ട് ജീവിതം നരകമായിത്തീര്‍ന്ന സോഫിയ ടോള്‍സ്‌റ്റോയിയുടെ പക്ഷത്തുനിന്നുകൊണ്ട് ആ ജീവിതത്തെ നോക്കിക്കാണുകയാണ് 'ഒഴുകാതെ ഒരു പുഴ' എന്ന നോവലിലൂടെ എഴുത്തുകാരി ചന്ദ്രമതി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയുടെ വായന...
ഞങ്ങളുടെ തലമുറയുടെ ബാല്യകാലവായനയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് റഷ്യന്‍ ബാലസാഹിത്യകൃതികളാണ്. 'ചുക്കും ഗെക്കും', 'വാളമീന്‍ കല്‍പ്പിക്കുന്നു; ഞാന്‍ ഇച്ഛിക്കുന്നു' എന്നീ രണ്ടു പുസ്തകങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു ശേഷമുള്ള തലമുറയ്ക്കും പ്രിയതരമായിരുന്നു.
കുറച്ചു മുതിരുന്നതോടെ വായനയുടെ തലം മാറുമ്പോഴും റഷ്യന്‍ എഴുത്തുകാര്‍ നമ്മളോടൊപ്പമുണ്ടാവും. ഒരുപക്ഷേ നമ്മള്‍ നമ്മുടെ എഴുത്തുകാരെക്കാള്‍ ഇഷ്ടപ്പെട്ടിരുന്നത് റഷ്യന്‍ എഴുത്തുകാരെയാണ് എന്നു പോലും തോന്നാറുണ്ട്. 'കുറ്റവും ശിക്ഷയും', 'കാരമസോവ് സഹോദരന്മാര്‍', 'അന്നാ കരനീന', 'ഡോണ്‍ ശാന്തമായൊഴുകുന്നു', 'ഉഴുതുമറിച്ച മണ്ണ്', 'പിതാക്കളും പുത്രന്മാരും' എന്നീ നോവലുകള്‍ മലയാളത്തിലെ മറ്റു പ്രശ്‌സത നോവലുകളോളം തന്നെ ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ദസ്തയേവ്‌സ്‌കിയും ടോള്‍സ്റ്റോയും ഷൊളോഖോവും തുര്‍ഗനേവും നമുക്ക് പ്രിയപ്പെട്ടവരുമാണ്. ഈ എഴുത്തുകാരോടു മാത്രമല്ല ദസ്തയേവ്‌സ്‌കിയുടെ ഭാര്യ അന്ന, ടോള്‍സ്റ്റോയുടെ ഭാര്യ സോഫിയ എന്നിവരോടും അതേ ഇഷ്ടം നമ്മള്‍ പുലര്‍ത്തിപ്പോന്നു.
അതുകൊണ്ടാവാം അവരെയൊക്കെ ഉപജീവിച്ച് എഴുതപ്പെട്ട പുസ്തകങ്ങളും നമുക്ക് പ്രിയപ്പെട്ടവയായി. കെ. സുരേന്ദ്രന്റെ 'ദസ്തയേവ്‌സ്‌കിയുടെ കഥ', 'ടോള്‍സ്റ്റോയുടെ കഥ', ജി.എന്‍. പണിക്കരുടെ 'ദസ്തയേവ്‌സ്‌കി' എന്നീ ജീവചരിത്രനോവലുകള്‍ ഇവിടെ ഏറെ വായിക്കപ്പെട്ടിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' വില്‍പനയില്‍ റെക്കോഡ് ഉണ്ടാക്കിയ കൃതിയാണ്.
ഇപ്പോഴിതാ, ആ ശ്രേണിയിലേയ്ക്ക് മറ്റൊരു നോവല്‍ കൂടി എത്തിച്ചേരുകയാണ്: ചന്ദ്രമതിയുടെ 'ഒഴുകാതെ ഒരു പുഴ'.
പുസ്തകങ്ങളിലൂടെ മാത്രം പരിചയമുള്ള മഹാനായ ടോള്‍സ്റ്റോയുടെ, എനിക്കത്രമാത്രം പരിചയമൊന്നുമില്ലാതിരുന്ന, ഭാര്യ സോഫിയയെക്കുറിച്ചുള്ള നോവലാണെന്ന് അറിയാമായിരുന്നതുകൊണ്ടും ഇത് ആ എഴുത്തുകാരന്റെ മറുപുറം തേടുന്ന പുസ്തകമാണെന്ന് പുറംചട്ടയില്‍ത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുകൊണ്ടും ക്രൂരനായ ഒരെഴുത്തുകാരനെ നേരിടാനുറച്ചുകൊണ്ടാണ് വായിക്കാന്‍ തുടങ്ങിയതു തന്നെ. സോഫിയ ടോള്‍സ്റ്റോയെപ്പറ്റിയും ചില കഥകള്‍ ധരിച്ചുവെച്ചിട്ടുണ്ടായിരുന്നു. പോരാത്തതിന് മലയാളത്തിലെ വിഖ്യാതയായ ഒരെഴുത്തുകാരിയുടെ നോവലുമാണല്ലോ.
പക്ഷേ എന്റെ മുന്‍ധാരണകളെ പിടിച്ചുലച്ചുകൊണ്ടാണ് നോവല്‍ മുന്നോട്ടു നീങ്ങിയത്. എഴുത്തുകാരി നടത്തുന്നത് സോണിയ (സോഫിയ) യുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലൂടെയുള്ള യാത്ര മാത്രമല്ല, ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മനസ്സില്‍ക്കൂടിയുമാണ്. ഒരു നൂല്‍പ്പാലത്തിലെന്ന പോലെ അതിസൂക്ഷ്മമായ ഒരു യാത്ര. ആരാണ് ശരി, ആരാണ് തെറ്റ് എന്ന അതിലോലമായ അതിര്‍വരമ്പിലൂടെ അപായകരമായി ചാഞ്ഞും ചെരിഞ്ഞും തെന്നിയും...നമ്മളെ ശ്വാസം വിടാന്‍ പോലും അനുവദിക്കാതെയാണ് ഈ യാത്ര.
ടോള്‍സ്റ്റോയുടെ 16 മക്കളെ പ്രസവിച്ച സോണിയ, അതില്‍ത്തന്നെ നാലു കുട്ടികള്‍ മരിച്ചുപോയതിന്റെ വേദന അനുഭവിച്ച സോണിയ, ഭര്‍ത്താവിനും മക്കള്‍ക്കു വേണ്ടി ജീവിതം ജ്വലിപ്പിച്ചു തീര്‍ത്ത സോണിയ, താന്‍ ആര്‍ക്കു വേണ്ടി ആധിപ്പെട്ടുവോ ആ മക്കള്‍ പോലും പിന്തുണക്കാനില്ലാതെ പോയ സോണിയ, യുദ്ധവും സമാധാനവും എന്ന കൃതിയടക്കം ടോള്‍സ്റ്റോയുടെ നിരവധി പുസ്തകങ്ങളുടെ പകര്‍ത്തെഴുത്തുകാരിയായ സോണിയ, പണിത്തിരക്കുകള്‍ക്കിടയില്‍ അതീവ രഹസ്യമായി നോവലെഴുതുന്ന സോണിയ, അത് തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ചുകാണാന്‍ യോഗമില്ലാതെ പോയ സോണിയ, മരണശയ്യയില്‍ക്കിടക്കുന്ന ഭര്‍ത്താവിനെ കാണാനുള്ള അനുവാദം നിഷേധിക്കപ്പെട്ട സോണിയ...അങ്ങനെയങ്ങനെ നിരവധി സോണിയമാരെ ഈ നോവല്‍ നമുക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുത്തുന്നു.
വിവാഹം കഴിഞ്ഞ് തന്റെ പതിനെട്ടാമത്തെ വയസ്സില്‍ ടോള്‍സ്റ്റോയ് പ്രഭുവിന്റെ കൊട്ടാരത്തില്‍ എത്തിച്ചേരുന്ന സോഫിയ ബെഹെര്‍സ് വലിയ ഒരു ഭാരമാണ് തലയിലേറ്റുന്നത്. കൊട്ടാരത്തിലെ പരിചാരകരെയും എസ്റ്റേറ്റിലെ പണിക്കാരെയും നോക്കിനടത്തുന്നതിനിടയില്‍ അവര്‍ക്ക് സ്വന്തമായി എന്തെങ്കിലും എഴുതാന്‍ സമയം കിട്ടിയിരുന്നില്ല. തനിക്കിഷ്ടപ്പെട്ട സംഗീതം വേണ്ട പോലെ കേള്‍ക്കാന്‍ പോലും അവര്‍ക്കായില്ല. അതിനിടയിലാണ് ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ 'ആരുടെ കുറ്റം', 'വാക്കുകളില്ലാത്ത സംഗീതം' എന്നീ രണ്ടു നോവലുകള്‍ അവര്‍ രചിക്കുന്നത്.
ടോള്‍സ്റ്റോയുടെ ഡയറികള്‍ തിരിച്ചുകിട്ടാന്‍ വേണ്ടി സോണിയ നടത്തുന്ന പരിശ്രമങ്ങള്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കും. അവസാനം പാരനോയിയക്ക് അടിമപ്പെട്ടുപോവുന്ന സോണിയയുടെ ദുരന്തം ചന്ദ്രമതി എഴുതുമ്പോള്‍ വായനക്കാര്‍ വേദനയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് ആഴ്ന്നു പോവുകയാണ്.
അവസാനത്തെ 100 പേജ് കടന്നുപോവാന്‍ ശരിക്കും പണിപ്പെട്ടു. അത്രമാത്രം എന്നെ പിടിച്ചുലച്ചുകൊണ്ടാണ് ഓരോ വാചകവും ഞാന്‍ തരണം ചെയ്തത്.
എന്തിനാണ് ടോള്‍സ്റ്റോയ് ആ ചേര്‍ത്‌കോവിനെ ഇത്രയ്ക്കും അന്ധമായി വിശ്വസിച്ചുപോയത്? പുസ്തകം വായിച്ചുതീര്‍ന്നിട്ടും അതിന് ഉത്തരം കിട്ടിയതേയില്ല.
മറ്റൊരു ചോദ്യവും ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്: മകന്‍ വാനിഷ്‌ക മരിച്ചപ്പോള്‍ സോണിയ എന്തുകൊണ്ടാണ് ദൈവത്തോട് പകരം സാഷയെ കൊണ്ടുപോവാമായിരുന്നില്ലേ എന്നു ചോദിച്ചത്?
എങ്ങനെയാണ് ഒരമ്മയ്ക്ക് അങ്ങനെ ചോദിക്കാന്‍ കഴിഞ്ഞത്?
എണ്ണിയെണ്ണിപ്പറയാന്‍ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. ഏറ്റവും ഉജ്ജ്വലം എന്ന് ആദ്യം കരുതിയ അന്ന ദസ്തയേവ്‌സ്‌കിയും സോണിയയും തമ്മില്‍ കണ്ടുമുട്ടുന്ന ആ സന്ദര്‍ഭം എന്നു കരുതിയതെല്ലാം പിന്നിലേയ്ക്കു പിന്നിലേയ്ക്കു തള്ളിക്കളഞ്ഞു പിന്നീടു പിന്നീടു വന്ന വികാരവിക്ഷുബ്ധമായ മൂഹൂര്‍ത്തങ്ങള്‍.
വായനക്കിടയ്ക്ക് ഞാന്‍ ഇത്രമാത്രം അന്തസ്സംഘര്‍ഷം അനുഭവിച്ചെങ്കില്‍ എഴുത്തുകാരി എത്രമാത്രം അത് അനുഭവിച്ചിരിക്കണം? എത്ര വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്തഃസംഘര്‍ഷം ആയിരിക്കും അത്? എത്രമാത്രം ഉറങ്ങാത്ത രാത്രികളുണ്ടായിരിക്കാം ഈ പുസ്തകത്തിനു പിന്നില്‍? എത്രമാത്രം എഴുത്തും മാറ്റിയെഴുത്തും നടന്നിട്ടുണ്ടാവും?
എന്നാലും അത് സാര്‍ത്ഥകമായല്ലോ. കാരണം ചന്ദ്രമതിയുടെ എഴുത്തുജീവിതം ഇതോടെ സഫലമായിരിക്കുന്നു. മറ്റു വാക്കുകളില്‍ ചന്ദ്രമതി ജീവിച്ചതു തന്നെ ഈ പുസ്തകമെഴുതാന്‍ വേണ്ടിയാണ് എന്നുകൂടി കൂട്ടിച്ചേര്‍ത്താലേ എനിക്കു സമാധാനമാവുകയുള്ളൂ.
അനുബന്ധത്തിന്റെ തലക്കെട്ടുപോലെ പറയട്ടെ: 'അവസാനിക്കുന്നില്ല'.
ഇല്ല; ഒന്നും അവസാനിക്കുന്നില്ല. ഒരുപക്ഷേ സോഫിയ ടോള്‍സ്റ്റോയിയുടെ എഴുത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും സഞ്ചരിക്കാന്‍ ഒരുപാടു പേരെ ഈ നോവല്‍ പ്രേരിപ്പിക്കാനിടയുണ്ട്. 'ഒഴുകാതെ ഒരു പുഴ' എന്ന ഈ നോവലിന്റെ ജീവിതത്തിന് അങ്ങനെയൊരു ദൌത്യം കൂടി നിറവേറ്റാനുണ്ട് എന്ന് എനിക്കു തോന്നുന്നു.
ഈ മികച്ച നോവല്‍ മലയാളത്തിനു തന്ന ചന്ദ്രമതിയെ സര്‍വ്വാത്മനാ നമിക്കുന്നു.
Content Highlights: Discover the turbulent life of Sofia Tolstoy, wife of Leo Tolstoy, in Chandramathi`s novel
Published: 18 Sept 2025, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented