പ്രസീത മനോജ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീലങ്കായനം എന്ന യാത്രാവിവരണപുസ്തകത്തെക്കുറിച്ച് പ്രദീപ് സീവി എഴുതുന്നു.
ഓരോ യാത്രയിലും നമ്മള്‍ കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമായിരിക്കും. കടന്നുപോയ വഴികളില്‍, സ്ഥലങ്ങളില്‍ നമ്മള്‍ കാണാതിരുന്ന, കണ്ടിട്ടും
ശ്രദ്ധിക്കാതിരുന്ന പല കാഴ്ചകളും മറ്റൊരാള്‍ക്ക് കാണാന്‍ കഴിഞ്ഞു എന്നറിയുമ്പോള്‍ നമ്മുടെ കാഴ്ചയെക്കുറിച്ചൊരു വീണ്ടുവിചാരമുണ്ടാവാം. കടന്നുപോയിട്ടും ചിലതിലേക്ക് തിരിഞ്ഞുനോക്കിയില്ലല്ലോ എന്ന ഓര്‍മ്മപ്പെടുത്തല്‍. യാത്രയെ കുറിച്ചുള്ള വായനകള്‍ പലപ്പോഴുമിങ്ങനെയാണ് അനുഭവങ്ങളുടെ അനുഭൂതിയിലൂടെയുള്ള ആവര്‍ത്തിച്ചുള്ള സഞ്ചാരങ്ങള്‍. ചിലപ്പോഴത് നഷ്ടബോധങ്ങളിലേക്ക് നയിക്കും. മിക്കവാറും മധുരതരമായ ഒരൊഴുക്ക്.
യാത്രകള്‍ പ്രിയമുള്ളവരോടൊത്താവുമ്പോള്‍ അതിന് ഭംഗിയേറും. അത്തരമൊരു യാത്രയുടെ ആനന്ദവും ഉന്മേഷവും കാലാന്തരത്തോളം ഒപ്പമുണ്ടാവും. പ്രിയമുള്ള ആരോ നടന്നകന്ന് പോയ കാലടിയൊച്ചപോലെ യാത്രകളുടെ ഓരോ നിമിഷവും യാത്രയവസാനിച്ചതിനുശേഷം നമ്മെ വന്ന് ഉണര്‍ത്തിക്കൊണ്ടിരിക്കും. പ്രകൃതിയോട് ചേര്‍ന്ന് മഴയും വെയിലും മഞ്ഞുമാസ്വദിച്ച് യാത്ര ചെയ്യുന്നവരുണ്ട്. യാത്രകളില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ
ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചും, സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ ചരിത്രവും, ഋതുവിന്യാസങ്ങളുമെല്ലാം ഒരേ മനസ്സോടെ ഒപ്പിയെടുത്തും മറ്റുള്ളവര്‍ക്ക് അതെല്ലാം പങ്കുവയ്ക്കാനുമുള്ള മനസ്സുമായി കേരളത്തിനോട് അടുത്തുകിടക്കുന്ന വിദേശരാജ്യമായ ശ്രീലങ്കയിലേക്ക് പ്രസീതമനോജ് നടത്തിയ യാത്ര 'ശ്രീലങ്കായനം' എന്ന പേരില്‍ വായനക്കാരിലേയ്‌ക്കെത്തുന്നു.
അധികം പണം ചെലവഴിക്കാതെ മലയാളികള്‍ക്ക് പോകാന്‍ പറ്റിയ രാജ്യം. കഴിഞ്ഞ കാലങ്ങളിലെ ദുരിതങ്ങളില്‍നിന്നും ശ്രീലങ്കന്‍ജനത കരകയറി
വരുന്ന സമയം. ടൂറിസമാണ് അവരുടെ പ്രധാന വരുമാനം. പ്രകൃതിയിലും ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലുമൊക്കെ കേരളീയരുമായി സാമ്യമുള്ള നിറയെ തെങ്ങുകളുള്ള സാക്ഷരതയില്‍ മുന്നിട്ടുനില്ക്കുന്ന എന്നാല്‍ സംസ്‌കാരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ശ്രീലങ്കയെ, ശ്രീലങ്കായനത്തിലൂടെ വായിക്കാന്‍ കഴിയുന്നു. ചരിത്രാതീതകാലം മുതല്‍ കടല്‍ കടന്നാല്‍ കാണുന്ന ഈ നീര്‍മുത്തുപോലെയുള്ള രാജ്യം, അയല്‍രാജ്യങ്ങളുടെ മനംകവര്‍ന്നുകൊണ്ടിരുന്ന ഒന്നാണ്. വിഭവസമൃദ്ധമായ ഇവിടേക്ക് പ്രവേശിക്കാന്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്ന കഥയും ഐതിഹ്യവും പ്രസിദ്ധമാണ്. എന്നാല്‍ കെട്ടുകഥകള്‍ക്കപ്പുറം ശ്രീലങ്കയുടെ നേരറിവുകള്‍ ആരേയും ആകര്‍ഷിക്കും. സമീപകാലത്ത് ഏറെ വാര്‍ത്താ പ്രാധാന്യവും ശ്രീലങ്കയ്ക്കുണ്ടല്ലോ. അതിനാല്‍തന്നെ ഈ യാത്രാനുഭവം പുത്തനറിവുകള്‍ തരുന്നതാണെന്നതില്‍ സംശയമില്ല.
ശ്രീലങ്കയെന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലെ ഓര്‍മ്മകളിലാദ്യമെത്തുന്നത് ശ്രീലങ്കാ പ്രക്ഷേപണനിലയമാണ്. കുട്ടിക്കാലത്ത് വൈകുന്നേരങ്ങളില്‍ റേഡിയോവില്‍നിന്നും ഒഴുകിയെത്തുന്ന ശബ്ദം ഏറിയും കുറഞ്ഞും വരുന്ന ഗാനങ്ങള്‍. അവ അവതരിപ്പിക്കാനെത്തുന്ന ആദ്യത്തെ റേഡിയോ ജോക്കികളിലൊരാള്‍ എന്ന് പറയാവുന്ന സരോജിനി ശിവലിംഗം, ഇങ്ങനെ ചലച്ചിത്രഗാനങ്ങള്‍ ഏറ്റവും ആസ്വദിച്ച കാലം. ജയന്റെ സിനിമകളിലെ വില്ലനായിരുന്ന സിലോണ്‍ മനോഹറും, അദ്ദേഹം പാടിയ എല്ലാക്കാലത്തും ഹിറ്റായ 'സുരാംഗനി' എന്ന ഗാനം. ഇവയെല്ലാം ഓര്‍മ്മിച്ചെടുക്കുന്നതിലേക്ക് ശ്രീലങ്കന്‍ റേഡിയോ പ്രക്ഷേപണമെന്ന വാക്കിലൂടെ തന്നെ നിറയുന്നു. ഓരോ വായനക്കാരനും തന്റേതായ ഓര്‍മ്മകളിലൂടെ അറിവുകളിലൂടെ സഞ്ചരിക്കാന്‍ വഴിതുറക്കുന്ന ഇടങ്ങള്‍ ഈ കൃതിയില്‍ ഏറെയാണ്.
രാജീവ്ഗാന്ധി വധം, ഏകദിന ക്രിക്കറ്റിലെ ശ്രീലങ്കന്‍ വിജയം, വംശീയയുദ്ധം, സാമ്പത്തികരംഗത്തെ അസ്ഥിരത ഇവയെല്ലാം പല കാലങ്ങളില്‍
മാധ്യമങ്ങളില്‍ കൂടി മലയാളമനസ്സുകളെ ബാധിച്ചിരുന്ന പ്രശ്‌നങ്ങളാണ്. അന്ന് വായിച്ചറിഞ്ഞ പലതും ഈ യാത്രാവിവരണകൃതിയില്‍ പല സന്ദര്‍ഭങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നു. യാത്രയിലെ ആനന്ദങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമപ്പുറം സഞ്ചാരസാഹിത്യം ഒരു നാടിന്റെ
ഹൃദയത്തുടിപ്പുകള്‍ അന്വേഷിച്ചറിയാലാണെന്ന് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. ശ്രീലങ്കയുടെ ചരിത്രത്തേയും സംസ്‌കാരത്തേയും ശ്രീലങ്ക കടന്നുപോയ ദുരിതപൂര്‍ണ്ണമായ കാലഘട്ടത്തെയും അറിയാന്‍ ലങ്കയിലൂടെ നടത്തിയ ഈ യാത്ര, യാത്രയ്ക്കപ്പുറമുള്ള ആഴമേറിയ തുടര്‍വായനകളും അന്വേഷണങ്ങളും
കൂടിയായിത്തീര്‍ന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. അതിനാല്‍ തന്നെ വ്യത്യസ്തമായൊരു യാത്രാനുഭവം വായനക്കാര്‍ക്ക് സമ്മാനിക്കാന്‍ പ്രസീതയ്ക്ക് കഴിയുന്നുണ്ട്. മഹാസമുദ്രത്തിലെ മുത്ത് എന്ന് മനോഹരമായ അധ്യായത്തിലൂടെ ആരംഭിക്കുന്ന ശ്രീലങ്കായനം കൊളംബോയുടെ പ്രത്യേകതയിലൂടെ സഞ്ചരിച്ച് നികംബോയില്‍ അവസാനിക്കുന്നു.
തമിഴ് നാട്ടിലെ സേലത്തെ മാമ്പഴചന്തയിലെ കൊളംബ് മാങ്ങയുടെ മാധുര്യവും മദ്രാസ് കടല്‍ത്തീരത്തെ അനുസ്മരിപ്പിക്കുന്ന തമിഴ് ചുവയുള്ള പാട്ടുകളും കടലക്കച്ചവടവും കേരളത്തിലെ ജനങ്ങളും ജനപഥങ്ങളുമായുള്ള സാമ്യവും കൗതുകമൂറുന്ന വായനാനുഭവങ്ങളാണ്. ശ്രീലങ്കയിലെ മിശ്രസംസ്‌കാരത്തിന്റെ നിറപ്പകിട്ടാര്‍ന്ന ആചാരങ്ങളും വിശേഷങ്ങളും ശ്രീലങ്കയെ ഏറ്റവും മനോഹരമാക്കുന്ന ക്രിസ്തുമസ് കാലവും വര്‍ണ്ണനീയമാകുന്നത് പ്രകൃതിയെക്കൂടി
ചേര്‍ത്തുപിടിച്ചുകൊണ്ടാണ്. രത്‌നത്തിളക്കമുള്ള ഏറ്റവും തന്ത്രപ്രധാനമായ കൊളംബോ അവിടുത്തെ തെരുവുകളിലെ വിദേശരാജ്യങ്ങളെ ഓര്‍മ്മിപ്പിക്കും മട്ടിലുള്ള പരമ്പരാഗതവും സമകാലികവുമായ കലാപ്രകടനങ്ങള്‍കൊണ്ട് സമ്പന്നമാണ്.
ഗോവന്‍തീരത്തെ അനുസ്മരിപ്പിക്കുന്ന സംഗീതസായാഹ്നങ്ങളില്‍ ഗാനങ്ങള്‍ക്കൊപ്പം ആഹ്ലാദനൃത്തച്ചുവടുകളായി എത്തുന്ന സഞ്ചാരികള്‍ നേര്‍ക്കാഴ്ചയിലെന്നപോലെ മുന്നിലെത്തുന്നു. ശ്രീലങ്കയെ മറ്റു രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ആകര്‍ഷണകേന്ദ്രങ്ങളായ ബുദ്ധക്ഷേത്രങ്ങളും ഗള്ളിയിലെ മനോഹരമായ പാര്‍ക്കുകളും വൈവിധ്യമാര്‍ന്ന ശ്രീലങ്കന്‍ ഭക്ഷണവും പ്രത്യേകിച്ച് ലങ്കന്‍ തെരുവുകളിലെ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളും ആസ്വദിക്കാന്‍ വായനക്കാരന് സാധിക്കുന്നു. സുഗന്ധം പരത്തുന്ന കറുവാപ്പട്ടത്തോട്ടങ്ങളും, ശ്രീലങ്കന്‍ പാരമ്പര്യം പ്രകടമാക്കുന്ന കൊളംബോ മ്യൂസിയം, വാസ്തുശാസ്ത്രമാതൃകയായ ജാമി അല്‍ത്തര്‍ പള്ളി, ബെയ്‌റാ തടാകം, തടാകതീരത്തെ ബുദ്ധപ്രതിമകള്‍, ശ്രീലങ്കയിലെ ഏറ്റവും ഉയരംകൂടിയ ലോട്ടസ് ടവര്‍, കെലാനിയ ക്ഷേത്രത്തെക്കുറിച്ചുള്ള ശ്രീലങ്കന്‍ വിശ്വാസങ്ങള്‍ എന്നിവ അറിവും ആകാംക്ഷയും ജനിപ്പിച്ച് വായനക്കാരിലേയ്‌ക്കെത്താന്‍ പറ്റുന്ന രീതിയില്‍ വായിച്ചുപോകാന്‍ കഴിയുന്നു.
2019-ല്‍ ചാവേര്‍ ആക്രമണവും അതില്‍ തകര്‍ന്ന സെന്റ് ആന്റണീസ് ചര്‍ച്ചും മറ്റ് പ്രധാന ആരാധനാലയങ്ങളും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ലോകത്തിലെതന്നെ വൈവിധ്യമാര്‍ന്ന വാസ്തുവിദ്യാമാതൃകകളാണ് ഇവിടെത്തെ നിര്‍മ്മിതികള്‍. ഡച്ച്, പോര്‍ച്ചുഗീസ് തുടങ്ങിയ പൈതൃകകേന്ദ്രങ്ങള്‍, അട്ടിദിയ പക്ഷിനിരീക്ഷണ കേന്ദ്രം, ഗള്ളിയിലെ മനോഹരങ്ങളായ ബീച്ചുകളും വിനോദങ്ങളിലേര്‍പ്പെടുന്ന സഞ്ചാരികളുമെല്ലാം തന്നെ മിഴിവാര്‍ന്ന
രീതിയില്‍ വര്‍ണ്ണിച്ചുപോകുന്നു. ആവാസവ്യവസ്ഥിതികള്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായി ഒരുക്കിയെടുത്ത് ദീര്‍ഘവീക്ഷണത്തോടെ സംരക്ഷിച്ചുവരുന്ന ശ്രീലങ്കന്‍രീതി മാതൃകാപരമാണ്.
തണ്ണീര്‍ത്തടങ്ങള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുന്നത് ജലക്ഷാമരഹിത പ്രദേശങ്ങളായി ശ്രീലങ്കയെ മാറ്റുന്നതെങ്ങനെയെന്ന്
വിശദീകരിക്കുന്നു. ചരിത്രകാലത്തെ ജലസംഭരണരീതികളും മറ്റും കൗതുകക്കാഴ്ചകളാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്ന ശ്രീലങ്കന്‍ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രാമീണജനതയ്ക്ക് പ്രയോജനമാകുന്ന ടൂറിസം സാധ്യതകള്‍ മറ്റൊരു പ്രത്യേകതയാണ്. സൂക്ഷ്മ നിരീക്ഷണവും പ്രകൃതിസ്‌നേഹവും ഉള്ളവര്‍ക്കുമാത്രമേ ഇത്തരത്തിലുള്ള ഗ്രാമജീവിതത്തേയും വികസന പദ്ധതികളെയും കുറിച്ച് കണ്ടെത്തി
എഴുതുവാനാകൂ എന്ന് പ്രസീത ബോധ്യപ്പെടുത്തുന്നു. ആനകളുടെ അനാഥാലയമായ പിന്നാവാലയും അവിടുത്തെ ആനകളും അവയുടെ സംരക്ഷണരീതിയും ടൂറിസം സാധ്യതകളും ആനയെ പീഡിപ്പിച്ച് പണം വാരുന്ന മനുഷ്യര്‍ക്ക് വലിയ പാഠങ്ങള്‍ തന്നെയാണ്. ശ്രീബുദ്ധന്റെ പവിത്രമായ പല്ല് സൂക്ഷിക്കുന്ന ടൂത്ത് റെലിക് ക്ഷേത്രം, രത്‌നങ്ങളെക്കുറിച്ച് പഠിക്കുവാന്‍ മാതൃകയാവുന്ന ജെമ്മോളജിക്കന്‍ മ്യൂസിയം, ഇലച്ചെടികള്‍, പൂക്കള്‍, വന്‍മരങ്ങള്‍ ഏറ്റവും മനോഹരമായി ഉദ്യാനത്തിലെ സൗന്ദര്യം സൂചിതമാക്കുന്ന പരണ്ഡേനിയിലെ റോയല്‍ ഗാര്‍ഡന്‍ ഇംഗ്ലണ്ടിനെ ഓര്‍മ്മിപ്പിക്കുന്ന ലിറ്റില്‍ ഇംഗ്ലണ്ട് എന്നിവ മനോഹരമായ ഒരു കാഴ്ചാനുഭവങ്ങള്‍ തന്നെയാണ്. ഇവയോരോന്നും ഏറെ കൗതുകത്തോടെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കണ്ടല്‍ക്കാഴ്ച, ബന്തോട്ട തീരദേശങ്ങള്‍, ലങ്കയുടെ പ്രധാന ആകര്‍ഷണമായ ആദംസ് പീക്കും അവയുടെ മതസൗഹാര്‍ദ്ദസമീപനങ്ങളുമെല്ലാം യാത്രയ്ക്കപ്പുറമുള്ള അറിവുകളായി വായനക്കാരന് പ്രയോജനപ്പെടും മട്ടിലാണ് ഈ പുസ്തകത്തിന്റെ എഴുത്ത് രീതി.
ശ്രീലങ്കയുടെ മധ്യഭാഗത്തുള്ള സിഗിരിയയും ഇന്ത്യയുമായി ചരിത്രബന്ധം പുലര്‍ത്തുന്ന പുരാതനനഗരങ്ങളും പൈതൃകസംസ്‌കാരകേന്ദ്രമായി ജനശ്രദ്ധയാകര്‍ഷിക്കുന്ന അനുരാധപുരയും കടന്ന് നികംമ്പോയില്‍ എത്തി പ്രസീതയുടെ ശ്രീലങ്കായനം അവസാനിക്കുന്നു. ജാഫ്‌നയും തമിഴ്പുലികളും
വേലുപ്പിള്ള പ്രഭാകരനും സാമ്പത്തികരംഗത്ത് തിരിച്ചടിയുണ്ടാകാന്‍ ഇടയായ കാരണങ്ങളും വംശീയയുദ്ധത്തിനു പിന്നിലെ ചരിത്രങ്ങളും, തേയിലത്തോട്ടങ്ങളിലെ തൊഴിലാളി ജീവിതവും- ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പലായനവും പല അധ്യായങ്ങളില്‍ ഏറെ ലളിതമായി പറഞ്ഞുപോകുന്നു. ഇത് ശ്രീലങ്കായനത്തിന്റെ പ്രത്യേകതതന്നെയാണ്.
യാത്രയിലുടനീളം ടൂറിസ്റ്റ് ഗൈഡായി ഒപ്പംകൂടിയ മല്‍രാജിന്റെ അറിവും അനുഭവങ്ങളും യാത്രയ്ക്കും എഴുത്തിനും സഹായകമായത്, ഒരു വ്യക്തിയെ
സുഹൃത്താക്കി മാറ്റിയതിന്റെ സമീപന ചാതുരികൊണ്ടാണ്. യാത്ര സാര്‍ത്ഥകമാകുന്നത് ഇത്തരമാളുകളുടെ സഹായം കൊണ്ടുകൂടിയാണെന്ന്
പലയിടത്തും പറയുന്നുണ്ട്. ശ്രീലങ്ക ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത് മാത്രമല്ല സഞ്ചാരികളുടെ മനം കവരുന്ന പവിഴമുത്താണെന്ന് എഴുത്തുകാരി
നിസ്സംശയം പറയുന്നു. ശ്രീലങ്കയിലേക്ക് യാത്രപോകാത്തവര്‍ക്ക് ആനന്ദവും പോകാനുള്ള പ്രേരണയും ആയിത്തീരുന്നുണ്ട് ഈ കൃതി.
കൊളംബ് മാങ്ങയുടെ മാധുര്യവും പച്ചപ്പിന്റെ തണുപ്പും വംശീയഹത്യയുടെ വേദനകളും കറുവപ്പട്ടയുടെ സുഗന്ധവും സഞ്ചാരികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ശ്രീലങ്കന്‍ ജനതയുടെ പുഞ്ചിരിയും, ഒരേസമയം വായനക്കാരിലെത്തിക്കാന്‍ പ്രസീതക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഈ യാത്രാവിവരണം വായനക്കാരുടെ ഇടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
Content Highlights: Praseetha Manoj, Pradeep Ceevi, Mathrubhumi
Published: 20 Jan 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented