
ലോകം അസ്തിത്വങ്ങളിലോ (Being) രൂഢമൂലമായ വസ്തുക്കളിലോ അല്ല സ്ഥിതി ചെയ്യുന്നത്; മറിച്ച് ആയിത്തീരലുകളിലാണ് (Becoming) ലോകത്തിന്റെ സ്വത്വം എന്നാണ് വിഖ്യാത ഊര്‍ജ്ജതന്ത്രജ്ഞനും എഴുത്തുകാരനുമായ കാര്‍ലോ റോവല്ലി പര്യാലോചിക്കുന്ന ആശയം. ഈ ഒരു ശാസ്ത്രീയചിന്താപദ്ധതിയില്‍ വസ്തുക്കളാല്‍ മെനഞ്ഞെടുത്ത ലോകത്തെ സങ്കല്പിക്കാനാവില്ല. ചെറുതും വലുതുമായ സംഭവങ്ങള്‍ (Event) ചേര്‍ന്നുകിടക്കുന്ന ഒരു ശൃംഖലയായി ലോകത്തെ റോവല്ലി വിഭാവനം ചെയ്യുന്നു. ഈ ആശയപ്രകാരം യുദ്ധവും കാലാവസ്ഥയും കുടുംബബന്ധവുമൊക്കെ വ്യത്യസ്ത സംഭവങ്ങളാണ്. ഇപ്പറഞ്ഞതിനൊക്കെ വരുന്ന മാറ്റം ലോകത്തെ സ്പന്ദിപ്പിക്കുന്നു. എങ്ങനെയാണ് സംഭവങ്ങള്‍ സാധ്യമാവുന്നത് എന്നാണ് ശാസ്ത്രം പഠിക്കുന്നത്. ഒരുപടി കൂടെ കടന്നു എങ്ങനെയാണു വസ്തുക്കള്‍ ഉദയം കൊള്ളുന്നത് എന്നതല്ല അത് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇതേ തത്വത്തിന്റെ നീട്ടിക്കൊണ്ടുപോകലിലൂടെയാണ് അദ്ദേഹം 'സമയ'ത്തെ നിര്‍വചിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള വിവേചനം ഒരു മിഥ്യാബോധമാണ്. അതേ പോലെ സമയത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ വിവിധ ശാസ്ത്രശാഖകളുമായി കൂടിച്ചേര്‍ന്നു കിടക്കുന്നു. മാത്രമല്ല, സമയത്തിന്റെ വിലയിരുത്തലില്‍ എന്‍ട്രോപ്പി എന്ന നിലയുമായി ബന്ധപ്പെട്ടാണ് താപഗതികം (Thermodynamics) ശ്രദ്ധേയമായ ഘടകമാവുന്നത്. സമയത്തിന്റെ മുന്നോട്ടുപോക്ക് അടയാളപ്പെടുത്തുന്നത് ക്രമരാഹിത്യത്തിന്റെ അവസ്ഥ വര്‍ധിക്കുന്ന ദിശയിലേക്കാണെന്നതും ചേര്‍ത്തുവായിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് റോവല്ലി സമയത്തെ ഗണിക്കുന്നത്. ഇത്തരം ചിന്താശകലങ്ങളെ ഗൗരവപൂര്‍വം പരിഗണിച്ചുകൊണ്ടാവണം പ്രവീണ്‍ ചന്ദ്രന്റെ ആദ്യത്തെ കഥാസമാഹാരമായ 'സമയമാപിനി' വായിക്കേണ്ടത്.
'എനിക്കറിയാം എന്താണ് സമയമെന്നത്? ആരും എന്നോട് ചോദിച്ചില്ലെങ്കില്‍ സമയത്തെ കുറിച്ച് നിശ്ചയമായും എനിക്കറിയാം. എന്നാല്‍ സമയം എന്താണെന്നു എന്നോട് ചോദിക്കുന്ന ഒരാളോട് അത് വിശദീകരിക്കാന്‍ എനിക്ക് വ്യക്തമായി സാധിക്കില്ല' എന്ന് പറഞ്ഞത് തത്വചിന്തകനായ സെയിന്റ് അഗസ്റ്റിനാണ്. ഭൂതവും ഭാവിയും യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന ചിന്താക്കുഴപ്പത്തില്‍പെട്ട പലരും ഇങ്ങനെ തന്നെയാണ് 'സമയ'ത്തെ സമീപിച്ചത്. 'സമയ'ത്തിന്റെ ശാസ്ത്രീയവശങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം കടലിന്റെ ഏകതാനമായ പ്രകൃതം നാവികരെ ബാധിക്കുന്നതിന്റെ ചിത്രമാണ് 'സമയമാപിനി' എന്ന കഥ അനാവൃതമാക്കുന്ന സവിശേഷചിന്ത. സമയത്തെ നിര്‍വചിക്കുന്നത് തിട്ടമായ തലങ്ങളിലോ അതോ വൈയക്തികമായ ഗ്രഹണശക്തിയിലൂടെയാവണോ എന്ന സംവാദമാണ് പ്രവീണ്‍ ചന്ദ്രന്‍ 'സമയമാപിനി'യിലൂടെ ഏറ്റെടുക്കുന്ന ദൗത്യം. 'സമയ'മെന്നത് ഈ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം കഥാഗതി കൊരുത്തെടുക്കാനും മുന്നോട്ടു നയിക്കാനും ഉരുവം കൊള്ളുന്ന ഉപാധിയാണ്. ത്രിമാനമായ സമസ്ഥാനങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ കരയുടെ നിയതമായ ഘടനയില്‍ നിന്ന് വേറിട്ടുകൊണ്ട് കടലിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ 'സമയ'ത്തെ അധിഷ്ഠിതമാക്കി പ്രവൃത്തിക്കുന്നതിന്റെ സര്‍ഗാത്മക ഇടപെടലാണ് ഈ കഥ. കാറ്റും കോളുമില്ലാത്ത- പ്രതിസന്ധികളേതുമില്ലാത്ത- ശാന്തമായ കടലില്‍, കപ്പലിലെ സമയം ഒരേപ്രകാരത്തില്‍ നീങ്ങുകയും നിശ്ചലമെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. പ്രായേണ സമാധാനപരമായ അത്തരമൊരു അന്തരീക്ഷത്തിലാണ് കഥയിലെ കേന്ദ്രകഥാപാത്രമായ ആകാശിന് കപ്പലില്‍ വെച്ചു ക്ഷണനേരത്തേക്ക് സ്മൃതിനാശം സംഭവിക്കുന്നത്. ഓര്‍മയും സമയവുമായി നേരിട്ടോ അല്ലാതെയോയുള്ള സമവാക്യങ്ങള്‍ പ്രസക്തവും പ്രകടവുമാക്കുന്ന സന്ദര്‍ഭം കഥാകൃത്ത് ആവിഷ്‌കരിക്കുകയാണ്. 'സമയം' എന്ന സംജ്ഞ കൊണ്ട് ഓര്‍മയുടെ ആഴത്തെ അളക്കാനും തിട്ടപ്പെടുത്താനും ശ്രമിക്കുക എന്ന പരോക്ഷലക്ഷ്യം നിര്‍വഹിക്കുന്ന കഥയാണ് 'സമയമാപിനി' എന്ന് പറയുന്നതില്‍ യുക്തിയുണ്ട്.
'ഓര്‍മ നഷ്ടപ്പെടുമ്പോള്‍ ശരീരത്തോടൊപ്പം സമയവും നഷ്ടമാകുകയാണ്' എന്ന് കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂതകാലത്തിന്റെ മങ്ങിയ ചിത്രം മായ്ക്കപ്പെടുകയും സമയത്തിന്റെ പൂര്‍വകാല പ്രാബല്യം ഇല്ലാതാവുകയും ചെയ്യുന്ന പ്രതിസന്ധിഘട്ടത്തിലാണ് ആകാശിനു ബോധക്ഷയമുണ്ടാവുന്നത്. അതിനടുത്ത നിമിഷം ലോകം ശൂന്യമായി അയാള്‍ക്ക് അനുഭവപ്പെട്ടു. മനസ്സ് ഇന്ദ്രിയങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കുകയും നിലയ്ക്കുകയും ചെയ്തു. കാഴ്ചയും കേള്‍വിയുമില്ലാതെ നിശ്ചലമായി കിടക്കുന്ന അവസ്ഥയാണത്. പതുക്കെ ഇടങ്ങള്‍ അവസാനിക്കുന്ന ഇടം സംജാതമാവുകയാണ്. സമയകാലങ്ങളുടെ ദ്വന്ദ്വതയില്ലാതാവുന്ന സ്ഥിതിയാണ് അവിടെ രൂപപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ സമയത്തെ സമയബോധത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് അപഗ്രഥിക്കുന്ന തരത്തിലാണ് ആകാശിന്റെ അവസ്ഥയെ അവതരിപ്പിച്ചിട്ടുള്ളത്. സമയം മുന്നോട്ടുപോകുകയും ബോധക്ഷയം സംഭവിച്ച ആകാശിനെ സംബന്ധിച്ചിടത്തോളം അല്പനേരത്തേക്കു സമയബോധം അപ്രത്യക്ഷമാകുകയും ചെയ്യുകയാണ്. ബോധം നഷ്ടപ്പെട്ട സമയവും അത് തിരികെ ലഭിച്ച സമയവും തമ്മിലുള്ള ക്ഷണനേരത്തെ അന്തരത്തിലാണ് ഇത് സംഭവിച്ചത്. സമയത്തിന്റെ സാമാന്യചലനം മാറ്റമില്ലാതെ തുടരുമ്പോഴും പ്രസ്തുത സമയപഥത്തില്‍ ഏതാനും നിമിഷങ്ങള്‍ ആകാശിന് കൈമോശം വരുന്നു. അത് അയാളുടെ കാഴ്ചപ്പാടില്‍ സംഭവിപ്പിക്കുന്ന സൂക്ഷ്മമായ അവബോധത്തെയാണ് 'സമയമാപിനി' അളക്കുന്നത് എന്നുറപ്പാണ്.
സമയം രേഖപ്പെടുത്തുക എന്ന സ്വാഭാവികകര്‍മം അല്പനേരത്തേക്കു നിലച്ചത് ആകാശ് പ്രാധാന്യത്തോടെയും ഉത്കണ്ഠയോടെയും കൂടിയാണ് കാണുന്നത് എന്നത് കേവലം അനുമാനമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്റെ വാച്ച് റിപ്പയര്‍ കട അച്ഛനും അനിയന്മാരും വിറ്റപ്പോള്‍ നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിയിണക്കാന്‍ പറ്റുമെന്ന് തോന്നുന്നു. കേടായ വാച്ചുകളും ക്‌ളോക്കുകളും ചാക്കിലാക്കി കൊണ്ട് വന്നത് പരിശോധിച്ച ആകാശ് ഓരോ വാച്ചിലും ഓരോ സമയമാണ് കണ്ടത്. ഓരോന്നും വ്യത്യസ്തമായ ഇടത്തിലും വ്യത്യസ്തമായ സാഹചര്യത്തിലും വെച്ച് നിലച്ചതാണ്. എന്നാല്‍ നിശ്ചലമായ ആ സമയം എന്തിനെയൊക്കെയാവും അടയാളപ്പെടുത്തുന്നത് എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. കടയില്‍ നിന്നും തിരിച്ചെത്തിയ വാച്ചുകളിലൊന്നില്‍ മുത്തച്ഛന്റെ മരണസമയമായ ആറര മണി രേഖപ്പെടുത്തിയത് ആകാശ് ശ്രദ്ധിച്ചിരുന്നു. നിലച്ചുപോയ സമയബിന്ദുവില്‍ നടന്നതും സംഭവിച്ചതുമായ കാര്യങ്ങള്‍ അടയാളപ്പെടുത്താതെ പോകുന്നത് അസാധാരണമല്ല. കഠിനമായ പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ മുന്നേറാനാവാതെ പോയ മനുഷ്യരുടെ സമയബോധവും ഒട്ടൊക്കെ അനക്കമില്ലാത്തതാണ്. ആകാശിന്റെ മാനസികതലത്തിലെ വിശകലനം 'സമയ'ത്തെ കുറിച്ചുള്ള സമീപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അയാളുടെ സ്വത്വബോധത്തില്‍ 'സമയം' സൃഷ്ടിക്കുന്ന വിള്ളല്‍ (ഇടര്‍ച്ച) മരണവുമായി ഇടകലരുന്നുണ്ട്. ഉറങ്ങുന്നതിന് മുന്‍പും ഉണരുന്നതിന് ശേഷവും തമ്മിലുള്ള സമയബോധം സൃഷ്ടിക്കുന്ന വിടവ് പോലെ ലളിതമല്ല ഇത്. ആകാശിന്റെ ഭാവിയും ഭൂതകാലവും ഒരു സന്ദിഗ്ധദശയില്‍ സമയത്തിന്റെ അളവുകോലുമായി ചേര്‍ന്നിരിക്കുന്നു എന്നിടത്താണ് സമയം സ്വത്വബോധത്തിന്റെ mathematical function ആകുന്നത്. സമയത്തിന്റെയും സമയബോധത്തിന്റെയും ഇടയിലുള്ള വഴുവഴുപ്പുള്ള പ്രതലത്തില്‍ വീഴാതെയിരിക്കാന്‍ ആകാശ് സ്വന്തം വാച്ചിന്റെ ബാറ്ററി ഊരിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ഓര്‍മകളെ റദ്ദുചെയ്യാനുള്ള മന:പൂര്‍വമായ ശ്രമമാണ് അയാള്‍ നടത്തുന്നത്. ഓര്‍മകളെ ഭൂതകാലത്തിന്റെ ഇഴകളില്‍ കോര്‍ത്തിടുകയുx ഓര്‍മകളില്‍ നിന്നുള്ള പലായനം സമയബോധത്തെ നിഷ്ഫലമാകുമെന്ന് കരുതിക്കൊണ്ടാവണം ആകാശ് സമയത്തെ തന്നെ നിരാകരിക്കുന്നത്.
മറ്റുള്ളവരുടെ ഭയത്തേക്കാള്‍ ആത്മഭയമാണ് വലുത് എന്ന ആലോചനയിലൂന്നിയുള്ള കഥാപാത്രങ്ങള്‍, ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള ദൂരം അളക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്വാസഗതിയുടെ സ്വാഭാവികതാളത്തെ പിന്നോട്ടുവലിക്കുന്ന മരണഭയം ഉത്കണ്ഠയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. വിജനമായ വീഥികളും ശൂന്യമായ പരിസരങ്ങളും മരണത്തിന്റെ ആഗമനത്തെ സൂചിപ്പിക്കുന്നതുപോലെയുള്ള അനുഭവതലം ആവിഷ്‌കരിക്കുകയാണ്. 'ലോകാവസാനം' എന്ന കഥ പരിശോധിക്കുമ്പോള്‍ ഭീതി പരോക്ഷരൂപം കൈവെടിഞ്ഞുകൊണ്ട് സുതാര്യമാവുന്ന ദൃശ്യമാണ് പ്രത്യക്ഷമാവുന്നത്. 'സാധാരണമായി പലയിടങ്ങളില്‍ യാത്ര അവസാനിപ്പിക്കേണ്ടവര്‍ ഇപ്പോള്‍ എവിടേക്കെന്നറിയാതെ ഒരേയിടം ലക്ഷ്യമാക്കി സഞ്ചരിക്കുന്നതായി അയാള്‍ക്ക് തോന്നി' എന്ന ആദിത്യന്റെ വിചാരം പ്രസക്തമാണ്. അന്തരീക്ഷത്തിലെ മഞ്ഞുപുക കാഴ്ചശക്തിയുടെ തോത് കുറയ്ക്കുകയാണ്. മനുഷ്യരുടെ (ജീവജാലങ്ങളുടെയും) നിലനില്‍പ്പിന്റെ അടിപ്പടവുകള്‍ക്ക് നേരിടുന്ന സ്ഥിതി അനിച്ഛാപൂര്‍വ്വം സഞ്ചരിക്കുന്ന ലോകഗതിയെയാണ് അടയാളപ്പെടുത്തുന്നത്. പരിസരപ്രദേശമാകെ വ്യാപിക്കുന്ന പുക എന്ന രൂപകത്തിലൂടെ ലോകാവസാനത്തില്‍ എത്തിച്ചേരുന്ന ആഖ്യാനമാണ് ഈ കഥ. സമയം സ്വയം വലിച്ചുനീട്ടാന്‍ കഴിയാത്തത് മൂലമുള്ള വിപത്ഘട്ടത്തെ 'ലോകാവസാനം' പ്രതിനിധീകരിക്കുന്നു. 'സമയ'മെന്ന ആധാരശ്രുതിയില്‍ ഇഴ ചേര്‍ത്ത ആകസ്മികതകള്‍ നിരുപാധികമായ അസ്ഥിരതകളിലേക്ക് നയിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് 'ലോകാവസാനം' എന്ന കഥ.
സമയമെന്ന സംജ്ഞയുടെ നിര്‍വചനം ഭൗതികയാഥാര്‍ഥ്യത്തില്‍ നിന്ന് സാമൂഹികയാഥാര്‍ഥ്യമായി പരിണമിക്കുന്നതിനിടയില്‍ ഉട്ടോപ്യന്‍ തലം അന്തര്‍ധാനം ചെയ്യുകയാണ് ഇവിടെ. 'ലോകാവസാന'ത്തില്‍ അതിന്റെ അനുരണനങ്ങളുണ്ട്. 'ഇരുട്ടില്‍ നടക്കുമ്പോള്‍ അയാള്‍ കണ്ണുകള്‍ അടച്ചു. അതൊരു ശീലമാണ്. കനത്ത ഇരുട്ടില്‍ കണ്ണുകള്‍ അടയ്ക്കുന്നതോടെ ഉള്‍ക്കണ്ണിന്റെ വെളിച്ചം തെളിയും' എന്ന പ്രസ്താവന ബാഹ്യപരിതഃസ്ഥിതികളാല്‍ നിയന്ത്രിക്കാത്ത പ്രത്യക്ഷവും നിഷ്‌കപടവുമെന്നു കരുതപ്പെടുന്ന വെളിച്ചത്തെ നിരാകരിക്കേണ്ട ചുറ്റുപാടിനെയാണ് സ്ഥാപിക്കുന്നത്. അത്തരം പരിതഃസ്ഥിതിയില്‍ ഗര്‍ഭപാത്രത്തിന്റെ ഇരുട്ട് നിറഞ്ഞ സുരക്ഷിതത്വം അന്വേഷിക്കുന്ന ഗര്‍ഭസ്ഥശിശുവായി ആദിത്യന്‍ മാറുകയാണ്. ഭയമെന്ന പോടില്‍ തല പൂഴ്ത്തിക്കൊണ്ട് ദിശയറിയാതെ നടക്കുന്ന അഭയാര്‍ഥികളുടെ പാളയണത്തെ ആദിത്യനിലൂടെ പ്രതിപാദിക്കുക എന്നതാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. ഉയരവ്യത്യാസത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ടു വസ്തുക്കളുടെ പ്രായം വ്യത്യാസപ്പെടുന്നത് പോലെ 'സമയം' അനുഭവവേദ്യമാവുന്നതും ആയുസ്സിന്റെ ദൈര്‍ഘ്യത്തിനു ജീവജാലങ്ങള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാവുന്നതും ജനിക്കുന്നതിന്റെ മരിക്കുന്നതിന്റെയും ശബ്ദങ്ങള്‍ അന്തരപ്പെടുന്നതും കഥാഗാത്രത്തില്‍ തുന്നി വെക്കുകയാണ്. സമയത്തിന്റെ അനന്തതയും ഡിസ്‌ട്ടോപിയയുടെ ഇരുണ്ട പ്രതലങ്ങളും ഇവിടെ സംഘര്‍ഷത്തില്‍ പെടുന്നു.
ജീവിതം, ഭയം, മരണം എന്നിങ്ങനെയുള്ള ചാക്രികമായ ആവൃത്തി പുലര്‍ത്തുന്നതാണ് പ്രവീണ്‍ ചന്ദ്രന്റെ ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മരണത്തിലേക്കുള്ള നീണ്ട ഇടനാഴിയില്‍ ഏറെ ദൂരം സഞ്ചരിച്ച ഒരാളുടെ മതിഭ്രമമാണ് 'സ്വപ്നശ്രേണികളുടെ രാത്രി'യ്ക്ക് ആധാരം. സമയം ഒരു തടസ്സവുമില്ലാതെ മുന്നോട്ടുനീങ്ങുകയും സമയബോധം ഭംഗപ്പെടുകയും ചെയ്ത വിശ്വനാഥന്റെ ജീവിതാടരുകളിലേക്കാണ് ഈ കഥ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. വ്യതിരിക്തമായ സന്ധികളില്‍ ഭയം അരിച്ചിറങ്ങുന്ന വഴികളിലൂടെ പരീക്ഷീണനായി നടക്കുന്ന കഥാപാത്രമാണ് വിശ്വനാഥന്‍. ഭൂമിയിലെ നമ്മുടെ ജീവിതം മറ്റൊരിടത്തിരുന്നു കാണുന്ന സ്വപ്നമാണോ എന്ന ബോര്‍ഹസിയന്‍ ചിന്തയുടെ അടിസ്ഥാനത്തില്‍ ഈ കഥയെ വായിച്ചെടുക്കാം. പ്രസ്തുത സ്വപ്നത്തില്‍ മറ്റൊരു സ്വപ്നമായി കറുത്ത പൂച്ചയെ കത്തിക്കുന്ന പെണ്‍കുട്ടിയെ കാണുന്നതില്‍ യുക്തിയുണ്ട്. വെളിച്ചം കുറഞ്ഞ ഇടവഴിയില്‍ കറുത്ത പൂച്ചയെ കാണുന്നതിന്റെ തത്വചിന്താപരമായ മാനത്തിനു പ്രാധാന്യം സ്പഷ്ടമാണ്. പരമമായ സത്യം തെരഞ്ഞു നടക്കുന്ന തത്വചിന്തകര്‍ ചെയ്യുന്നത് ഇരുട്ടില്‍ 'ഇല്ലാത്ത' കറുത്ത പൂച്ചയെ അന്വേഷിക്കുന്നതുപോലെയാണെന്ന വിരുദ്ധോക്തി ഇവിടെ ഓര്‍ക്കാം. വിശ്വനാഥന്‍ കാണുന്ന വൃദ്ധന്‍ വേറൊരു സ്ഥല-കാലത്തുള്ള ആളാണെന്ന വാദത്തില്‍ കഴമ്പുണ്ട്. കാലഗണനയെ ഒരു സ്ഥലബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണെങ്കില്‍ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആ സ്ഥലത്ത് കാല്‍പ്പാടുകള്‍ പതിപ്പിക്കും. ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും തമ്മിലുള്ള വ്യത്യാസത്തെ നിരാകരിക്കുന്ന റോവല്ലിയന്‍ ചിന്തയുടെ ഫലപ്രദമായ ഉദാഹരണമാണ് ഈ കഥാബിംബം. ഭൂത-വര്‍ത്തമാനകാല ഭേദമില്ലാത്തതിനാല്‍ ഒരിടത്ത് ജീവിച്ചിരുന്ന മനുഷ്യരെല്ലാം ഒരു സ്ഥലത്തു സന്നിഹിതരാവാനുള്ള സാധ്യത തെളിയുന്നു. 'പലരും പല കാലങ്ങളില്‍ ചിതറിക്കിടക്കുകയാണ്' എന്ന അയാളുടെ പറച്ചില്‍ ഇത് സാധൂകരിക്കുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരേ പോലെ രണ്ടിടത്ത് 'ജീവിക്കുന്നതി'ന്റെ സാധ്യതയാണ് അയാള്‍ മുന്നോട്ടുവെക്കുന്നത്. സ്വപ്നങ്ങള്‍ വൈവിധ്യപൂര്‍ണ്ണമാണ് എന്നാല്‍ അവ സമയബോധത്തെ വെല്ലുവിളിക്കുമ്പോള്‍ പരിഭ്രാന്തി ഉടലെടുക്കുന്നു. സത്യമോ മിഥ്യയോ എന്നറിയാത്ത വ്യാമോഹം അങ്ങനെ ആവിര്‍ഭവിക്കുകയാണ്. ഇവിടെ അനന്തമായ ശ്രേണിയിലായി ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പ്രത്യക്ഷമാവുന്നു. വിശ്വനാഥന്‍ കാണുന്ന സ്വപ്നം ദീര്‍ഘമാവണമെന്നില്ല. ഒന്നിന് പുറകെ മറ്റൊന്നായി യാഥാര്‍ഥ്യവും സ്വപ്നവും ഇഴ നെയ്യുന്ന ആഖ്യാനത്തില്‍ അയാളുടെ സ്വപ്നത്തിന്റെ ദൈര്‍ഘ്യവും യഥാര്‍ത്ഥ സമയവും തമ്മില്‍ അജഗജാന്തരമുണ്ടായേക്കാം. സ്വപ്നം കാണുന്നയാള്‍ക്ക് സംവേദിക്കപ്പെട്ട സമയത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും യഥാര്‍ത്ഥത്തിലുള്ള സമയം. 'സ്വപ്ന'ങ്ങളുടെ ദൃശ്യച്ചീന്തുകളെ സര്‍ഗാത്മകതയുടെ ചട്ടക്കൂടിലേക്ക് വിന്യസിപ്പിക്കുമ്പോള്‍ വാക്കും വസ്തുതയും വേര്‍തിരിച്ചറിയാനാവാത്ത വിധം ഏകീഭവിപ്പിക്കുക എന്ന ദൗത്യമാണ് ഈ കഥയിലൂടെ കഥാകൃത്ത് നിര്‍വഹിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട വിശ്വനാഥന്‍ പൊരുത്തമില്ലായ്മയുള്ള സ്വപ്നങ്ങളിലൂടെ മെനഞ്ഞെടുക്കപ്പെടുന്ന ശ്ലഥചിത്രങ്ങളുടെ സൃഷ്ടികര്‍ത്താവാകുകയാണ്. അതുവഴി ജീവിതത്തിലേക്ക് ഭാവനാത്മകമായി മടങ്ങിവരാമെന്നു അയാള്‍ കരുതുന്നു. ഒരു സ്വപ്നത്തില്‍ നിന്നുളവായ മായാബോധം അടുത്ത സ്വപ്നത്തിലെ സമാനമായ ദൃശ്യവുമായി നടത്തുന്ന സംവേദനമാണ് ഈ കഥയുടെ മര്‍മം.
'ജീവിതം അത് നടന്നെത്തുന്ന ദൂരത്തേക്കാള്‍ കാലടികള്‍ നിലത്ത് പതിക്കുന്ന നിമിഷങ്ങളെയാണ് അനുഭവിക്കുന്നത്' എന്ന 'സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയ'ത്തിലെ വാക്യം കാലങ്ങളെ ഗണിക്കുന്ന റോവല്ലിയുടെ അന്തര്‍ഗതത്തെ പിന്തുണയ്ക്കുന്നു. സമയം എന്നതിന് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല എന്നും ലോകത്തെ മൂല്യനിര്‍ണ്ണയം നടത്തുന്ന അസ്ഥിര വസ്തുക്കളില്‍ (Variable) സമയത്തിന് പ്രാധാന്യമില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഈ വാക്യം ശരിവെക്കുകയാണ്. വെളിച്ചത്തെ പോലും കടന്നുവരാന്‍ അനുവദിക്കാതെ ഇരുട്ടുനിറഞ്ഞ മുറിയില്‍ താമസിക്കാന്‍ ഇഷ്ടപ്പെട്ട സീമ വെളിച്ചമെങ്ങാനും സ്വന്തം ഇടത്തില്‍ എത്തിയാല്‍ തമോഗര്‍ത്തത്തെ പോലെ അത് പുറത്തുപോകാതെ അവിടെ നിലകൊള്ളുമോ എന്ന് ഭയന്നിരുന്നോ? തമോഗര്‍ത്തവുമായി ബന്ധപ്പെട്ട ഹോക്കിങിന്റെ പ്രസിദ്ധമായ പന്തയത്തെ ആധാരമാക്കി തമോഗര്‍ത്ത സീമയ്ക്കുള്ളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവരുമെന്നു പ്രതിപാദിച്ചുകൊണ്ട് സീമയുടെ കുടുംബജീവിതമെന്ന 'തമോഗര്‍ത്ത'ത്തെയാണ് കഥാകൃത്ത് വിശകലനം ചെയ്യുന്നത്. തമോഗര്‍ത്തത്തിന്റെയുള്ളിലെ സ്ഥിതിയ്ക്ക് സദൃശമായി കടുത്ത സമ്മര്‍ദത്തില്‍പ്പെട്ട കുടുംബമെന്ന 'തമോഗര്‍ത്ത'ത്തില്‍ ജീവിക്കേണ്ടി വരുന്ന സീമ അതിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിയുകയാണ്. 'ഹോക്കിങ്ങ് പന്തയത്തില്‍ തോല്‍ക്കും. തമോഗര്‍ത്തങ്ങളില്‍ നിന്ന് വിവരങ്ങള്‍ പുറത്തു വരും' എന്ന അവളുടെ ആത്മവിശ്വാസം അവള്‍ നിശ്ചയിച്ചുറപ്പിച്ച തീരുമാനങ്ങളെ കൂടി പ്രതിനിധീകരിക്കുന്നു. ഒളിപ്പിച്ചും അടക്കിയും വെച്ച വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സീമ വേണുഗോപാലിന്റെയും കമലയുടെയും മകളാണ് എന്ന വിവരവും ആയിടയ്ക്ക് മനസ്സിലാക്കുന്നുണ്ട്. ഗവേഷണലോകത്തിന്റെ ചുഴികള്‍ നിറഞ്ഞ മറ്റൊരു പ്രതലം കൂടി കഥയില്‍ ചേര്‍ത്തുവെച്ചതും ശ്രദ്ധേയമാണ്.
വസ്തുക്കളുടെ ചലനവുമായി ബന്ധപ്പെടുത്തി പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സീനൊ വികസിപ്പിച്ച വിരുദ്ധോക്തികള്‍ പ്രസിദ്ധമാണ്. ഇതുപ്രകാരം ദൂരത്തിന്റെയും അതിനു തുടര്‍ച്ചയെന്നോണം സമയത്തിന്റെയും ഇടവേളയെ അനന്തമായി ഭാഗിച്ചുകൊണ്ട് സീനോ അവയെ ശൂന്യതയോട് അടുപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സമയത്തെ സംബന്ധിച്ച പുതിയ ഒരു ചിന്തയുടെ വാതില്‍ സീനോ തുറന്നിടുന്നു. ഒരു അവിച്ഛിന്നവസ്തുവിന്റെയോ സമയത്തെയോ അതിസൂക്ഷ്മമായ തലത്തില്‍ ഭാഗിക്കുമ്പോള്‍ പൂജ്യവുമായി ഒത്തുചേര്‍ന്ന് പോകണമെന്നില്ലെങ്കിലും ഇല്ലായ്മയോട് അടുത്തുനില്‍ക്കുന്ന അപരിമാണ അവസ്ഥയായി അത് അനുഭവപ്പെടും. ആധുനിക സാങ്കേതികവിദ്യയില്‍ പലതിന്റെയും അടിസ്ഥാനമായ 'കാല്‍ക്കുലസ്' എന്ന ഗണിതത്തിന്റെ പ്രഥമവും പ്രധാനവുമായ ചുവട് ഇപ്പറഞ്ഞ ഭാഗിക്കലാണ്. ഈ കഥാസമാഹാരത്തിലെ കഥകളായ 'ഒരു പന്തയത്തിന്റെ അന്ത്യ'ത്തിന്റെയും 'മാന്ത്രികപ്പെട്ടിയു'ടെയും അസ്തിവാരം ഈ ആശയത്തിലാണ് അധിഷ്ഠിതമായിട്ടുള്ളത്. ഫിക്ഷനാലിറ്റി എന്ന സങ്കേതവും ഗണിതയുക്തിയും സുവര്‍ണാനുപാതത്തില്‍ ലയിച്ചിരിക്കുന്ന കഥയാണ് 'ഒരു പന്തയത്തിന്റെ അന്ത്യം'. വിനോദ്, ജോസഫ്, മജീദ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഭാര്യയെ സംശയിക്കുന്ന വിനോദ്, അവരുടെ കാമുകനെ കൊല്ലാനായി തക്കം പാര്‍ത്തിരിക്കുകയാണ്. അതിഗാഢമായ വിധത്തില്‍ ആക്രമണവാസന ഉള്ളിലൊളിപ്പിക്കുന്ന വിനോദ് എങ്ങനെയാണ് പെരുമാറുന്നത് എന്നത് മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. സീനോവിന്റെ ചിന്തയെ ആവാഹിക്കുന്ന വിനോദിന് കൊലപാതകവും മരണവും സ്ഥല-കാലത്തെ കീറിമുറിക്കുന്ന ഗണിതപ്രഹേളികയുടെ പരിഹാരങ്ങളാണ്. ഒരു അജ്ഞാതശക്തി തന്റെ പിന്നിലുണ്ടെന്ന് പറയുന്ന വിനോദ് വെടിയുണ്ട നിറച്ച തിരയുമായി കാറിനു പിന്നിലെ സീറ്റില്‍ ഇരിക്കുന്ന സന്ദര്‍ഭം കഥയിലുണ്ട്. കാറിന്റെ മുന്‍ നിരയിലിരിക്കുന്ന ജോസഫും മജീദും വിനോദിന്റെ തോക്കിന്റെ ഇരകളായി എപ്പോള്‍ വേണമെങ്കിലും മാറിയേക്കാം. വിനോദ് തോക്കിന്റെ കാഞ്ചി വലിച്ച ശബ്ദവും അവര്‍ കേള്‍ക്കുന്നുണ്ട്. അക്വീലസുമായുള്ള ഓട്ടപ്പന്തയത്തില്‍ അശക്തനായ ആമ ഒരു ചെറിയ ദൂരം എപ്പോഴും മുന്നിലെത്തുന്നത് പോലെ സമയത്തിന്റെ അനന്തശ്രേണീ വിഭജനത്തിലൂടെ ഒരിക്കലും വെടിയുണ്ട ഇരയെ സ്പര്‍ശിക്കുകയില്ല എന്ന സീനോയുടെ യുക്തിയാണ് വിനോദിനെ തിരയുതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സീനോയുടെ വിരുദ്ധോക്തിയുടെ പരിമിതസീമ ലംഘിച്ച് വെടിയുണ്ട വിനോദിന്റെ തല പിളര്‍ക്കുന്നു. യുക്തിയ്ക്കും അയുക്തിയ്ക്കും അപ്പുറത്തായി മറ്റൊരു യാഥാര്‍ഥ്യം നില നില്‍ക്കുന്നുവെന്നും ജീവിതത്തിന്റെ ഭൗതികപരിസരവുമായി അത് സമരസപ്പെട്ടിരിക്കുന്നുവെന്നുമാണ് കഥ ആവിഷ്‌കരിക്കുന്ന കാതല്‍. യാഥാര്‍ഥ്യത്തെ തത്വപരമായി പ്രവചിക്കാതെ സര്‍ഗാത്മകപ്രവാഹമാക്കുന്ന സാമര്‍ഥ്യമാണ് കഥയെ വേറിട്ടുനിര്‍ത്തുന്നത്. ജീവിതത്തിന്റെ അസ്തിത്വത്തെ ശാസ്ത്രബോധം കൊണ്ട് സമീപിക്കുമ്പോഴും 'സമയം' എത്രകണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്ന ഊന്നലിന്നാണ് ഈ സമാഹാരത്തിലെ കഥകള്‍ സവിശേഷമായ കരുതല്‍ കല്‍പ്പിക്കുന്നത്. 'കഥകളില്‍ മാത്രമേ ദുര്‍ബലര്‍ ജയിക്കാറുള്ളു' എന്ന വിനോദിന്റെ അഭിപ്രായം ന്യായവിസ്താരമായി കാണാന്‍ സാധിക്കുകയില്ലെങ്കിലും ജീവിതത്തിന്റെയും ഫിക്ഷന്റെയും കെട്ടുറപ്പിന് ഈട് നല്‍കുന്ന സ്രോതസ്സിനു ദുര്‍ബലരെ ഒഴിവാക്കാനാവില്ല. ചലിച്ചുകൊണ്ടിരിക്കുന്ന വെടിയുണ്ടയുടെ നിമിഷമാത്രയിലെ നിശ്ചലത സാധ്യമാവുകയും എന്നാല്‍ യഥാര്‍ത്ഥലോകത്ത് സീനോയുടെ വിരുദ്ധോക്തിയില്‍ ചലനം തുടര്‍ച്ചയായ നിശ്ചലതയാണെന്ന് തോന്നിപ്പിക്കുന്ന വിപരീതയുക്തിയുമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇതിനു വിധേയമായി നമ്മള്‍ നിശ്ചലാവസ്ഥയിലാവുമ്പോഴും സമയം മുന്നോട്ട് തന്നെ നീങ്ങുകയാണ്.
സമയത്തിന്റെ സെക്കന്റുകളെ വീണ്ടും ഭാഗിക്കുകയും ഒരു സെക്കന്റിന്റെ ഇരുപത്തിനാലില്‍ ഒരംശമായ ഫ്രെയിമുകളെ ശ്രേണിയായി അവതരിപ്പിക്കുകയും ചെയ്യുന്ന കലയായ സിനിമയുടെ പശ്ചാത്തലത്തിലാണ് 'മാന്ത്രികപ്പെട്ടി' എന്ന കഥ വികസിക്കുന്നത്. നിശ്ചലചിത്രങ്ങളുടെ അനുസ്യൂതപ്രവാഹമായി ചലച്ചിത്രം ആവിഷ്‌കൃതമാവുന്ന കാഴ്ചയില്‍ 'ഒരു പന്തയത്തിന്റെ അന്ത്യ'ത്തിലെ പരാജയപ്പെട്ട യുക്തി ഓര്‍മിക്കാം. എന്നാല്‍ സെനോയുടെ യുക്തിക്കും ആശയത്തിനും പകരം ജീവിതയാഥാര്‍ഥ്യവും സിനിമയുടെ അനലോഗ്-ഡിജിറ്റല്‍ പരിവര്‍ത്തനവും സംബോധന ചെയ്യപ്പെടുന്നു. സമയത്തെ അനന്തമായ ഫ്രെയിമുകളായി ഭാഗിക്കുകയും പിന്നീട് സമഗ്രമായി സംയോജിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തി കാല്‍ക്കുലസിലെ ഡിഫറന്‍സിയേഷനെയും ഇന്റഗ്രേഷനെയും ദ്യോതിപ്പിക്കുകയാണ് ചെയ്യുന്നത്. 'മാന്ത്രികപ്പെട്ടി' എന്ന വിശേഷണത്തിലൂടെ സിനിമ കടന്നുപോയ വിവിധ ഘട്ടങ്ങള്‍ക്ക് ചരിത്രപരമായി ഊന്നല്‍ കൊടുക്കാനുള്ള ശ്രമം കഥാകൃത്ത് നടത്തുന്നു. കൈനെറ്റോസ്‌കോപ്പ് എന്ന മാന്ത്രികപ്പെട്ടിയില്‍ ആരംഭിച്ച് ഡിജിറ്റല്‍ സംവിധാനത്തില്‍ എത്തിനില്‍ക്കുന്ന ചരിത്രമാണ് സിനിമയ്ക്കുള്ളത്. ഒരു പ്രൊജക്ടര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന ദാസന്റെ ഇന്നത്തെ പരിതാപകരമായ സ്ഥിതി വിവരിക്കുന്നതിലൂടെ സാങ്കേതികതയുടെ വളര്‍ച്ച വിസ്മൃതിയിലാക്കിയ സംരംഭങ്ങളുടെ സമകാലനില സംവാദവിഷയമാകുകയാണ്. ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും ക്രമം പ്രദര്‍ശിപ്പിക്കുന്ന സങ്കീര്‍ണ്ണശൃംഖലയായി യാഥാര്‍ഥ്യത്തെ കാണുന്ന കാര്‍ലോ റോവല്ലിയുടെ സങ്കല്പം പ്രൊജക്ടറിലൂടെ കാണാനാകുന്ന ദൃശ്യവിതാനത്തിലും പ്രകടമാണ്. 'കൗതുകങ്ങള്‍ അവശേഷിപ്പിക്കാത്ത നഗ്‌നശരീരം പോലെ'യുള്ള ഫിലിം പ്രൊജക്ടര്‍ അനലോഗ് സിനിമയുടെയും ദാസന്റെയും നഷ്ടമായ പ്രൗഢിയെ അടയാളപ്പെടുത്തുന്നു. എങ്ങനെയാണു സ്ഥല-കാലത്തിന്റെ ചലനാത്മകമായ ഭൂദൃശ്യം ഒരു ചിത്രമായി കാണുന്നതെന്ന് ചിന്തിച്ചതിന്റെ ഫലമായി ഫോട്ടോകള്‍ എടുത്ത എഡ്വേഡ് മുയ്ബ്രിഡ്ജിനെ ഈ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
കാര്‍ലോ റോവല്ലി മുന്നോട്ടു വെച്ച സമയത്തെ കുറിച്ചുള്ള ആശയത്തില്‍ മാറ്റത്തിന്റെ പതാക വഹിക്കുന്ന ലോകമാണുള്ളത്. സ്ഥായിത്വത്തിനു അവിടെ സ്ഥാനമില്ല. ഒരു നിശ്ചിതകാലയളവില്‍ അവസാനിക്കുന്ന സംഭവങ്ങളില്‍ (Event) അദ്ദേഹത്തിന്റെ സങ്കല്പം ഉറച്ചിരിക്കുന്നതായി മനസിലാക്കാം. 'വസ്തു'വിന് അവിടെ വലിയ പങ്കു വഹിക്കാനില്ല എന്നര്‍ത്ഥം. ചുംബനമെന്നത് അവിടെ ഒരു സംഭവമാണ്. ചുരുക്കത്തില്‍ ലോകം ഇങ്ങനത്തെ ചുംബനങ്ങളില്‍ (സംഭവങ്ങളില്‍) കൂടി ഉരുത്തിരിയുകയാണ്. എന്നാല്‍ നീണ്ട പത്തുവര്‍ഷം നായികയെ കാത്തിരുന്ന നായകന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ പതിയുന്ന ദൃശ്യം കഥയില്‍ (സിനിമയിലും) എടുത്തു പറയുന്നു. ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും സ്വതന്ത്രമായ സ്വത്വവും സ്ഥല-കാല ഘടനയും ഇല്ലാത്തതോടെ ഈ കാത്തിരിപ്പിനു അടിസ്ഥാനമില്ലാതാവുകയാണ് എന്നാണ് റോവല്ലിയുടെ വാദം. സിനിമ സമയത്തിനു മേലുള്ള കൊത്തുപണിയാണെന്നു പറയുന്ന 'ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍' സംവിധായകനായ സാഗര്‍ അഷ്റഫിന്റെ കഥയാണ്. തിരസ്‌കാരങ്ങളുടെ നീണ്ട പരമ്പരയ്ക്കൊടുവില്‍ ജീവിതം തിരിച്ചുപിടിക്കുന്ന പതിനഞ്ച് വര്‍ഷമാണ് അയാളുടെ സിനിമയുടെ ഇതിവൃത്തം. സിനിമയിലൂടെ സ്വന്തം ജീവിതത്തില്‍ നടത്തിയ അതിജീവനം ദൃഢീകരിക്കാനാണ് സാഗര്‍ യത്‌നിച്ചത്. ആദ്യ സിനിമയയുടെ പ്രിവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ബോധരഹിതനായി തീര്‍ന്ന അയാള്‍ പിന്നീടുള്ള ദിവസങ്ങള്‍ ഐ സി യുവിലാണ് ദിനങ്ങള്‍ തള്ളിനീക്കിയത്. ഐസിയുവിലെ നിശാലമായ സമയത്തെ വാച്ച് കൊണ്ട് നേരിടുന്ന സാഗര്‍ അഷ്‌റഫിനെ നാം കാണുന്നു. സമയബോധത്തെ നിര്‍ജീവമാക്കാതിരിക്കാന്‍ വാച്ച് എന്ന ഉപകരണത്തെ ആശ്രയിക്കുന്ന അയാള്‍ സമയത്തിനും സമയബോധത്തിനും ഇടയില്‍ നട്ടം തിരിയുകയാണ്. വെളിച്ചം തീരെയില്ല മുറിയില്‍, വാച്ചിലെ സൂചിയുടെ കറക്കമാവണം അയാള്‍ക്ക് അനുഭവവേദ്യമാവുന്ന നെഞ്ചിടിപ്പിന്റെ പതിഞ്ഞ താളം. മനുഷ്യരേക്കാള്‍ യന്ത്രങ്ങള്‍ ആലംബമാവുന്ന പരിതസ്ഥിതിയാണ് അയാള്‍ക്ക് ചുറ്റും ഉരുണ്ടുകൂടിയത്. സ്വബോധത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടുപോകാതിരിക്കാന്‍ സമയബോധത്തിന്റെ ദിശാസൂചിയില്‍ അയാള്‍ പരാധീനപ്പെടുകയാണ്.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സ്ഥിതി പോലെ ജീവിച്ചിരിക്കുകയും മരിച്ചിരിക്കാനും ഒരേ സമയത്ത് കഴിയുമോ എന്ന ചിന്തയാണ് പ്രവീണ്‍ ചന്ദ്രന്‍ 'മരണവക്രത്തിലെ പൂച്ച' എന്ന കഥയില്‍ പരീക്ഷിക്കുന്നത്. ഒരു പൂച്ച ഒരേ സമയം ജീവിക്കുകയും മരിച്ചിരിക്കുകയുമെന്ന അവസ്ഥയാണ് ഇവിടെ കഥാകൃത്ത് അപഗ്രഥിക്കുന്നത്. ക്വാണ്ടം ഭൗതികതയുടെ ഉദയത്തോടെ ഇരുപതാം നൂറ്റാണ്ട് മുതല്‍ ശാസ്ത്രം സൂക്ഷ്മലോകത്തെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ തുടങ്ങി. ഇതിനിടെ സാധ്യത സര്‍ഗ്ഗാത്മകമായ അടയാളപ്പെടുത്തലാണ് 'മരണവക്രത്തിലെ പൂച്ച'. എഡ്ഗാര്‍ അലന്‍ പോയുടെ കറുത്ത പൂച്ചയേയും ഷ്രോഡിംഗറുടെ പൂച്ചയേയും ഇടകലര്‍ത്തി പറയുന്ന രീതിയാണ് ഇതില്‍ അവലംബിച്ചിട്ടുള്ളത്.
മനുഷ്യജീവിതത്തിന്റെ അസ്തിത്വം ചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതിന്റെ വിശകലനം ഒരു കഥയിലൂടെ അവതരിപ്പിക്കുകയാണ് 'ജ്വാലാ ലൈബ്രറിയിലെ തീപ്പിടിത്തം'. കാലാകാലങ്ങളായി ലോകം മുന്നോട്ടുവെക്കുന്ന ചിന്താപദ്ധതിയില്‍ ഭൂതകാലത്തിലെ സംഭവങ്ങള്‍/ ഓര്‍മ്മകള്‍ പ്രാധാന്യമര്‍ഹിക്കുന്നതും വര്‍ത്തമാനകാലത്തെയും ഭാവിയിലെയും സന്ദര്‍ഭങ്ങള്‍ക്ക് ഡിജിറ്റല്‍ രൂപം ഉണ്ടാവുന്നതിനെ സംശയത്തോടെ കാണുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ ആകുലതകളെയാണ് ഇവിടെ സംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്.
'ഇപ്പോള്‍' എന്ന സാഹചര്യത്തിന് പ്രസക്തിയില്ലായെന്നു പ്രഖ്യാപിക്കുന്ന റോവല്ലിയുടെ സമയതത്വം മുറുകെ പിടിക്കുന്നവരാണ് 'സമയമാപിനി'യിലെ ആകാശും 'ഒരു പന്തയത്തിന്റെ അന്ത്യ'ത്തിലെ വിനോദും 'ലോകാവസാന'ത്തിലെ ആദിത്യനും മറ്റും. പൂര്‍ണമായ യാഥാര്‍ഥ്യം എന്നത് സാധ്യമല്ലാതാവുകയും ഒരാള്‍ക്ക് അനുഭവവേദ്യമാവുന്ന 'യാഥാര്‍ഥ്യം' മറ്റൊരാളുടെ 'യാഥാര്‍ഥ്യ'വുമായി സമരസപ്പെടാത്തത്തിടത്തോളം 'സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയ'ത്തിലേയും 'സ്വപ്നശ്രേണികളുടെ രാത്രി'യിലെയും മുഹൂര്‍ത്തങ്ങള്‍ സ്വയം വിശദീകരണം തരുന്നതാണ്. രണ്ടു വ്യത്യസ്ത ഗ്രഹങ്ങളിലോ ഭൂഖണ്ഡങ്ങളിലോ എന്തിനു പറയുന്നു രണ്ടു രാജ്യങ്ങളിലോ ജീവിക്കുന്നവര്‍ തമ്മിലുള്ള സമയവ്യതിയാനം 'വര്‍ത്തമാനകാലത്തില്‍, ഒരേ സമയത്ത് നടക്കുന്ന പ്രക്രിയ'യെ റദ്ദു ചെയ്യുകയാണ്. സാഹിത്യത്തില്‍ ഇതുവരെ ശീലിച്ചുവന്ന സമയപ്രവാഹത്തിന്റെ ശൈലിയെ നിരാകരിച്ചുകൊണ്ട് സമയപഥത്തിന്റെയും സമയബോധത്തിന്റെയും നവീനമായ പാത വെട്ടിയൊരുക്കുകയാണ് പ്രവീണ്‍ ചന്ദ്രന്‍. യാഥാര്‍ഥ്യം എന്നത് മിഥ്യയാണോ എന്ന ചോദ്യത്തിന് അതെ/അല്ല എന്ന ഉത്തരം നല്‍കാതെ ഏഴു കഥകളുടെ സന്ദര്‍ഭങ്ങളില്‍ കൊരുത്തെടുത്തുകൊണ്ട് യാഥാര്‍ഥ്യവും സമയവും എന്നതിന്റെ തത്വചിന്താപരമായ ഏങ്കോണിപ്പുകളെയും ആഴത്തെയും റോവല്ലിയുടെ സഹായത്തോടെ വ്യവച്ഛേദിക്കുന്ന കഥാകൃത്താണ് അദ്ദേഹം എന്ന നിസ്തര്‍ക്കം പറയാം. സമയബോധത്തിന്റെ വിഭിന്നമായ അധ്യായങ്ങളായി ജീവിതത്തെയും മരണത്തെയും ആവിഷ്‌കരിക്കുന്ന പ്രവീണ്‍ ചന്ദ്രന്‍ സമയത്തിന്റെ വ്യവസ്ഥാപിത രീതികളെ ഭാവനാത്മകമായി അട്ടിമറിക്കുക എന്നതാണ് 'സമയമാപിനി' എന്ന കഥാസമാഹാരത്തിന്റെ ഉദ്യമം.
ജീവിതത്തെ വിവിധ കോണുകളിലൂടെയും വ്യത്യസ്തക്രമത്തിലും നോക്കിക്കാണുന്ന കലൈഡോസ്‌കോപ്പിക് വിഷനാണ് സാഹിത്യത്തിന്റെ അന്ത:സത്ത. സമയത്തെ പ്രവാഹമായി കാണുകയും അതിന്റെ മാനങ്ങളിലുടെ സാഹിത്യ ഭാവനകള്‍ വിരിയിക്കുകയും ചെയ്യുന്നതിന് സമാന്തരമായി സമയത്തെ ദൈവക്കാഴ്ചപോലെ കണ്ടുകൊണ്ട് ഒരു ഭൂപടത്തിലെ വിവിധ ബിന്ദുക്കള്‍ മാത്രമാണ് ഭൂതവും വര്‍ത്തമാനവും ഭാവിയും എന്ന് വിവക്ഷിക്കുന്ന മറ്റൊരു ആശയരൂപവും സാഹിത്യത്തിലും ദാര്‍ശനിക ചിന്തയിലും നിരന്തരം പ്രയോഗിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സമയം എന്ന ചോദ്യത്തെ എന്താണ് ജീവിതം എന്ന ചോദ്യവുമായി തട്ടിച്ചു നോക്കുന്ന ശ്രമങ്ങളെ ഇങ്ങനെ വിളിക്കേണ്ടി വരും: സമയം ഒരു സാഹിത്യരൂപമാണ്. അങ്ങനെ വരുമ്പോള്‍ സമയത്തിന്റെ അനന്തസാധ്യമായ സാഹിത്യരൂപങ്ങളിലൊന്നിലൂടെയുള്ള ചിന്താപരീക്ഷണങ്ങളാണ് ഈ സമാഹാരത്തിലെ കഥകള്‍ എന്ന് സാക്ഷ്യപ്പെടുത്തേണ്ടി വരും.
Content Highlights: rahul radhakrishnan reviews praveen chandran story collection samayamapini mathrubhumi books
Published: 29 Feb 2024, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented