
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ 'കിളിനോച്ചിയിലെ ശലഭങ്ങള്‍' എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം...
നാല് തലമുറകള്‍ക്കൊപ്പം സഞ്ചരിച്ച് വയനാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ-ഭൂമിശാസ്ത്ര പരിണാമങ്ങളെക്കുറിച്ച്, ഉടനീളമുള്ള ധര്‍മാധര്‍മ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഷീലാ ടോമിയുടെ വല്ലി എന്ന നോവല്‍ ഇതിഹാസ സമാനമായ ഒരു കൃതിയായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അക്കാദമിക ഗവേഷണത്തിന്റെ ഭാഗമായി വല്ലി ആദ്യമായി വായിക്കാനെടുക്കുമ്പോള്‍ മുന്‍വിധികളോ കൗതുകങ്ങളോ ലവലേശമില്ലായിരുന്നു. എന്നാല്‍ പ്രണയത്തിന്റെയും സ്വാര്‍ഥതയുടെയും ആര്‍ത്തിയുടേയും അതിക്രമങ്ങളുടെയും സാന്ത്വനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും കൈയേറ്റങ്ങളുടെയും കരുണയുടെയും നന്മയുടെയും തിന്മയുടെയും സാര്‍വലൗകികതയെ, ബൈബിളും മിത്തുകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ദാര്‍ശനിക പരിസരത്തില്‍ നിന്നുകൊണ്ട് അടയാളപ്പെടുത്തുന്ന വല്ലിയുടെ വായന ഒരു ഘട്ടം പിന്നിട്ടപ്പോള്‍, ഗവേഷണം പുറകിലാവുകയും വായനയുടെ ഹൃദ്യത മേല്‍ക്കൈ നേടുകയും ചെയ്തു എന്നതാണ് സത്യം. ഷീലാടോമിയുടെ പുതിയ കഥാസമാഹാരം 'കിളിനോച്ചിയിലെ ശലഭങ്ങള്‍' പ്രസിദ്ധീകൃതമായ ഉടന്‍ തന്നെ അത് ഓടിച്ചെന്നെടുത്ത് വായിക്കാന്‍ പ്രേരണയായത് ഈ പശ്ചാത്തലത്തിലാണ്.
സാമൂഹ്യവിഷയങ്ങള്‍ സാഹിത്യരചനയ്ക്ക് വിഷയീഭവിക്കുന്നത് സാധാരണമാണെങ്കിലും തന്റെ ചുറ്റുമുള്ള സാമൂഹ്യ-രാഷ്ട്രീയവ്യവഹാരങ്ങളോട് ദൈനംദിനമെന്നോണം രചനകളിലൂടെ സജീവമായി പ്രതികരിക്കുന്ന സാഹിത്യകാരര്‍ അധികമില്ല. സാഹിത്യരൂപത്തിന്റെ രൂപഘടനയും ആസ്വാദ്യതയും നിലനിര്‍ത്തുകയും പ്രമേയമായി വരുന്ന സാമൂഹ്യ-രാഷ്ട്രീയവിഷയത്തോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യണമെങ്കില്‍ അസാമാന്യമായ രചനാവൈഭവം വേണമെന്നുള്ളത് കൊണ്ടാവണം പലരും അതിന് മുതിരാത്തത്. ഈ അനിവാര്യമായ ബലതന്ത്രം സമര്‍ഥമായി സാധ്യമാക്കുന്നുവെന്നതാണ് കിളിനോച്ചിയിലെ ശലഭങ്ങളുടെ പ്രശംസാര്‍ഹമായ പ്രഥമ സവിശേഷത. കഥയും കാര്യവും മാത്രമല്ല. ബൈബിളും മിത്തുകളും ബഷീറും ടാഗോറും, മാര്‍ക്കേസുമെല്ലാം തന്മയത്വത്തോടെ വിളക്കിച്ചേര്‍ത്ത വിസ്മയരചനകളാണ് കിളിനോച്ചിയിലെ ശലഭങ്ങള്‍.
സ്വപനവും യാഥാര്‍ഥ്യവും ഭൂതവും വര്‍ത്തമാനവും ശലഭവര്‍ണങ്ങള്‍ പോലെ ഹൃദയഹാരിയായി സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. പിന്നിട്ട കാലത്ത് നാമെല്ലാം അനുഭവിച്ച നൊമ്പരങ്ങളോടും അസ്വസ്ഥതകളോടും നിഷ്ഠൂരതകളോടും നിരാസത്തോടുമൊക്കെയുള്ള വികാരതീവ്രമായ പ്രതികരണങ്ങളാണ് ഈ കൊച്ചു കഥാസമാഹാരത്തിലെ രചനകളെല്ലാം. അടിമുടി മാനുഷികവാദിയായ ഒരാളുടെ ഭാവനാസഞ്ചാരങ്ങളാണ് നമുക്കീ കഥകളില്‍ ദര്‍ശിക്കാനാവുക. ദൈനംദിന സാമൂഹ്യരാഷ്ട്രീയ വ്യവഹാരങ്ങളോടുള്ള സക്രിയ പ്രതികരണങ്ങള്‍ ഈ രചനകളെ ജീവസ്സുറ്റതാക്കുന്നു.
ഇതര കഥകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന 'മഹാഭാരതവും കുറെ തസ്‌കരന്മാരും' എന്ന ആക്ഷേപഹാസ്യകഥയോടെയാണ് ഈ സമാഹാരം തുടങ്ങുന്നത്. ദാര്‍ശനികതയോടും വിഷാദത്തോടും അധിക പ്രണയമുള്ള ഷീലാടോമിക്ക് ശുദ്ധമായ വികെഎന്‍ ഹാസ്യവും വഴങ്ങുമെന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. നല്ലവരായ തസ്‌കരന്മാരുടെ ഭാഷണങ്ങള്‍ മാത്രം മതി കഥാക്യത്തിന്റെ ഹാസ്യരചനാവൈദഗ്ധ്യം വെളിപ്പെടാന്‍
'ഇങ്ങള് പേടിക്കണ്ട മച്ചാ കര്‍ത്താവ് തമ്പുരാനെന്തിനാ നേര്‍ച്ചപ്പെട്ടിലെ ചില്ലറ ഈ അണ്ഡകടാഹം മുഴുക്കനെ അങ്ങേരുടതല്ലേ? എന്നെ കേട്ടിട്ടുണ്ടാവും, ഞാന്‍ തോമാ പണ്ടൊരു വിനീത ചരിത്രകാരന്‍ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. താന്‍ പൊക്കിയത് വെറും ചില്ലറയല്ലേ ഫിലിപ്പോസേ. ഞാനോ? പൊന്‍കുരിശുതന്നെ പൊക്കിയ പുള്ളിയാ' കുരിശു മോഷ്ടിച്ച ബഷീറിന്റെ സ്വന്തം തോമാ പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് ചില്ലറ മോഷ്ടിച്ച ഫിലിപ്പോസിന് തന്നെ പരിചയപ്പെടുത്തുകയാണ്. 'ഉള്ളതെല്ലാം ഈക്വലി ഡിസ്ട്രിബ്യൂട്ടു ചെയ്യാത്ത ദൈവം തമ്പുരാന്‍ ഭൂമുഖത്തെ മുട്ടന്‍ ആന്റി സോഷ്യലിസ്റ്റാണെന്നാണ്' തോമായുടെ പരിഭവം. ഷീലാടോമിയുടെ ഹാസ്യത്തിനൊരു സവിശേഷതയുണ്ട്. അത് പൊള്ളുന്ന മനസ്സിനു മുകളിലിരുന്നുള്ള വിഷാദച്ചിരിയാണ്. മോന്റെ സര്‍ജറിയെക്കുറിച്ചുള്ള ശ്വാസംമുട്ടലും വിങ്ങിപ്പൊട്ടലും മറയ്ക്കാനുള്ള ചിരി.
അനീതിക്കെതിരായ ധര്‍മയുദ്ധത്തിന്റെ സാരഥ്യമേറ്റെടുക്കുന്ന വല്ലിയിലെ ഫെലിക്‌സ്ചനെപ്പോലെ, ദൈവമൊഴികളുടെ അന്തസ്സത്തയെ നിരാലംബപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്ന ഒരു പുരോഹിതനുണ്ട് ഈ കഥയില്‍ 'അരുവിയുടെ പാട്ടിലേക്ക് കാതും മനസും തുറന്നുവെച്ച് വരച്ച് കൊണ്ടിരിക്കുന്ന ഡാവിഞ്ചിയച്ചന്‍' ഉദാത്തവും നന്മ നിറഞ്ഞതുമായ ഷീലാടോമിയുടെ പുരോഹിത സങ്കല്‍പത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ഡാവിഞ്ചിയച്ചന്‍.
അരുംകൊലയ്ക്ക് ഇരയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീട്ടിലെ ദൃശ്യങ്ങളാണ് കാഴ്ച എന്ന കഥയുടെ പ്രമേയം. എല്ലാത്തിനും സാക്ഷിയായ ഒരു കാഴ്ച്ചപ്പെട്ടിയാണിതിലെ മുഖ്യകഥാപാത്രം. 'യാചനകളുടെ, പ്രാര്‍ത്ഥനകളുടെ കാന്തിക രശ്മികള്‍ വിവര്‍ത്തനം ചെയ്‌തെടുക്കുന്നേരം നമുക്കന്യമായ ഭാഷയില്‍ കരഞ്ഞുപോവുന്ന, വെട്ടിക്കീറപ്പെട്ട ശരീരങ്ങളുടേയും കടിച്ചുചീന്തപ്പെട്ട പിഞ്ചു പൈതങ്ങളുടെയും മുകമായ കെഞ്ചലുകള്‍ അവഗണിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായന്‍.
ഉന്നതത്തില്‍ നിന്നുമെത്തുന്ന കല്‍പനകള്‍ക്കനുസരിച്ച് വെട്ടാനും കൊല്ലാനും അതില്‍ ന്യായം കാണാനും കൊലയാളിയെ സംരക്ഷിക്കാനും മടിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തകനെയും, വിദൂരമായ പ്രക്ഷേപണനിലയത്തില്‍ നിന്ന് പ്രസരിച്ചെത്തുന്ന തരംഗങ്ങള്‍ രൂപാന്തരപ്പെടുത്തി പ്രസരിപ്പിക്കാന്‍ വിധിക്കപ്പെട്ട ടെലിവിഷന്‍ സെറ്റിനേയും സാദൃശ്യപ്പെടുത്തിയ കഥാഭാവന ഉജ്വലമായി.
കഥാകൃത്തിനെ ഉപേക്ഷിച്ച് പോവുന്ന കഥാപാത്രത്തിന്റെ കഥയാണ് 'വൈ ടു കെ'. ഇന്നിന്റെ വേഗബോധത്തില്‍ കുടിയേറാനാകാതെ നന്മയും പ്രണയവും വിദ്യയും വിശപ്പും വിപ്ലവവുമെല്ലാം കാലഹരണപ്പെട്ട കാലത്തുനിന്നും ഓടിയൊളിക്കേണ്ടി വരുന്ന ആധുനിക മനുഷ്യന്റെ വേവലാതിയാണ് വൈ ടു കെ.
കിളിനോച്ചിയിലെ ശലഭങ്ങള്‍ എന്ന ശീര്‍ഷക കഥയ്ക്കും 'നിന്റെ ഓര്‍മയ്ക്ക്' എന്ന പ്രവാസ കഥയ്ക്കും എന്തുകൊണ്ടോ ചില സമാനതകള്‍ തോന്നുന്നു. യാത്രകളില്‍ നിന്നും വായനകളില്‍ നിന്നും കഥാകൃത്ത് ആര്‍ജിച്ചെടുത്ത ലോകബോധം ഈ കഥകളില്‍ പ്രകടമാണ് കാവേരി ലക്ഷ്മിയും അമലും ലോകമെങ്ങുമുള്ള അഭയം നഷ്ടപ്പെട്ടവരുടെ പ്രതിനിധികളാണ്. ഈ കഥകളില്‍ ആര്‍ദ്രവും ഉദാരവുമായ ഓര്‍മകളുടെ പരിസരം വികസിപ്പിച്ചെടുക്കുന്നുണ്ട് എഴുത്തുകാരി.
'മൈല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകവും' 'ബത്തൂലിയായില്‍ നിന്ന് ഒരു സങ്കീര്‍ത്തനവും' 'തലീത്താ കും' ഷീലാടോമിയുടെ സവിശേഷമായ കഥാപരീക്ഷണങ്ങളാണ്. മാര്‍ക്കേസിന്റെ ഏകാന്തയുടെ നൂറ് വര്‍ഷങ്ങളും ബൈബിള്‍ കഥകളും തന്റെ കഥാഭാവനയുമായി അതിമനോഹരമായി സമന്വയിപ്പിച്ച് നടത്തുന്ന ഈ പരീക്ഷണം ഈ കഥകളെ ഈ സമാഹാരത്തിലെ മാസ്റ്റര്‍ പീസുകളാക്കിയിരിക്കുന്നു. തീര്‍ച്ചയായും രചനയിലെ ഈ പുത്തന്‍ ക്രാഫ്റ്റ് സാഹിത്യനിരൂപകരുടെ ശ്രദ്ധയാകര്‍ഷിക്കും എന്ന് വേണം കരുതാന്‍. വ്യത്യസ്തമായ പ്രമേയങ്ങളാണ് ഈ കഥകള്‍ക്കുള്ളത്.
ഷീലാടോമിക്ക്ഏറെ പ്രിയപ്പെട്ട പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് 'മെല്‍കിയാഡിസിന്റെ പ്രളയ പുസ്തകത്തിലെ പ്രമേയമെങ്കില്‍ പുരാതന പലസ്തീന്‍ കഥയില്‍ ഹോളോഫര്‍ണസിനെ വശീകരിച്ച് കൊലപ്പെടുത്തിയ യൂദിത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് ബൈബിള്‍ കഥ അപനിര്‍മിച്ച് പ്രതിരോധം തീര്‍ക്കുന്ന പെണ്‍കുട്ടിയാണ് 'ബത്തൂലിയായില്‍ നിന്ന് ഒരു സങ്കീര്‍ത്തനത്തിലെ' പ്രമേയം. നസ്രത്തിലെ യുവാവിനോടുള്ള പെണ്‍കുട്ടിയുടെ അന്ധവും അഗാധവുമായ അടുപ്പമാണ് തലീത്താ കു. ബൈബിള്‍ വാക്യങ്ങളും ബൈബിള്‍ കഥകളും ഷീലാടോമിയുടെ ചെനകളിലെ ഒരു പ്രധാന പ്രമേയ സ്രോതസ്സാണ്. ബൈബിളിന്റെ ആത്മീയ അന്തസ്സത്തയെ ആരാധിക്കുകയും അതില്‍ നിന്നുള്ള വഴി തെറ്റുകളോടും അര്‍ത്ഥശൂന്യമായ ആചാരങ്ങളോടും വരേണ്യ പക്ഷത്തോടും കലഹിക്കുകയുമാണ് അവര്‍ തന്റെ രചനകളിലൂടെ ചെയ്യുന്നത്. ബൈബിളിന്റെ വിശ്വാസവ്യവസ്ഥയെ നിരാകരിക്കുകയല്ല അനുരാഗോഷ്മളമായി പുനഃസൃഷ്ടിച്ച് ഉദാത്തമാക്കുകയാണ് കഥാകൃത്ത്.
'മൃളാണിനിയുടെ കഥ താരയുടേയും' എന്ന രചന അന്യര്‍ക്ക് വേണ്ടി നനയുന്ന മനസ്സിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്‌നേഹസമ്പന്നമായ ഒരു കുടുംബാന്തരീക്ഷമുണ്ടായിട്ടും സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള വിലപിക്കുന്ന കഥ.
യുഗങ്ങളായി ഭൂമിക്കും സ്ത്രീകള്‍ക്കുമെതിരെ ആക്രമങ്ങള്‍ നടത്തുന്നവരോടുള്ള പ്രതിരോധാഹ്വാനമാണ് 'മകള്‍' 'ചെറുമീനുകളെ തിന്നുന്ന വലിയ മീനുകള്‍ മാത്രമുള്ള കടലില്‍ 'നിരാര്‍ദ്രമായി ഇരയാക്കപ്പെടുന്ന മകള്‍ വര്‍ത്തമാനകാലാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്.
നിരാശാഭരിതമായ ജീവിതത്തിന്റെ ലാവണ്യത്തോടുള്ള അഭിനിവേശങ്ങള്‍ ഇല്ലാതായ ഒരാളല്ല കഥാകൃത്ത് എന്ന് തെളിയിക്കുന്ന കഥയാണ് 'ബ്രഹ്‌മഗിരിയില്‍ മഞ്ഞ് ചെയ്യുമ്പോള്‍'. കോളേജ് ജീവിതകാലത്തെ താരുണ്യം ഗൃഹാതുരതയോടെ തിരിച്ചുവരുന്ന കഥയാണത്. പക്ഷേ അവിടെയും സമാഗമത്തിന്റെ ലഹരിയെക്കാള്‍ കാത്തിരിപ്പിന്റെ സായൂജ്യത്തെയാണ് കഥാകൃത്ത് പ്രണയിക്കുന്നത് എന്ന് തോന്നും. വാക്കുപാലിക്കാനാവാത്ത നിവൃത്തികേടും കൊഴിയാതെ മനസ്സില്‍ സൂക്ഷിക്കുന്ന തൂവലുകളുമാണ് ഈ പ്രണയകഥയുടെ മുഖമുദ്ര.
മാനുഷികവും പാരിസ്ഥിതികവും നീതിപരവുമായ ആകുലതകള്‍ ബഹുവര്‍ണ സൗന്ദര്യമുള്ള ശലഭങ്ങളായി അവതരിക്കുന്നതാണ് കിളിനോച്ചിയിലെ ശലങ്ങള്‍ എന്ന് പൊതുവെ പറയാം. യാഥാര്‍ത്ഥ്യവും ഫാന്റസികളും തന്മയത്വത്തോടേ കുട്ടിച്ചേര്‍ക്കപ്പെടുന്ന രചനാരീതി മിക്ക കഥകളേയും സവിശേഷമാക്കുന്നുണ്ട്. മറ്റെല്ലാ രചനകളിലുമെന്നപോലെ സാമൂഹ്യനന്മയെ പ്രാണവായുപോലെ ഷീലാടോമി ഈ കഥകളിലും നെഞ്ചോടടുക്കി നിര്‍ത്തുന്നു.
Content Highlights: A review of Sheela Tomy`s new short story collection, Kili Nochchile Shalabhangal
Published: 22 Feb 2025, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented