
പ്രവീണ്‍ ചന്ദ്രന്റെ 'ഛായാമരണം' എന്ന നോവല്‍ വായനയാണ് അദ്ദേഹത്തിന്റെ തന്നെ ആദ്യ നോവല്‍ ആയ 'അപൂര്‍ണ്ണതയുടെ ഒരു പുസ്തകം' എന്ന നോവലിന്റെ വായനയില്‍ എത്തിച്ചത്. അനേകം അടരുകളുള്ള ഒന്നാണ് ജീവിതം. പൂര്‍ണ്ണമെന്നോ അപൂര്‍ണ്ണമെന്നോ വ്യാഖ്യാനിക്കാന്‍ കഴിയാത്ത ഒരു സമസ്യ. പൂര്‍ണ്ണതയില്‍ നിന്ന് അപൂര്‍ണ്ണതയിലേക്കുള്ള പ്രയാണമെന്നോ അപൂര്‍ണ്ണതയില്‍ നിന്നും പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമെന്നോ പറയുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേര്‍ന്നതാണ് ജീവിതമെന്നു വിശ്വസിക്കുന്ന നരേന്ദ്രന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതയനുഭവങ്ങളും വഴിത്തിരിവുകളുമാണ് നോവലില്‍.
സൈബര്‍ ലോകത്തിന്റെ അകത്തളങ്ങളിലെ വ്യവഹാരങ്ങളില്‍ ശ്രദ്ധയൂന്നുന്ന നോവലുകള്‍ മലയാളത്തില്‍ അധികം ഉണ്ടാവുന്നില്ല എന്നിരിക്കെ 'അപൂര്‍ണതയുടെ ഒരു പുസ്തകം' ഏറെ പ്രസക്തമാണ്. ഇമെയില്‍, വെബ്‌സൈറ്റ്, ഇന്റര്‍നെറ്റ് എന്നീ സംജ്ഞകളില്‍ കുടുങ്ങിക്കിടക്കുന്ന 'സൈബര്‍സാഹിത്യ'ത്തിന്റെ ഉപരിപ്ലവതകളില്‍ നിന്ന് പ്രതീതിലോകത്തിന്റെ ആഴങ്ങളിലേക്ക് ഈ നോവല്‍ നമ്മെ കൊണ്ടുപോകുന്നു. 'ഡാറ്റ' യുടെ പ്രാധാന്യവും ഡാറ്റകളിലൂടെ ശേഖരിക്കപ്പെടുന്ന മനുഷ്യരുടെ വ്യക്തിത്വങ്ങളും ചര്‍ച്ചാ വിഷയമാവുന്ന സമകാലത്ത് പ്രവീണ്‍ ചന്ദ്രന്റെ നോവലില്‍ സന്ദര്‍ഭങ്ങളും സംഭവങ്ങളും സംബോധന ചെയ്യുന്നത് അത്തരം വിഷയങ്ങളെയാണെന്നത് നോവലിന്റെ പ്രാധാന്യം കൂട്ടുന്നു. യാഥാര്‍ഥ്യങ്ങളും പ്രതീതിയാഥാര്‍ഥ്യങ്ങളും കൂടിക്കുഴയുന്ന കളിസ്ഥലമായി മനുഷ്യജീവിതം രൂപപ്പെടുന്നതിന്റെ എല്ലാ വിധത്തിലുള്ള ചായ്വുകളും രീതികളും ഊന്നിപ്പറയുകയാണ് 'അപൂര്‍ണതയുടെ ഒരു പുസ്തക'ത്തില്‍. ഫിലോസഫിയും പുസ്തകങ്ങളും പ്രണയവും പ്രണയനിരാസവും ഒക്കെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ബോധമണ്ഡലത്തിലെയും അപരലോകത്തിലെയും അധികാരോപാധികളുടെ ഉരസലിന്റെ ആഖ്യാനമാണ് ഈ നോവല്‍ എന്നുറപ്പിച്ചുപറയാം.
പെട്ടെന്നൊരു സുപ്രഭാതത്തില്‍ വിവരചോരണം ആക്ഷേപിക്കപ്പെട്ട് ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുന്ന നരേന്ദ്രന്‍ വന്‍കിട കോര്‍പ്പറേറ്റു തന്ത്രത്തിന്റെ ഇരയാവുന്നു. അപൂര്‍ണ്ണതയില്‍ വിശ്വസിക്കുന്ന നരേന്ദ്രന്റെ ജീവിതത്തില്‍ പിന്നീടുണ്ടാവുന്ന സംഭവങ്ങള്‍ തികച്ചും യാദൃശ്ചികമെന്നു തോന്നാമെങ്കിലും ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു എല്ലാം. അറിയാതെയെങ്കിലും സൈബര്‍ തന്ത്രങ്ങളുടെ ഇരയാവുകയായിരുന്നു നരേന്ദ്രന്‍. നരേന്ദ്രന്റെ ഭാര്യ സൂസന്നയുടെ ബന്ധുവിന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തി അവരുടെ അയല്‍ക്കാരനായി എത്തുന്ന ഭുവനേശ് നരേന്ദ്രന്റെ ജീവിതം തന്നെ തകിടം മറിക്കുന്നു. അസാമാന്യ ബുദ്ധിയുള്ള അതിവിദഗ്ദ്ധനായ ഒരു ഹാക്കര്‍ ആയിരുന്നു ഭുവനേശ്. ഒരേ സമയം നിഷ്‌കളങ്കനും അസാധാരണമായി പെരുമാറുന്നവനുമായ ഭുവനേശ് നരേന്ദ്രനില്‍ സംശയം ജനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് സൈറ്റുകള്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു പെര്‍ഫെക്റ്റ് വെര്‍ച്യുല്‍ സിസ്റ്റം അയാള്‍ നരേന്ദ്രന് പരിചയപ്പെടുത്തുന്നു. അത് അപ്രായോഗികമാണെന്ന നരേന്ദ്രന്റെ വാദം ഭുവനേശിനെ കുപിതനാക്കുന്നു. സ്വന്തം കഴിവുകളില്‍ അമിതവിശ്വാസം പുലര്‍ത്തിയിരുന്ന ഭുവനേശ് തന്റെ ജീവിതം തന്നെ ഈ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നെന്നും, അത് ബോധ്യപ്പെടാന്‍ ഒരു സംഭവകഥ പറയാമെന്നും പറഞ്ഞു പറയുന്ന ഉപകഥയിലൂടെയാണ് നോവല്‍ മുന്നേറുന്നത് .
ഉപകഥയിലെ നായകനായ പ്രൊഫസര്‍ അപൂര്‍ണ്ണതയില്‍ വിശ്വസിക്കുന്ന ഒരാള്‍ ആണ്. അയഥാര്‍ത്ഥ ലോകത്തിന്റെ പ്രതിനിധിയായിരുന്നു പ്രൊഫസര്‍. യഥാര്‍ത്ഥ ലോകത്തില്‍ അന്തര്‍മുഖനായിരുന്ന അയാള്‍ അയഥാര്‍ത്ഥ ലോകത്തിലാണ് ശരിക്കും ജീവിച്ചിരുന്നത്. അതിനപ്പുറം ഒരു അസ്തിത്വം അയാള്‍ക്കില്ലായിരുന്നു. ഇന്റര്‍നെറ്റിലെ അധോലോകം അയാളുടെ സ്വകാര്യവിവരങ്ങള്‍ എല്ലാം ചോര്‍ത്തുന്നത് വഴി അയാളെത്തന്നെ തുടച്ചു മാറ്റുന്നു. യാഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ രണ്ടു ലോകങ്ങളുടെ ലയനത്തില്‍ യാഥാര്‍ഥ്യവും മിഥ്യയും തിരിച്ചറിയാനാവാതെ ഒരു പ്രഹേളികയിലേക്ക് നോവല്‍ നീങ്ങുന്നു. 'ത്രിമാനലോകത്ത് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുകയും ദ്വിമാന ലോകത്ത് സ്വതന്ത്രമായി ഇടപെടുകയും ചെയ്യുന്നു. 'പ്രൊഫസറുടെ കാര്യത്തില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുന്നു. നമുക്ക് ചുറ്റും നോക്കിയാലും ഒരു പരിധിവരെ ഇത് ശരിയെന്ന് കാണാന്‍ കഴിയും. സ്വന്തം താമസസ്ഥലത്തിന്റെ സുരക്ഷയെക്കുറിച്ചു ആകുലപ്പെടാതെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിന്റെ സുരക്ഷയില്‍ വ്യാകുലനായ പ്രൊഫസര്‍ ഇന്റര്‍നെറ്റും മൊബൈലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന വര്‍ത്തമാനകാലയുഗത്തിന്റെ പ്രതീകമാണ്. ഇത്തരമൊരു കാലഘട്ടത്തില്‍ സൈബറിടങ്ങളിലെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാണോ എന്ന നോവലിലെ രാഷ്ട്രീയം ശ്രദ്ധേയമാണ്.
പൂര്‍ണ്ണതയുടേയും അപൂര്‍ണ്ണതയുടെയും നിലപാടുകള്‍ വിലയിരുത്താന്‍ ശ്രമിക്കുന്ന നോവലിസ്റ്റിനെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. വിഖ്യാത തത്വചിന്തകനും ഗണിതജ്ഞനുമായ കര്‍ട്ട് ഗോഡലിന്റെ അപൂര്‍ണ്ണതയെക്കുറിച്ചുള്ള സിദ്ധാന്തം അതിനായി ഉപയോഗിക്കുന്നു. ഗോഡലിന്റെ പ്രാഥമിക നിഗമനത്തില്‍ എല്ലാ ഗണിത നിയമങ്ങളെയും പൂര്‍ണ്ണമായും പാലിക്കുന്ന ഒരു വ്യവസ്ഥ അസാധ്യമാണ് എന്ന് പറയുന്നു. പൂര്‍ണ്ണതയുടെ ഒരു ബിന്ദുവില്‍ നിന്നും ആരംഭിച്ചു സമയം ചെല്ലും തോറും അപൂര്‍ണ്ണതയിലേക്ക് പരിണമിക്കുകയാണ് എല്ലാ വ്യവസ്ഥകളും എന്ന് ഗണിതത്തിന്റെ ദാര്‍ശനിക സമസ്യകളെക്കുറിച്ചു ചിന്തിക്കുന്ന ഉപകഥയിലെ നായകനായ പ്രൊഫസറും പറയുന്നു. ഒന്നും പൂജ്യവും ചേര്‍ന്ന ബൈനറി ശൃംഖലയില്‍ കുരുക്കിയിടപ്പെടുന്ന പ്രണയവും ജീവിതവും അസ്തിത്വവുമെല്ലാം നോവലില്‍ അനാവൃതമാവുന്നു. പ്രണയം ശാശ്വതമെന്ന കാവ്യസങ്കല്‍പമല്ല തൊട്ടറിയാന്‍ ആവാത്ത വികാരമാണെന്ന് ഓര്‍മ്മിപ്പിക്കലാണ് ഡിജിറ്റല്‍ ലോകം ചെയ്യുന്നത് എന്ന ഭുവനേശിന്റെ കുറിപ്പ് അത്തരത്തില്‍ ഒരു മുന്നറിയിപ്പാണ്. യാഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ രണ്ടു ലോകങ്ങള്‍, അതില്‍ ജീവിക്കുന്ന മനുഷ്യര്‍. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കൂടു മാറുന്ന മനുഷ്യന്റെ മാനസികവ്യവഹാരങ്ങള്‍, സൈബര്‍ സ്‌പേസിന്റെ മാന്ത്രികവലയ്ക്കുള്ളില്‍ അകപ്പെട്ടു കഴിയുമ്പോള്‍ അതിനുള്ളില്‍ തന്നെ കുരുങ്ങിപ്പോവുന്നു പല ജീവിതങ്ങളും. സ്വന്തമായി സൃഷ്ടിച്ചെടുക്കാവുന്ന ഒരു ലോകത്ത് രഹസ്യങ്ങള്‍ എല്ലാം സൂക്ഷിക്കാമെന്നത് പോലെ സമാന്തരമായി രഹസ്യങ്ങള്‍ എല്ലാം മോഷ്ടിക്കപ്പെടാം എന്നതും അനിവാര്യത ആവുന്നു. ആധുനിക വിനിമയലോകത്തിലെ അത്തരം ഒരു സങ്കീര്‍ണതയാണ് നോവലില്‍ അനാവരണം ചെയ്യുന്നത്. ഒരു അപസര്‍പ്പകകഥയുടെ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗഹനമായ ഒരു ഗണിതശാസ്ത്ര ആശയം പ്രമേയമാക്കി ആധുനികജീവിതത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ പ്രയാണം ചെയ്യിക്കുന്നു നോവലിസ്റ്റ്.

സമയസ്ഥലപാളികളില്ലാത്ത ഇന്റര്‍നെറ്റിന്റെ മേഘപാളിക്കുള്ളില്‍ നേര്‍രേഖ പോലെ ലളിതമാവുന്ന ജീവിതം അതേ ഇന്റര്‍നെറ്റിന്റെ സങ്കീര്‍ണ്ണതക്കുള്ളില്‍ അകപ്പെടുകയും ഒരു ഞൊടിയില്‍ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിന്റെ തന്നെ പ്രതിബിംബമായ സൈബര്‍സ്‌പേസില്‍ ആര്‍ക്കും എവിടെയിരുന്നുകൊണ്ടും ആരുടേയും വിധി നിര്‍ണ്ണയിക്കാന്‍ ആവുമെന്നും അതേ സമയം ജീവിതം അതിന്റെ ചിപ്പില്‍ ഒളിപ്പിച്ചു വച്ച വിസ്മയങ്ങള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുമെന്നും നോവലിസ്റ്റ് പറയുന്നു. സൈബര്‍ ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലൂടെ അതിന്റെ വിസ്മയങ്ങളും ചതിക്കുഴികളും തുറന്നുകാട്ടിക്കൊണ്ട് വായനക്കാരനെ ഉദ്വേഗത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു അപൂര്‍ണ്ണതയുടെ ഒരു പുസ്തകം.
പ്രവീണ്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Praveen Chandran Novel malayalam Book review
Published: 22 Sept 2020, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented