കേസന്വേഷണത്തിന് 'നിരീക്ഷണം' എന്ന ട്രിക്കാണ് അബ്ദുല്‍ കരീം മിക്കപ്പോഴും പ്രയോഗിച്ചത്. ഒന്നും മിണ്ടാതെ കുറെ നേരം പ്രതികളെത്തന്നെ നോക്കി നില്ക്കും. ശരീരഭാഷയിലൂടെ പലതും വായിച്ചെടുക്കും. തെറ്റ് ചെയ്തവരാണെങ്കില്‍ ആ നോട്ടത്തില്‍ത്തന്നെ ഉരുകിത്തീരും. പിന്നെ, കുറ്റസമ്മതം നടത്തി കണ്ണേറില്‍ നിന്ന് രക്ഷപ്പെടാനാകും ശ്രമം. പ്രതി 'ഞാനെല്ലാം പറയാം സാറേ' എന്ന് പറഞ്ഞാലും അദ്ദേഹം ആവേശം കാണിക്കില്ല.

സമൂഹത്തിൽ രണ്ടു തരം കുറ്റവാളികളുണ്ട്. തീരുമാനിച്ചുറപ്പിച്ച് കുറ്റകൃത്യം ചെയ്യുന്നവരാണ് ഒരു കൂട്ടർ, ആസൂത്രിത കുറ്റവാളികൾ. ഒന്നിനുപിറകെ മറ്റൊന്നായി അവർ കേസുകളുണ്ടാക്കും. പിടിക്കപ്പെട്ടാലും ജയിലിലടച്ചാലും പുറത്തിറങ്ങിയശേഷം വീണ്ടും അതേ പണി തുടരും.
ആകസ്മികമായി കുറ്റം/തെറ്റ് ചെയ്യുന്നവരാണ് രണ്ടാമത്തെ കൂട്ടർ. സാഹചര്യത്തിന്റെ സമ്മർദ്ദത്തിലകപ്പെട്ട്, ഒരു നിമിഷം മനസ്സിന് നിയന്ത്രണം നഷ്ടപ്പെട്ട്, അനന്തരഫലത്തെക്കുറിച്ച് ഓർക്കാതെ കുഴിയിൽ ചാടുന്നവർ. രണ്ടായാലും നിയമത്തിന് മുൻപിൽ അവർ പ്രതിയാണ്, കുറ്റവാളിയാണ്. കള്ളത്തരങ്ങളുടെ പുകമറ നീക്കി എല്ലാ തരം കുറ്റവാളികളെയും വെളിച്ചത്ത് കൊണ്ടുവരികയാണ് പോലീസുകാരുടെ ജോലി. അതിന് പല വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും, തന്ത്രങ്ങൾ പലതും പയറ്റേണ്ടി വരും. അങ്ങനെ കേസന്വേഷിക്കുന്ന പോലീസുകാർക്ക് വഴികാട്ടിയാകുന്ന കൈപ്പുസ്തകമാണ് യു. അബ്ദുൽ കരീമിന്റെ സർവീസ് സ്റ്റോറിയായ 'സത്യം, വസ്തുത, അന്വേഷണം'. കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ, സർക്കിൾ ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച് സി.ഐ.ഡി. സിവൈ.എസ്.പി., എസ്.പി., എം.എസ്.പി. കമാൻഡന്റ് തുടങ്ങീ പല തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട് അബ്ദുൽ കരീം. സർവീസ് കാലത്തെ അനുഭവങ്ങൾ സരസമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ. കുറ്റാന്വേഷണ കഥകളായതിനാൽ 'നോൺ സ്റ്റോപ്പ്' വായനാസുഖമുണ്ട്.
കേസന്വേഷണത്തിന് 'നിരീക്ഷണം' എന്ന ട്രിക്കാണ് അദ്ദേഹം മിക്കപ്പോഴും പ്രയോഗിച്ചത്. ഒന്നും മിണ്ടാതെ കുറെ നേരം പ്രതികളെത്തന്നെ നോക്കി നിൽക്കും. ശരീരഭാഷയിലൂടെ പലതും വായിച്ചെടുക്കും. തെറ്റ് ചെയ്തവരാണെങ്കിൽ ആ നോട്ടത്തിൽത്തന്നെ ഉരുകിത്തീരും. പിന്നെ, കുറ്റസമ്മതം നടത്തി കണ്ണേറിൽ നിന്ന് രക്ഷപ്പെടാനാകും ശ്രമം.
പ്രതി 'ഞാനെല്ലാം പറയാം സാറേ' എന്ന് പറഞ്ഞാലും അദ്ദേഹം ആവേശം കാണിക്കില്ല. 'നീ വെള്ളം കുടിക്ക്, നമുക്കൊരു ചായ കുടിക്കാം, അര മണിക്കൂറ് കഴിഞ്ഞിട്ട് പറയാം' എന്നൊക്കെയാകും മറുപടി. മാന്യമായ ആ പെരുമാറ്റത്തിന് മുൻപിൽ കുറ്റവാളി ആകെ ചൂളിപ്പോകും. എത്രയും വേഗം സത്യം പറഞ്ഞുതീർക്കാനാകും ആഗ്രഹിക്കുക. അങ്ങനെ കണ്ണെറിഞ്ഞ് തുമ്പുണ്ടാക്കിയ പല കേസുകളുടെയും കഥകൾ ഈ പുസ്തകത്തിലുണ്ട്. തൃശ്ശൂർ പേരമംഗലത്തെ ഗുണ്ടയായ മുരടൻ ഷിനോജിനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ ഗുളിക ബിജു 'തത്ത പറയുന്ന പോലെ' എല്ലാം ഏറ്റുപറഞ്ഞ കഥയുമുണ്ട്.
പോലീസുകാർക്ക് മാത്രമല്ല അഭിഭാഷകർക്കും മാധ്യമ പ്രവർത്തകർക്കും സാധാരണക്കാർക്കുമെല്ലാം ഇതൊരു കൈപ്പുസ്തകമാണ്. പല ലോ പോയിന്റുകളും കിട്ടും. അപ്പോഴും കുറ്റവാളികൾക്ക് സൂത്രങ്ങൾ കിട്ടാതിരിക്കാനുള്ള ജാഗ്രത അദ്ദേഹം ഇതിൽ കാണിച്ചിട്ടുണ്ട്, മൂന്നരപ്പതിറ്റാണ്ടുകാലം ധരിച്ച കാക്കിയോടുള്ള പോലീസ് കൂറ് പ്രകടം.
എല്ലാ മനുഷ്യരിലും വലുതും ചെറുതുമായ ഓരോ കുറ്റവാളികളുണ്ടാകാം. ആ നിലയ്ക്ക് എല്ലാവരും ഈ പുസ്തകം വായിക്കുന്നത് നന്നാകും. കുറ്റം ചെയ്താൽ ഉറപ്പായും പിടിവീഴുമെന്ന് ഈ സർവീസ് സ്റ്റോറി നമ്മെ ബോധ്യപ്പെടുത്തും; വർഷങ്ങൾക്ക് ശേഷമാണെങ്കിലും.
മേലാറ്റൂരിലെ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി നാടുവിട്ട യാസിറിനെ ഏഴുവർഷങ്ങൾക്ക് ശേഷം പിടികൂടിയ കഥ പറയുന്നുണ്ട് ഇതിൽ. അശോകൻ എന്ന പേരിൽ വടകരയിലെ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്. 'അശോകനാ'കാൻ വേണ്ടി ഉത്സവങ്ങളിൽ വരെ സജീവമായിരുന്നു യാസിർ ! ഒരു അജ്ഞാത ഫോൺ കോളാണ് വഴിത്തിരിവായത്. 'കുറ്റം ചെയ്തവർക്ക് മനസ്സമാധാനമുണ്ടാകില്ല. പേരുമാറ്റിയും സ്വയം മാറിയും ജീവിച്ചാലും ആരുടെയോ കണ്ണുകൾ പിന്തുടർന്നുകൊണ്ടേയിരിക്കും. എല്ലാവരെയും ഒരിക്കൽ പറ്റിക്കാനായേക്കും. എന്നാൽ, എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ലല്ലോ !'
അങ്ങനെ, ഇന്നല്ലെങ്കിൽ നാളെ പിടിക്കപ്പെടുമെന്ന മുന്നറിയിപ്പോടെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള കരുതൽ കൂടിയുണ്ട് ഈ പുസ്തകത്തിൽ. വളാഞ്ചേരിയിൽ പോലീസ് പിടിയിലായ കള്ളൻ രാത്രി ലോക്കപ്പിൽ നിന്ന് ചാടിപ്പോയി ഭാര്യയുടെ വീട്ടിൽ വെച്ച് പിടിയിലായ സംഭവം പറഞ്ഞ ശേഷം ഇങ്ങനെ വായിക്കാം: 'ഈ പുസ്തകം വായിക്കുന്നവരുടെ കൂട്ടത്തിൽ കള്ളൻമാരുണ്ടെങ്കിൽ, മോഷണ ശേഷം ഇനി ഭാര്യവീട്ടിൽ പോവാതിരിക്കേണ്ട. എന്നാലും പിടിവീഴും. അത് ഒരുദിവസം നേരത്തെയാണെങ്കിൽ അത്രയും നേരത്തെ പുറത്തിറങ്ങാമെന്ന് മാത്രം കരുതിയാൽ മതി'
സിനിമാ നടൻ മാള അരവിന്ദൻ പരാതിയുമായി കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയ അനുഭവം ചേർത്തിട്ടുണ്ട് പുസ്തകത്തിൽ. നിരവധി സിനിമകളിൽ പോലീസ് വേഷമിട്ട ആ ഹാസ്യ നടൻ അന്ന് ആദ്യമായാണ് യഥാർത്ഥ പോലീസിനെ കാണുന്നത്. പല തെറ്റിദ്ധാരണകളും തിരുത്തിയാണ് മാള മടങ്ങിയതെന്നും പുസ്തകം പറയുന്നു. 'കമ്മീഷണർ' മുതൽ 'കണ്ണൂർ സ്‌ക്വാഡ്' വരെയുള്ള സിനിമകൾ പോലീസിന് ആത്മവിശ്വാസവും അഭിമാനവും നൽകുന്നതാണെന്ന് എഴുതി നല്ല സിനിമകൾക്ക് നന്ദി പറയുന്നുമുണ്ട്. പ്രായം തികയാതെ വിവാഹിതരായ തമിഴ് ദമ്പതിമാരുടെയും, ഭർത്താവിനെ പേടിപ്പിക്കാൻ വേണ്ടി നാടുവിട്ട് മക്കളെയടക്കം നഷ്ടപ്പെട്ട സഫൂറയുടെയും കഥകളിൽ നിയമപാലകരുടെ നിസ്സഹായാവസ്ഥയും ആത്മസംഘർഷങ്ങളും പ്രകടമാണ്. സത്യം വ്യക്തമായിട്ടും തെളിവില്ലാത്തതിനാൽ കുറ്റവാളികൾ രക്ഷപ്പെടുന്നതിലെ നിസ്സഹായാവസ്ഥയും തുറന്നുപറയുന്നുണ്ട് യു. അബ്ദുൽ കരീം.
പോലീസ് കഥകൾക്ക് സുരേഷ് നീറാടിന്റെ തൂലികകൂടി ചേർന്നതോടെ നല്ല വായനാസുഖം. ഇതിലെ ഒരദ്ധ്യായം വായിച്ചാൽ ബാക്കി പത്തൊൻപതും നമ്മൾ വായിക്കും, തീർച്ച !
Content Highlights: Insightful service memoirs from veteran police officer U. Abdul Kareem., Details unique investigation techniques like silent observation and psychological pressure., Features real-life cases including the pursuit of long-absconding criminals., Balances professional investigative procedures with human elements and ethical dilemmas., Highly recommended for law students, journalists, and true crime enthusiasts.
Published: 23 Jul 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented