രു കുറ്റാന്വേഷണനോവലിന്റെ പതിവുക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുകയാണ് ഛായാമരണമെന്ന നോവലിലൂടെ പ്രവീണ്‍ ചന്ദ്രന്‍. രസനീയതയുടേയും ഉദ്വേഗങ്ങളുടേയും പരിചിത വഴിയില്‍നിന്ന് ഭിന്നമായി അതിസൂക്ഷ്മമായ മനഃശാസ്ത്രനിരീക്ഷണമാണ് നവീനമായ സൈബര്‍ ജീവിതത്തെ ആധാരമാക്കി പ്രവീണ്‍ ചന്ദ്രന്‍ ഈ നോവലിലൂടെ വിശദീകരിക്കുന്നത്. ഛായാമരണം എന്ന പേര് സൂചിപ്പിയ്ക്കുന്നത് പോലെ യാഥാര്‍ത്ഥ്യങ്ങളുടെ നിഴലായി തെളിയുന്ന അയഥാര്‍ത്ഥ്യങ്ങളടെ ലോകത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അത് ജീവിതവും മരണവും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥയായി രൂപാന്തരപ്പെടുന്നു.

To advertise here,

ദുരൂഹതകളിലൂടെയുള്ള സഞ്ചാരമാണ് കുറ്റാന്വേഷണകഥകളുടെ പൊതുസ്വഭാവം. ഇവിടെ കഥാപാത്രങ്ങള്‍ തല്‍സമയം വായനക്കാരോട് സംസാരിച്ചുകൊണ്ട് മുന്നേറുന്നു. സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നമുക്കൊരു അപരജീവിതവുമുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകം. അതിര്‍ത്തികളില്ലാത്ത അത്തരം ലോകത്ത് നിരന്തരം ഇടപെടുമ്പോള്‍തന്നെ അതിനു പുറകില്‍ പതിയിരിയ്ക്കുന്ന രഹസ്യാത്മകതയുടെ നിഗൂഢസഞ്ചാരങ്ങളുടെ മറ്റൊരു ലോകം മറഞ്ഞിരിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സാധാരണമെങ്കിലും, അസാധാരണമായ സംഭവാവിഷ്‌ക്കാരങ്ങളിലൂടെ വായനക്കാരനെ ഉദ്വേഗഭരിതനാക്കുന്ന എഴുത്തുരീതി പ്രവീണ്‍ ചന്ദ്രന്‍ ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നു.

നോവലാരംഭത്തില്‍ സൗമ്യശീലനും മാന്യനുമായ പ്രൊഫസര്‍ സിദ്ധാര്‍ത്ഥന്‍ സുഹൃത്തും കാമുകിയുമായ എഴുത്തുകാരി സിസിലിയെ കാത്ത് റിസോര്‍ട്ടില്‍ ഇരിക്കുന്നു. കാത്തിരിപ്പു സമയത്തിനിടയില്‍ ആ ഹോട്ടലില്‍ ഒരു പെണ്‍കുട്ടിയെ കാണാതായെന്ന വാര്‍ത്ത പരക്കുന്നു. പിന്നീട് ആ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടുകിട്ടുന്നത്. ആ സംഭവം മുതല്‍ തുടങ്ങുന്നു പ്രൊഫസറുടെയും സിസിലിയുടെയും ജീവിതത്തിന്റെ അസ്വാസ്ഥ്യങ്ങള്‍. സ്ത്രീ-പുരുഷബന്ധത്തിന്റെ അതിര്‍വരമ്പുകളെ സംബന്ധിച്ച പൊതുബോധത്തെ നോവലിസ്റ്റിവിടെ കുറിയ്ക്കുന്നുണ്ട്. സദാചാരബന്ധിതമായ പൊതുനേത്രങ്ങളെ വിചാരണയ്ക്ക് വിധേയമാക്കുന്നതോടൊപ്പം. വിവാഹേതര ബന്ധങ്ങള്‍ ജീവിതത്തിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളെയും വിശദീകരിക്കുന്നു. രണ്ടു വ്യക്തികളെ മാത്രമല്ല അവരെ ചുറ്റിപ്പറ്റിയുള്ളവരുടെ ജീവിതത്തെ ഛിന്നഭിന്നമാക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ മാറുന്നതിലെ അസ്വാസ്ഥ്യങ്ങളെ കൂടി ഒരു കുറ്റാന്വേഷണനോവലില്‍ ചിത്രീകരിക്കാന്‍ സാധിച്ചിരിക്കുന്നു. കാമുകന്‍/കാമുകി, ഭാര്യ/ഭര്‍ത്താവ്, അച്ഛന്‍/മകള്‍, അമ്മ/മകള്‍, പ്രത്യക്ഷലോകം/ സൈബര്‍ലോകം, ധൈര്യം/ഭയം, തടവ്/സ്വാതന്ത്ര്യം തുടങ്ങിയ ദ്വന്ദ്വങ്ങളുടെ വൈരുദ്ധ്യവും പാരസ്പര്യവും ഈ നോവല്‍ അന്വേഷിക്കുന്നുണ്ട്. 

സ്വന്തം കുടുംബത്തിന്റെ ആര്‍ദ്രതയും സുരക്ഷിതത്വവും ആഗ്രഹിക്കുമ്പോള്‍ തന്നെ മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയായ സിസിലിയുടെ ഉറ്റ ചങ്ങാതിയായിത്തീരുമ്പോള്‍ അനുഭവിക്കുന്ന സൗഹൃദത്തിന്റെ ഊഷ്മളതയും ആഴവും അയാള്‍ അറിയുന്നുണ്ട്. അതാണയാളുടെ ജീവിതത്തിന്റെ ഗതിമാറ്റിയതും. പ്രൊഫസറുടെ ജോലിയുമായി ബന്ധപ്പെട്ടു പോകുന്ന സൈബര്‍പാര്‍ക്കിലും ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ കണ്ണും മനസ്സും ഉടക്കുന്നു. ആ കൊലപാതകം സിസിലിയെക്കൊണ്ട് നോവലായി എഴുതിയ്ക്കാന്‍ പ്രൊഫസര്‍ ശ്രമിക്കുന്നു. അതിനായുള്ള ശ്രമങ്ങള്‍ കൊലപാതകാന്വേഷണത്തിലേക്ക് വഴിതെളിയിക്കുന്നു. അവിടംമുതലാണ് സൈബര്‍ലോകത്തിന്റെ കാണാക്കയങ്ങളിലൂടെ അലയേണ്ടി വരുന്നത്. നാം ഏറ്റവും സ്വകാര്യമെന്ന് കരുതുന്നതെല്ലാം നാമറിയാതെ ഏറ്റവും വലിയ പരസ്യപ്പെടുത്തലായിത്തീരുന്നതിലെ ചതിക്കുഴികള്‍, സൈബര്‍ പാര്‍ക്കിന്റെ നിഗൂഢമായ ഒളിസങ്കേതങ്ങള്‍, മുന്നേറാനുള്ള മത്സരവും കുതികാല്‍വെട്ടലുമെല്ലാം വെര്‍ച്വല്‍ ലോകത്തിന്റെ പ്രത്യേകതയായി ചിത്രീകരിക്കപ്പെടുന്നു. നമ്മളറിയാതെ നമ്മെ പിന്തുടരുന്ന അജ്ഞാതലോകം. അവിടെയുള്ള ദീപക്, മീര, വെങ്കി, ആദിത്യന്‍ ഇവരിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ആദിത്യന്റെ മരണം ഓരോരുത്തരേയും എങ്ങനെ ബാധിക്കുന്നുവെന്നും, അത് പ്രൊഫസറുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ നിഗൂഢതയുമാണ് വായനക്കാരനെ വിസ്മയിപ്പിക്കുക. സൈബര്‍ലോകത്തെ കൊലപാതകത്തിലേക്ക് പ്രൊഫസറുടെ അന്വേഷണ കൗതുകമെത്തിയതോടെ സിസിലിയും കൊല്ലപ്പെടുന്നു. തുടര്‍ന്ന് നോവല്‍ മറ്റൊരു തലത്തിലേക്ക് മാറുന്നു.

അദൃശ്യശക്തിയുടെ ആവേശംപോലെ ഓരോരുത്തരിലേക്കും ബാധയായി കുടിയേറുന്ന സൈബര്‍ലോകം. ആദിത്യനെന്ന എഞ്ചിനീയറെ എഫ്.ബി.യിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടി ചതിക്കുന്നു. അയാളുടെ ഉള്ളിലെ മനുഷ്യനെ കൊന്നുകളയുന്ന ആ ചതിയില്‍ ആദിത്യന്‍ പ്രതികാരദാഹിയായിത്തീരുന്നു. എന്നാല്‍ തന്റെ ഛായാമരണം സൃഷ്ടിച്ചുകൊണ്ടാണ് ആദിത്യന്‍ സൈബര്‍ലോകത്ത് മറഞ്ഞിരുന്ന് ചരടുവലികള്‍ നടത്തുന്നത്. ഹാക്കിംഗിലൂടെ ആരുടേയും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന വ്യക്തികള്‍, സംഘടനകള്‍, നിഗൂഢസംഘങ്ങള്‍ ഇവയെല്ലാം നോവലില്‍ കാണാനാവുന്നു. പ്രൊഫസറുടെ ജീവിതതാളം തെറ്റുന്നു. ഭാര്യ അരുണിമയും മകള്‍ മൃദുലയും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വായനക്കാരില്‍ അസ്വാസ്ഥ്യമുണര്‍ത്തും. നോവലിസ്റ്റ് സിസിലി മരിച്ചപ്പോള്‍ അയല്‍ക്കാരന്‍ വൃദ്ധന്‍ പറയുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്. എന്തിനാണ് ഇവരൊക്കെ ഓരോന്നെഴുതിക്കൂട്ടുന്നത്. നോവലും കഥയുമൊക്കെ വായിച്ചില്ലേല്‍ ആരെങ്കിലും മരിച്ചുപോവുമോ?... നാലു ചേനക്ക് തടമെടുക്കാന്‍ ഇവരെക്കൊണ്ടാവുമോ... എന്നിട്ടും പത്രക്കാര്‍ ഇവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതില്‍ മത്സരിക്കുന്നു. വെറും എഴുത്ത് തൊഴിലാളികളായിത്തീരുന്ന പ്രവൃത്തിയില്ലാത്ത മനുഷ്യരെ പരിഹസിക്കുക കൂടി ചെയ്യുന്നുണ്ട്. മനുഷ്യരെ നോക്കിചിരിക്കുക കൂടി ചെയ്യാത്ത വര്‍ഗ്ഗമെന്ന ആപേക്ഷ വാചകങ്ങളിലൂടെ വൃദ്ധന്‍ ഒരു പ്രത്യേക സമൂഹത്തെയാണ് വിമര്‍ശനവിധേയമാക്കുന്നത്. പ്രൊഫസറുടെ ചങ്ങാതിയായ രഘുനാഥന്റെ ജീവിതത്തിലൂടെ ചുരുങ്ങിയ വാക്കുകളില്‍ ലളിതജീവിതത്തിന്റെ പാഠങ്ങള്‍കൂടി പകര്‍ത്തുന്നുണ്ട് നോവലിസ്റ്റ്.

placeholder
പുസ്തകം വാങ്ങാം

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് കൊലപാതകങ്ങളുടെ അന്വേഷണമാണ് ഈ നോവലെങ്കിലും ജീവിതത്തിന്റെ ആദര്‍ശാത്മകവും ചിന്തനീയവുമായ ആന്തരലോകത്തെകൂടി പ്രത്യക്ഷീകരിക്കാന്‍ ശ്രമിക്കുന്നു. വെങ്കിയെന്ന കഥാപാത്രത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ പെട്ടെന്ന് തന്നെ സംഭവിയ്ക്കുന്ന ട്വിസ്റ്റുകളിലൂടെ വായനക്കാരന്റെ മുന്‍വിധികളെ അട്ടിമറിയ്ക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. യുക്തിഭദ്രമായ കെട്ടുറപ്പോടെ കഥപറഞ്ഞ് പാതിയിലെത്തുമ്പോള്‍ നോവലിന്റെ ഗതിവേഗമേറുന്നു. എങ്കിലും ഗണിതസൂത്രങ്ങളുടെ യുക്തികളിലൂടെയാണ് സാങ്കേതികവിദ്യകളുടെ സങ്കീര്‍ണ്ണമായ കുരുക്കുകളഴിച്ച് അന്വേഷണം ലക്ഷ്യത്തിലെത്തുന്നത്. സമൂഹം എത്ര ആധുനികവല്‍കൃതമാകുമ്പോഴും അവനെ നിയന്ത്രിക്കുന്ന അബോധകാമനകളുടെ ചുഴികളിലേക്ക് എഴുത്തുകാരന്‍ വിരല്‍ചൂണ്ടുന്നു. പലപ്പോഴും തെറ്റുകള്‍ക്ക് ശിക്ഷകളേക്കാള്‍ ചികിത്സകളാണാവശ്യമെന്ന് ഉദ്ബോധനത്തിലേക്കും നയിക്കുന്നുണ്ട് പ്രവീണ്‍ ചന്ദ്രന്‍. കുറ്റാന്വേഷണകൃതിയുടെ സൂക്ഷ്മതയും കരുത്തും ഉള്‍വഹിക്കുന്നതോടൊപ്പം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വരണ്ടമുഖങ്ങളെക്കൂടി അനാവരണം ചെയ്യാന്‍ എഴുത്തുകാരന് കഴിയുന്നു.

പ്രവീണ്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Praveen Chandran Malayalam Investigative novel Book Review